1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് കവിതകളെഴുതി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951ല്‍ ഡല്‍ഹി ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകള്‍ വഹിച്ചു. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, മെക്‌സിക്കന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, വാട്ടന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ ഉന്നത പഠനം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്‌ക്കേഷന്‍സില്‍ അദ്ധ്യാപകനായിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. 'ഈ വെളിച്ചം നിങ്ങളുടേതാകുന്നു' എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.
 1963ല്‍ പരീക്ഷണ നാടകവേദി രൂപീകരിച്ചു. 'ചെരിപ്പു കടിക്കില്ല' എന്ന നാടകത്തില്‍ നടന്‍ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ല്‍ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുരസ്‌ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി എഴുതി.
 പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം (നാടകം) 1975
സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം (2010)

കൃതികള്‍

പ്രളയം
തേവരുടെ ആന
കള്ളന്‍ കയറിയ വീട്
ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു (നോവലുകള്‍)

ഈ വെളിച്ചം നിങ്ങളുടേതാകുന്നു
പ്രളയം (1972)
ചെരിപ്പു കടിക്കില്ല (നാടകങ്ങള്‍)