കവിത, നോവല്‍, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനാണ് പൊന്‍കുന്നം ദാമോദരന്‍. ജനനം 1915 നവംബര്‍ 25നു പൊന്‍കുന്നം എന്ന ഗ്രാമത്തില്‍. സംസ്‌കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും, പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ (എം)യിലും പിന്നീട് സി.പി.ഐയിലും പ്രവര്‍ത്തിച്ചു. പുരോഗമന സാഹിത്യപ്രസ്ഥാനത്തില്‍ സജീവമായിരുന്നു. പ്രശസ്ത എഴുത്തുകാരായ എം.ഡി. രത്‌നമ്മ, എം.ഡി. രാജേന്ദ്രന്‍, എം.ഡി.അജയഘോഷ്, എം.ഡി. ചന്ദ്രമോഹന്‍ എന്നിവര്‍ മക്കളാണ്. തന്റെ കൃതികളിലൂടെ സമകാലിക സാമൂഹികസമസ്യകള്‍ ശക്തമായി ആവിഷ്‌കരിക്കുവാനാണ് പൊന്‍കുന്നം ദാമോദരന്‍ ശ്രമിച്ചിരുന്നത്. മലയാള കവിതയില്‍ കാല്പനികതയുടെ വസന്തം നിറഞ്ഞുനിന്ന കാലത്താണ് ദാമോദരന്‍ കവിതാരചന ആരംഭിച്ചത്. കാല്പനികതയുടെ വികാരാംശത്തെ മൂര്‍ത്ത ജീവിതവുമായി സമന്വയിപ്പിച്ചു.
കേരളത്തിന്റെ നാടോടിസംസ്‌കാരത്തിനും ലാവണ്യബോധത്തിനും ഊര്‍ജ്ജം നല്കുന്ന ഒട്ടേറെ ഗാനങ്ങളും മലയാളത്തിനു ലഭിച്ചു. പൊന്‍കുന്നം ദാമോദരന്‍ ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിനു വേണ്ടി രചിച്ച 'പച്ചപ്പനം തത്തേ' എന്നഗാനം 'നോട്ടം' എന്ന ചിത്രത്തില്‍ സംഗീതം മാറ്റി ഉപയോഗിച്ചതു വിവാദമായി. പകര്‍പ്പവകാശലംഘനത്തെ കുറിച്ച് പൊന്‍കുന്നം ദാമോദരന്റെ മകന്‍ എം.ഡി. ചന്ദ്രമോഹന്‍ പരാതിപ്പെട്ടിരുന്നു. മൂലരചനയുടെ സംഗീതം നിര്‍വഹിച്ചിരുന്നതു എംഎസ് ബാബുരാജും ശിവദാസനും ആയിരുന്നു.

കൃതികള്‍

    വാരിക്കുന്തങ്ങള്‍
    നവരശ്മി
    ദുഃഖസത്യങ്ങള്‍
    മഗ്ദലനമറിയം
    പൊന്‍കുന്നം ദാമോദരന്റെ കവിതകള്‍
    ജനഗണ മന പാടുമ്പോള്‍
    സോവിയറ്റിന്റെ മകള്‍
    രക്തരേഖകള്‍
    പ്രഭാതഭേരി
    നവരശ്മി

നോവല്‍

    ആദര്‍ശംതീച്ചൂള
    രാക്കിളികള്‍
    നീരാളി
    അനാഥ പെണ്ണ്
    സര്‍പ്പം കൊത്തുന്ന സത്യങ്ങള്‍

നാടകം

    വഴിവിളക്കുകള്‍
    രാഷ്ട്രശില്പി
    കണ്ണില്ലെങ്കിലും കാണാം
    മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി
    തടവു പുള്ളി
    കരിവേപ്പില
    ആ കണ്ണീരില്‍ തീയുണ്ട്
    വിശക്കുന്ന ദൈവങ്ങള്‍
    ആ കണ്ണീരില്‍ തീയുണ്ട്, ഈ രക്തത്തില്‍ ഭ്രാന്തുണ്ട്

നിരൂപണം

    ചെമ്മീനിലെ തകഴി