സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (ജനനം 23 സെപ്റ്റംബര്‍ 1908, മരണം  10 ഓഗസ്റ്റ് 1998). പ്രേംജി ജനിച്ചത് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തിലാണ്. മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെ പുത്രന്‍. മാതാവ് ദേവസേന അന്തര്‍ജനം. പത്തൊമ്പതാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി. 1977ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്‌കരണപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി നമ്പൂതിരി യോഗക്ഷേമ സഭയുടെ സജീവപ്രവര്‍ത്തകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവര്‍ത്തികമാക്കി. കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തര്‍ജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് പ്രേംജി വിവാഹം ചെയ്തത്. എം.ആര്‍.ബി എന്നറിയപ്പെട്ടിരുന്ന സഹോദരന്‍ എം.അര്‍. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്‌കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫഷണല്‍ നാടക നടനായിരുന്നു. മക്കള്‍ പ്രേമചന്ദ്രന്‍(നടന്‍), നീലന്‍ (മാധ്യമപ്രവര്‍ത്തകന്‍), ഹരീന്ദ്രനാഥ്, ഇന്ദുചൂഡന്‍, സതി.
വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആര്‍.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്ഫന്റെ മകള്‍, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങള്‍, പി.ആര്‍.വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാന്‍(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തച്ചോളി ഒതേനന്‍, കുഞ്ഞാലി മരയ്ക്കാര്‍, ലിസ, യാഗം, ഉത്തരായനം, പിറവി, സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ചിത്രങ്ങളിലും വേഷമിട്ടു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാര്‍ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡും ലഭിച്ചു. കവി എന്ന നിലയ്ക്കും ശ്ലോകരചയിതാവ് എന്നനിലയ്ക്കും പ്രേജി തനതായ സംഭാവന നല്‍കിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാണ് അദ്ദേഹതിന്റെ കൃതികള്‍.

കൃതികള്‍

സപത്‌നി
നാല്‍ക്കാലികള്‍
രക്തസന്ദേശം
പ്രേംജി പാടുന്നു(കാവ്യസമാഹാരങ്ങള്‍)
ഋതുമതി (നാടകം)