ക്രിസ്തുവില്‍ പുതുജീവന്‍

പെസഹാക്കാലത്തിലെ പൂജകളില്‍ ഉപയോഗിക്കുന്നത്.

ഞങ്ങള്‍തന്‍ പെസഹാകുഞ്ഞാടാമേശുവേ
യാഗമര്‍പ്പിച്ചൊരീ കാലംതന്നില്‍

അങ്ങേ മഹത്വം പ്രകീര്‍ത്തിപ്പതേറ്റവും
ന്യായവും യുക്തവുമാകുന്നല്ലോ.

ക്രിസ്തുനാഥന്‍വഴി ദിവ്യ വെളിച്ചത്തിന്‍
മക്കളായ് മേവുമീ മര്‍ത്ത്യരെല്ലാം

ശാശ്വത ജീവിതത്തിന്നവകാശിക-
ളായിതാ വീണ്ടും ജനിച്ചിടുന്നു.

ലോകത്തില്‍ വാഴുന്ന വിശ്വാസികള്‍ക്കായി
നാകത്തിന്‍ വാതില്‍ തുറന്നിടുന്നു

മൃത്യുവരിച്ചു മൃതിയെ ജയിച്ചവന്‍
മര്‍ത്ത്യരാം ഞങ്ങളെ വീണ്ടെടുത്തു.

യേശുനാഥന്‍ പുനരുത്ഥാനം ചെയ്കയാ-
ലേവര്‍ക്കും ലഭ്യമായ് നവ്യജീവന്‍.

ആകയാല്‍ സര്‍വ്വരും പെസഹാഘോഷത്തി-
ലാഹ്‌ളാദ വായ്പിലമര്‍ന്നിടുന്നു.

ശക്തിമാന്‍മാരുമധീശരുമെന്നല്ല
സ്വര്‍ഗ്ഗസ്ഥരേവരുമൊത്തു ചേര്‍ന്ന്

അങ്ങേ മഹത്വം പുകഴ്ത്തി നിരന്തരം
ആലപിച്ചീടട്ടെ കീര്‍ത്തനങ്ങള്‍ (2)