പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂര്‍ നാരായണ ഭട്ടതിരി. (ജനനം 1559-മരണം 1645) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ അംഗമായിരുന്നു. വ്യാകരണജ്ഞനുമായിരുന്നു. പൊന്നാനി താലൂക്കില്‍ തിരുനാവായ റെയില്‍വേസ്റ്റേഷനടുത്തായി (പഴയപേരു എടക്കുളം) ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂര്‍ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛന്‍ മാതൃദത്ത ഭട്ടതിരിയായിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള മേല്‍പ്പത്തൂര്‍ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു ജനിച്ചത്. മാമാങ്കത്തിന്റെ പേരില്‍ പ്രശസ്തമായ തിരുനാവായക്ക് അടുത്താണ് മേല്‍പ്പത്തൂര്‍. ഭട്ടതിരിയുടെ പിതാവ് മാതൃദത്തന്‍ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലം. അദ്ദേഹത്തിന് ദാമോദരന്‍ എന്നൊരു ചേട്ടനും മാതൃദത്തന്‍ എന്നൊരു അനുജനും ഉണ്ടായിരുന്നു.
ബാല്യത്തില്‍ പിതാവില്‍നിന്ന് മീമാംസാദി അഭ്യസിച്ചു. പിന്നീട് മാധവന്‍ എന്ന ഗുരുനാഥനില്‍നിന്ന് ഋഗ്‌വേദം, ദാമോദരനെന്ന ജ്യേഷ്ഠനില്‍ നിന്ന് തര്‍ക്കശാസ്ത്രം, അച്യുത പിഷാരടിയില്‍ നിന്ന് തര്‍ക്ക ശാസ്ത്രം എന്നിവ പഠിച്ചു. പതിനാറാം വയസ്സില്‍ പണ്ഡിതനായി. നാരായണ ഭട്ടതിരി സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂര്‍ അച്യുതപിഷാരടിയുടെ അനന്തരവളെ പത്‌നിയാക്കി. അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കര്‍മ്മവിപാക ദാനസ്വീകാരത്തിലൂടെ ഭട്ടതിരി 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാല്‍ വാതരോഗ ഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളില്‍ 1036 ശ്ലോകങ്ങളുള്‍ക്കൊള്ളുന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തില്‍ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
നാരായണീയം ഭക്തിസാന്ദ്രമായ സംസ്‌കൃത കൃതിയാണ്. പ്രാര്‍ത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങള്‍ ആണുള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപമാണ് നാരായണീയം. 1586ല്‍ ആണ് എഴുതപ്പെട്ടത്.
വാതരോഗത്താല്‍ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേല്‍പ്പത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛന്‍ പ്രതിവിധിയായി 'മീന്‍ തൊട്ടുകൂട്ടുക' എന്ന ഉപദേശം നല്‍കി. എന്നാല്‍ മേല്പത്തൂര്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാന്‍ വിഷ്ണുവിന്റെ മത്സ്യം മുതല്‍ ഉള്ള ദശാവതാരം ആണ് മനസ്സില്‍ കണ്ടത്. അവശനായ അദ്ദേഹം തൃക്കണ്ടിയൂരില്‍നിന്നും ഗുരുവായൂരമ്പലത്തില്‍ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഓരോ ദശകം വീതം ദിവസവും ഉണ്ടാക്കിച്ചൊല്ലി നാരായണീയം പൂര്‍ത്തിയാക്കി ഭഗവാന് സമര്‍പ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. 86 വയസ്സു വരെ അദ്ദേഹം അരോഗദൃഢഗാത്രനായി ജീവിച്ചു. കൊച്ചി, ചെമ്പകശ്ശേരി, സാമൂതിരി രാജാക്കന്മാരുടെ ആസ്ഥാനപണ്ഡിതന്‍ കൂടിയായിരുന്നു. ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങള്‍ പ്രതിപാദിച്ച് എഴുതിയ പ്രക്രിയാസര്‍വ്വവം ആണ്. മേല്പത്തൂര്‍, നാരായണീയത്തിന്റെ കര്‍ത്താവ് എന്ന നിലയിലാണ് കൂടുതല്‍ പ്രശസ്തന്‍. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു. പൂര്‍വ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഡിതനും വക്താവുമായിരുന്നു.

കൃതികള്‍

നാരായണീയം
പ്രക്രിയാ സര്‍വ്വസ്വം
അപാണിനീയ പ്രമാണ്യ സാധനം
ധാതുകാവ്യം
മാനമേയോദയം
തന്ത്രവാര്‍ത്തിക നിബന്ധനം
ശ്രീപാദസപ്തതി
മാടരാജപ്രശസ്തി
ശൈലാബ്ധീശ്വര പ്രശസ്തി
ഗുരുവായൂര്‍പുരേശസ്‌തോത്രം
പാഞ്ചാലീ സ്വയം വരം
പാര്‍വ്വതീ സ്വയംവരം