സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു സി.ബി. കുമാര്‍ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്‌കര കുമാര്‍. ജനനം: 1910 ഏപ്രില്‍ 18 മരണം:  1972 സെപ്റ്റംബര്‍ 1. കത്തുകള്‍ ഒരു സാഹിത്യരൂപമെന്ന നിലയില്‍ മലയാളത്തില്‍ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തില്‍ രചിച്ചതും കുമാറാണ്. 
കൊട്ടാരക്കരയ്ക്കു സമീപമുള്ള പവിത്രേശ്വരം ഗ്രാമത്തില്‍ ഈശ്വര വാരിയരുടെയും ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകനാണ്. ഈശ്വര വാരിയര്‍ മധുര അമേരിക്കന്‍ കോളേജില്‍ അധ്യാപകനായിരുന്നു. കുട്ടിക്കാലത്തേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ അച്ഛന്റെ സഹോദരനായിരുന്ന ശങ്കരവാര്യാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലും തിരുവനന്തപുരം, കൊല്ലം ഹൈസ്‌ക്കൂളുകളിലുമായിരുന്നു പ്രഥമിക വിദ്യാഭ്യാസം. 1931 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് (ഓണേഴ്‌സ്) ബിരുദം നേടി. 1933 ല്‍ ഉപരിവിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയി. എം.എ, ധനശാസ്ത്രത്തില്‍ പി.എച്ച്.ഡി ബിരുദങ്ങള്‍ നേടി. ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ കാലം മുതല്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ 'ലണ്ടന്‍ കത്ത്' എന്നൊരു പംക്തി കൈകാര്യം ചെയ്തു. മാതൃഭൂമിയുടെ ലണ്ടന്‍ ലേഖകനായിരുന്നു. 1938-43 കാലത്ത് ഹൈദരാബാദ് മില്‍ ഉടമസ്ഥ സംഘം സെക്രട്ടറിയായിരുന്നു. ജനീവയിലെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കൃതികള്‍

ലണ്ടന്‍ കത്തുകള്‍
ലണ്ടനില്‍ ചില കത്തുകളും സ്മരണകളും
ചിതറിയ ചിത്രങ്ങള്‍
മങ്ങിയ ചിത്രങ്ങള്‍
സായാഹ്നങ്ങള്‍
ചില പുറം കഥകള്‍
Development of indutsrial relations in India (1961)