മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ് ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളില്‍ ഏറ്റവും പ്രാചീനം. മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ് മറ്റു പ്രാചീന ചമ്പുക്കള്‍. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂര്‍ ക്ഷേത്രത്തിലെ നര്‍ത്തകിയായ ഉണ്ണിയച്ചിയാണ് ഉണ്ണിയച്ചീചരിതത്തിലെ നായിക. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളില്‍ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്നു.
    തേവര്‍ ചിരികുമാരന്‍ (ദേവന്‍ ശ്രീകുമാരന്‍) ആണ് ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പഴഞ്ചേരി ഭഗവതിയെ സ്മരിക്കുകയും തിരുനെല്ലിക്കു തെക്ക് തൃച്ചര്‍ളയും പടിഞ്ഞാറ് തൃപ്പരങ്കുന്നും വടക്ക് ബ്രഹ്മഗിരിയും കിഴക്ക് വള്ളൂര്‍ക്കാവും ക്ഷേത്രങ്ങളെക്കുറിച്ച് നല്ല പരിചയമുണ്ടായിരിക്കുകയും ചെയ്യുന്ന കവി വയനാട്ടുകാരനും പുറക്കിഴാ നാട്ടുരാജാവിന്റെ ആശ്രിതനുമായിരുന്നിരിക്കാം എന്നനുമാനിക്കുന്നു. ഈ ഗ്രന്ഥം ഓലയില്‍ പകര്‍ത്തിയെഴുതിയത് രാമന്‍ ചിരികുമാരനാണെന്നും കാവ്യത്തില്‍ പരാമര്‍ശമുണ്ട്.
    കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഹൊയ്‌സാല രാജ്യത്തിന്റെ രാജധാനിയായ ദോരസമുദ്രം നാമാവശേഷമായ ക്രി.വ. 1346നു മുമ്പായിരിക്കണം ഉണ്ണിയച്ചീചരിതത്തിന്റെ ഉദ്ഭവമെന്നതില്‍ പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല എന്ന് ഉള്ളൂര്‍ പ്രസ്താവിക്കുന്നു. 1275നു തൊട്ടുമുമ്പായിരിക്കണം കാവ്യത്തിന്റെ രചനാകാലമെന്ന് ചരിത്രവസതുതകളെ ആധാരമാക്കി ഇളംകുളം അനുമാനിക്കുന്നു. ഭാഷാപരവും ചരിത്രപരവുമായ തെളിവുകള്‍ കാവ്യത്തില്‍ തന്നെയുള്ളത് ഇവയെ സാധൂകരിക്കുന്നു. ക്രി.വ. 13-ാം ശതകത്തില്‍ നടപ്പില്‍ വന്ന ചോളനാണയമായ ആനയച്ചിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇക്കാലഘട്ടത്തിലെ പ്രസിദ്ധങ്ങളായ തുറമുഖ നഗരത്തെക്കുറിച്ച് പരാമര്‍ശമുള്ളതും അക്കാലത്ത് പ്രസിദ്ധമാകാത്ത കോഴിക്കോടിനെ പറ്റി പരാമര്‍ശമില്ലാത്തതും തെളിവായിക്കാണാം.
    ഉണ്ണിയച്ചീചരിതം ഒരു മണിപ്രവാളകാവ്യമാണ്. ഇതെഴുതിയ കാലത്ത് പാട്ട് സാഹിത്യവും പ്രചാരത്തിലുണ്ടായിരുന്നു. പാട്ട് വിവരം കുറഞ്ഞവരുടേതും മണിപ്രവാളം ഉപരിവര്‍ഗ്ഗത്തിന്റേതുമായി അറിയപ്പെട്ടിരുന്നു. പാട്ടുകവികള്‍ പുരാണകഥകളെക്കുറിച്ചുള്ള ഭക്തികാവ്യങ്ങള്‍ രചിച്ചപ്പോള്‍ മണിപ്രവാളകവികള്‍ ശൃംഗാര കവിതകളും സന്ദേശകവിതകളും രചിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ വക്താക്കളായി. സമുദായത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനം ലഭിച്ച നമ്പൂതിരിവര്‍ഗ്ഗത്തിന്റെ ഭോഗാലസതയും സാംസ്‌കാരികച്യുതിയും ഈ കാവ്യങ്ങള്‍ എടുത്തുകാട്ടുന്നു. പുരുഷാര്‍ത്ഥങ്ങളില്‍ കാമത്തിനു പ്രഥമസ്ഥാനം നല്‍കിയ മണിപ്രവാളകവികള്‍ ആഭിജാതരായവര്‍ക്ക് വേണ്ടി മാത്രം രചിച്ചിരുന്നതാണ് ഇതെല്ലാം. ആനന്ദാനുഭൂതി കാവ്യരസത്തിന്റെ ഔന്നിത്യമായി കണ്ട ഇവര്‍ സ്ത്രീകളുടെ മുലക്കോട്ടകളിലും ചില്ലിവില്ലുകളിലും കൃസമധ്യമങ്ങളിലും ഭ്രമിച്ചുപോയതായി ചില വ്യാഖ്യാതാക്കള്‍ പറയുന്നു.
    സേലത്ത് അതിയമാനല്ലൂരില്‍നിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കന്‍ കോട്ടയത്ത്) എത്തിച്ചേര്‍ന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളില്‍ അനുജത്തിയാണ് സുന്ദരിയായ ഉണ്ണിയച്ചി. അവളില്‍ ഒരു ഗന്ധര്‍വന് ഉളവാകുന്ന അനുരാഗമാണ് ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം. ശിവക്ഷേത്രംകൊണ്ട് പ്രസിദ്ധമായ തിരുച്ചരുള എന്ന ദേശത്തെയാണ് കവി ആദ്യം വര്‍ണ്ണിക്കുന്നത്. അടിക്കീഴ്, തിരുനെല്ലി തുടങ്ങി അവിടെയുള്ള പുണ്യസ്ഥലങ്ങളെ വര്‍ണ്ണിച്ചതിനുശേഷം തിരുമരുതൂരിനെയും വര്‍ണ്ണിക്കുന്നു. ഉണ്ണിയച്ചിയില്‍ ആകൃഷ്ടനായി ആകാശത്തുനിന്നിറങ്ങിവന്ന ഗന്ധര്‍വനെ ഒരു ചാത്തിരനമ്പൂതിരി (വിദ്യാര്‍ത്ഥി) ആ നായികയുടെ പൂര്‍വ്വചരിത്രം അറിയിക്കുന്നു. ശിവനെ വന്ദിച്ച് ഗന്ധര്‍വ്വന്‍ ആ ഛാത്രനോടുകൂടി അവളുടെ വീട്ടിലേക്ക് പോയി. വഴിക്ക് മലയാളരും ചേഴിയരും ആരിയരും കരുനാടകരും കുടശാദികളും പേശുന്ന വാണിയ (കച്ചവടം) ഭാഷാഭൂഷിതയായ അങ്ങാടിയെക്കുറിച്ച് കവി വര്‍ണ്ണിക്കുന്നു. ഉണ്ണിയച്ചിയുടെ ഗൃഹത്തിലെ വിവിധവിഭവങ്ങളെ വിസ്തരിക്കുന്ന അദ്ദേഹം പിന്നീട് അവിടെ തിങ്ങിക്കൂടിയ വൈദ്യര്‍, ജ്യോത്സ്യര്‍ മുതലായവരെ കണക്കിന് അപഹസിക്കുന്നു.