ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി : പതിന്നാലാമത് ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഴരലക്ഷം ദിര്‍ഹമാണ് ഓരോ വിഭാഗങ്ങളിലെയും സമ്മാനം. ശൈഖ് സായിദ് സാഹിത്യ പുരസ്കാരത്തിന് ടുണീഷ്യന്‍ കവിയായ മോന്സിഫ് ഔഹൈബി അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ദി പെനല്‍ട്ടിമേറ്റ് കപ്പ്’ എന്ന സൃഷ്ടിയിലൂടെയാണ് പുരസ്കാരം തേടിവന്നത്. ‘ഇസ്ലാമിക് തിയോളജി ഇന്‍ ദി സ്റ്റഡീസ് ഓഫ് ജര്‍മന്‍ ഓറിയന്റലിസ്റ്റ്സ്’ എന്ന രചനയ്ക്ക് ഇറാഖി എഴുത്തുകാരനായ ഹൈദര്‍ കാസിമിനാണ് യുവ എഴുത്തുകാരന് പുരസ്കാരം. ‘ദി ലൈലാക് ഗേള്‍’ എന്ന രചനയിലൂടെ ബാലസാഹിത്യകാരനായി പാലസ്തീന് അമേരിക്കന്‍ എഴുത്തുകാരനായ ഇബ്തിസാം ബാറാഖത് തിരഞ്ഞെടുക്കപ്പെട്ടു. അറബിക് സാംസ്കാരിക സാഹിത്യ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് പലസ്തീന് കവിയും വിവര്‍ത്തകയുമായ ഡോ. സല്‍മ ഖദ്റയാണ് സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസാധക സാങ്കേതികവിദ്യയില്‍ ലണ്ടനിലെ ബാനിപല്‍ മാസിക തിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തൊന്ന് രാവുകളും ഇരുപത്തൊന്നാം നൂറ്റാണ്ടും എന്ന കൃതിയിലൂടെ ഡച്ച് എഴുത്തുകാരനും വിവര്‍ത്തകനുമായ റിച്ചാഡ് വാന്‍ ലീയുവിന് മറ്റ് ഭാഷകളിലുള്ള അറബിക് സംസ്കാരിക സൃഷ്ടിവിഭാഗത്തില് ഒന്നാമതായി. അല്‍ ഇന്സാന് അല്‍ റൊമാന്റിക് എന്ന കൃതിയിലൂടെ ടുണീഷ്യന്‍ വിവര്‍ത്തകനായ മൊഹമ്മദ് ഐത് മിഹോബ് വിവര്‍ത്തന പുരസ്കാരം നേടി. ഓരോ വര്‍ഷം കഴിയുമ്പോഴും ശൈഖ് സായിദ് പുസ്തക പുരസ്കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന സൃഷ്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണാനാവുന്നതെന്ന് സംഘാടകസമിതി അറിയിച്ചു.ലോകത്തിലെ തന്നെ മൂല്യമേറിയ സമ്മാനത്തുകകളില്‍ ഒന്നാണ് ഇതിലെ വിജയികള്‍ക്ക് നല്‍കുന്നത്.