മധു മുട്ടം
ജനനം ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടില്‍. മധു നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തെത്തിയത്. ഏവൂര്‍ പ്രൈമറിസ്കൂള്‍, കായംകുളം ഗവ:ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍ നിന്ന് ധനതത്ത്വശാസ്ത്ര ബിരുദം നേടി. പിന്നീട് അദ്ധ്യാപകനായി. കുങ്കുമം വാരികയിലെഴുതിയ സര്‍പ്പം തുള്ളല്‍ എന്ന കഥ സംവിധായകന് ഫാസില്‍ എന്നെന്നും കണ്ണേട്ടന് എന്ന സിനിമയാക്കി. പിന്നീട് കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍ എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസില്‍ സംവിധാനം നിര്‍വഹിച്ച ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുന്‍പ് മലയാളനാട് എന്ന വാരികയില്‍ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു. മണിച്ചിത്രത്താഴിനുശേഷം ഭരതന് ഇഫക്റ്റ്, കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂല്‍ബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്. അച്ഛന് കുഞ്ഞുപ്പണിക്കര്‍. സഹോദരങ്ങളില്ല. അവിവാഹിതനാണ്.
Leave a Reply