വടക്കന്‍പാട്ടിലെ കണ്ണപ്പന്‍ ചേകോന്റെ മൂത്തമകന്‍. ഉണ്ണിയാര്‍ച്ച ആരോമലിന്റെ അനുജത്തിയാണ്. അനുജന്‍ ഉണ്ണികൃഷ്ണന്‍. ആലത്തൂര്‍ വീട്ടിലെ കുഞ്ഞുണ്ണീലിയെയാണ് ആരോമല്‍ കല്യാണം കഴിച്ചത്. കണ്ണപ്പനുണ്ണി അതിലുണ്ടായ മകനാണ്. ആരോമല്‍ പകിടകളി പഠിക്കാന്‍ അമ്മാവന്റെ വീട്ടില്‍ ചെന്നു. അമ്മാവന്റെ മകളായ തുമ്പോലാര്‍ച്ചയുമായി ബന്ധപ്പെട്ടു. തുമ്പോലാര്‍ച്ച ഗര്‍ഭവതിയായി. അവള്‍ പ്രസവിച്ച് 28 നാള്‍ കഴിഞ്ഞിട്ടും ആരോമല്‍ പോയില്ല. തുമ്പോലാര്‍ച്ച മണ്ണാത്തി മുഖേന അയച്ച ഓല കിട്ടിയശേഷമാണ് അമ്മയെയും കൂട്ടി ആരോമല്‍ ചെന്നത്. ആ കുട്ടിക്ക് ഉണ്ണിക്കണ്ണനെന്നു പേരിട്ടു.
കുറുങ്ങാട്ടിടത്ത് ഉണിക്കോന്നാരും ഉണിച്ചേന്നോരും മൂപ്പിളമയെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ അങ്കംവെട്ടുന്നതിനു തീരുമാനിച്ചു. ഉണിക്കോനാര്‍ ആരോമലിനെയാണ് അങ്കച്ചേകോനായി വരിച്ചത്. എതിരാളി ചതിയനായ അരിങ്ങോടരായതിനാല്‍ അങ്കം പിടിക്കരുതെന്ന് പിതാവും അനുജന്‍മാരും മറ്റും വിലക്കി നോക്കി. പുത്തരിയങ്കത്തിന് ഏട്ടന്‍ പോകുന്നകാര്യം ഒരു സ്വപ്നത്തിലൂടെയാണ് ഉണ്ണിയാര്‍ച്ച അറിഞ്ഞത്. ആരോമല്‍ സഹോദരിയെ ആശ്വസിപ്പിച്ചും വ്യാഴം പിഴച്ച തനിക്ക് മരണകാലം അടുത്തിട്ടുണ്ടെന്നും വെറുതെ മരിക്കുന്നതിനെക്കാള്‍ വീര്യത്തോടെ മരിക്കുന്നതാണ് നല്ലതെന്നും ആരോമല്‍ വ്യക്തമാക്കി.
പുത്തരിയങ്കത്തിന് പുത്തന്‍ചുരിക കടയിക്കാന്‍ കണ്ണപ്പന്‍ ചേകോന്‍ മരുമകനായ ചന്തുവിനെയാണ് നിര്‍ദ്ദേശിച്ചത്. ചന്തു ചതിയനാണെന്ന് ആരോമലിന് അറിയാമായിരുന്നെങ്കിലും പിതാവിന്റെ തീരുമാനം സ്വീകരിച്ചു. അരിങ്ങോടരുടെ പക്ഷത്തുചേര്‍ന്ന ചന്തു, കൊല്ലനെ സ്വാധീനിച്ച് ചുരികയില്‍ ഇരുമ്പാണിക്കു പകരം മുളയാണിയിട്ട് മുറുക്കി. ചന്തു വരുവാന്‍ വൈകിയതിനാല്‍ അന്വേഷിച്ചു പുറപ്പെട്ട ആരോമല്‍ കൊല്ലപ്പുരയിലെത്തി. ചുരികയില്‍ ചെയ്ത കൃത്രിമം മനസ്‌സിലാക്കിയിരുന്ന കൊല്ലത്തി ചുരികയിളക്കി നോക്കാന്‍ ആരോമലിനോട് പറഞ്ഞെങ്കിലും വെറുതെ ഇളക്കാന്‍ അദ്ദേഹം തയ്യാറായില്ല.

അങ്കത്തില്‍ നാടുവാഴികളും ദേശവാസികളും വന്നുചേര്‍ന്നു. മാലോകരെ അത്ഭുതപ്പെടുത്തുന്ന അഭ്യാസപ്രകടനങ്ങളാണ് ആരോമല്‍ച്ചേകോന്‍ ആദ്യമേ. പട്ടുംവളയുമടക്കമുള്ള നിരവധി സമ്മാനങ്ങള്‍ നല്‍കപ്പെട്ടു. അരിങ്ങോടര്‍ക്ക് അങ്കത്തട്ടില്‍ കയറാന്‍ തന്നെ പ്രയാസപ്പെട്ടു. തന്റെ അച്ഛനോളം പ്രായമുള്ള അരിങ്ങോടരോട് അങ്കം പിടിക്കുന്നത് ശരിയല്ലെന്നതിനാല്‍ ആരോമല്‍, കാഴ്ചയങ്കം പിടിക്കാമെന്നു പറഞ്ഞു. അതില്‍ അരിങ്ങോടര്‍ കള്ളക്കോലിട്ടതിനാല്‍ ശരിയായ അങ്കം തന്നെ ആരംഭിച്ചു. വാശിയേറിയ അങ്കത്തില്‍ ചുരിക കണമുറിഞ്ഞുവീണു. മറ്റൊരു ചുരിക കൊടുക്കാന്‍ ചന്തു തയ്യാറായില്ല. തന്റെ നേര്‍ക്ക് ചീറിയടുത്ത അരിങ്ങോടരുടെ നേര്‍ക്ക് ആരോമല്‍ മുറിച്ചുരിക പ്രയോഗിച്ച് കൊന്നു.

അങ്കത്തളര്‍ച്ചകൊണ്ട് കണ്ണടച്ച ആരോമല്‍ച്ചേകോന്റെ ചെറിയൊരു മുറിവില്‍ കുത്തുവിളക്കിന്റെ തണ്ടെടുത്ത് പഴുപ്പിച്ച് കുത്തുകയാണ് ചന്തു ചെയ്തത്. ചന്തു തന്നെ ചതിച്ചകാര്യം ആരോമല്‍ എല്ലാരോടും പറഞ്ഞു. അങ്കത്തില്‍ ജയിച്ചതിനാല്‍ ഉണിക്കോനാര്‍ക്ക് അരിയിട്ട് വാഴ്ച നടത്താമെന്ന് ആരോമല്‍ ആവശ്യപ്പെട്ടു.

ആരോമലിനെ പല്ലക്കിലേറ്റി നാട്ടിലെക്ക് എടുപ്പിച്ചു. വീട്ടിനടുത്ത് എത്താറായപ്പോള്‍ വേദന സഹിച്ചും അയാള്‍ നടക്കുകയാണ് ചെയ്തത്. അച്ഛന്റെ കാല്‍ക്കല്‍ വീണ് ആചാരം ചെയ്തു. എല്ലാരോടും അനുവാദവാക്ക് ചോദിച്ചുകൊണ്ട് കച്ചയഴിച്ച് ആ വീരപുരുഷന്‍ വീരചരമം പ്രാപിച്ചു.