ഉബൈദ് ടി. (ടി.ഉബൈദ്)
കവിയും മാപ്പിളസാഹിത്യ പണ്ഡിതനുമായിരുന്നു ടി. ഉബൈദ്. അദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന അന്തര്‍ധാര ഇസ്‌ലാമും ദേശസ്‌നേഹവുമായിരുന്നു. ഭാരതീയവും കേരളീയവും ഇസ്‌ലാമികവുമായ രചനകള്‍ കൊണ്ട് മലയാള ഭാഷയെയും ഇസ്‌ലാമിക സാഹിത്യത്തെയും ധന്യമാക്കിയ കവിയും സമൂഹപരിഷ്‌കര്‍ത്താവുമാണ് ഉബൈദ്. 1908 ഒക്ടോബര്‍ 7 ന് കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കാലില്‍ ആയിരുന്നു ജനനം. എം ആലിക്കുഞ്ഞി, സൈനബ് മതാപിതാക്കള്‍. യഥാര്‍ത്ഥ പേര് അബ്ദുറഹ്മാന്‍. സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസവും പിതാവില്‍ നിന്ന് മതപഠനവും നേടി. മലയാളം, കന്നട, ഇംഗ്ലീഷ്, ഉറുദു, അറബി ഭാഷകളില്‍ ചെറുപ്പത്തില്‍ തന്നെ വ്യുല്‍പത്തി നേടി. 1924ല്‍ കവിതയെ നെഞ്ചേറ്റി ഔദ്യോഗിക പഠനം എട്ടാംക്ലാസില്‍ വെച്ച് ഉപേക്ഷിച്ചു. 12 വര്‍ഷത്തിന് ശേഷം വീണ്ടം സ്വപ്രയത്‌നത്തിലൂടെ എട്ടാം തരം പൂര്‍ത്തീയാക്കി മലപ്പുറത്ത് അധ്യാപക പരിശീലനം നേടി. 1928ല്‍ കുമ്പള ഫിഷറീസ് സ്‌കൂളില്‍ (മുനീറുല്‍ ഇസ്‌ലാം സ്‌കൂള്‍) അധ്യാപനായി ജോലി ചെയ്തു. 1972 ഒക്ടോബര്‍ 3ന് അന്തരിച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ അല്‍ അമീനിലൂടെയാണ് ഉബൈദ് രചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അധ്യാപനായിരുന്ന ഉബൈദ് കാസര്‍ഗോട്ടെ മുസ്ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഹമ്മദ് ശറൂല്‍ സാഹിബുമായി ബന്ധപ്പെട്ടു. അതിന് ശേഷമാണ് സാഹിത്യരംഗത്തും പൊതുരംഗത്തും സജീവമാകുന്നത്. 1931ല്‍ ശെറുല്‍ സാഹിബുമായി ചേര്‍ന്ന് 'രണ്ടുല്‍ബോധനങ്ങള്‍' എന്ന കൃതി. ഉമ്മയുടെ മരണത്തെ തുടര്‍ന്ന് സംസ്‌കൃത വൃത്തത്തില്‍ 'ബാഷ്പധാര'യും എഴുതി. ഇക്കാലത്ത് തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയില്‍ കവിതകളും ലേഖനങ്ങളും തുടര്‍ച്ചയായി എഴുതിവന്നു. കന്നട ഭാഷയില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം 'മുംതാസ്' എന്ന കന്നട പത്രത്തിലും കവിതകളും ലേഖനങ്ങളും എഴുതുമായിരുന്നു. ടി. ഉബൈദ് സാമൂഹിക നവോത്ഥാന സംരംഭങ്ങളിലും സജീവമായിരുന്നു. കുമ്പളയിലെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അവഗണനക്കും ബഹിഷ്‌കരണത്തിനുമെതിരെ ശബ്ദിച്ചു. മത യാഥാസ്ഥികതക്കെതിരെ ശക്തമായി പൊരുതി. മാതൃഭാഷയില്‍ വെള്ളിയാഴ്ച പ്രഭാഷണം നിര്‍വ്വഹിച്ചതിന്റെയും അനാചാരങ്ങളെ എതിര്‍ത്തതിന്റെയും പേരില്‍ ബഹിഷ്‌കരണങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരലായിരുന്നു ഏറ്റെടുത്ത മറ്റൊരു വിഷയം. ഇതിനായി 1939 ല്‍ ഒരു വിദ്യാഭ്യാസ പ്രചാരണജാഥ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹികപുരോഗതി കൈവരിക്കൂ എന്നുദ്‌ഘോഷിച്ച് കാസര്‍ഗോഡ് ജില്ല മുഴുവനും കാമ്പയിന്‍ നടത്തി. 1942 മെയ് മാസത്തിലും തളങ്കരയില്‍ ഇത്തരമമൊരു വിദ്യാഭ്യാസ പ്രചരണ ജാഥ നടത്തിയിരുന്നു. 1944ല്‍ കാസര്‍കോഡ് ആദ്യമായി ഗവ. മുസ്‌ലിം ഹൈസ്‌കൂള്‍ സ്ഥാപിതമായത് ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായായിരുന്നു. ആളുകളില്‍ നിന്ന് പിരിവെടുത്ത് 15000 രൂപ തികച്ച് സര്‍ക്കാരില്‍ കെട്ടിവെച്ചാണ് കലാലയം തുടങ്ങിയത്. ഹൈസ്‌കൂളിനു കീഴിലെ എല്‍.പി. സ്‌കൂളില്‍ 39 വര്‍ഷം ഹെഡ്മാസ്റ്ററായ അദ്ദേഹം 1969ലാണ് വിരമിച്ചത്. 1964ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ് നേടി. കേരള സാഹിത്യ അക്കാദമി അംഗം,സംഗീത നാടക അക്കാദമി അംഗം, കേരള കലാമണ്ഡലം അംഗം, മലയാളം എന്‍സൈക്ലോപീഡിയ ഉപദേശക സമിതിയംഗം, കോഴിക്കോട് സര്‍വകലാശാല ഫൈന്‍ ആര്‍ട്‌സ് ഫാക്കല്‍റ്റി അംഗം, കാസര്‍കോഡ് സാഹിത്യവേദി പ്രസിഡന്റ്, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. മലയാള മഹാനിഘണ്ടുവിന് മാപ്പിളപദങ്ങള്‍ സമാഹരിക്കുന്നതിന് ശൂരനാട് കുഞ്ഞന്‍പിള്ളയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളശബ്ദം പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൃതികള്‍
രണ്ടുല്‍ബോധനങ്ങള്‍
ബാഷ്പധാര
വിടവാങ്ങല്‍
സമുദായദുന്ദുഭി
സമാശ്ലേഷം
ദിവ്യകാവ്യം
നവരത്‌നമാലിക
മണ്ണിലേക്ക് മടങ്ങി (ശിവരാമ കാരന്തിന്റെ കന്നടനോവലിന്റെ വിവര്‍ത്തനം)
തിരുമുല്‍ക്കാഴ്ച
ഹസ്‌റത്ത് മാലിക് ദീനാര്‍
ശറൂല്‍ സാഹിബ്
Leave a Reply