തമിഴ് വിവര്‍ത്തകനായിരുന്നു മേലങ്ങത്ത് നാരായണന്‍കുട്ടി. തമിഴ് സംഘസാഹിത്യത്തില്‍ പാണ്ഡിത്യം നേടി. ജനനം 1920 ഡിസംബര്‍ 11 ന് എറണാകുളം കലൂര്‍ ദേശത്ത്. വൈലോപ്പിള്ളി അമ്മുണ്ണി മേനോന്റേയും മേലങ്ങത്ത് മാധവി അമ്മയുടേയും മകന്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം ടാറ്റാ ഓയില്‍ മിത്സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പിതൃസഹോദരീ പുത്രനായ വൈലോപ്പിള്ളി ശ്രീധരമേനോനുമായുള്ള സമ്പര്‍ക്കം നൈസര്‍ഗികമായുണ്ടായിരുന്ന സാഹിത്യ വാസനയെ പരിപോഷിപ്പിച്ചു. കേസരി എ. ബാലകൃഷ്ണപിള്ളയാണ് ചെന്തമിഴ് സാഹിത്യത്തിലേയ്ക്ക് നാരായണങ്കുട്ടിയുടെ ശ്രദ്ധ തിരിച്ചത്. അനേക വര്‍ഷങ്ങളുടെ തീവ്രപരിശ്രമം കൊണ്ടാണ് സംഘം കൃതികള്‍ പരിഭാഷപ്പെടുത്തിയത്. അമ്മാവനായ മേലങ്ങത്ത് അച്യുതമേനോന്റെ കവിതകള്‍ സമാഹരിച്ച് മേലങ്ങന്‍ കവിതകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. മേലങ്ങത്ത് മ്യൂസിയം എന്ന പേരില്‍ ഏലൂരിലുള്ള ഗ്രന്ഥശേഖരത്തിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു. പ്രശസ്തനായ ഒരു ഹോമിയോ ഡോക്ടര്‍ കൂടിയായിരുന്നു നാരായണന്‍ കുട്ടി. അഖില കേരള പാരമ്പര്യ വൈദ്യഫെഡറേഷന്‍ ഡയമണ്ട് ഹോമിയോ അവാര്‍ഡ് നല്‍കി ആദരിച്ചു.

2002 ജൂണ്‍ 17 ന് അന്തരിച്ചു. ഭാര്‍ഗ്ഗവി അമ്മയാണ് ഭാര്യ. വിജയന്‍ പിള്ള (പേഴ്‌സണല്‍ മാനേജര്‍, ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ്), സുഷമ, സുധ, രാജേന്ദ്രന്‍ പിള്ള, ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.

പരിഭാഷകള്‍

കലിങ്കത്തുപ്പരണി
കളവഴി നാല്പത്
കാര്‍ നാല്പത്
ഇന്നാ നാല്പത്
പത്തുപ്പാട്ട്
കലിത്തൊകെ

പുരസ്‌കാരം

കലിത്തൊകെ വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ്