മലയാള കവിയായിരുന്നു നടുവത്ത് അച്ഛന്‍ നമ്പൂതിരി. ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതില്‍ നിപുണനായിരുന്നു.തൃശൂര്‍ ജില്ലയില്‍ ചാലക്കുടി നടുവത്തില്ലത്ത് ദിവാകരന്‍ നമ്പൂതിരിയുടെയും ആര്യാഅന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ദിവാകരന്‍ എന്നാണ് യഥാര്‍ഥ നാമം. ഉണ്ണി പിറന്ന് നാലുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു, നടുവത്തില്ലം ദരിദ്രമായിത്തീര്‍ന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയവ ബന്ധുഗൃഹങ്ങളില്‍വച്ചാണ് നടത്തിയത്. സംസ്‌കൃതം അഭ്യസിക്കാന്‍ ആദ്യം സാധിച്ചില്ല. നമ്പ്യാരുടെ തുള്ളല്‍ കഥകളും മറ്റു ഭാഷാകൃതികളും നല്ലവണ്ണം പഠിച്ചു. പൂന്തോട്ടത്തു നമ്പൂതിരിയുടെ കീഴില്‍ സംസ്‌കൃതത്തില്‍ സാമാന്യജ്ഞാനം നേടുകയും ഭാഷാകാവ്യരചന ആരംഭിക്കുകയും ചെയ്തു. കുറേക്കാലം തുണിത്തരങ്ങള്‍ വാങ്ങി വിറ്റ് കാലക്ഷേപം നടത്തി. 1864ല്‍ അന്യംനില്ക്കാറായ വടക്കാഞ്ചേരി ഇല്ലത്തുനിന്നും വേളി കഴിച്ചതിനാല്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു.
    മൂന്നു സന്താനങ്ങളുണ്ടായതില്‍ നാരായണന്‍ ആണ് നടുവത്തുമഹന്‍ എന്ന പ്രസിദ്ധകവി. ഇരിങ്ങാലക്കുടയ്ക്കടുത്ത് തത്തമ്പള്ളി, നടുമ്പള്ളി എന്നീ ഇല്ലങ്ങളില്‍ സന്തതി അറ്റപ്പോള്‍ അവയുടെ സ്വത്തുക്കളും കൊച്ചി രാജാവിന്റെ നിയോഗപ്രകാരം നടുവത്തച്ഛനു ലഭിച്ചു. 1865 മുതല്‍ 67 വരെ തൈക്കാട് നാരായണന്‍ മൂസ്സിന്റെയും പിന്നീട് ഇട്ടിരി മൂസ്സിന്റെയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യവൃത്തിയില്‍ പ്രഗല്ഭനായി. വെണ്‍മണി മഹനുമായുള്ള നിരന്തര സമ്പര്‍ക്കംമൂലം കൊടുങ്ങല്ലൂര്‍ക്കളരിയിലെ ശ്രദ്ധേയനായ കവിയായി. 1880 മുതല്‍ 89 വരെ കൊച്ചിരാജ്യത്തിലെ കോടശ്ശേരി കര്‍ത്താവിന്റെ കാര്യസ്ഥനായി.1919ല്‍ അച്ഛന്‍ നമ്പൂതിരി നിര്യാതനായി.

കൃതികള്‍

    അംബോപദേശം
    ഭഗവത്സ്തുതി (ശ്രീകൃഷ്ണസ്‌തോത്രം)
    ശൃംഗേരിയാത്ര
    അഷ്ടമിയാത്ര
    ഭഗവദ്ദൂത്
    ചാലക്കുടിപ്പുഴ
    ബാല്യുദ്ഭവം