തിരുവനന്തപുരത്ത് വി.കെ.മാധവന്‍ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാര്‍ച്ച് 3നു കൃഷ്ണന്‍ നായര്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനുശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു മലയാളവിഭാഗം തലവനായി വിരമിച്ചു.
    36 വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച മുന്‍പു വരെ) സാഹിത്യവാരഫലം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആകാനാണിട. മലയാളനാട് വാരികയിലാണ് അദ്ദേഹം ആ പംക്തി എഴുതിത്തുടങ്ങിയത്. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യവാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി.
    പാബ്ലോ നെരൂദ, മാര്‍ക്വേസ്, തോമസ് മാന്‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതില്‍ കൃഷ്ണന്‍ നായരുടെ പങ്കു ചെറുതല്ല.
കൃഷ്ണന്‍ നായര്‍ സാഹിത്യവിമര്‍ശനത്തില്‍ രചയിതാവിന്റെ പേരും മുഖവും നോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലര്‍ത്തി. സ്വന്തം ലേഖനങ്ങളെപ്പോലും 'സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍' എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, 'അതുകൊണ്ടാണല്ലോ, ചുമട്ടുതൊഴിലാളികള്‍ വരെയും 35 വര്‍ഷമായി സാഹിത്യവാരഫലം വായിക്കുന്നത്' എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കുകൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി.
    അതിഗഹനമായ വായനക്കാരനായിരുന്നു കൃഷ്ണന്‍ നായര്‍. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുതല്‍ കോളേജ് പ്രൊഫസര്‍മാര്‍ വരെയും നവ കവികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങള്‍ക്കുവേണ്ടി കാത്തിരുന്നു. മലയാള സാഹിത്യത്തില്‍ മൗലികമായ എഴുത്തുകാര്‍ ഇല്ലെന്നും ടോള്‍സ്റ്റോയിയും തോമസ് മാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാള സാഹിത്യകാരന്മാര്‍ കുള്ളന്മാരാണെന്നും അദ്ദേഹം വിശ്വസിച്ചു. തിരുവനന്തപുരത്തെ സായാഹ്ന നടത്തക്കാര്‍ക്ക് പരിചിതനായിരുന്നു കൃഷ്ണന്‍ നായര്‍. ഇന്ത്യന്‍ കോഫി ഹൗസില്‍ പതിവു സന്ദര്‍ശകനുമായിരുന്നു. തിരുവനന്തപുരത്തെ മോഡേണ്‍ ബുക് സ്റ്റാളില്‍ അദ്ദേഹം സ്ഥിരം സന്ദര്‍ശകനും ഉപയുക്താവുമായിരുന്നു.
    സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് അദ്ദേഹത്തിന് ജി.കെ.ഗോയെങ്ക പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ 'സ്വപ്ന മണ്ഡലം' (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍ (1977), ചിത്രശലഭങ്ങള്‍ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 23ന് കൃഷ്ണന്‍ നായര്‍ അന്തരിച്ചു.

കൃതികള്‍
    വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ
    പനിനീര്‍ പൂവിന്റെ പരിമളം പോലെ
    ശരത്കാല ദീപ്തി
    ഒരു ശബ്ദത്തിന്‍ രാഗം
    എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
    സാഹിത്യ വാരഫലം (25 വര്‍ഷത്തെ രചനകള്‍ ക്രോഡീകരിച്ച് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത്)