ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ് ആഷാമേനോന്‍. യഥാര്‍ത്ഥനാമം കെ.ശ്രീകുമാര്‍. ആധുനികസാഹിത്യത്തിന്റെ ദര്‍ശനവും സൗന്ദര്യശാസ്ത്രവും നവീനഭാവുകത്വവും പ്രകടമാക്കുന്ന നിരൂപണങ്ങളിലൂടെയാണ് ആഷാമേനോന്‍ ശ്രദ്ധേയനായത്. 1947 നവംബര്‍ 18ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തില്‍ ബിരുദം നേടി (എഞ്ചിനീയറിംഗിന് ചേര്‍ന്നെങ്കിലും മുഴുമിപ്പിച്ചില്ല). സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായിരുന്നു. സ്വയംവിരമിക്കല്‍ പദ്ധതിപ്രകാരം ജോലിയില്‍ ന്നിന്നും വിരമിച്ചു. പ്രകൃതിയിലേക്കും മനുഷ്യനിലേക്കുമുള്ള ശാന്തമായ ഒരു അന്വേഷണം എന്നു വിശേഷിപ്പിക്കാവുന്ന യാത്രാക്കുറിപ്പുകളും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സാകല്യമായി അനുഭവപ്പെടുന്ന ഒരു തരം പാരിസ്ഥിതികാവബോധം വെളിവാക്കിത്തരുന്ന പഠനങ്ങളുമാണ് ആഷാമേനോന്റേത്.

കൃതികള്‍
    പുതിയ പുരുഷാര്‍ത്ഥങ്ങള്‍ (1978)
    കലിയുഗാരണ്യകങ്ങള്‍ (1982)
    പരിവ്രാജകന്റെ മൊഴി (1984)
    പ്രതിരോധങ്ങള്‍ (1985)
    ഹെര്‍ബേറിയം (1985)
    തനുമാനസി (1990) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി
    ജീവന്റെ കയ്യൊപ്പ് (1992)
    അടരുന്ന കക്കകള്‍ (1994)
    പരാഗകോശങ്ങള്‍ (1997)
    പയസ്വിനി (1999)
    കൃഷ്ണശിലയും ഹിമശിരസ്സും (2001)
    ഖാല്‍സയുടെ ജലസ്മൃതി (2003)
    ശ്രാദ്ധസ്വരങ്ങള്‍ (2006)
    ഇലമുളച്ചികള്‍ (2007)
    ഓഷോവിന്റെ നീല ഞരമ്പ് (2007)

പുരസ്‌കാരങ്ങള്‍
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് -തനുമാനസി
    1994 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1994)-ജീവന്റെ കയ്യൊപ്പ്