പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനും പത്രാധിപരും എഴുത്തുകാരനുമായിരുന്നു സി.പി. ശ്രീധരന്‍. ജനനം: 1932 ഡിസംബര്‍ 14, മരണം: 1996 ഒക്ടോബര്‍ 24. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലായിരുന്നു ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുത്തച്ഛന്‍ കടിഞ്ഞിയില്‍ അനന്തന്‍ നായര്‍ വഴി അക്കാലത്തെ സാഹിത്യകാരന്മാരുമായും സാമൂഹികരംഗത്തെ നേതാക്കളുമായും അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി തവണ പോലീസ് മര്‍ദ്ദനമേറ്റു. പത്താംക്‌ളാസ് പാസായതിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ പങ്കെടുത്തു. കോഴിക്കോടുനിന്നു പ്രസിദ്ധീകരിച്ചിരുന്ന നവകേരളത്തിന്റെ ലേഖകനായും പിന്നീട് മനോരമയുടെ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്‌ളിക്കേഷന്‍സ് ഡയറക്ടറായി. 1966 ല്‍ എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എസ്.പി.സി.എസിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി. 1976 ല്‍ സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റായി. കോണ്‍ഗ്രസ് വീക്ഷണം പത്രം ആരംഭിച്ചപ്പോള്‍ പത്രാധിപരായി. വിമോചന സമര കാലത്ത് അദ്ധ്യാപക  വിദ്യാര്‍ത്ഥി സമര സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. വിശ്വവിജ്ഞാനകോശത്തിന്റെ അസോഷിയേറ്റ് എഡിറ്ററായിരുന്നു.

കൃതികള്‍

ഡോ. രാധാകൃഷ്ണന്‍
വിവേകാനന്ദന്‍ ഒരു വിപ്ലവത്തിന്റെ വിത്ത്
ജീവിതശില്‍പ്പികള്‍
മഹത്വ മുഖങ്ങള്‍
ഇന്നത്തെ സാഹിത്യകാരന്മാര്‍
മൂലധനം വിവര്‍ത്തനം