യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ പ്രമുഖനാണ് ശ്രീനി പട്ടത്താനം. ജനനം കൊല്ലം ജില്ലയിലെ പട്ടത്താനത്ത്. പോലീസ് കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. 1980ല്‍ പ്രസിദ്ധീകരണം നിലച്ച 'രണരേഖ' എന്ന മാസികയുടെ പത്രാധിപരായിരുന്നു. ഇന്ത്യന്‍ റാഷണലിസ്റ്റ് അസ്സോസിയേഷന്‍ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് ഈ സംഘടനയില്‍ നിന്ന് വേര്‍പെട്ട്, സമാനചിന്താഗതിക്കാരായ ആളുകള്‍ക്കൊപ്പം ഭാരതീയ യുക്തിവാദി സംഘം രൂപീകരിച്ചു.
2002ല്‍ ശ്രീനി പട്ടത്താനം എഴുതിയ ' മാതാ അമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ഥ്യവും' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന് വള്ളിക്കാവ് ആശ്രമത്തിലെ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ അഭിഭാഷകന്‍ ഗ്രന്ഥകര്‍ത്താവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സമീപിച്ചു. മതനിന്ദ, അശ്ലീലപ്രസിദ്ധീകരണം, ഗൂഢാലോചന തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. അമൃതാനന്ദമയി മതസ്ഥാപകയോ അവരെ ആരാധിക്കുന്നവര്‍ പ്രത്യേക മതാനുയായികളോ അല്ലെന്നിരിക്കെയാണ് മതനിന്ദ എന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയോടെ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2004 മേയില്‍ ശ്രീനി പട്ടത്താനത്തെ 295 എ വകുപ്പു ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കി. എന്നാല്‍, വ്യാപകമായ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയി.

കൃതികള്‍

മാതാ അമൃതാനന്ദമയി: ദിവ്യകഥകളും യാഥാര്‍ത്ഥ്യവും
ശബരിമല വിശ്വാസവും യാഥാര്‍ത്ഥ്യവും
കേരളത്തിലെ ക്ഷേത്രങ്ങളും ദിവ്യാത്ഭുത രഹസ്യങ്ങളും
കേരളത്തിലെ മനുഷ്യദൈവങ്ങള്‍
വി.ആര്‍. കൃഷ്ണയ്യരുടെ പുനര്‍ജന്മവിശ്വാസം അന്ധവിശ്വാസം