ഐങ്കുടി കമ്മാളരില്‍പ്പെട്ട ഒരുവിഭാഗത്തെയാണ് ആശാരി എന്നുവിളിക്കുന്നത്. വിശ്വകര്‍മ്മികളെന്നും വിളിക്കും. വിശ്വകര്‍മ്മാവിന്റെ (ബ്രഹ്മാവിന്റെ) അഞ്ചുമുഖങ്ങളില്‍നിന്ന് ജനിച്ച ഋഷിമാരില്‍ ഒരാളായ മയനില്‍ നിന്ന് ജനിച്ചവരാണ് എന്നാണ് സങ്കല്പം. വിശ്വബ്രാഹ്മണരാണ് ആശാരിമാര്‍ എന്ന് ഒരു വിശ്വാസമുണ്ട്. മരപ്പണി ചെയ്യുന്നവരെ തച്ചന്‍ എന്നു പറയുന്നു. ‘ആചാരി’യാണ് പിന്നീട് ആശാരിയായത്. എന്നാല്‍ സ്വര്‍ണ്ണപ്പണി കുലത്തൊഴിലായ വിഭാഗം ഇന്നും ‘ആചാരി’ എന്നാണ് എഴുതുന്നതും പറയുന്നതും.
ആചാരപ്പെടുന്ന പതിവില്‍ നിന്നാണ് ഈ പേര്. രാജാവില്‍ നിന്നും മറ്റുമാണ് ആചാരം വാങ്ങേണ്ടത്. തച്ചുശാസ്ത്രത്തിലും ശില്പകലയിലും കഴിവുറ്റ വ്യക്തികളെ ‘വിശ്വകര്‍മ്മന്‍, മേലാശാരി എന്നിങ്ങനെ വിളിക്കുന്നു. ‘ഇല്ലം’ സമ്പ്രദായം ഇവര്‍ക്കിടയിലുണ്ട്. ഉപനയനം (പൂണൂല്‍ ധാരണക്രിയ) ഇവര്‍ക്കിടയിലുണ്ട്.