അച്യുതമേനോന്‍ ടി.സി
മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീതനൈഷധത്തിന്റെ കര്‍ത്താവ്. (1864 – 1942)തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തില്‍ പാറുക്കുട്ടിയമ്മയുടെയും ഗുരുവായൂര്‍ കോട്ടപ്പടി നടുകാട്ടു കൃഷ്ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1864ല്‍ തൃശൂരില്‍ ജനിച്ചു. നൈസര്‍ഗികമായ സംഗീതവാസന ചെറുപ്പത്തിലേ പ്രകടമായിരുന്നു. അച്ഛന്റെ വീട്ടില്‍ താമസിച്ചുകൊണ്ട് സംസ്‌കൃതം പഠിച്ചു. കൊല്‌ളം നാരായണപിള്ളയുടെ നാടകക്കമ്പനി കേരളവര്‍മയുടെ അഭിജ്ഞാനശാകുന്തളം രംഗത്തവതരിപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. നാടകത്തില്‍ താത്പര്യമുണ്ടായിരുന്ന രാമഞ്ചിറമഠത്തില്‍ കാവമ്മ ആ നാടകസമിതിയെ തൃശൂരേക്കു ക്ഷണിച്ചു. നാടകങ്ങളില്‍ ശ്‌ളോകത്തേക്കാള്‍ ആസ്വാദ്യത ഗാനത്തിനാണെന്ന് കാവമ്മ മനസ്‌സിലാക്കി. അവരുടെ നിര്‍ദേശപ്രകാരമാണ് അച്യുതമേനോന്‍ സംഗീതനൈഷധം രചിച്ചത്. 1892ല്‍ അത് അരങ്ങേറി. കാട്ടാളനായി നാടകകൃത്തും നളനായി കാവമ്മയും അഭിനയിച്ചു (മലയാള നാടകത്തിലെ ആദ്യത്തെ നടി കാവമ്മയാണ്). ഭാഷയിലെ പ്രഥമ സംഗീതനാടകമായ ആ കൃതിക്ക് വമ്പിച്ച പ്രചാരം ലഭിച്ചു. 39 വര്‍ഷംകൊണ്ട് 18 പതിപ്പുകളായി 33,800 പ്രതികള്‍ ചെലവായി. അച്യുതമേനോന്‍ 1893ല്‍ തൃശൂര്‍ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പല സമയങ്ങളിലായിപ്രസിദ്ധീകരിക്കപെ്പട്ടിട്ടുണ്ട്. സ്വാതിതിരുനാളും ഇരയിമ്മന്‍ തമ്പിയും തുടങ്ങിവച്ച സംഗീതപാരമ്പര്യത്തിലെ തിളക്കമുള്ളൊരു കണ്ണിയാണ് ടി.സി. അച്യുതമേനോന്‍. 1942 ജൂല. 8ന് ടി.സി. അന്തരിച്ചു.
കൃതികള്‍:
സംഗീതനൈഷധം, സംഗീതഹരിശ്ചന്ദ്രചരിതം, ജനാവാപര്‍വം, അവസാന പ്രസ്താവന, മദനികാമന്‍മഥം, പദ്മവ്യൂഹഭഞ്ജനം, കുചേലഗോപാലം, രുക്മിണീസ്വയംവരം, ബാലഗോപാലന്‍ (എല്‌ളാം നാടകങ്ങള്‍); ഭദ്രോത്സവം, ഹരിഹരചരിതം (ആട്ടക്കഥകള്‍). ഇവയില്‍ ആദ്യത്തെ നാലു കൃതികള്‍ മാത്രമേ അച്ചടിക്കപെ്പട്ടിട്ടുള്ളു.
Leave a Reply