പത്രപ്രവര്‍ത്തകനും കഥാകൃത്തും തൊഴിലാളി സംഘടനാനേതാവുമായിരുന്നു പെരുന്ന തോമസ് എന്നറിയപ്പെടുന്ന കെ.വി.തോമസ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒട്ടേറെക്കാലം ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നശേഷം എറണാകുളത്ത് സ്ഥിരതാമസമാക്കി. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിലൂടെ കേരളകൗമുദിയിലെത്തിയ അദ്ദേഹം ദീര്‍ഘകാലം ആ പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫായിരുന്നു. 1950കളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സന്തത സഹചാരികളിലൊരാളായി കഥകള്‍ എഴുതിത്തുടങ്ങി. വേശ്യകളുടേയും പാവപ്പെട്ടവരുടേയും ആരും പറയാത്ത കഥകള്‍ അവരുടെ ഭാഷയില്‍ പറഞ്ഞു. അദ്ദേഹത്തെ കഥാസാഹിത്യത്തില്‍ തന്റെ പിന്‍ഗാമിയായി ബഷീര്‍ പ്രഖ്യാപിച്ചിരുന്നു. ഏകമകള്‍ അജിതയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എഴുപതുകളുടെ ആദ്യം എഴുത്ത് നിര്‍ത്തി.  എറണാകുളത്തെ അസംഘടിതരായ ടാക്‌സി ഡ്രൈവര്‍മാരെ അണിനിരത്തി രൂപീകരിച്ച ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായിരുന്നു. കേരളകൗമുദിയില്‍ പി.കെ. ബാലകൃഷ്ണനോടൊപ്പം തൊഴില്‍ സംഘടന ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാള്‍. 1980 ആഗസ്റ്റ് 30ന് 53-ാം വയസില്‍ അന്തരിച്ചു. എറണാകുളം പി.ടി ഉഷ റോഡില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരക മന്ദിരമുണ്ട്. ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളില്‍ ടി.വി.കമലാക്ഷിയായിരുന്നു ഭാര്യ.

കൃതികള്‍

അവള്‍ (1945)
പട്ടേലും ചിരുതയും (1953)
എന്റെ ചീത്തക്കഥകള്‍(1954)
മിശിഹാ തമ്പുരാന്റെ വളര്‍ത്തപ്പന്‍ (1955)
കര്‍ത്താവിന്റെ അളിയന്‍ (1955)
ദാഹിക്കുന്ന റോസാപ്പൂ (1957)
എനിക്ക് ദാഹിക്കുന്നു (1958)
ഭ്രാന്ത് മോഷണം (1968)
പഴമയുടെ പ്രേതങ്ങള്‍ (1967)