സത്യാര്‍ത്ഥി എം.എന്‍. (എം.എന്‍. സത്യാര്‍ത്ഥി)
പ്രമുഖ വിവര്‍ത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു എം.എന്‍.സത്യാര്‍ത്ഥി (13 ഏപ്രില്‍ 1913- 4 ജൂലൈ 1998). പഞ്ചാബിലെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടറായ എം. കൃഷ്ണന്റെ മകനായി സത്യാര്‍ഥി ലാഹോറില്‍ ജനിച്ചു. ഇന്റര്‍മീഡിയറ്റിന് ശേഷം പതിനാലാം വയസ്സില്‍ ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. മൗലാന സഫറലി ഖാന്റെ 'ജമീന്ദാര്‍' എന്ന മാസികയിലെ ബാലപംക്തിയില്‍ സത്യാര്‍ഥി ഇടയ്ക്കിടയ്‌ക്കെഴുതി. പഠനം പൂര്‍ത്തിയാക്കാതെ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു.1928 ല്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണവും ലാലാ ലജ്പത് റായിയുടെ രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സത്യാര്‍ത്ഥി ഭീകര മര്‍ദ്ദനത്തിനിരയായി. കോടതി സത്യാര്‍ത്ഥിയെ കുറ്റക്കാരനായി കണ്ടില്ല, പക്ഷേ അദ്ദേഹത്തെ പഞ്ചാബില്‍ നിന്നും നാടു കടത്തി. പതിനാറാം വയസ്സില്‍ ഏറെക്കുറെ അനാഥനായി കല്‍ക്കത്തയിലെത്തി. അവിടെ വച്ച് ഭഗത്സിംഗുമായി പരിചയപ്പെട്ടു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസ്സോസിയേഷനില്‍ അംഗമായി. തുടര്‍ന്ന് ഒളിവില്‍ പോയി, പഞ്ചാബിലെത്തി. രണ്ടുവര്‍ഷം അനുശീലന്‍ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞു. അവിടെ നിന്നാണ് ആയുധപരിശീലനം നേടുന്നത്. പഞ്ചാബ് ഗവര്‍ണര്‍ ജാഫ്രഡി മോണ്ട് മോഴ്‌സി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലില്‍ വച്ച് ഉറുദു ഭാഷയും സാഹിത്യവും പഠിച്ച്, ഓണേഴ്‌സ് ബിരുദം നേടി. ആന്റമാന്‍സിലേക്കു കൊണ്ടുപോകും വഴി കല്‍ക്കട്ടയില്‍ വച്ച് രക്ഷപ്പെട്ടു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. പിന്നീട് ഒളിവില്‍ കഴിഞ്ഞു. 1935 ല്‍ പാര്‍ട്ടി നിരോധനം നിലനില്‍ക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച സാമ്രാജ്യ വിരുദ്ധ സമ്മേളനത്തില്‍ പ്രസംഗിച്ചു. 1936 ല്‍ പഞ്ചാബ് മന്ത്രിസഭ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 1941 ല്‍ സുഭാഷ് ചന്ദ്രബോസിനെ പെഷവാറില്‍ നിന്നും കാബൂളിലെത്തിച്ചു. 1946 ല്‍ പ്രോഗ്രസ്സീവ് പേപ്പേഴ്‌സ് ലിമിറ്റഡ് എന്ന പത്രത്തില്‍ ചേര്‍ന്നു. 1947-48 കാലയളവില്‍ പഞ്ചാബിലുണ്ടായ ഹിന്ദു-മുസ്ലീം കലാപത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 1957 ല്‍ കമ്മ്യൂണിസറ്റ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിലെത്തി. കോഴിക്കോട് സ്‌കൂളില്‍ ഉറുദു അദ്ധ്യാപകനായി. ജനയുഗം, നവയുഗം, ദേശാഭിമാനി, ചിന്ത തുടങ്ങിയവയില്‍ നിരവധി ലേഖനങ്ങളെഴുതി.മലയാളത്തിനും ഇംഗ്‌ളീഷിനു പുറമേ പഞ്ചാബിയിലും ഉറുദുവിലും ബംഗാളിയിലും പേര്‍ഷ്യനിലും അവഗാഹമുണ്ടായിരുന്നു.
പ്രധാന കൃതികള്‍
ജീവചരിത്രം
പണ്ഡിത് നെഹ്‌റു (സംക്ഷിപ്ത ജീവചരിത്രം)
പണ്ഡിത് മോത്തിലാല്‍ നെഹ്‌റു(ലഘു ജീവചരിത്രം)
ഭഗത് സിംഗ് ദത്ത്
സദ്ഗുരുചരണങ്ങളില്‍
ജയ് ഹിന്ദ് നേതാജിയുടെ കഥ
ചരിത്രം
ഭഗത് സിംഗിന്റെ രാഷ്ട്രീയലക്ഷ്യം
രക്തസാക്ഷികള്‍
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല അദ്ധ്യായങ്ങള്‍
സ്വാതന്ത്ര്യസമരം
നാവിക കലാപത്തിലെ ഇടിമുഴക്കം
ജഹനാര
വിവര്‍ത്തനങ്ങള്‍
ചൗരംഗി (ശങ്കര്‍)
അഗ്‌നീശ്വരന്‍(വനഫൂല്‍)
മുയലിന്റെ ലോകം (കിഷന്‍ ചന്ദര്‍)
മുഷിഞ്ഞ പുടവ (രാജീന്ദ്ര സിംഗ് ബേദി)
വിലയ്ക്കു വാങ്ങാം
ജഹനാര
ബീഗം മേരി ബ്‌സ്വാസ്
പത്മാ മേഘന
നെല്ലിന്റെ ഗീതം
മറ്റു കൃതികള്‍
ഉമര്‍ഖയ്യാം(നോവല്‍)
നീറുന്ന സ്മരണകള്‍(നോവല്‍)
കുസൃതിശങ്കു (ചെറുകഥ)
ഓര്‍, ഇന്‍സാര്‍ മര്‍ഗയാ (അഥവാ, മനുഷ്യന്‍ മരിക്കുന്നു) ഉര്‍ദു നോവല്‍
പുരസ്‌ക്കാരങ്ങള്‍
1989 ല്‍ സ്വാതന്ത്ര്യസമരം എന്ന കൃതിക്ക് വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
1996 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
Leave a Reply