ലെബനീസ് എഴുത്തുകാരി എമിലി നസറുള്ളയുടെ സൃഷ്ടികളെ കുറിച്ച് വി. മുസഫര്‍ അഹമ്മദ്
‘വാതിലില്‍ മുഴങ്ങുന്ന ശബ്ദത്തിലുള്ള മുട്ടുകേട്ട് അവള് ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആരാണെന്ന് വിളിച്ചു ചോദിക്കാതെ യാന്ത്രികമായി വാതിലിന് നേരെ നടന്നു ചെന്നു. വാതില്‍ തുറക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നുപേക്ഷിച്ചു. അപ്പോഴാണ് താന്‍ എവിടെയാണ് കഴിയുന്നതെന്നവളോര്ത്തത്. വാതിലില്‍ മുട്ടുന്നതിന്റെ ശബ്ദം വര്‍ധിച്ചുകൊണ്ടേയിരുന്നു. ചുറ്റിക കൊണ്ട് തലക്കടിയേല്ക്കൂന്ന വിധത്തിലായി ആ ശബ്ദം. അവള് അകമുറിയിലേക്ക് ഉള്‍വലിഞ്ഞു. ആരും എത്താത്ത, കാണാത്ത ഒരു മൂലയില്‍ കഴിയാനായി സ്ഥലം തിരഞ്ഞുകൊണ്ടിരുന്നു. അതേ. ആ വീട് അവളുടേതല്ല. (എമിലി നസറുള്ളയുടെ ‘അവളുടേതല്ലാത്ത വീട്’ എന്ന കഥയുടെ അവസാന ഭാഗം). മാര്‍ച്ച് 14ന് വിഖ്യാത ലെബനീസ് എഴുത്തുകാരി എമിലി നസറുള്ളയുടെ രണ്ടാം ചമര വാര്‍ഷിക ദിനമായിരുന്നു.
ലെബനീസ് ആഭ്യന്തര യുദ്ധം, പുരുഷാധിത്യ ലോകത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയായിരുന്നു അവരുടെ സാഹിത്യ ലോകത്തെ മുഖ്യപ്രമേയങ്ങള്‍. ലെബനീസ് ജനതയെ കാര്‍ന്നു തിന്ന ആഭ്യന്തര യുദ്ധം കൊറോണ വൈറസിനെപ്പോലെയായിരുന്നു. പുരുഷന്റെ സ്ത്രീയോടുള്ള സമീപനങ്ങളും രോഗാതുരമായിരുന്നു. മനുഷ്യ നിര്‍മ്മിതമായ ഈ വൈറസുകള്‍ക്കെതിരെ പൊരുതുകയാണ് എമിലി തന്റെ സാഹിത്യ ലോകത്ത് ചെയ്തു പോന്നത്.
കൊറോണക്കാലത്ത് അവരുടെ ‘അവളുടേതല്ലാത്ത വീട്’ എന്ന കഥാ സമാഹാരത്തിലെ കഥകള്‍ വീണ്ടും വായിച്ചപ്പോള്‍ ‘വൈറസ് വിരുദ്ധ’ യുദ്ധത്തിലേര്‍പ്പെട്ട എഴുത്തുകാരിയുടെ ചിത്രം തെളിഞ്ഞു വന്നു കൊണ്ടിരുന്നു. ലെബനീസ് ആഭ്യന്തര യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അത് മനുഷ്യര്‍ക്കിടയില്‍ സാംക്രമിക രോഗം പോലെ പടര്‍ന്ന ഒന്നായിരുന്നുവെന്ന് തന്നെ, അതേ വാക്കുകളില്‍ തന്നെ, അവര്‍ എഴുതിയിട്ടുണ്ട്. മനുഷ്യരാശിക്ക്, പ്രത്യേകിച്ചും അറബികള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ച ഇത്തരമൊരു രോഗത്തിന് ശമനം കിട്ടാനുള്ള ചികില്‍സയ്ക്കായാണ് താന്‍ കഥയും നോവലുമെഴുതുന്നതെന്നും അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
സൂസന് സൊണ്ടാഗ് ‘രോഗം എന്ന രൂപക’ (ഇല്‍നെസ്സ് ആസ് മെറ്റഫര്‍ ) ത്തെക്കുറിച്ച് സൈദ്ധാന്തികവല്ക്കരിച്ച സന്ദര്‍ഭത്തെ എമിലി നസറുള്ള തന്റെ രചനകളിലൂടെ, പ്രത്യേകിച്ചും വിഖ്യാത ചെറുകഥകളിലൂടെ, സാമൂഹികമായ അന്തരീക്ഷത്തില്‍ ലോകത്തിന് മുന്നില്‍ വെച്ചു. ഇന്ന് വൈറസുകളെ തുരത്തുന്ന കടുത്ത ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയാണ് മനുഷ്യ മനസ്സുകളുല്പ്പാദിപ്പിച്ച വൈറസുകളെ വിമലീകരിക്കാന്‍ സാഹിത്യത്തിലൂടെ ശ്രമിച്ച എമിലി നസറുള്ള ഓര്‍മ്മിപ്പിക്കുന്നത്. അത് ‘പ്ലേഗ്’ എഴുതിയ കാമുവിന്റെ രീതിയിലല്ല എങ്കിലും.
തീര്‍ച്ചയായും സ്ത്രീ ജീവിതങ്ങളെ ആവിഷ്ക്കരിക്കുക അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍, ഒരു വീടും അവളുടേതല്ല, അല്ലെങ്കില്‍ ഏതു വീട്ടില്‍ നിന്നും സ്ത്രീ പുറത്താക്കപ്പെടുമെന്ന സങ്കല്‍പ്പം അതിശക്തമായി ആവിഷ്ക്കരിച്ച കഥയാണ് ‘അവളുടേതല്ലാത്ത വീട്’. മനുഷ്യ മനസ്സിന്റെ അടിത്തട്ടുകളില്‍ നിന്നും പുറത്തു വരുന്ന, മാരകമായ രോഗമായി മാറുന്ന വൈറസുകളെ ഈ കഥയില്‍ എവിടേയും നമ്മള് കാണുന്നു. ഇത് എമിലിയുടെ എഴുത്തില്‍ കാണുന്ന പൊതു രീതിയാണ്. ചരിത്രം സ്ത്രീയോട് എങ്ങിനെ പെരുമാറി എന്നാണ് അവര്‍ പ്രധാനമായും അന്വേഷിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തത്.
എമിലി നസറുള്ളയുടെ നോവലുകളില്‍ സ്ത്രീയുടെ ഏകാന്തത, പരമ്പരാഗത വിവാഹങ്ങളിലെ സ്നേഹ ശൂന്യത എന്നിവ രോഗം പോലെ തന്നെയാണ് കടന്നു വരുന്നത്. ലെബനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം സ്വന്തം ഇണകളേയും മക്കളേയും ഉപേക്ഷിച്ച് വിദേശ നാടുകളില്‍ മെച്ചപ്പെട്ട ജീവിതം തേടിപ്പോയ പുരുഷന്മാരും എമിലിയുടെ നോവലുകളില്‍ കഥാപാത്രങ്ങളായി കടന്നു വരുന്നു. ആ ലോകത്ത് വായനക്കാര്‍ കണ്ടുമുട്ടുന്ന കുട്ടികളും സ്ത്രീകളും തങ്ങളുടെ ജീവിത സ്വപ്നങ്ങള്‍ ഒരിക്കലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരാണ്. അപൂര്‍ണ്ണമാക്കപ്പെട്ട മനുഷ്യ സ്വപ്നങ്ങള്‍ എന്നതും ഈ എഴുത്തുകാരിയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്നു തന്നെ.
1962ല്‍ എമിലി ആദ്യനോവലായ ‘സപ്തംബറിലെ പറവകളു’മായി രംഗത്തു വന്നു. ലെബനീസ് ആഭ്യന്തര യുദ്ധകാലത്ത് (197590) പലരും ലെബനോന് വിട്ടോടിപ്പോയെങ്കിലും അവര്‍ സ്വന്തം നാട്ടില്‍ തന്നെ തുടര്‍ന്നു. 1998ല്‍ ‘പൂച്ചയുടെ ഡയറി’ പുറത്തു വന്നപ്പോഴാണ് വായനാ സമൂഹം ആഭ്യന്തര യുദ്ധം എന്തു തരത്തിലൊക്കെയാണ് പ്രവര്‍ത്തിച്ചതെന്ന് ശരിക്കും മനസ്സിലാക്കിയത് എന്നു പറയാം. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ വളര്‍ത്തുപൂച്ചയാണ് നോവലിലെ ആഖ്യാതാവ്. പൂച്ചയുടെ ഡയറിയിലൂടെ ആഭ്യന്തര യുദ്ധ കാലം ചുരുള്‍ നിവര്‍ത്തുന്നു.
താനൊരു ഫെമിനസ്റ്റല്ലെന്നും ഗ്രാമങ്ങളില്‍ കഴിയുന്ന അറബ് സ്ത്രീകളിലാണ് ഭാഷയും സംസ്ക്കാരവും കൂടുതലായി സംരക്ഷിക്കപ്പെടുന്നതെന്നും ആ നിലയില്‍ നോക്കുമ്പോള്‍ സര്‍വ്വകലാശാല വിദ്യാഭ്യാസം നേടിയവരേക്കാള്‍ സംസ്കൃതചിത്തര്‍ ഗ്രാമീണ സ്ത്രീകളാണെന്നും 2004ല്‍ ഒരു അഭിമുഖത്തില്‍ അവര്‍ അഭിപ്രായപ്പെട്ടു. ഗ്രാമീണ സ്ത്രീ ജീവിതം തിരിച്ചറിയാന്‍ പറ്റി എന്നതാണ് തന്റെ ജീവിതത്തിലെ വലിയ വിജയമെന്നും എമിലി പറഞ്ഞു. ആഭ്യന്തര യുദ്ധവും ലെബനോനിലെ എഴുത്തുകാരും എന്ന പഠന ഗ്രന്ഥത്തില്‍ (1987) പ്രൊഫ. കൂക്ക് എഴുതി ലെബനോനെ പുനര്‍ നിര്‍വ്വചിക്കാനാണ് എമിലി നസറുള്ള ശ്രമിച്ചത്. ഗ്രാമത്തെ അസുഖബാധിതമായ മനുഷ്യാവയവം പോലെ കണ്ട് അതിനെ ചികില്സിക്കുകയും പുനര്‍ ജന്മം നല്‍കുകയുമാണ് അവര്‍ ചെയ്തത് ഇന്ന് കൊറോണക്കാലത്ത് അവരുടെ സാഹിത്യം രോഗ പരിചരണമാണെന്ന് തോന്നിച്ചതില്‍ കൂക്കിന്റെ ഈ അഭിപ്രായത്തിനും പങ്കുണ്ട്. താനൊരു ഗ്രാമീണ കര്‍ഷക സ്ത്രീയാണെന്ന സമീപനമാണ് ഇവര്‍ക്കുണ്ടായിരുന്നത്.
ദക്ഷിണ ലബനോനിലെ കൗകാബയില് ജനിച്ച എമിലി പഠനത്തിനും മറ്റുമായി നഗരങ്ങളിലേക്ക് മാറിത്താമസച്ചെങ്കിലും ജനിച്ച കൗകാബയിലെ വയലില്‍ പണിയെടുക്കുന്ന സ്ത്രീയായി തന്നെ സ്വയം കാണുകയായിരുന്നു. ആ സ്ത്രീയാണ് ഈ കഥകളൊക്കെ പറയുന്നതെന്ന നിലപാടായിരുന്നു അവര്‍ക്ക്. 2017ല്‍ സാഹിത്യത്തിനുള്ള പ്രധാന സമ്മാനങ്ങളിലൊന്നായ ഗൊയ്ഥെ മെഡല്‍ കിട്ടിയപ്പോഴും അവര്‍ ഈ നിലപാട് ആവര്‍ത്തിച്ചു, ഈ സമ്മാനം നിങ്ങള്‍ നല്‍കുന്നത് കൗകാബയിലെ ഗ്രാമീണകാര്‍ഷിക സ്ത്രീക്കാണെന്ന്. കുട്ടിക്കാലത്ത് അച്ഛനും അമ്മക്കുമൊപ്പം വയലില്‍ ജോലി ചെയ്യുമ്പോള്‍ കേട്ടു തുടങ്ങിയ കഥകളാണ് തന്നെ യഥാര്‍ഥത്തില്‍ എഴുത്തുകാരിയാക്കിയതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബെയ്റൂത്ത് നഗരത്തില്‍ ദീര്‍ഘകാലം ജീവിച്ചെങ്കിലും ഗ്രാമത്തിലെ ജീവിതവും കഥകളും തന്നെയാണ് എഴുത്തുകാരി എന്ന നിലയില്‍ തന്നെ നയിച്ചിട്ടുള്ളതെന്നും എമിലി ആവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപിക, പത്രപവര്‍ത്തക, മാഗസിന് പത്രാധിപ ഇങ്ങിനെ പല ജോലികളും ചെയ്തിട്ടുണ്ടെങ്കിലും വയലില്‍ ഒരു പിടി വിത്തു വിതയ്ക്കും പോലെ ആഹഌദകരമായി മറ്റൊന്നുമില്ലെന്നും അവര്‍ ജീവിതത്തിന്റെ ചുമരെഴുത്തായി കുറിച്ചിട്ടു.
മരിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് എമിലിയുടെ ആത്മകഥ ‘ അല്‍മകാന്‍’ പുറത്തു വന്നത്. ആ പുസ്തകം അറബ് ലോകത്തെ ഒരു സ്ത്രീ എഴുത്തുകാരിയുടെ ഏറ്റവും സത്യസന്ധമായ ആത്മകഥകളിലൊന്നായി വിലയിരുത്തപ്പെട്ടു. ജീവിതത്തിന്റെ വേദനകളും ആനന്ദങ്ങളും മുറിവുകളും ആ താളുകളിലുണ്ട്. പുരുഷാധിപത്യ ലോകത്ത് സ്ത്രീയായിരിക്കുന്നതിന്റെ പ്രശ്നങ്ങള്‍, യുദ്ധങ്ങളും ആഭ്യന്തരയുദ്ധങ്ങളും മനുഷ്യരില്‍ മായാത്ത മുറിവുകളാകുന്നതിനെക്കുറിച്ച് അങ്ങിനെ സ്വന്തം നാടിനേയും അതില്‍ തന്നെത്തന്നെയും കണ്ടെത്തുന്ന ആത്മകഥയാണത്.
തന്റെ ജീവിത കാലത്ത്, പ്രത്യേകിച്ചും ആഭ്യന്തരയുദ്ധാനന്തരം ലെബനോനിലെ സ്ത്രീയുടെ അവസ്ഥ എന്തായിരുന്നുവെന്ന് ‘ അവളുടേതല്ലാത്ത വീടിന്റെ’ തുടക്കത്തില്‍ നാം വായിക്കുന്നു. അതിങ്ങനെ: താക്കോല്‍ കയ്യിലുണ്ടായിരുന്നിട്ടും വാതില്‍ അടഞ്ഞു തന്നെ കിടന്നു. കീ ഹോളില്‍ പ്രവേശിക്കാനാകാതെ താക്കോല്‍ വലഞ്ഞു. വാതിലാകട്ടെ ഒരു പ്രതികരണവുമില്ലാതെ മരവിച്ചു നിന്നു. പത്താം തവണയാണ് അവളിപ്പോള്‍ ഓര്‍ക്കുന്നത്, ഉപയോഗിക്കുന്ന താക്കോല്‍ ഈ വാതിലന്റേതല്ലെന്ന്. പഴ്സില്‍ കയ്യിടുമ്പോള്‍ വിരലുകളില്‍ തടയുന്നത് എപ്പോഴും ഈ താക്കോലാണ്. കാന്തം പോലെ അത് വിരലുകളില്‍ ഒട്ടിപ്പിടിക്കുന്നു. കയ്യിലുള്ള താക്കോല്‍ പഴ്സിലേക്കിട്ട് അതിന്റെ മറ്റൊരു അറയില്‍ അവള് തപ്പിക്കൊണ്ടിരുന്നു.
വാതില്‍ തുറന്നു, വീടിനകത്തേക്ക് കടക്കാന്‍ ഒരു നിമിഷം അവള് ശങ്കിച്ചു നിന്നു. അറച്ചു നിന്നുകൊണ്ട് മറ്റെന്തെങ്കിലും ശബ്ദങ്ങള്‍, മറ്റാരുടേയെങ്കിലും കാല്‍പ്പെരുമാറ്റം കേള്‍ക്കുമോ എന്നവള്‍ ഭയന്നു. ആരോ ഒരാള്‍ ചാടി വീണ് നീ ആരെന്ന് ചോദിക്കുമോ?. അതിനു മറുപടി പറയാന്‍ കഴിയാതെ തന്റെ വാക്കുകള്‍ മുറിഞ്ഞു പോകുമോ അവള് ഭയന്നു. വിറച്ചും ആശയക്കുഴപ്പത്തില്‍ കുടുങ്ങിയും അവള് നിന്നു. തന്നെ ചോദ്യം ചെയ്യാനെത്തുന്നയാളോട് എന്തു പറയും? എന്തുകൊണ്ടാണ് താനിവിടെയെത്തിയതെന്ന് പറയാനാകുമോ. ആ ചോദ്യം അവളുടെ ഉള്ളില്‍ നിന്നു തന്നെയാണ് വന്നത്. അതിന് മറുപടി പറയാന്‍ വാക്കുകളില്ലാത്തതിനാല്‍ വാതില്‍ പടിയില്‍ നിന്ന് ഒരടി മുന്നോട്ടു നീങ്ങാന്‍ കഴിയാതെ സ്തംഭിച്ചു നിന്നു.
”എന്തുകൊണ്ടിവിടെ….? സുന്ദരിയായ ഒരു സ്ത്രീയുടെ ശബ്ദം അവള് കേട്ടു. വീടിന്റെ സ്വീകരണ മുറിയിലെ ചുമരിന്റെ നടുക്ക് ഫ്രെയിം ചെയ്തു വെച്ച സ്ത്രീയുടെ ചിത്രത്തില്‍ നിന്നായിരുന്നു ചോദ്യം. ആ ശബ്ദം രൂക്ഷമായി, ചോദ്യം തീക്ഷ്ണമായി, അവളുടെ നിറുകയില്‍ നിന്ന് കാല്പാദം വരെ വിറയല്‍ ഓടിയിറങ്ങി.
നിങ്ങള്ക്കറിയാമായിരിക്കുമെന്ന് ഞാന്‍ കരുതി അവള് പറഞ്ഞു.
സുന്ദരിയായ സ്ത്രീയുടെ ശബ്ദത്തില്‍ നനവ് പടര്‍ന്നു, പരുക്കന്‍ സ്വരം മധുരമായി.
” അവര്‍ പറഞ്ഞിരുന്നു, അവരെനിക്ക് ബെയ്റൂത്തില്‍ നിന്ന് എഴുതിയിരുന്നു, പറഞ്ഞിരുന്നു”
” ഓ, അവര്‍ എഴുതിയിരുന്നു അല്ലേ…”
” അതെ, പക്ഷെ ഞാനത് മറന്നു പോയി, നിങ്ങള്‍ മറ്റാരോ ആണെന്ന് തെറ്റിദ്ധരിച്ചു”
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. തെറ്റിദ്ധരിക്കാന്‍ എളുപ്പവുമാണ്. നമ്മള് തമ്മില്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ” ഇങ്ങിനെ പറഞ്ഞ് അവള് തല താഴ്ത്തി.
അപരിചിതമായ വീട്ടില്‍ അവള് പ്രവേശിക്കുന്നത് ഇതാദ്യമല്ല. ഈ പ്രദേശത്ത് അവളെത്തിയിട്ട് ഒരാഴ്ചയോളമായി. സ്വന്തം വീടിനു മുകളില്‍ റോക്കറ്റ് പതിച്ചതോടെയാണ് അവള് പുറപ്പെട്ടു പോന്നത്. ബെയ്റൂത്തിലെ പ്രാന്തപ്രദേശത്ത് മനോഹരമായ തോട്ടത്തിനു നടുവില്‍ ചെറിയൊരു വീടായിരുന്നു അവളുടേത്. റോക്കറ്റ് വീടിനെ നക്കിത്തുടച്ചു. പൂന്തോട്ടത്തിന്റെ എല്ലാ അടയാളങ്ങളേയും ഇല്ലാതാക്കി. താനും കുടുംബവും രക്ഷപ്പെട്ടതില്‍ ദൈവത്തോട് നന്ദി പറയുക മാത്രമേ ചെയ്യാനുണ്ടായിരുള്ളൂ. ദൈവത്തിന് ആയിരം നന്ദി.
റോക്കറ്റാക്രമണ സമയത്ത് തൊട്ടടുത്ത ഒരു കെട്ടിടത്തിന്റെ അടിത്തട്ടില്‍ അവളും കുടുംബവും ഒളിച്ചിരിക്കുകയായിരുന്നു. അവളുടേത് പോലുള്ള ചെറിയ വീടുകള്‍ യുദ്ധത്തെ അതിജീവിക്കാനായി നിര്മിക്കുന്നതല്ല. സ്വന്തം വീടിന്റെ ശ്മശാനത്തില്‍ നിന്ന് സിറ്റി സെന്റര്‍ വരെ നോക്കിയപ്പോള്‍ വലിയ വീടുകളും അധികമൊന്നും അവള്‍ക്ക് കാണാനായിരുന്നില്ല. ആകാശം മുട്ടുന്നവയോ കൊട്ടാരങ്ങളോ ബഹുനില മന്ദിരങ്ങളോ ഒന്നും തന്നെ ഇന്നത്തെ യുദ്ധത്തില്‍ ബാക്കിയാകില്ലെന്ന് ആ കാഴ്ചകളില്‍ നിന്നും അവള് മനസ്സിലാക്കി.: കഥയുടെ ഈ ഭാഗം എമിലി നസറുള്ള എന്ന എഴുത്തുകാരിയിലേക്കുള്ള പ്രവേശികയാണ്, കൊറോണക്കാലത്ത് മനുഷ്യ നിര്‍മ്മിത വൈറസായ യുദ്ധങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്.