മോയിന്‍കുട്ടി വൈദ്യര്‍
മാപ്പിളപ്പാട്ടിന്റെ കളിത്തോഴന്‍ എന്ന ഖ്യാതി നേടിയ മഹാകവിയാണ് മോയിന്‍കുട്ടി വൈദ്യര്‍. ജനനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഓട്ടുപാറയില്‍ 1852ല്‍. ഉണ്ണി മമ്മദ്‌ന്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍. ഉണ്ണിമുഹമ്മദ് ആയുര്‍വ്വേദ വൈദ്യനും കവിയുമായിരുന്നു. മോയിന്‍കുട്ടിയുടെ കാലശേഷം അദ്ദേഹത്തിന്റെ ഹിജ്‌റയുടെ ഇരുപത്തേഴാമത്തെ ഇശല്‍ മുതല്‍ ബാക്കി പൂര്‍ത്തിയാക്കിയത് ഉണ്ണി മമ്മദായിരുന്നു. ബാപ്പയില്‍ നിന്നും മോയിന്‍കുട്ടി ആയുര്‍വ്വേദം പഠിച്ചു. അതോടൊപ്പം തമിഴ്, സംസ്‌കൃതം, അറബി തുടങ്ങിയ ഭാഷകള്‍ ആഴത്തില്‍ പഠിച്ചു. 1892 ല്‍ അദ്ദേഹം അകാലത്തില്‍ (40 ാം വയസ്സില്‍)നിര്യാതനായി. രണ്ടു പുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നു. മോയിന്‍കുട്ടിയുടെ മക്കളുടെ കാലശേഷം സന്തതിപരമ്പരയാരും തന്നെ അതിജീവിച്ചില്ല. കൊണ്ടോട്ടിയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകമുണ്ട്. മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിന്‍ കുട്ടി വൈദ്യര്‍. ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ട് ഇശല്‍ പാട്ടുകളെ മാസ്മരികതയില്‍ അടയാളപ്പെടുത്തിയ വൈദ്യരുടെ രചനകള്‍ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഈണങ്ങളായിരുന്നു. ജന്മി വാഴ്ചയ്ക്കും കോളനി വാഴ്ചയ്ക്കും എതിരായി അറബി മലയാളത്തില്‍ എഴുതിയ ഗാനങ്ങള്‍ ബിട്ടിഷ് അധികാരികള്‍ പലപ്പോഴും പിടിച്ചെടുത്തിരുന്നു. മലയാളം കലര്‍ന്ന തമിഴ്, അറബി മലയാളം കലര്‍ന്ന സംസ്‌കൃതം എന്നീ ഭാഷകളെ കോര്‍ത്തിണക്കിയാണ് വൈദ്യര്‍ മാപ്പിളപ്പാട്ട് സാഹിത്യത്തിന് രൂപംനല്‍കിയത്. പതിനേഴാം വയസ്സിലാണ് ആദ്യ കാല്‍പനിക ഇതിഹാസകാവ്യമായ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ (1872) രചിച്ചത്. അജ്മീറിലെ രാജാവായ മഹ്‌സിന്റെ മകള്‍ ഹുസ്‌നുല്‍ ജമാലും മന്ത്രി മസ്മീറിന്റെ പുത്രന്‍ ബദറുല്‍ മുനീറും തമ്മിലുള്ള പ്രണയം ഇതിവൃത്തമാക്കി. ഹുസ്‌നുല്‍ ജമാലും ബദറുല്‍ മുനീറും തമ്മില്‍ ബദ്ധാനുരാഗത്തിലാകുന്നു. ഇതില്‍ അസൂയാലുക്കളായ ജിന്നുകളും മനുഷ്യരുമായ കഥാപാത്രങ്ങള്‍ പ്രണയത്തിന് വിലങ്ങുതടികള്‍ സൃഷ്ഠിക്കാന്‍ ശ്രമിക്കുന്നു. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന കമിതാക്കള്‍ ഒടുവില്‍ നല്ലവരായ ചില ജിന്നുകളുടെ സഹായത്തോടെ ഒന്നാവുന്നു. പിന്നീടുവന്ന മാപ്പിളപ്പാട്ടുകളില്‍ പലതും ഈ പാട്ടുകാവ്യത്തിന്റെ ചുവടുപിടിച്ച്. എഴുതിയവയാണ്. മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തിന്റെ നാലാം ഇശല്‍ 'പൂമകളാണെ ഹുസുനുല്‍ ജമാല്‍ പുന്നാരത്താളം മികന്തബീവി.. എന്നു തുടങ്ങുന്ന ഗാനം വളരെ പ്രശ്‌സതമാണ്. മോയിന്‍കുട്ടി അവസാനം എഴുതിയത് ഹിജ്‌റ എന്ന കൃതിയാണ്. 26 പാട്ടുകള്‍ മാത്രമാണ് വൈദ്യര്‍ക്ക് എഴുതാന്‍ സാധിച്ചത്. രോഗബാധിതനായ വൈദ്യര്‍ 1892ല്‍ ലോകത്തോട് വിടപറഞ്ഞു. അവസാനം ഹിജ്‌റ പൂര്‍ത്തികരിച്ചത് പിതാവ് ഉണ്ണി മമ്മദ് വൈദ്യര്‍ ആയിരുന്നു.
കൃതികള്‍
ബദര്‍ പടപ്പാട്ട്
ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍
എലിപ്പട (പഞ്ചതന്ത്രം കഥയെ ആസ്പദമാക്കി)
ഒട്ടകത്തിന്റെയും മാനിന്റെയും കഥ
സലാശീല്‍
ബൈത്തില്ല
ഹിജ്‌റ
കിളത്തിമാല
സ്വലീഖാ
ഉഹദ് പടപ്പാട്ടു്
മുല്ലപ്പുഞ്ചോലയില്‍
തീവണ്ടിച്ചിന്ത്
കരമത്ത് മാല
ഉഹ്ദ്പടപ്പാട്ട്
Leave a Reply Cancel reply