മലയാളത്തിലെ സ്ത്രീ പ്രസിദ്ധീകരണങ്ങളിലൊന്നായ വനിതയുടെ സ്ഥാപക ചീഫ് എഡിറ്ററായിരുന്നു മിസ്സിസ്. കെ.എം. മാത്യു എന്നറിയപ്പെടുന്ന അന്നമ്മ മാത്യു (1922 മാര്‍ച്ച് 22-2003 ജൂലൈ 10). മലയാള മനോരമ ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു (1917-2010) ആയിരുന്നു ജീവിതപങ്കാളി.

ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള പോലാവരത്താണ് അന്നമ്മ ജനിച്ചത്. മദ്രാസ് സിവില്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ഡോ.ജോര്‍ജ് ഫിലിപ്പിന്റെ ഉദ്യോഗാര്‍ത്ഥം കുടുംബം അന്ന് അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പോലാവരത്തായിരുന്നു താമസം. അന്നമ്മയുടെ സ്‌കൂള്‍ പഠനകാലമായപ്പോഴേക്കും പിതാവിനു മധുര, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ജോലി. മധുര അമേരിക്കന്‍ കോളേജിലെ ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം 1942 സെപ്റ്റംബര്‍ 7നു ഇരുപതാം വയസ്സില്‍ മനോരമ പത്രാധിപരായിരുന്ന കെ.സി.മാമ്മന്‍ മാപ്പിളയുടെ പുത്രന്‍ കെ.എം.മാത്യുവുമായുള്ള വിവാഹം. വിവാഹത്തിനുശേഷം കര്‍ണ്ണാടകയിലെ ചിക്മംഗലൂരിലേക്കായിരുന്നു നവദമ്പതികള്‍ പോയത്. അവിടെ കുടുംബംവക തോട്ടത്തിന്റെ മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു മാത്യു. അവിടെവച്ച് അന്നമ്മ തുളു, കന്നഡ ഭാഷകളും കര്‍ണ്ണാടകക്കാരുടെ ഭക്ഷണരീതികളും പഠിച്ചു. എസ്റ്റേറ്റിലെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും അന്നമ്മ നേതൃത്വം നല്‍കി. അഞ്ചുവര്‍ഷത്തെ കര്‍ണ്ണാടക ജീവിതത്തിനുശേഷം അന്നമ്മ ഭര്‍ത്താവിനോടൊപ്പം 1947ല്‍ മഹാരാഷ്ട്രയിലേക്കുപോയി. അടുത്ത ഏഴുവര്‍ഷം അവിടെ മുംബയില്‍ താമസം. ഇക്കാലയളവില്‍ അവര്‍ മിസ്സിസ് ദസ്തൂറിന്റെ പാചകക്ലാസുകളില്‍ പങ്കെടുക്കുകയും ഉത്തരേന്ത്യന്‍ പാചകത്തെപ്പറ്റി മനസ്സിലാക്കുകയും ചെയ്തു. എളിയ തോതില്‍ സാമൂഹിക പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. മനോരമ പത്രത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാവാന്‍ ഭര്‍ത്താവ് തീരുമാനിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം 1954ല്‍ കേരളത്തില്‍ തിരികെയെത്തി.
മലയാളത്തില്‍ പാചകസാഹിത്യം എന്ന ശാഖക്ക് തുടക്കം കുറിച്ചത് മിസ്സിസ് കെ.എം. മാത്യുവാണ്. അവരുടെ പാചകക്കുറിപ്പുകളുടെ പ്രത്യേകത അതിന്റെ ലാളിത്യമാണ്.1953 മെയ് 30നു ഗോവാ കൊഞ്ചുകറി, ഡോനട്ട്‌സ് എന്നീ ഇനങ്ങളെപ്പറ്റിയുള്ള പാചകവിധികള്‍ അന്നമ്മ മാത്യു എന്ന പേരില്‍ എഴുതിക്കൊണ്ടാണ് പാചകസാഹിത്യരംഗത്ത് വന്നത്. ഭര്‍തൃപിതാവും മനോരമ പത്രാധിപരുമായിരുന്ന കെ.സി.മാമ്മന്‍ മാപ്പിളയായിരുന്നു അതിനു പ്രേരണയായത്. തുടര്‍ന്ന്, മനോരമ പത്രത്തില്‍ ‘പാചകവിധി’ എന്ന ആഴ്ചയിലൊരിക്കലുള്ള പംക്തിയില്‍ തുടര്‍ച്ചയായി എഴുതി. പിന്നീട് വനിതയിലും മനോരമ ആഴ്ചപ്പതിപ്പിലും പാചകക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. 1953ല്‍ പ്രസിദ്ധീകരിച്ച ‘പാചകകല’യാണ് മിസ്സിസ് കെ.എം. മാത്യുവിന്റെ ആദ്യ കൃതി. ഇതുവരെ അവരുടേതായി ഇരുപതിലേറെ പാചകപുസ്തകങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 1975ല്‍ വനിത ആരംഭിച്ച കാലം മുതല്‍ മിസ്സിസ് കെ.എം. മാത്യു അതിന്റെ പത്രാധിപസ്ഥാനം വഹിച്ചു. ഒരു മാസികയായി ആരംഭിച്ച വനിത 1987 മുതല്‍ ഒരു ദ്വൈവാരികയായി. ഇതിന്റെ ഹിന്ദിപ്പതിപ്പും മിസ്സിസ് കെ.എം. മാത്യുവിന്റെ പത്രാധിപത്യത്തിലാണ് ആരംഭിച്ചത്. ഏറ്റവും ദീര്‍ഘകാലം ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ പത്രാധിപസ്ഥാനം അലങ്കരിച്ചതും മിസ്സിസ് കെ.എം. മാത്യുവാണ്. ആ സ്ഥാനത്തിരുന്ന് ‘വനിത’യെ ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വനിതാപ്രസിദ്ധീകരണമായി അവര്‍ ഉയര്‍ത്തി. പാചകത്തിനു പുറമേ കുടുംബപാലനം, സൗന്ദര്യസംരക്ഷണം തുടങ്ങിയ വിഷയങ്ങളിലുള്ള തന്റെ അറിവ് അവര്‍ വനിതയിലൂടെ പങ്കുവച്ചു. 1963ല്‍ പുറത്തു വന്ന മിസ്സിസ് കെ.എം. മാത്യുവിന്റെ കേശാലങ്കാരം എന്ന കൃതി മലയാളത്തില്‍ സൗന്ദര്യസംരക്ഷണം സംബന്ധിച്ചു പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകമാണ്.
60 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടയില്‍ ഭര്‍ത്താവിനോടൊപ്പം പല രാജ്യങ്ങളും സന്ദര്‍ശിക്കുവാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഇതില്‍ അമേരിക്കന്‍ സന്ദര്‍ശനത്തെപ്പറ്റി ‘ഞങ്ങള്‍ കണ്ട പുതിയ ലോകം’ (1971) എന്നൊരു യാത്രാവിവരണവും, ജപ്പാനില്‍ നടത്തിയ ആദ്യയാത്രയെ മുന്‍നിര്‍ത്തി ‘ഞങ്ങള്‍ കണ്ട ജപ്പാന്‍’ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യക്കകത്ത് കാശ്മീരിലും ചില വിദേശ രാജ്യങ്ങളിലും അവര്‍ നടത്തിയ യാത്രകളുടെ അനുഭവക്കുറിപ്പുകള്‍ ചേര്‍ത്ത് ‘യാത്രകള്‍ നാട്ടിലും മറുനാട്ടിലും’ എന്ന ഒരു യാത്രാവിവരണസമാഹാരവും 2003ല്‍ അവരുടെ മരണശേഷം പുറത്തു വന്നു.

പാചകകൃതികള്‍

പാചകകല
നാടന്‍ പാചകരമ
പാചക മാധുരി
ആധുനിക പാചകം
പാചക പഞ്ചമി
വീട്ടമ്മമാര്‍ക്കൊരു കൂട്ടുകാരി
പാചകനവമി
പാചകരത്‌നം
പാചകബോധിനി
ആരോഗ്യപോഷിണി
പാചകദശമി
സ്വയം പാചകമിത്രം
ആരോഗ്യപാചകം
ലളിതപാചകം
മലയാളപാചകം.
പാചകകൈരളി
Kerala Cookery
Art of Indian Cookery
Modern Kerala Dishes
The Family Cook Book
Flavours of the Spice of Coast

പുരസ്‌കാരങ്ങള്‍

പത്രപ്രവത്തന മേഖലയിലുള്ള അവരുടെ സംഭാവനകളെ മാനിച്ച് നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. റേച്ചല്‍ തോമസ് അവാര്‍ഡ്(1992), വിജ്ഞാനദീപം പുരസ്‌കാരം(1994), നിര്‍മ്മിതി കേന്ദ്ര അവാര്‍ഡ്(1996) എന്നിവ അവയില്‍ ചിലതാണ്.