ആധുനികതയുടെ കാലത്തിനുശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എ. അയ്യപ്പൻ (1949 ഒക്ടോബർ 27 – 2010 ഒക്ടോബർ 21). സവിശേഷമായ ബിംബയോജനയിലൂടെ കയ്പാർന്ന ജീവിതാനുഭവങ്ങൾ ആവിഷ്കരിച്ചുകൊണ്ടു് കവിതയ്ക്ക് പുത്തൻഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പൻ.
1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ നേമത്ത് ജനിച്ചു.[1] [2] അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അയ്യപ്പൻറെ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തു. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയിൽ വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ, ഒക്ടോബർ 21-ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. പോലീസിന്റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിയ്ക്കപ്പെടുന്നു.
ജീവിതത്തിൻെറ ഒരു ഘട്ടത്തിൽ അദ്ദേഹം 4 വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.

പുരസ്കാരങ്ങൾ
    1992 – കനകശ്രീ അവാർഡ് / കവിത – പ്രവാസികളുടെ ഗീതം
    1999 – കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം / കവിത – വെയിൽ തിന്നുന്ന പക്ഷി
    2007 – എസ്.ബി.ടി. അവാർഡ്‌ –
    2008 – അബുദാബി ശക്തി അവാർഡ്‌
    2010 – ആശാൻ പുരസ്‌കാരം
    2003 – പണ്ഡിറ്റ്‌ കെ പി കറുപ്പൻ പുരസ്ക്കാരം /കവിത -ചിറകുകൾ കൊണ്ടൊരു കൂട്

കൃതികൾ
    കറുപ്പ്
    മാളമില്ലാത്ത പാമ്പ്
    ബുദ്ധനും ആട്ടിങ്കുട്ടിയും
    ബലിക്കുറിപ്പുകൾ
    വെയിൽ തിന്നുന്ന പക്ഷി
    ഗ്രീഷ്മവും കണ്ണീരും
    ചിറകുകൾ കൊണ്ടൊരു കൂട്
    മുളന്തണ്ടിന് രാജയക്ഷ്മാവ്
    കൽക്കരിയുടെ നിറമുള്ളവൻ
    തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ)
    പ്രവാസിയുടെ ഗീതം
    ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ
    ജയിൽമുറ്റത്തെപ്പൂക്കൾ
    ഭൂമിയുടെ കാവൽക്കാരൻ
    മണ്ണിൽ മഴവില്ല് വിരിയുന്നു
    കാലംഘടികാരം

അവസാന കവിത

    പല്ല്
    അമ്പ് ഏതു നിമിഷവും
    മുതുകിൽ തറയ്ക്കാം
    പ്രാണനും കൊണ്ട് ഓടുകയാണ്
    വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
    എന്റെ രുചിയോർത്ത്
    അഞ്ചെട്ടു പേർ
    കൊതിയോടെ
    ഒരു മരവും മറ തന്നില്ല
    ഒരു പാറയുടെ വാതിൽ തുറന്ന്
    ഒരു ഗർജ്ജനം സ്വീകരിച്ചു
    അവന്റെ വായ്‌ക്ക് ഞാനിരയായി
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത.
എ. അയ്യപ്പൻ 2010 ഒക്ടോബർ 21-നു അന്തരിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ അയ്യപ്പനെ പോലീസ് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.