പാലക്കാട്ട് തരൂര്‍ ഗ്രാമത്തിലാണ് കെ.പി. കേശവമേനോന്‍ ജനിച്ചത്, 1886 സെപ്തംബര്‍ 1 ന്.
അച്ഛന്‍ പാലക്കാട്ടു സ്വരൂപത്തിലെ നടുവിലേടത്തില്‍ ഭീമന്‍അച്ചന്‍. അമ്മ മീനാക്ഷി നൈത്യാര്‍.
നിലത്തെഴുത്തു പഠിച്ചശേഷം നാലാം ക്‌ളാസുവരെ തരൂര്‍ പ്രൈമറി സ്‌ക്കൂളിലായിരുന്നു
വിദ്യാഭ്യാസം. ആറുമാസം ആലത്തുര്‍ ബോര്‍ഡ് സ്‌ക്കൂളിലും. തുടര്‍ന്ന് കോഴിക്കോട്ട് വിദ്യാലയത്തില്‍
– ആ വിദ്യാലയമാണ് ഇന്നത്തെ ഗുരുവായൂരപ്പന്‍ കോളേജ് – എട്ടുവര്‍ഷം പഠിച്ചു. കോളേജ്
വിദ്യാഭ്യാസം മദിരാശിയില്‍. 1906ല്‍ ഇന്റര്‍ ജയിച്ചു. ദേശീയ
    സ്വാതന്ത്ര്യത്തിലേക്ക് ആകൃഷ്ടനായത് ഇക്കാലത്താണ്. ഗോഖലെയുടെ സ്വാധീനവലയത്തില്‍ എത്തിച്ചേര്‍ന്ന മേനോന്‍ കുടുമ മുറിച്ച് സ്വജീവിതത്തിലും സാമൂഹികമാറ്റത്തിന്റെ മുദ്രചാര്‍ത്തി. മേനോന്‍ വിവാഹിതനായി. വധു ലക്ഷ്മി. 1912ല്‍ വിദ്യാഭ്യാസത്തിന് ഇംഗ്‌ളണ്ടിലെത്തി. ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ചു. ബാരിസ്റ്റര്‍ പരീക്ഷ ജയിച്ചു. 1915ല്‍ നാട്ടില്‍ മടങ്ങി എത്തി പ്രാക്ടീസ് ആരംഭിച്ചു. ഹോംറൂള്‍പ്രസ്ഥാനത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1916ല്‍ മേനോന്‍ ലക്‌നൗ കോണ്‍ഗ്രസ്‌സില്‍ പങ്കുകൊണ്ടു.
1917ല്‍ മൊണ്ടേഗു പ്രഭുവിനെ കണ്ട് ഹോംറൂളിനെപ്പറ്റി സംസാരിച്ച നിവേദകസംഘത്തില്‍
അംഗമായിരുന്നു മേനോന്‍. അക്കാലത്ത് കോഴിക്കോട്ട് കളക്ടര്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍
മേനോന്‍ മലയാളത്തില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതും അധ്യക്ഷന്‍ അനുവദിക്കാതിരുന്നപേ്പാള്‍
യോഗം ബഹിഷ്‌കരിച്ചതും കുറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. വക്കീല്‍ പ്രാക്ടീസ് മദിരാശിക്കു
മാറ്റി. നിസ്‌സഹകരണത്തില്‍ പങ്കുകൊണ്ട് പ്രാക്ടീസ് വിട്ട് മലബാറിലെത്തി, കെ.പി.സി.സി.
സെക്രട്ടറിയായി. 1922 ലെ ഗയാ കോണ്‍ഗ്രസ്‌സില്‍ പങ്കുകൊണ്ടു. അവര്‍ണ്ണരോടൊപ്പം
തളിറോഡില്‍ക്കൂടി നടന്നതും വയ്ക്കം സത്യഗ്രഹത്തില്‍ പങ്കു കൊണ്ട് ജയില്‍ശിക്ഷയ്ക്കു
വിധേയനായതും മേനോന്റെ സാമൂഹികപരിവര്‍ത്തന വാഞ്ഛയുടെ തെളിവുകളാണ്.
    ശ്രീമൂലം തിരുനാള്‍ മരിച്ച് റീജന്റു ഭരണം തുടങ്ങിയപേ്പാള്‍ ചില തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ മേനോനും മുക്തനായി. കോണ്‍ഗ്രസ്‌സിന് സ്വന്തമായി ഒരു പത്രം വേണം എന്നാഗ്രഹിച്ച മേനോന്റെ
ശ്രമഫലമായി 1923ല്‍ മാതൃഭൂമി തുടങ്ങി. മേനോന്‍ വീണ്ടും മദിരാശിയില്‍ അഭിഭാഷകവൃത്തി
ആരംഭിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി വിട്ടു. മേനോന് കഷ്ടതയുടെ വര്‍ഷങ്ങള്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഒരു മകളും മരിച്ചു. പിന്നീട് അദ്ദേഹം ഭാര്യാസഹോദരി അമ്മുവിനെ
വിവാഹം ചെയ്തു. 1927 ആഗസ്റ്റ് 16 ന് മലയയ്ക്ക് തിരിച്ചു. സിംഗപ്പൂരില്‍ പ്രാക്ടീസ് ആരംഭിച്ചു.
വീണ്ടും കഷ്ടകാലം. ഒരു മകള്‍ മരിച്ചു. ജപ്പാന്‍തുണയോടെ ഇന്ത്യന്‍
സ്വാതന്ത്ര്യം നേടാം എന്ന ചിന്തയില്‍ ഇന്ത്യന്‍ ഇന്റിപെ്പന്റന്‍സ് ലീഗ് സ്ഥാപിക്കാന്‍ ഇക്കാലത്താണ്
ശ്രമിച്ചത്. സിംഗപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്റിപെ്പന്റന്‍സ് ലീഗ് പ്രകേ്ഷപണത്തിന്റെ ചുമതല
മേനോനായിരുന്നു. എന്നാല്‍ ജപ്പാന്റെ സഹായത്തില്‍ വിശ്വാസം നഷ്ടപെ്പട്ടതോടെ അദ്ദേഹം
ബന്ധിതനായി. ജപ്പാന്‍ തടവില്‍ പീഡനങ്ങള്‍ക്കു വിധേയനായി. 1948 ജൂലൈ 17 ന്
കോഴിക്കോട്ടേയ്ക്കു പോന്നു. മാതൃഭൂമി പത്രാധിപത്യം ഏറ്റെടുത്തു. മലബാര്‍ ലോക്കല്‍ അഥോറിറ്റി
പ്രസിഡന്റ,് ആള്‍ ഇന്ത്യാ ന്യൂസ്‌പേപ്പര്‍ എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സ് അംഗം എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചു. 1951ല്‍ സിലോണില്‍ ഹൈക്കമ്മീഷണറായി;
അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപേ്പാള്‍ രാജിവച്ച് വീണ്ടും മാതൃഭൂമിയില്‍
എത്തി. അദ്ദേഹത്തിന്റെ ദ്വിതീയപത്‌നിയും മരിച്ചു. 1919 മുതല്‍ ഐക്യകേരളം എന്ന ആശയം
മേനോന്റെ മനസ്‌സില്‍ ഉണ്ടായിരുന്നതാണ്. 1949ല്‍ ഐക്യകേരള കമ്മിറ്റി പ്രസിഡന്റായി. കേരള
സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹകസമിതി അംഗമായിരുന്നു. 1966ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍
ലഭിച്ചു. കോഴിക്കോട്ടുസര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ജീവിതസായാഹ്നത്തില്‍
കാഴ്ചശക്തി കുറഞ്ഞുവന്നു. ലണ്ടനില്‍ ചികിത്‌സയും ശസ്ത്രക്രിയയും നടത്തി എങ്കിലും
കാഴ്ചശക്തി മിക്കവാറും നഷ്ടപെ്പട്ടു. 1978 നവംബര്‍ 9 ന് മരിച്ചു.
    തിരക്കുപിടിച്ച പൊതുജീവിതത്തിനിടയിലും മേനോന്‍ ധാരാളം എഴുതി. ഇംഗ്‌ളണ്ടിലെ
വിദ്യാഭ്യാസകാലത്തെ അനുഭവങ്ങളാണ് ബിലാത്തിവിശേഷം. ആത്മകഥയാണ് കഴിഞ്ഞ കാലം.
ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. മേനോന്റെ രാഷ്ട്രപിതാവ് എന്ന
ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും കിട്ടി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ
ജീവചരിത്രവും മേനോന്‍ എഴുതിയിട്ടുണ്ട്. കൂടാതെ ഗോപാലകൃഷ്ണഗോഖലെ, ലാലാ ലജ്പത്‌റായ്,
ലോകമാന്യതിലകന്‍, ആലിസഹോദരന്മാര്‍, എബ്രഹാം ലിങ്കണ്‍ എന്നിവയും ശ്രദ്ധേയങ്ങളാണ്.
നവഭാരതശില്പികള്‍, സമകാലീനരായ ചില കേരളീയര്‍ എന്നീ പുസ്തകങ്ങളും
ജീവചരിത്രശാഖയില്‍ ശ്രദ്ധിക്കപെ്പടേണ്ടവ തന്നെ. ബന്ധനത്തില്‍ നിന്ന്, ഭൂതവും ഭാവിയും എന്നീ
കൃതികള്‍ അനുഭവകഥകള്‍ ഉള്‍പെ്പടുന്നവയത്രെ. ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍ എന്നിവ
പക്വമായ മനസ്‌സിന്റെ പ്രതിഫലനങ്ങളത്രെ. യേശുദേവന്‍ എന്നൊരു ബൃഹത് ഗ്രന്ഥവും
ജീവിതാന്ത്യത്തില്‍ മേനോന്‍ എഴുതി. ദാനഭൂമി, അസ്തമയം എന്ന രണ്ടു കഥാസമാഹാരങ്ങള്‍,
പ്രഭാതദീപം എന്ന ബാലസാഹിത്യകൃതി, മഹാത്മാ നാടകം ഇവയും അദ്ദേഹത്തിന്റെ
സാഹിത്യസംഭാവനകളില്‍ പെടുന്നു. ലാളിത്യം, ശുഭാപ്തിവിശ്വാസം, കര്‍മ്മധീരത എന്നിവ
പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനാണ് സ്വരചനകളില്‍ അദ്ദേഹം ശ്രദ്ധിച്ചത്.

കൃതികള്‍: ബിലാത്തിവിശേഷം, കഴിഞ്ഞ കാലം (ആത്മകഥ) ., ജവഹര്‍ലാല്‍ നെഹ്‌റു,
ഗോപാലകൃഷ്ണഗോഖലെ, ലാലാ ലജ്പത്‌റായ്, ലോകമാന്യതിലകന്‍, ആലിസഹോദരന്മാര്‍, എബ്രഹാം ലിങ്കണ്‍ , നവഭാരതശില്പികള്‍, സമകാലീനരായ ചില കേരളീയര്‍ (ജീവചരിത്രം)