ഓണം കഴിഞ്ഞുവരുന്ന മകം ചീപോതിയെ പൂജിക്കുന്ന നാളാണ്. ഭവനവും മുറ്റവും ചാണകം മെഴുകി ശുദ്ധിവരുത്തുകയും മുറ്റത്ത് പൂക്കളിടുകയും ചെയ്യും. പുലരുന്നതിനു മുമ്പേ എഴുന്നേറ്റ് പടിഞ്ഞാറ്റയില്‍ വിളക്കുവയ്ക്കും. ഉത്തരകേരളത്തിലെ ചില സമുദായക്കാര്‍ക്കിടയില്‍ മകത്തിന് താള്, തവര എന്നിവ കറിവെച്ച് നാക്കിലയില്‍ വിളമ്പുന്ന പതിവുണ്ട്. ഉണക്കലരിച്ചോറും വിളമ്പും. ഒരു വിളക്കിന്റെ മുമ്പിലാണ് ഇവ വയ്ക്കുക. ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഈ അനുഷ്ഠാനം. ‘മകക്കഞ്ഞി’യും വയ്ക്കും. ഉണക്കലി കഞ്ഞിവെച്ച് അതില്‍ നാളികേരവും ഉപ്പും ചേര്‍ത്തതാണ് ‘മകക്കഞ്ഞി’. ചിലര്‍ അതില്‍ശര്‍ക്കരയും ചേര്‍ക്കും.

ദക്ഷിണകേരളത്തില്‍ ‘മകം പുഴുങ്ങു’ന്ന പതിവുണ്ട്. പലതരം ധാന്യങ്ങളും കിഴങ്ങുകളും പുഴുങ്ങി നാക്കിലയില്‍ വിളമ്പിവയ്ക്കും. ‘മക്കളെവിറ്റും മകം പുഴുങ്ങണ’മെന്നാണ് പഴഞ്ചൊല്ല്.

മകത്തിന് മറ്റൊരു ചടങ്ങുകൂടിയുണ്ട്. മുറ്റത്ത് ഉരല്‍വെച്ച് അതില്‍ വെള്ളം നിറയ്ക്കും. ഉണക്കലരിയും പൂക്കളും കൂട്ടിക്കലര്‍ത്തി പെണ്‍കുട്ടിയുടെ കൈയില്‍ കൊടുക്കും. ഉരലിലെ വെള്ളം ഒന്നിളക്കിയശേഷം അരിയും പൂവും അതില്‍ ഇടുവാന്‍ ആവശ്യപ്പെടും. അല്‍പനേരം കഴിഞ്ഞ് വെള്ളം നിശ്ചലമാകുമ്പോള്‍ പൂവ് ഉരലില്‍ ഏതു ഭാഗത്താണ് പറ്റിനില്‍ക്കുന്നതെന്ന് നോക്കും. ഗുണദോഷഫലം നിര്‍ണയംചെയ്യുന്ന ഒരു ‘പ്രശ്‌നമത്രെ. മകം ആഘോഷിക്കുന്നത് സ്ത്രീകളാണ്.

തിരുവിതാംകൂര്‍ പ്രദേശങ്ങളില്‍ മകത്തിന് പുത്തന്‍ നെല്‍ക്കതിര്‍ ആവണപ്പലകമേല്‍ വെച്ച് നീരാടി, മഞ്ഞള്‍തൂകി, ചന്ദനംപൂശി അലങ്കരിക്കും. വിളക്കുവെച്ച് പൂജിക്കും. ഈ ശ്രീഭഗവതീപൂജയ്ക്ക് മകത്തടിയന്‍, താളുകറി, തകരക്കറി എന്നിവ വയ്ക്കും.

കന്നിമാസത്തിലെ മകത്തിന് കാമപൂജയുടെ സങ്കള്‍പമുണ്ട്. ‘കാമനാര്‍മകം’എന്ന് അത്യുത്തരകേരളത്തില്‍ വ്യവഹാരമുണ്ട്. ഉരലില്‍ ഉണക്കലരിയും തുമ്പപ്പൂവുമിട്ട് കന്യകമാര്‍ കിഴക്കോട്ടു തിരിഞ്ഞുനിന്ന് ഇടിക്കുന്ന ഒരു ചടങ്ങാണ്.