ശ്രീനാരായണഗുരുവിന്റെ സന്യസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ബ്രഹ്മശ്രീ ബോധാനന്ദസ്വാമികള്‍. 1104 കന്നി 5 ന് ശ്രീനാരായണഗുരു സമാധിയായി മൂന്ന് ദിവസം കഴിഞ്ഞ്, കന്നി 8 ന് ബോധാനന്ദസമാധിയായി.
തൃശൂരിലെ ചിറയ്ക്കലില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ സത്യാന്വേഷണനിരതനായും സര്‍വസംഗപരിത്യാഗിയായും ഇറങ്ങിത്തിരിച്ചു. ഭാരതമെമ്പാടും ചുറ്റിസഞ്ചരിച്ചു. ഹിമാലയസാനുക്കളില്‍ കഠിനമായ തപശ്ചര്യയില്‍ മുഴുകി. ശങ്കരാചാര്യ പരമ്പരയില്‍നിന്ന് സന്യാസദീക്ഷ സ്വീകരിച്ച് ബോധാനന്ദസ്വാമികളായി മാറി. കേരളത്തില്‍ മടങ്ങിയെത്തിയ സ്വാമികള്‍ അയിത്തവും അനാചാരവും ജാതിജന്യമായ അനീതിയും ദൂരീകരിക്കാന്‍ വിപഌപ്രസ്ഥാനത്തിന് രൂപം നല്‍കി. ധര്‍മ്മഭടസംഘം അഥവാ രഹസ്യസംഘം എന്നായിരുന്നു പേര്. വരേണ്യവര്‍ഗ്ഗത്തിന്റെ കരബലകല്‍പിതമാണ് ജാതിഭേദമെന്ന് സ്വാമികള്‍ കണ്ടിരുന്നു. അതിനെ നേരിടാന്‍ അതേപോലെ കരബലമാര്‍ജ്ജിക്കുക, പൊരുതുക ഇതായിരുന്നു ധര്‍മ്മഭടസംഘത്തിന്റെ മാര്‍ഗ്ഗം. കായികപരിശീലനം നേടിയ ഒരു ഡസന്‍ വരുന്ന യുവാക്കളെ തിരഞ്ഞെടുത്ത് അര്‍ദ്ധരാത്രി സമയത്ത് മിന്നിത്തിളങ്ങുന്ന നിലവിളക്കിന്റെ മുന്‍പില്‍ കുളിച്ച് ഈറനായി തറ്റുടുത്ത് കഠാരകൊണ്ട് കൈമുറിച്ച് രക്തംതൊട്ട് സത്യം ചെയ്യുന്നു. 'ജാതിയില്‍ ഞാന്‍ ആരുടെയും പിന്നിലല്ല. ജാതിഭേദത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഞാന്‍ എന്റെ ജീവനെ ബലിയര്‍പ്പിക്കുന്നു'. ഇതായിരുന്നു പ്രതിജ്ഞ. ധര്‍മ്മഭടാംഗങ്ങള്‍ പഴയ കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ ധാരാളം യൂണിറ്റുകള്‍ ഉണ്ടാക്കി. സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ വലിയ ത്യാഗവും സേവനവുമാണ് ധര്‍മ്മഭടസംഘം നിര്‍വഹിച്ചത്. പിന്നീട് ആ പ്രസ്ഥാനം ശ്രീനാരായണഗുരുദേവപ്രസ്ഥാനത്തില്‍ വിലയംപ്രാപിച്ചു.
    ശിവഗിരി ശാരദാമഠം പ്രതിഷ്ഠാവേളയില്‍ ഗുരുദേവശിഷ്യ പരമ്പരയില്‍ വിലയം പ്രാപിച്ച ബോധാനന്ദസ്വാമികള്‍ അതേ ശാരദാമഠത്തില്‍ വച്ചുതന്നെ ഗുരുദേവന്റെ അനന്തരഗാമിയായി ഗുരുദേവനാല്‍ അഭിഷിക്തനായി. ആ വേളയില്‍ സഹോദരന്‍ അയ്യപ്പന്‍ സ്വാമികള്‍ക്ക് സമര്‍പ്പിച്ച മംഗളപത്രത്തില്‍ ഇങ്ങനെ പറഞ്ഞു:

'സാക്ഷാല്‍ ജ്ഞാനദയാസിന്ധുവ
കുഗുരുമൂര്‍ത്തിതന്‍
അനഘം ഗുണസംജാതം പകരും സ്വാമി
അങ്ങയില്‍
അങ്ങേടെയാജ്ഞാവാഹകന്മാര്‍ സ്വാമിന്‍! ഞങ്ങളശേഷവും'.

    തിരുവിതാംകൂര്‍ എസ്.എന്‍.ഡി.പി യോഗം സ്ഥാപകനായി ശ്രീനാരായണ ഗുരുദേവന്‍ അറിയപ്പെടുമ്പോള്‍ കൊച്ചി എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപകനായി (അന്ന് കൊച്ചി തീയമഹാസഭ) അറിയപ്പെട്ടത് ബോധാനന്ദസ്വാമികളാണ്. നീണ്ട 13 വര്‍ഷക്കാലം സ്വാമികള്‍ തന്നെയായിരുന്നു യോഗത്തിന്റെ പ്രസിഡന്റ്. ഗുരുദേവസ്ഥാപനങ്ങളോടും ക്ഷേത്രങ്ങളോടും ചേര്‍ന്ന് ഗുരുദേവപ്രതിമ സ്ഥാപിക്കണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബോധാനന്ദസ്വാമികളാണ്. ആ പ്രതിമ മൂര്‍ക്കോത്തുകുമാരന്റെ നേതൃത്വത്തില്‍ തലശ്ശേരി ജഗന്നാഥക്ഷേത്രാങ്കണത്തില്‍ വച്ച് ഗുരുദേവന്‍ സശരീരനായിരിക്കവെ ബോധാനന്ദസ്വാമികള്‍ തന്നെ സ്ഥാപിക്കുകയും ചെയ്തു. സാധുക്കളുടെ വിദ്യാഭ്യാസം, ഉദ്യോഗം, ജീവിതവൃത്തി എന്നിവയെ സഹായിക്കുന്നതിന് ആദ്യമായി ഒരു ബാങ്ക് (കൊച്ചി നാഷണല്‍ ബാങ്ക്) സ്ഥാപിച്ചതും ബോധാനന്ദസ്വാമികളാണ്. ഗുരുദേവസന്ദേശങ്ങളുടെ സാക്ഷാത്കാരത്തിനും സ്വതന്ത്രചിന്തയ്ക്കും വേണ്ടി ഒരു 'ശ്രീനാരായണമതം' തന്നെ സ്വാമികള്‍ സ്ഥാപിക്കാനൊരുങ്ങി. എന്നാല്‍ ഗുരുദേവന്റെ കല്‍പനപ്രകാരം സ്വാമികള്‍ മതസ്ഥാപന പ്രവൃത്തികളില്‍നിന്ന് പിന്‍വാങ്ങി.    
    1928ല്‍ ശിവഗിരിമഠം കേന്ദ്രമാക്കി ശ്രീനാരായണധര്‍മ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിക്കുവാന്‍ നേതൃത്വം കൊടുത്തത് സ്വാമികളാണ്. അദ്ദേഹം സ്ഥാപിച്ചതാണ് തൃശൂര്‍ കൂര്‍ക്കഞ്ചേരി ശ്രീനാരായണഭക്തപരിപാലനയോഗം. അദ്വൈതാശ്രമം മഹേശ്വരക്ഷേത്രാങ്കണത്തില്‍വച്ച് സ്ഥാപിതമായ ശ്രീനാരായണധര്‍മ്മസംഘത്തിന്റെ ആദ്യ അദ്ധ്യക്ഷനായി ശ്രീനാരായണ ഗുരുദേവന്‍ നിയോഗിച്ചത് ബോധാനന്ദസ്വാമികളെയാണ്. ശ്രീനാരായണഗുരുദേവന്റെ അനന്തരഗാമിയെന്നനിലയില്‍ 1926 ല്‍ എസ്. എന്‍.ഡി.പി യോഗത്തിന്റെ ഇരുപത്തിമൂന്നാം വാര്‍ഷികയോഗത്തില്‍ സ്വാമികളെയാണ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. ആ യോഗത്തില്‍വച്ച് ബോധാനന്ദസ്വാമികളെ എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.'ബോധാനന്ദനോളം ത്യാഗം നമുക്കില്ലല്ലോ' എന്ന ശ്രീനാരായണ ഗുരുദേവവചനം ബോധാനന്ദസ്വാമികളുടെ മഹത്ത്വം വിളിച്ചറിയിക്കുന്നു.