രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള (1937)

മുഖവുര

അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ ‘സുധാംഗദ’.
മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്,
സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി ‘ആൽഫ്രഡ് ടെന്നിസൺ’ന്റെ ‘CENONE’ എന്ന
കാവ്യഗ്രന്ഥം എനിക്കു തരികയും, അതു മലയാളത്തിലേക്ക് തർജ്ജിമ ചെയ്താൽ കൊള്ളാമെന്നാവശ്യപ്പെടുകയും
ചെയ്തു. അതിനുമുൻപുതന്നെ ടെന്നിസൺന്റെ എല്ലാ കൃതികളും വായിക്കുക മാത്രമല്ല, അവയിൽ നന്നെന്നു
തോന്നിയിട്ടുള്ള ഏതാനും ലഘുകവിതകൾ പരിഭാഷപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ടെങ്കിലും, കീറ്റ്സ്, ഷെല്ലി, ബൈറൺ,
ബ്രൗണിങ് തുടങ്ങിയ മറ്റു മഹാകവികളെപ്പോലെ ടെന്നിസണോ വേഡ്‌സ്‌വർത്തോ എന്റെ ഭാവനയെ ഗാഢമായി
സ്പർശിച്ചിട്ടുണ്ടെന്നുപറയാൻ നിവൃത്തിയില്ല. എന്റെ അഭിനന്ദനത്തിനു തികച്ചും പാത്രമായിട്ടുള്ള ടെന്നിസൺന്റെ
ഏകകൃതി ‘In Memorium’ എന്ന വിലാപകാവ്യം മാത്രമാണ്. അക്കാരണത്താൽ ആ ഗ്രന്ഥത്തിന്റെ വിവർത്തനഭാരം
എനിക്കു വിഷമകരമായിത്തോന്നുകയും, അതിൽനിന്നൊഴിഞ്ഞു മാറുവാൻ ഞാൻ കഴിയുന്നതും ശ്രമിക്കുകയും ചെയ്തു.
എന്നാൽ അത്ര എളുപ്പത്തിൽ പിന്മടക്കാവുന്നവരായിരുന്നില്ല എന്റെ സുഹൃത്തുക്കൾ. ഒടുവിൽ,
‘മനസ്സില്ലാമനസ്സോടെ’യാണെങ്കിലും എനിക്കാ കൃത്യത്തിൽ ഏർപ്പെടേണ്ടതായി വന്നുകൂടി.
പ്രാരംഭത്തിൽത്തന്നെ, വലിയ പ്രോത്സാഹനമാണ് എനിക്ക് സിദ്ധിച്ചത്. എന്റെ പ്രിയസ്നേഹിതന്മാരും, യഥാർത്ഥ
സഹൃദയന്മാരുമായ മിസ്റ്റർ കുന്നുകുഴി നാരായണപിള്ള ബി. എ., ചന്ദ്രത്തിൽ കൃഷ്ണപിള്ള ബി. എ. എന്നീ രണ്ടു
മാന്യന്മാർ പതിവുപോലെ നേരമ്പോക്കു പറഞ്ഞിരുന്നു രസിക്കുവാനായി എന്റെ ഭവനത്തിൽ വന്നപ്പോൾ ഈ
ഗ്രന്ഥത്തിന്റെ അതുവരെ എഴുതിയഭാഗം ഞാൻ അവരെ വായിച്ചുകേൾപ്പിച്ചു. അവരതിൽ എന്തെന്നില്ലാതെ
രസിക്കുകയും എന്റെ സംരംഭത്തിൽ ഹൃദയപൂർവ്വം അനുമോദിക്കുകയും ചെയ്തു. അവരുടെ ആ അഭിനന്ദനം
എന്റെ നിർമ്മാണഗതിയെ ത്വരിപ്പിച്ചു. മൂന്നു ദിവസത്തിനുള്ളിൽ ബാക്കിഭാഗവും എഴുതിത്തീർത്തു. അങ്ങനെയിരിക്കെ
എന്റെ ആത്മസുഹൃത്തും ഉത്തമകവിയുമായ ശ്രീമാൻ ടി. എൻ. ഗോപിനാഥൻനായർ ഇടപ്പള്ളിയിൽ വന്നുചേർന്നു.
ഞാൻ ‘സുധാംഗദ’ മുഴുവൻ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. ആ സുഹൃത്ത് എന്റെ മറ്റൊരു കൃതിക്കും
ഇത്രത്തോളം മഹത്തായ ഒരഭിനന്ദനം നല്കിയിട്ടില്ല. പിന്നീടദ്ദേഹം എനിക്കയച്ചിട്ടുള്ള ഓരോ കത്തിലും
സുധാംഗദയെക്കുറിച്ച് എന്തെങ്കിലും ഒരു പ്രസ്താവം കാണുമായിരുന്നു. കലാശാലയിലെ എന്റെ സുഹൃത്തുക്കൾക്കും
സംതൃപ്തിയായി. ഉടൻതന്നെ അതച്ചടിപ്പിക്കണമെന്നായി അവരുടെ നിർബന്ധം. സഹജമായുള്ള അലസതമൂലം അതു
നോട്ടുപുസ്തകത്തിൽതന്നെ കിടന്നു. അപ്പോഴേയ്ക്കും കലാശാല അടച്ച്, സുഹൃത്തുക്കൾ അങ്ങിങ്ങായി പിരിഞ്ഞു
പോയതിനാൽ, പിന്നീടാരും നിർബന്ധിക്കാനുണ്ടായില്ല. അങ്ങനെ രണ്ടുകൊല്ലംകൂടി പഴയ നോട്ടുപുസ്തകത്തിൽത്തന്നെ
സുധാംഗദയ്ക്കു കഴിച്ചുകൂട്ടേണ്ടിവന്നു. ഇക്കൊല്ലം തിരുവനന്തപുരത്തു പഠിക്കാനായി വന്നപ്പോൾ മിസ്റ്റർ ടി. എൻ.
ഗോപിനാഥൻനായർ അതിന്റെ പ്രസിദ്ധീകരണത്തിൽ വീണ്ടും നിർബന്ധം തുടങ്ങി. അങ്ങനെ, അതിതാ, സൂര്യപ്രകാശം
കണ്ടുതുടങ്ങുന്നു…

 

വിവർത്തനം

പൊതുവേ പറയുകയാണെങ്കിൽ പദാനുപദതർജ്ജിമയെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. പ്രസിദ്ധ സാഹിത്യകാരന്മാരായ
ശ്രീ നാലപ്പാട്ടു നാരായണമേനവനും, ശ്രീ എ. ബാലകൃഷ്ണപ്പിള്ളയും ആ മാർഗ്ഗത്തിൽ സ്വച്ഛന്ദം വിഹരിച്ചു
വിജയക്കൊടി നാട്ടിയിട്ടുണ്ട്. അവരുടെ പരിഭാഷാപദ്ധതി എനിക്കത്യന്തം പ്രയതരമാണ്. ആ രീതിയെ അവലംബിച്ച്
ഫ്രഞ്ച്, റഷ്യൻ, സ്വീഡിഷ്, ജർമ്മൻ, പോളിഷ് തുടങ്ങിയ അനവധി സാഹിത്യങ്ങളിലുള്ള ചെറുകഥകളും
ഏകാങ്കനാടകങ്ങളും ഇബ്സന്റെ Doll’s House, Wild Duck, ഹാപ്റ്റ്മാന്റെ Hannele, മാറിസ് മെറ്റർലിങ്കിന്റെ Blue
Bird, The Betrothal എന്നീ നാടകങ്ങളും ഞാൻ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിവെച്ചിട്ടുണ്ട്. നോവലുകളോ,
ചെറുകഥകളോ, നാടകങ്ങളോ പദാനുപദം തർജ്ജിമചെയ്യുന്നതു കൊണ്ട് അവയുടെ ആത്മസൗന്ദര്യത്തിനു വലിയ
ഉടവുതട്ടുമെന്ന് തോന്നുന്നില്ല. എന്നാൽ പാശ്ചാത്യസാഹിത്യങ്ങളിൽനിന്നും, കവിതകൾ അതേപടി വിവർത്തനം
ചെയ്താൽ അവയുടെ നിസ്സർഗ്ഗസുഷമ നിശ്ശേഷം മങ്ങിപ്പോകുന്നതു കാണാം. അതിനാൽ അല്പം ചില സ്വാതന്ത്ര്യങ്ങൾ
പരിഭാഷകനായ കവിക്ക് അനുവദിച്ചുകൊടുത്തേ മതിയാകൂ. ഇംഗ്ലീഷിൽ ഒരൊറ്റവരിയിൽ ഉൾക്കൊള്ളുന്ന ഒരാശയത്തെ,
അതിന്റെ ഗഹനതയ്ക്കും പ്രതിഭാദീപ്തിക്കും പറയത്തക്ക ഉടവൊന്നും തട്ടിക്കാതെ, മലയാളത്തിലേക്കു
സംക്രമിപ്പിക്കണമെങ്കിൽ, നാലോ, ആറോ-ചില അവസരങ്ങളിൽ എട്ടോ, പത്തോ-വരികൾ വേണ്ടി വന്നേക്കും.
എന്നാൽത്തന്നെ അതിന്റെ പരിപൂർണ്ണഭംഗി, എത്ര അനുഗ്രഹീതനായ കവിയായാലും, പരിഭാഷയിൽ
പ്രതിഫലിച്ചുകാണുകയില്ല. സംശയമുള്ളവർ നുറുങ്ങുകവിതകളെ വിട്ട്, ഷെല്ലിയുടേയോ ബ്രൗണിങ്ങിന്റെയോ നീണ്ട
കാവ്യങ്ങളെ ഒന്നു സമീപിച്ചു നോക്കട്ടെ.
എന്റെ വിവർത്തന രീതിസാധാരണയായി, ഒരു പ്രത്യേക പദ്ധതിയാണ് ഞാൻ വിവർത്തനത്തിനു സ്വീകരിച്ചിട്ടുള്ളത്. മുൻപു പ്രസ്താവിച്ച
രീതിയിൽ നാടകങ്ങളും ചെറുകഥകളും മറ്റും മിക്കവാറും പദാനുപദമായിത്തന്നെ തർജ്ജിമചെയ്യുകയാണ് എന്റെ
പതിവ്. അവിടെപ്പോലും, ശൈലികളുടെ (Idioms) സമീപം ചെല്ലുമ്പോൾ ഞാൻ അല്പമൊന്നു നിൽക്കും. അവയ്ക്കു
പ്രതിരൂപമായി മലയാളത്തിൽ വല്ല ശൈലികളും ഉണ്ടോ എന്നു നോക്കും. ഉണ്ടെങ്കിൽ അവയെ സ്വീകരിക്കും.
ഇല്ലെങ്കിൽ മൂലത്തിലെ ആശയത്തിനനുസരിച്ച് അതിനു സ്വതന്ത്രമായ ഒരു പ്രതിരൂപം കൊടുക്കും. മൂലഗ്രന്ഥകാരന്റെ
ആശയത്തെ വ്യഭിചരിപ്പിക്കുകയോ വികൃതപ്പെടുത്തുകയോ ചെയ്യുന്നത് എനിക്കു വലിയ സങ്കടമാണ്.
കവിതകൾ തർജ്ജിമചെയ്യുമ്പോൾ, അതിലും കവിഞ്ഞ സ്വാതന്ത്യം, ചിലപ്പോഴൊക്കെ ഞാൻ കാണിച്ചേക്കും. എന്നാൽ
അതൊരിക്കലും അതിരുകവിഞ്ഞുപോകുവാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഇംഗ്ലീഷിലെ ഒരു വരിക്കു
പത്തുവരികൾ ഉപയോഗിച്ചേക്കാമെങ്കിലും-അവയിൽ എന്റെ സ്വന്തമായ ചില പൊടിക്കൈകളും ചായം പിടിപ്പിക്കലും
കണ്ടേക്കാമെങ്കിലും-ആ പതിരുകളൊക്കെ പാറ്റിക്കളഞ്ഞാൽ, മൂലഗ്രന്ഥകാരന്റെ ധാന്യം അത്ര വലിയ തേയ്മാനമൊന്നും
സംഭവിക്കാതെതന്നെ അവിടെക്കിടക്കുന്നുണ്ടാവും.

ഉദാഹരണം നോക്കുക:
O Lord, our love at heartWas pure as the snowOn the mountains.White as the radiant moonGleaming in the skyBetween the scattered clouds.They ‘re telling meYour thoughts are doubleThat’s why I’ve comeTo break it off.To-day we’ll drinkA cup of wineTo-morrow we’ll partBeside the canal.Walking aboutBeside the canal,Where its branches divideEast and westAlas, and alas!And again alas!

So must a girl cryWhen she’s married,If she find not a manOf single heart,Who will not leave herTill her hair is white
(A chinese poem by Cho Wen-chun)പ്രസ്തുതപദ്യം ഞാൻ സ്വതന്ത്രമായി പരിഭാഷപ്പെടുത്തിയിട്ടുള്ളതാണു ചുവടെ ചേർക്കുന്നത്:
ദുരന്തരാഗംഹാ, മൽപ്രഭോ, ഹൃദയനായക, മാനസത്തിൽനാമന്നു കാത്തനുഭവിച്ച നവാനുരാഗംആ മാമലയ്കുമുകളിൽ പതിവായ് പതിക്കുംതൂമഞ്ഞുപോൽ പരമനിർമ്മലമായിരുന്നു.       1
ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങിസ്ഫീതാഭമായവയിലൂടവതീർണ്ണമാമ-ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു.       2
ഓതുന്നിതന്യർ, തവ ചിന്തകൾ പെട്ടകൂടി-ച്ചേതസ്സില് വിങ്ങി ഞെരിയുന്ന വിനാശവൃത്തംഏതാനുമുണ്ടു കഴിവെങ്കി,ലതൊറ്റയാക്കാ-നേതാദൃശം, കരുതിയെത്തി തവാന്തികേ ഞാൻ.       3
വന്നാലു,മിന്നിനി നമുക്കവസാനമായി-ട്ടൊന്നിച്ചിരുന്നു നറുമുന്തിരിയാസ്വദിക്കാംഎന്നിട്ടു നാളെ, യവിടെ, പ്പുഴവക്കിനോള-മൊന്നിച്ചു ചെ, ന്നിരുവഴിക്കു പിരിഞ്ഞുപോകാം       4
അത്തോടു ചെന്നെവിടെവെച്ചിരുശാഖയായി-ത്തത്തിപ്പിടഞ്ഞു പിരിയു,ന്നവിടത്തിലെത്തിചിത്താധിനായക, ഭവാനൊടു യാത്രയും ചൊ-ന്നുൾത്താപമോടിവൾ തനിച്ചു തിരിച്ചുപോരാം.       5
അയ്യോ, ചതിച്ചു വിധിയെന്നെ, യെനിക്കൊതൊട്ടുംവയ്യേ സഹിപ്പതി, നിതെന്തിനു വന്നുകൂടി?അയ്യോ, വിധേ, പരമദുർഭഗ ഞാ,നെനിക്കുവയ്യേ, ജഗത്തിലിനിയെന്തിനു ഞാനിരിപ്പൂ?       6

 

ഏകാന്തരംഗയുതനായ് നിജപത്നിതന്റെകാർകുന്തളത്തിൽ നര വെൺകളിവീശുവോളംപോകാതെ, യേകനിയലായ്കി, ലൊരംഗനയ്ക്കുശോകാന്തയായ് മുറവിളിക്കണമിപ്രകാരം!
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)എന്റെ വിവർത്തനത്തിൽ, മൂലത്തിൽ ഉള്ളതിനേക്കാൾ ഏതാനും വരികൾ കൂടുതൽ വന്നിട്ടുണ്ട്. മൂലത്തിൽ കാണാത്ത
പല പദങ്ങളും കടന്നുകൂടിയിട്ടുമുണ്ട്. പക്ഷേ, മൂലത്തിലുള്ള ആശയം അല്പമെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നും,
അല്പം സ്വാതന്ത്ര്യം എടുത്തുവെങ്കിലും, അതു വിവർത്തനത്തെ കൂടുതൽ ആകർഷകമാക്കിത്തീർക്കുവാൻ
മാത്രമാണെന്നും, ശത്രുക്കൾപോലും സമ്മതിച്ചേ ഒക്കൂ.
Love’s very pain in sweetBit its rewards is in the world divine:
എന്ന ഷെല്ലിയുടെ രണ്ടുവരി,
ദിവ്യരാഗത്തിൽ വേദനപോലുംനിർവൃതിയാണു സോദരിസ്വർഗ്ഗലോകത്തിലാണതിനുള്ളനിസ്തുലമാം പ്രതിഫലം!
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)എന്നിങ്ങനെ നാലുവരിയായി മാറിയെങ്കിലും, ആശയത്തിനു തർജ്ജിമകൊണ്ടു വലിയ പരിക്കുപറ്റിയിട്ടുണ്ടെന്നു
തോന്നുന്നില്ല.

 

Heard melodies are sweetBut those unheard are sweeter still
എന്നത്,
ഉലകിൽ കേൾക്കാകും വിവിധ ഗാനങ്ങ-ളഖിലവുമാത്മസുഖദങ്ങൾ:ചെവിയിലിന്നോളമണയാത്തതെന്നാ-ലവയേക്കാളേറ്റം മധുരങ്ങൾ!

(നിഗൂഢനിർവൃതി – ‘ഉദ്യാനലക്ഷ്മി’)എന്നായിത്തീർന്നാൽ, മൂലത്തിലെ രസികത്തത്തിന് കോട്ടംതട്ടിയെന്നു വിചാരിക്കാൻ ന്യായമില്ല.
ചിലപ്പോൾ മൂലഗ്രന്ഥത്തിൽ ഇല്ലാത്തതുതന്നെ ചിലത് എന്റെ തർജ്ജിമയിൽ കണ്ടുവെന്നുവരാം. പക്ഷേ, അതും, ചായം
കൊടുത്തു ശോഭ വർദ്ധിപ്പിക്കാനല്ലാതെ, ഉള്ളതു മായ്ച്ചുകളയുവാനായിട്ടില്ല. ഉദാഹരണമായി ‘ഈനോണി’ൽ.
Her cheek had lost the rose, and round her neckFloated her hair or seemed to float in restഎന്നീ വരികളാണ്, ‘സുധാംഗദ’യിൽ,നഷ്ടമായ്‌, കഷ്ട,മിന്നാരോമലിൻ കവിൾ-ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ.കോതാ,തോതുക്കാതെ പുഷ്പങ്ങൾ ചൂടാതെകോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ;പാറിക്കിടന്നു, പുറകിലും തോളിലും,മാറിലുമോമൽക്കഴുത്തിനു ചുറ്റിലും;പൊൻതൂണിലേറിപ്പടർന്നുതൂങ്ങും, നീല-മുന്തിരിച്ചില്ലപ്പടർപ്പുകൾമാതിരി!
എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചിട്ടുള്ളത്. ഇവിടെ എന്റെ അമിതപ്രസ്താവം കാവ്യസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുകയോ
കുറയ്ക്കുകയോ ചെയ്തിട്ടുള്ളതെന്ന് അഭിജ്ഞന്മാർ നിശ്ചയിക്കട്ടെ! ഇങ്ങനെയുള്ള അനേകമനേകം ഭാഗങ്ങൾ
സുധാംഗദയിൽ ആദ്യന്തം ചിതറിക്കിടക്കുന്നുണ്ട്. അവയെല്ലാം എടുത്തു കാണിക്കുവാൻ ഇവിടെ
സൗകര്യപ്പെടുന്നതല്ലല്ലോ. മൂലഗ്രന്ഥവുമായി പരിശോധിച്ചുനോക്കുന്ന ഒരു സഹൃദയന് നിഷ്‌പ്രയാസം അതു
കണ്ടുപിടിക്കുവാൻ കഴിയും.
ഇക്കാണിച്ച ഉദാഹരണങ്ങളിൽനിന്നും ഇംഗ്ലീഷിലുള്ള കവിതകൾ മലയാളത്തിലേക്കു ഞാൻ വിവർത്തനം ചെയ്യുന്ന രീതി
സാമാന്യമായിട്ടെങ്കിലും ഒരാൾക്കു മനസ്സിലാക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു. ഈ രീതിയിൽ ഷെല്ലി, കീറ്റ്സ്,
ബേൺസ്, ബ്രൌണിങ്, കോളറിഡ്ജ്, ബൈറൺ, സ്വിൻബേൺ തുടങ്ങിയ ആംഗലേയകവികളുടെ നിരവധി കൃതികളും,
ഹാഫിസ്‌, ജാമി, റൂമി, സാഡി, ഫർദൂസി, സെബുൺ നിസ മുതലായ പാരസികകവികളുടെ പദ്യങ്ങളും, ടാഗോർ,
സരോജിനി നായിഡു, ഹരീന്ദ്രനാഥൻ തുടങ്ങിയ ഭാരതീയ കവികളുടെ കൃതികളും, കൂടാതെ ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ,
സ്വീഡിഷ്‌, ചെക്, പോളിഷ്, അമേരിക്ക, ഇറ്റാലിയൻ, ഗ്രീക്ക്‌, ഡാനിഷ്, ചൈനീസ്, ജാപ്പനീസ്, ഫ്ളെമിഷ് എന്നിങ്ങനെ
ലോകത്തിലുള്ള മിക്ക ഭാഷകളിലെയും ഉത്തമപദ്യകൃതികളും ഞാൻ മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. An
Anthology of World Poetry എന്ന ഉത്തമപ്രസിദ്ധീകരണത്തിന്റെ മാതൃകയിൽ ഒരു ഗ്രന്ഥം മലയാളത്തിലും
പ്രസിദ്ധീകരിക്കണമെന്നുള്ളതാണ് എന്റെ ഉദ്ദേശ്യം. റിംബോ, ബാഡ്ലയർ, വെർഹേരൻ, വെർലെയിൻ എന്നീ നാലു
ഫ്രഞ്ചുമഹാകവികളുടെ ഉത്തമപദ്യങ്ങൾ അടുത്തുതന്നെ പുസ്തകരൂപത്തിൽ ഞാൻ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
ബ്രൗണിങ്ങ്, ഷെല്ലി, ആശാൻഞാൻ മേൽ പ്രസ്താവിച്ച പദ്ധതിയിൽക്കൂടി യൂറോപ്യൻ സാഹിത്യത്തിലെ ഏതു മഹാകവിയേയും നമുക്കു
സ്വാധീനമാക്കാം. എന്നാൽ ബ്രൗണിങ്ങിനെ (Robert Browning) ഒന്നു സമീപിച്ചു നോക്കൂ, അപ്പോഴാണ് നമ്മുടെ
അപ്രാപ്തിയുടെ ശരിയായ ആഴം നമുക്കനുഭവപ്പെടുക. പലരുടേയും കവിതകൾ-ലഘുകവിതകൾ-മലയാളത്തിൽ
വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രൗണിങ്ങിന്റെ ഒരൊറ്റക്കവിതപോലും നമ്മുടെ ഭാഷയ്ക്കു കിട്ടിയിട്ടില്ല.
പല വശങ്ങളിലും, ബ്രൗണിങ്ങിനെ അല്പമെങ്കിലും സമീപിക്കുന്ന ഒരു കവി മലയാളത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ അതു
മഹാകവി കുമാരനാശാൻ മാത്രമാണ്. എന്നിട്ടദ്ദേഹത്തെത്തന്നെ ‘മലബാർ ഷെല്ലി’ എന്നാണു മലയാളികൾ വിളിക്കുന്നത്.
ഇതുകൊണ്ടു നാം അർത്ഥമാക്കേണ്ടത്, ആശാന്റേയും ഷെല്ലിയുടേയും കവിതകൾ, അങ്ങിനെ പേർ പറഞ്ഞു
വിളിക്കുന്നവർക്ക്, ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. ഷെല്ലിയുടെ സ്വച്ഛന്ദഗീതങ്ങളിൽ (Lyrics)
കാണപ്പെടുന്നതുപോലെ, ശോകസാന്ദ്രമായ തത്ത്വചിന്തകൊണ്ടു മധുരമായിട്ടുള്ള ഭാഗങ്ങൾ, ഏറെക്കുറെ പ്രേമഗായകനായ
ആശാന്റെ കാവ്യങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും, ഷെല്ലിയൻകൃതികളിലെ അവിഭാജ്യഘടകങ്ങളെന്നു പറയാവുന്ന
വിദ്ധ്വംസകമനോഭാവമോ സംഗീതാത്മകമായ ശയ്യാപ്രസാദമോ ആശാന്റെ കൃതികളിൽ പ്രത്യക്ഷപ്പെടുന്നില്ല.
ചിന്താഗതികൊണ്ടുള്ള സാധർമ്മ്യം ആശാനും ഷെല്ലിക്കും തമ്മിൽ എവിടെയെങ്കിലും അല്പമൊന്നു പ്രത്യക്ഷപ്പെട്ടു
കാണുന്നുണ്ടെങ്കിൽ അതു ‘പ്രരോദന’ത്തിൽ മാത്രമാണ് (See, Shelley’s ‘Adonais’) എന്നാൽ, പലേ അംശങ്ങളിലും,
ആശാനു ബ്രൗണിങ്ങിനോടു സാധർമ്മ്യമുണ്ടുതാനും!
ബ്രൗണിങ്ങിന്റെ കൃതികൾ മലയാളത്തിൽ സംക്രമിക്കാതിരിക്കുന്നതിന്റെ പ്രധാന കാരണം, അവ വിവർത്തനം
ചെയ്യുന്നതു പോകട്ടെ, വായിച്ച് ശരിക്ക് ആശയം ഗ്രഹിക്കുവാൻതന്നെ, വളരെ ക്ലേശിച്ചു ശ്രമിച്ചെങ്കിൽ മാത്രമേ
സാധിക്കൂ എന്നുള്ളതാണ്. ഇംഗ്ലീഷിലും മലയാളത്തിലും ഒന്നുപോലെ അഗാധജ്ഞാനം സമ്പാദിച്ചിട്ടുള്ള കവികൾ
മാത്രമല്ല, മഹാകവികൾപോലും, കേരളത്തിലില്ലേ? എന്തുകൊണ്ട് അവർ ബ്രൗണിങ്ങിനെ സമീപിക്കുന്നില്ല? ഇന്നത്തെ
കവികളിൽ സാധാരണായായി കണ്ടുവരുന്ന ഒരുവക ‘മയക്കുവിദ്യ’ കൊണ്ടൊന്നും ആ മഹാപുരുഷന്റെ
ദിവ്യസന്നിധിയിലേക്കു ചെന്നാൽ ആ കാൽ‌‌വിരൽത്തുമ്പുപോലും സ്പർശിക്കുവാൻ സാധിക്കുന്നതല്ല. സംശയമുള്ളവർ
പരീക്ഷിച്ചുനോക്കട്ടെ!
ബ്രൗണിങ്ങിന്റെ തത്ത്വചിന്താത്മകമായ കാവ്യപദ്ധതി മലയാളത്തിൽ ഇനിയും വികസിക്കേണ്ടതായിട്ടാണിരിക്കുന്നത്.
ആശാൻ അതിനു വഴിതുറന്നു കാണിച്ചു. എന്നാൽ പിന്നീടതിലേ പ്രയാണം ചെയ്യുവാൻ കരുത്തും
പ്രാവീണ്യവുമുള്ളവർ ഇതുവരെ ഉണ്ടായിട്ടില്ല. ആധുനികഭാഷാസാഹിത്യത്തിലെ കനകനക്ഷത്രമായി ആക‌ല്പകാലം
വെൺകതിർവീശി പരിലസിക്കുന്ന ഏകകവി കുമാരനാശാൻ മാത്രമാണ്. മറ്റുള്ളവരുടെ കൃതികൾ അവർ
ജീവിക്കുമ്പോൾ തന്നെ മരിച്ചുതുടങ്ങി. ഇനി, അവരുടെ കാലം കഴിഞ്ഞാൽ, അവരുടെ പേർ പോലും വല്ലവരും
ഓർമ്മിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. വള്ളത്തോൾ കൃതികളിൽ ചിലതിനുമാത്രം അകാലമൃത്യു
സംഭവിക്കുകയില്ലെന്നു സമാധാനിക്കാം. നാലപ്പാട്ടു നാരായണമേനവന്റെ ‘കണ്ണുനീർത്തുള്ളി’യും, ജി. ശങ്കരക്കുറുപ്പിന്റെ
‘സൂര്യകാന്തി’, ‘നവാതിഥി’ എന്നീ ഗ്രന്ഥങ്ങളിലെ ഏതാനും ചില കവിതകളും സാഹിത്യാരാമത്തിലെ വാടാമലരുകളായി
സമുല്ലസിക്കാനിടയുണ്ട്. ആധുനികസാഹിത്യലോകത്തിൽ എന്റെ അഭിനന്ദനത്തിനർഹമായിട്ടുള്ള മറ്റൊരു കൃതി ശ്രീമതി
ബാലാമണിഅമ്മയുടെ ‘അമ്മ’യാണ്. അഭിനൂതനമായ ഒരു ചിന്താമണ്ഡലമാണ് ‘കുടുംബിനി’, ‘അമ്മ’ എന്നീ
ഉത്തമകൃതികളിൽക്കൂടി ആ അനുഗൃഹീതകവയിത്രി കൈരളിക്ക് കാണിച്ചു കൊടുത്തിട്ടുള്ളത്.
മോഹിനിനാലു കൊല്ലങ്ങൾക്കു മുൻപ് മാതൃഭൂമി വാർഷികപ്പതിപ്പിൽ ‘മോഹിനി’ എന്ന ഒരു കൃതി ഞാൻ
പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതു ബ്രൗണിങ്ങിന്റെ ‘Porphyria’s Lover’ (പൊർഫിറിയായുടെ കാമുകൻ) എന്ന
കൃതിയുടെ, അസമർത്ഥമായ ഒരനുകരണമാണെന്നു പറഞ്ഞ്, പലരും അക്കാലത്തു പത്രങ്ങളിൽ ബഹളംകൂട്ടി.
പൊർഫിറിയായുടെ കാമുകൻ അവളെയും, മോഹിനിയുടെ കാമുകൻ അവളെയും, സൗന്ദര്യോജ്ജ്വലമായ നിമിഷത്തിൽ
കൊല്ലുന്നുവെന്ന ഏക സാദൃശ്യം മാത്രമേ അവയ്ക്കു തമ്മിലുള്ളൂ. ആ രണ്ടു കാമുകന്മാരുടെയും ഒരേ വിധത്തിലുള്ള
പ്രവൃത്തിയുടെ പിന്നിൽ, അതിനു പ്രേരകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനോവ്യാപാരങ്ങളും, അവയ്ക്ക്
അവലംബമായിട്ടുള്ള പരിതഃസ്ഥിതികളും കേവലം ഭിന്നങ്ങളാണെന്നു മാത്രമല്ല, ധ്രുവങ്ങൾക്കുതമ്മിലുള്ള അന്തരമാണ്
അവയ്ക്കുള്ളതെന്ന് ഒരു യഥാർത്ഥ നിരൂപകന് നിഷ്‌‌പ്രയാസം കാണാൻ കഴിയും. ബ്രൗണിങ്ങിന്റെ പ്രസ്തുത പദ്യം
എന്റെ ഹൃദയാന്തരാളത്തിൽ ഇളക്കിവിട്ട വികാരവീചികളാണ്, മോഹിനിയുടെ സൃഷ്ടിക്കു പശ്ചാത്തലമായി
നിൽക്കുന്നതെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, എന്റെ കൃതികളുടെ ജീവനായി നിൽക്കുന്നത്, സാമുദായികമോ
സാമ്പത്തികമോ മറ്റേതെങ്കിലും വിധത്തിൽ ലോകാധിഷ്ഠിതമോ, ആയി നിൽക്കുന്ന പ്രതികൂല പരിതഃസ്ഥിതികളുടെ
സംഘട്ടനത്തിൽനിന്നും സഞ്ജാതമാകുന്ന ഉദ്വേഗവിഭ്രാന്തിയല്ല; നേരെമറിച്ച്, മോഹിനീകാമുകനായ ‘സോമശേഖര’ന്റെ ഒരു
പ്രത്യേക രീതിയിലുള്ള ആത്മീയ ചിന്താഗതിയാണ്. നായികാ നായകന്മാരുടെ പ്രണയദാർഢ്യമോ, സമുദായത്തിന്റെ
ദൃഷ്ടിയിൽ അവർക്കുതമ്മിലുള്ള ഉച്ചനീചത്വമോ ഒന്നുംതന്നെ അവിടെ ഉത്തരവാദിത്വം വഹിക്കുന്നില്ല.
ശാരീരികസൗന്ദര്യത്തിന്റെ സമ്പൂർത്തി ഒരു  പ്രത്യേക വ്യക്തിയിൽ വരുത്തിക്കൂട്ടുന്ന വിക്ഷോഭജന്യമായ ഒരു
വ്യതിയാനത്തിന്റെ ദുരന്തഫലമാണ് ഞാൻ ആ കവിതയിൽ ചിത്രീകരിച്ചിട്ടുള്ളത്. ആ നായകന്റെ പ്രവൃത്തി, അവന്റെ
പ്രത്യേകമായ വീക്ഷണകോണത്തിൽകൂടി നോക്കുമ്പോൾ, ഒരിക്കലും ഒരപരാധമായിത്തീരുന്നില്ല. മനുഷ്യനിൽ സാഡിസം,
മസോക്കിസം, പിഗ്മാലിയാനിസം എന്നിങ്ങനെ മൂന്നുവിധത്തിലുള്ള സ്വഭാവാംശങ്ങൾ കലർന്നിരിക്കും. ചിലരിൽ
ഒന്നിന്റെ അംശം മറ്റുള്ളവയെ അപേക്ഷിച്ചു കൂറ്റുതൽ സമ്പുഷ്ടമായിത്തീർന്നുവെന്നുംവരും. സോമശേഖരനെ സാഡിസ്റ്റ്
വർഗത്തിൽപ്പെട്ടവരിൽ ഏറ്റവും സുസംസ്കൃതചിത്തനായ ഒരു വനായിട്ടാണ് ഞാൻ സൃഷ്ടിച്ചിട്ടുള്ളത്. അതുപോലെ
മോഹിനിയെ മസോക്കിസ്റ്റ് വർഗ്ഗത്തിൽപ്പെട്ടവരിൽ ഏറ്റവും കാവ്യലോലുപമായ ഹൃദയത്തോടുകൂടിയവളായും
കൽപ്പിച്ചിരിക്കുന്നു. ശാസ്ത്രരീത്യാ ഇതിനെ വിവരിച്ചു കാണിക്കണമെങ്കിൽ, അതിനൊരു പ്രത്യേകം പ്രബന്ധംതന്നെ
വേണ്ടി വരും. അതിനാൽ ഇവിടെ ഇങ്ങനെയൊരു സൂചന മാത്രം നല്കുവാനേ നിവൃത്തിയുള്ളൂ.
സോമശേഖരന്റെ ചിന്താഗതിയെ എടുത്തുകളഞ്ഞാൽ, മോഹിനിയിൽ പിന്നീടു ശേഷിക്കുന്നത് അവളുടെ സുകുമാരമായ
ആകാരത്തിന്റെ ഒരു വർണ്ണനം മാത്രമാണ്. അപ്പോൾ പ്രസ്തുതകൃതിയുടെ ജീവൻ ആ വിചിത്ര ചിന്താഗതിയാണെന്നു
സ്പഷ്ടമായി. മനോഹരമായ മധുമാസകാലത്തിലെ ഏകാന്തശാന്തമായ പ്രഭാതത്തിൽ സംഭവിച്ച മോഹിനീദർശനം
സോമശേഖരന്റെ ഹൃദയത്തിൽ ഒരു വലിയ കൊടുങ്കാറ്റിളക്കിവിടുന്നു. ചൂടുപിടിച്ച ചിന്താപടലത്തിന്റെ ചെറു
ലൂതകൾപോലും, ഒരിക്കലും കെട്ടുപിണായാതെ, ഞാൻ സുസൂക്ഷമായി അപഗ്രഥിച്ചെടുത്തു കാണിച്ചിട്ടുണ്ട്. ആ
കൃതിയുടെ ജീവനായി വർത്തിക്കുന്ന പ്രസ്തുത ചിന്തകളിൽ ഒന്നിനുപോലും ഞാൻ ബ്രൗണിങ്ങിനോടു കടപ്പെട്ടിട്ടില്ല. ആ
ബോധം തികച്ചും എന്റെ ഹൃദയത്തിൽ ഇല്ലായിരുന്നെന്നുവെങ്കിൽ ഒരു ബഹളത്തിന് ഇടകൊടുക്കാതെ, ആ കൃതി
പ്രസിദ്ധപ്പെടുത്തുന്നതോടൊപ്പംതന്നെ അതു ബ്രൗണിങ്ങിന്റെ അനുകരണമാണെന്നു ഞാൻ സൂചിപ്പിക്കുമായിരുന്നു.
‘രാഗചാപല്യം’ എന്ന ഒരു ലഘുപദ്യം ഒഴികെ, തർജ്ജിമയോ അനുകരണമോ എന്താണെങ്കിലും അക്കാര്യം പ്രത്യേകം
വിശദപ്പെടുത്തിക്കാണിക്കാതെ ഒരന്യകവിയുടെകൃതി ഇന്നുവരെ ഞാൻ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നു പറയാം.
ടാഗോറിന്റെ ഉദ്യാനപാലകനിൽനിന്നും എടുത്ത ഒരു പദ്യമായിരുന്നു ‘രാഗചാപല്യം’. അതു ഞാൻ ‘മനോരമ’
ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. From Tagore’s Gardener എന്നു പ്രത്യേകം ഞാൻ കവിതയ്ക്കടിയിൽ
എഴുതിയിട്ടുണ്ടായിരുന്നുവെങ്കിലും പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു കണ്ടില്ല. ഞാനുടൻതന്നെ പ്രസ്തുത വാരികയുടെ
പ്രത്രാധിപത്യം വഹിച്ചിരുന്നു മിസ്റ്റർ ഈ. വി. കൃഷ്ണപിള്ളയോട് അതെന്തുകൊണ്ടു സംഭവിച്ചുവെന്ന്
എഴുതിച്ചോദിക്കുകയും അച്ചു നിരത്തിയവർ അബദ്ധത്തിൽ വിട്ടുപോയതാണെന്ന് അദ്ദേഹം എന്നെ
സമാധാനിപ്പിക്കുകയും ചെയ്തു. അങ്ങനെ ഒരൊറ്റ അബദ്ധം മാത്രമേ എനിക്ക് ഇക്കാര്യത്തിൽ ഇതുവരെ പറ്റിയിട്ടുള്ളൂ.
കലാസൃഷ്ടിഎന്നാൽ എന്റെ സ്വന്തം കൃതികൾ ചിലതിൽ ആംഗലേയകവികളുടേതായ ചില ആശയങ്ങളുടെ ഒരു നേരിയ കലർപ്പ്
അപൂർവ്വമായി കണ്ടുവെന്നുവരാം. അവരുടെ കൃതികളുമായുള്ള ഗാഡമായ അഭിഗമനംമൂലം അറിയാതെ
സംഭവിച്ചുപോകുന്നതാണത്. പക്ഷേ, ഒരൊറ്റ വരിയിലെ ഒരാശയമോ മറ്റോ മാത്രമേ ഇങ്ങനെയൊരു
പരിണാമത്തിനാധാരമായിരിക്കുകയുള്ളുവെന്നതു തീർച്ചയാണ്.
ആംഗലേയകവിതകൾ വായിക്കുമ്പോൾ അവയിൽ പല ഭാഗങ്ങളുടേയും ജീവൻ, ഓരോരോ അവസരത്തിൽ,
അപ്പോഴത്തെ ഇന്നതെന്നു വ്യവച്ഛേദിക്കാനാകാത്ത, ബഹുവിധസാഹചര്യങ്ങൾക്കുള്ള അജ്ഞാതമായ സ്വാധീനശക്തിയുടെ
അത്ഭുതപ്രവർത്തനം മൂലം, ഹൃദയത്തിന്റെ നിഗൂഢതകളെപ്പോലും ഗാഢമായി സ്പർശിച്ച്, ഉപബോധമനസ്സിൽ ചില
നേരിയ ചലനങ്ങളുണ്ടാക്കി, അതിന്റെ ഓരോ കോണുകളിലേയ്ക്ക് ഒളിഞ്ഞു കടന്ന് അവിടെ സുഖവിശ്രമം
കൊണ്ടുവെന്നു വന്നേക്കും. വികാരോത്തേജകങ്ങളായ ചില നിമിഷങ്ങളിൽ, പ്രകടനോൽസുകമകായ കവിഹൃദയം
തരംഗതരളിതമായിച്ചമയുകയും അവനറിയാതെതന്നെ അതു തുളുമ്പിത്തുളുമ്പി വാഗ്രൂപത്തിൽ പുറത്തേക്കു
പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാർത്ഥ കലാകാരന് കലാനിർമ്മിതി ഒരു സ്വപ്നമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ചിലപ്പോൾ ഇന്നതു ചെയ്തില്ലേ, എന്തുകൊണ്ടതു ചെയ്തു എന്നു ചോദിച്ചാൽ, ആ പാവം കുഴങ്ങിപ്പോകും. കാരണം,
അതിൽ അയാൾ മനസ്സറിഞ്ഞ് ഉത്തരവാദിത്വം വഹിച്ചിട്ടില്ലെന്നുള്ളതാണ്. അദൃശ്യമായ ഏതോ ഒരു ശക്തി അയാളിൽ
പ്രവർത്തിക്കുന്നുണ്ട്- ചിലപ്പോഴെങ്കിലും പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ പ്രവർത്തിക്കുന്ന അവസരങ്ങളിൽ
അയാൾ-അയാളുടെ സത്ത- ആ ശക്തിയുടെ വെറുമൊരു കിങ്കരൻമാത്രം! ആജ്ഞാപിക്കുന്നതെന്തോ, അതു ചെയ്യുന്നു.
ഇങ്ങനെ നിശ്ശബ്ദമായ ഒരാജ്ഞയുടെ, ബോധരഹിതമായ ഒരനുസരിക്കലിന് ഒരു യഥാർത്ഥ കലാകാരൻ, ഒട്ടുമിക്കപ്പോഴും
പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ ആജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്ടി.
കലർപ്പിന്റെ കാരണംമേൽവിവരിച്ചവിധത്തിലുള്ള ഒരാജ്ഞയ്ക്കു താനേയങ്ങനെ വിധേയനായിത്തീരുമ്പോൾ മാത്രമേ ഉത്തമകലാസൃഷ്ടി
ഉത്പാദിതമാവുകയുള്ളു. അല്ലെങ്കിൽ ഒരു കവിക്ക് എന്തുകൊണ്ട് ഏതവസരത്തിലും കവിതയെഴുതുവാൻ
സാധിക്കുന്നില്ല? എത്ര പ്രതിഭാശാലിയായ ഒരു കവിയെങ്കിലുമാകട്ടെ; ഒരിടത്ത് അയാളെ പിടിച്ചിരുത്തിയിട്ട് കടലാസും
പേനയും മുമ്പിൽവച്ച് ഇത്രവരിയിൽ ഒരു കവിതയെഴുതണമെന്നു പറഞ്ഞു നിങ്ങൾ ഒരു വിഷയം കൊടുത്തുനോക്കൂ.
അയാൾ എന്തെന്നില്ലാതെ വിഷമിക്കുന്നതു കാണാം. നിശ്ചിതസമയത്തിനുള്ളിൽ ദ്രുതകാകളിയിലോ
ശാർദ്ദൂലവിക്രീഡിതത്തിലോ- എന്നു വേണ്ട നിങ്ങൾ നിർദ്ദേശിക്കുന്ന വൃത്തത്തിൽ- അതും അയാൾ സമർത്ഥനാണെങ്കിൽ
മാത്രം- കുറേ വരികൾ എഴുതിവച്ചേക്കും. പക്ഷേ, അതു കവിതയാവുകയില്ല. കാരണം, അപ്പോൾ ആ ശക്തി അയാളിൽ
പ്രവർത്തിച്ചു എന്നു വരുന്നതല്ല. നമ്മുടെ അംഗുലീചലനമാത്രയിൽ അടുത്തെത്തുന്ന ഒന്നായിരുന്നു ആ
ശക്തിവിശേഷമെങ്കിൽ യാതൊരു വിഷമതയും നേരിടുകയില്ലായിരുന്നു!
ശസ്ത്രജ്ഞന്മാരോ, നിരൂപകന്മാരോ, എന്തുതന്നെ പറഞ്ഞാലും എന്റെ അനുഭവം ഒരിക്കലും എന്റെ
അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാൻ പലപ്പോഴും കവിത എഴുതിയിട്ടുണ്ട്; ചിലപ്പോൾ കവിത
എഴുതിപ്പോയിട്ടുണ്ട്. ഇവയിൽ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളിൽ ഞാൻ എന്നെത്തന്നെ മറന്നിരുന്നു.
ഞാൻ മുൻകൂട്ടി ചിന്തിച്ചിട്ടില്ല. വൃത്തനിർണ്ണയം ചെയ്തിട്ടില്ല…. ആകസ്മികമായി എന്നിൽ എവിടെനിന്നോ ഒരു മിന്നൽ!-
ഞാൻ എഴുതുകയാണ്. വായിക്കുമ്പോൾ അതിനു വൃത്തമുണ്ട്. ഞാൻ കവിത ചൊല്ലുന്നതു കേട്ടിട്ട്, ‘നിങ്ങളാണോ
നിങ്ങളുടെ കവിതയെഴുതുന്ന’തെന്ന്, ഇതിനിടയിൽ അനേകംപേർ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എനിക്കിതുമാത്രം
അറിയാം. കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തിൽ എന്റെ ഹൃദയം സംഗീതസമ്പൂർണ്ണമായിരുന്നു. ആ
സംഗീതംപോലെ മറ്റൊന്നും എന്നെ ആകർഷിച്ചിട്ടില്ല. ഞാനതിൽ താണുമുങ്ങി നീന്തിപ്പുളച്ചുപോകും. ആ
സംഗീതപ്രവാഹത്തിന്റെ തിരമാലകളിലങ്ങനെ പിന്നിട്ടുപിന്നിട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും- വെറും സ്വപ്നം!
ചിലപ്പോൾ ഒരു കവിത എഴുതിവരുമ്പോളായിരിക്കും ആ എഴുതിപ്പോകൽ ഉണ്ടാവുക. പകുതിയോളം എത്തിക്കാണും,
അപ്പോഴാണ് ആ മിന്നലിന്റെ ഉദയം!- പിന്നെ എനിക്കു ക്ലേശമില്ല; ആലോചിച്ചാലോചിച്ചു തല ചൂടുപിടിച്ചിട്ടും
കൈയിലെത്താത്ത പദങ്ങൾ, അതുവരെ ചിന്തിച്ചിട്ടില്ലാത്ത ആശയങ്ങൾ ഒന്നിനു പുറകേ മറ്റൊന്ന്, അതിനു പുറകേ
വേറൊന്ന്, ഇങ്ങനെ ധാരായന്ത്രത്തിൽനിന്നു ജലബിന്ദുക്കൾ എന്നപോലെ, താനേയങ്ങു തുള്ളിപ്പുറപ്പെടുകയായി. അതു
തീരുന്നതുവരെ, യഥാർത്ഥത്തിൽ, നിർവാണാത്മകമായ ഒരു സ്വപ്നം തന്നെയാണ്. ഞാൻ അനേകം പ്രാവശ്യം ആ
അനുഭൂതിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ആ രീതിയിൽ താനേ ഹൃദയത്തിൽനിന്നും പൊട്ടിപ്പുറപ്പെടുന്ന ആ
അജ്ഞാതനിർഝരത്തിൽ, അറിയാതെതന്നെ, ഞാൻ മുൻപു പ്രസ്താവിച്ചവിധം ഉപബോധമനസ്സിൽ ഒളിഞ്ഞുകടന്നു
വിശ്രമം കൊള്ളുന്ന എന്റെ സ്വന്തമല്ലാത്ത ചില കല്ലോലങ്ങളും, സംക്രമിച്ചു ചേർന്നെന്നുവരാം. എന്നാൽ അതിലും,
എന്റെ വ്യക്തിപരമായ ആത്മസ്ഫുരണം, തീർച്ചയായും, അല്പമെങ്കിലും കാണാതിരിക്കില്ല.
പ്രചോദനത്തിന്റെ മറ്റൊരാഗമമാർഗ്ഗംചിലപ്പോൾ മറ്റൊരു രീതിയിലും പ്രചോദനം സംഭവിക്കാം. ഒരു കവിത വായിക്കുമ്പോൾ അതിലെ ഒരു വരി പെട്ടെന്നു
ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു. ഉത്തരക്ഷണത്തിൽ മുൻപു വിവരിച്ചവിധം ഒരു മിന്നൽ ഉത്ഭവിക്കുകയുണ്ടായി.
പലപ്പോഴും എനിക്കനുഭവപ്പെട്ടിട്ടുള്ള ഒരു പരമാർത്ഥമാണിത്. ഉദാഹരണത്തിനായി ഒരു സംഭവം മാത്രം ഇവിടെ
എടുത്തുകാണിക്കാം..
ബൈറൺന്റെ കൃതികൾ പലപ്പോഴും ഞാൻ വായിച്ചു രസിക്കാറുണ്ട്. എന്നാൽ മുൻപു മൂന്നുനാലു പ്രാവശ്യം
വായിച്ചപ്പോഴൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ലാത്തവിധം, ഒരുദിവസം സായാഹ്നത്തിൽ Isles of Greece എന്ന കൃതിയിലെ,
Fill high the bowl with Samian wine!
Our virgins dance beneath the shade-I see their glorious black eyes shine;
But gazing on each glowing maid,My own the burning tear-drop laves,
To think such breasts must suckle slaves!എന്നീ വരികൾ- വിശേഷിച്ചും അവസാനത്തെ ഒരീരടി- എന്റെ ഹൃദയത്തിൽ എന്തെന്നില്ലാത്തവിധം സ്പർശിക്കുകയും
അവിടെ ചില തരംഗങ്ങൾ സഞ്ജനിക്കുകയും ചെയ്തു. അപ്പോൾ സംഭവിച്ച ആ വികാരവിക്ഷോഭം അല്പാല്പമായി
ശാന്തപ്പെടുകയും, ആ പ്രശാന്തതയിൽ, അതിനെക്കുറിച്ചുള്ള അനുസ്മരണയുടെ ഫലമായി, അഭിനവമായ ഒരു
ചിന്താപ്രവാഹം എന്നിൽനിന്നു സമുല്പന്നമാവുകയും ചെയ്തു. അതിനെ സ്വതന്ത്രമായി, സ്വച്ഛന്ദമായി, എന്റെ തൂലിക
പകർത്തിക്കാട്ടിയിട്ടുള്ളതാണ് ‘ആ കൊടുങ്കാറ്റ്’. എന്റെ പല സുഹൃർത്തുക്കളോടും ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്.
എനിക്കു പ്രചോദനം തന്ന ബൈറൺന്റെ വരികൾ എന്റെ കാവ്യത്തിൽ ഈ രൂപത്തിൽ കടന്നു കൂടി….

ഭാവശുദ്ധകളെന്ന കീർത്തിമുദ്രയും ചാർത്തി-ബ്ഭാരതാംഗനകളേ, ഞെളിയുന്നല്ലോ നിങ്ങൾ!സീതയും, സാവിത്രിയും, ഭാമയും ഞങ്ങൾക്കുണ്ടെ-ന്നോതിയാൽ കഴിഞ്ഞെന്നോ, നിങ്ങൾ തൻ സമാധാനം?അക്കടങ്കഥ പേർത്തുമിന്നയവിറക്കിയാ-ലുൽക്കർഷമായെന്നാണോ നിങ്ങൾതന്നഭിമാനം?

മാമരത്തണലത്തു വട്ടമിട്ടേവം നിന്നുമാവേലിപ്പാട്ടും പാടി കൈകൊട്ടിക്കളിക്കുമ്പോൾ;മന്മഥൻ മഷിതേച്ചമട്ടെഴും നീലോജ്ജ്വല-ക്കണ്മുന മിന്നൽപ്പിണരോരോന്നായെറിയുമ്പോൾ;മുത്തണിപൊന്മാലകൾ മാറിവീണലഞ്ഞുല-ഞ്ഞുത്തുംഗവക്ഷോജങ്ങളിളകിത്തുളുമ്പുമ്പോൾ;അറിയാതതു കണ്ടിട്ടെൻ മിഴികളിൽ, കഷ്ടംനിറയുന്നല്ലോ ചുടുകണ്ണീരിൻ കണികകൾ!അമൃതം തുളുമ്പുമപ്പോർമുലക്കുടം, നിങ്ങൾ-ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേതാമരത്താരൊത്തൊരക്കൈയുകൾ, ദാസന്മാരെ-ത്താരാട്ടു പാടിപ്പാടിത്തൊട്ടിലാട്ടുവാനല്ലേ?കർമ്മധീരരാമേറെ മക്കളെ പ്രസവിച്ചകർമ്മഭൂവേ, നീ നിരാധാരയാണെന്നോവന്നൂ?..
ഇതിലെ ഏതാനും വരികൾക്ക് ബൈറൺന്റ വരികളോടുള്ള സാദൃശ്യംകണ്ട് ‘ആ കൊടുങ്കാറ്റ്’ ബൈറൺന്റെ Isles of
Greece എന്ന കൃതിയുടെ അനുകരണമാണെന്നു പറഞ്ഞാൽ, അതിൽ വലിയ അർത്ഥമുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല.
ഇങ്ങനെ ഒരൊറ്റഭാഗത്തു മാത്രമേ അവയ്ക്കു തമ്മിൽ എന്തെങ്കിലും അല്പം സാദൃശ്യമുള്ളു. മറ്റെല്ലാറ്റിനും അവ
വ്യത്യസ്തങ്ങളായിരിക്കുന്നു. ‘മോഹിനി’ Porphyria’s Lover-ന്റെ അനുകരണമാണെന്നു വാദിക്കുന്നവരിൽ ഇത്രത്തോളം
പോലും ന്യായം ഞാൻ കാണുന്നില്ല. ശ്രീമാൻ വൈലോപ്പിള്ളി ശ്രീധരമേനവൻ ബി.എ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
പ്രസിദ്ധപ്പെടൂത്തിയ അദ്ദേഹത്തിന്റെ ഒരുപന്യാസത്തിൽ എന്റെ മുൻ പ്രസ്താവിച്ച അനുഭവം പ്രത്യേകം
എടുത്തുകാണിച്ചിട്ടുള്ളതായി ഞാൻ ഓർക്കുന്നു.
ഈ രീതിയിൽ ഒന്നോ രണ്ടോ അംശങ്ങളിൽ മാത്രം അസ്പഷ്ടമായി കാണപ്പെടുന്ന ഐക്യരൂപ്യം കൊണ്ട്,
മലയാളത്തിലെ ഒരു കൃതി മറ്റൊന്നിന്റെ അനുകരണമായിരിക്കണമെന്നില്ല. അങ്ങനെ നോക്കിയാൽ വ്യക്തിമാഹാത്മ്യം
കൊണ്ട് ഇന്ന് അതുല്യമായ സ്ഥാനം സമ്പാദിച്ചിട്ടുള്ള മഹാകവികൾ എല്ലാവരും ആ അഭിമാനശൃംഗത്തിൽനിന്നു
കീഴോട്ടിറങ്ങിപ്പോരേണ്ടിവരും. മഹാകവികളായ വള്ളത്തോളും ഉള്ളൂരും പല സംസ്കൃതകവികൾക്കും കടപ്പെട്ടിട്ടുണ്ട്.
ആശാന്റ കൃതികളിൽആംഗലേയകവികളിൽ ചിലരുടെ സ്വാധീനശക്തി പ്രത്യക്ഷപ്പെടുന്നതായിക്കാണാം. ശ്രീമാൻ
ശങ്കരക്കുറുപ്പിന്റെ ആദ്യകാലത്തെ കൃതികൾ വള്ളത്തോൾ കവിതകളോടും, ആധുനിക കവിതകൾ
ടാഗോർകൃതികളോടും എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്ന് നിഷ്കർഷിച്ചു താരതമ്യപഠനം നടത്തുന്ന, വിമർശനബുദ്ധിയുള്ള
ഒരു സഹൃദയന് നിഷ്പ്രയാസം കണ്ടുപിടിക്കുവാൻ കഴിയും.
ഇന്നത്തെ ചോരണങ്ങൾഎന്നാൽ, ഇന്നു സാഹിത്യലോകത്തിൽ അക്ഷന്തവ്യമായ ചോരണം യഥേഷ്ടം നടക്കുന്നുണ്ടെന്നു വ്യസനസമേതം
പ്രസ്താവിക്കാതെ നിവൃത്തിയില്ല. ഒരു വരിയല്ല, പത്തു വരിയല്ല, ഒരാശയമല്ല, ഒരു കൃതി തന്നെ സ്വന്തമാക്കിയാൽ,
എങ്ങനെ മൂക്കത്തു വിരൽവയ്ക്കാതിരിക്കും? ചോരന്മാരുടെ സാഹസങ്ങൾകൊണ്ട് ഇന്ന് ഏറ്റവും പൊറുതിമുട്ടിയിട്ടുള്ള
ആൾ മഹാകവി ടാഗോറാണ്. അദ്ദേഹത്തിന്റെ കൃതികൾ – വിശേഷിച്ചും ‘ഉദ്യാനപാലകൻ’ – എത്ര
പ്രേമഗായകന്മാരെയാണ് കേരളക്കരയിൽ ഇറക്കിവിട്ടിട്ടുള്ളതെന്ന് തിട്ടപ്പെടുത്തുവാൻ വിഷമം! ‘ഒരനുകരണ’മെന്നുവേണ്ട,
‘ആശയാനുവാദം’ എന്ന ആറക്ഷരങ്ങളെങ്കിലും അവരുടെ തലക്കെട്ടിന് കിന്നരിപിടിപ്പിച്ചിരുന്നുവെങ്കിൽ
സമാധാനിക്കാമായിരുന്നു. പക്ഷേ, അവരുടെ ദുരഭിമാനം അതിനു സമ്മതിക്കുകയില്ല. ഈ സാഹിത്യകാരന്മാരുടെ മട്ടു
കണ്ടാൽ, മറ്റുള്ളവർ ഇതൊന്നും വായിച്ചിട്ടില്ലെന്നോ, അഥവാ വായിച്ചാൽത്തന്നെ മനസ്സിലാവുകയില്ലെന്നോ
തോന്നിപ്പോകും!
മലയാളത്തിലെ കവിതകളുടെതന്നെ ചോരണങ്ങൾ ഇന്നെത്ര നടക്കുന്നു! അനുകരണവും ചോരണവും ഒന്നല്ല.

കാമനീയകധാമമായെന്ന്-ക്കാണണമിന്നെൻ കാമുകൻഎന്ന രണ്ടു വരികൾ
കാമനീയധാമമായെന്നെ-ക്കാണണമിന്നെൻ വല്ലഭൻഎന്നാക്കി മാറ്റുന്നത് അനുകരണമാണെന്നു പറഞ്ഞുകൂടാ.
മധുരചിന്തകളിളകും സങ്കല്പമധുവിധുകാലരജനികൾയാതൊരു വിഷമതയും കൂടാതെ
മധുരചിന്തകളിളകും മോഹന-മധുവിധുകാലരജനിയിൽഎന്നാക്കിത്തീർക്കാം
അത്യനഘമാമീമുഹൂർത്തത്തി-ലുത്തമേ, നീ മരിക്കണം!എന്നത്,
അത്യനഘമാമീമുഹൂർത്തത്തി-ലുത്തമേ, നീ പിരിയണം!
എന്നു മാറ്റിയെഴുതുവാൻ യാതൊരു വിഷമവുമില്ല, പക്ഷേ, അത് അനുകരണമല്ല, മുഴുത്ത ചോരണമാണ്. ഈ
രീതിയിൽ കവികളാകുവാൻ തുടങ്ങിയാൽ അല്പമാത്രമായി അക്ഷരാഭ്യാസം ചെയ്തിട്ടുള്ള ഏതൊരു മരത്തലയനും
നിഷ്പ്രയാസം കവിയാകുവാൻ കഴിയും. ഇന്നു പലരും എന്റെ കൃതികൾതന്നെ പലതുമെടുത്ത്, ഒരു വരിയുടെ
തുമ്പുമാത്രം വെട്ടിക്കളഞ്ഞ് അവിടെ മറ്റൊരു പദം തുന്നിപ്പിടിപ്പിച്ചു വെച്ചിട്ടുള്ള അനേകം കൃതികൾ
നിർമ്മിച്ചുവിട്ടിട്ടുണ്ട്. എനിക്കിത് അഭിമാനജനകമാണെങ്കിലും, തങ്ങൾക്കാക്ഷേപകരമായി പരിണമിക്കുവെന്നു
കരുതുവാനുള്ള വിവേകം അക്കൂട്ടർക്കില്ലാതെപോകുന്നത് അത്ഭുതമായിരിക്കുന്നു. എന്റെ പല സ്നേഹിതന്മാർ,
പലപ്പോഴും ഇതുപറഞ്ഞ് എന്നോടാവലാതിപ്പെട്ടിട്ടുണ്ട്-ഇതാ, ഈ മുഖവുര എഴുതുന്ന ഇന്നുപോലും, ഒരു സ്നേഹിതൻ
എന്നോടിതിനെക്കുറിച്ചു സംസാരിക്കുകയുണ്ടായി. പക്ഷേ, ഞാൻ ഇക്കാര്യത്തിൽ എന്തു ചെയ്യുവാനാണ്?
‘പീനൽക്കോഡിൽ’ ഇതിനൊരു പ്രത്യേക നിയമം ഉണ്ടാകുന്നതുവരെ അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളു.
ഉദാഹരണങ്ങൾ എടുത്തുകൊണാണിച്ച് കാര്യമില്ലാതെ ശത്രുക്കളെ വർദ്ധിപ്പിക്കണമെന്നു ഞാൻ വിചാരിക്കുന്നില്ല.
ചെറുകഥ ചെറുകഥ, നോവൽ, നാടകം, ഉപന്യാസം മുതലായ ഇതര സാഹിത്യശാഖകളിലും കവികളുടെ ഇതേ രോഗംതന്നെ
പകർന്നിട്ടുള്ളതായി കാണാം. ഇന്നത്തെ പത്രമാസികകളിൽ കാണുന്ന ചെറുകഥകളിൽ ഭൂരിഭാഗവും വെറും
അനുകരണങ്ങളാണ്; ചിലതെല്ലാം സ്വതന്ത്ര തർജ്ജിമകൾതന്നെയാണ്; എന്നിരുന്നാലും അവയുടെ മുകളിൽ പേർ
വച്ചിരിക്കുന്നവർ അക്കാര്യമൊന്നും സൂചിപ്പിച്ചുകാണാറില്ല. ശ്രീമാൻ എസ്. കെ. പൊറ്റെക്കാട്ട് ഈ സംഗതി
വിശദപ്പെടുത്തിക്കൊണ്ട് ഒരു ലേഖനം, നവജീവനിലാണെന്നു തോന്നുന്നു, പ്രസിദ്ധപ്പെടുത്തിയിരുന്നത്, ഞാൻ
വായിക്കുകയുണ്ടായി.
ശ്രീമാൻ വക്കം എം. അബ്ദുൽക്കാദർ മലയാളത്തിലെ ‘നാലു കഥാകൃത്തുകൾ’ എന്ന പേരിൽ നവജീവൻ വാരികയിൽ
തുടർച്ചയായി പ്രസിദ്ധപ്പെടുത്തിയ ഒരു നീണ്ട ലേഖനം എന്റെ ശ്രദ്ധയെ അത്യന്തം ആകർഷിച്ചിട്ടുള്ള ഒന്നാണ്.
അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ മിക്കതിനോടും ഞാൻ യോജിക്കുന്നു. മലയാളത്തിൽ മറ്റു സാഹിത്യവിഭാഗങ്ങളെ
അപേക്ഷിച്ച് ഏറ്റവും ഭാസുരമായ ഒരു വികാസദശയെ പ്രാപിച്ചിട്ടുള്ള സാഹിത്യശാഖ ‘ചെറുകഥ’യാണ്.
തകഴി ശിവശങ്കരപിള്ള ചെറുകഥയിൽ ഉണ്ടായിട്ടുള്ള ഈ നവീനപരിവർത്തനത്തിന് ആദ്യമായി വിത്തുപാകിയത് ശ്രീമാൻ തകഴി
ശിവശങ്കരപ്പിള്ളയാണ്. അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന ആദ്യത്തെ ചെറുകഥയുടെ ആവിർഭാവം
ചെറുകഥാസാഹിത്യത്തിൽ അഭിനവവും ആകർഷകവുമായ ഒരു സുപ്രഭാവത്തെ വികിരണംചെയ്തു. ‘കേസരി’
പത്രത്തിൽ അതു വായിച്ച അന്നുതന്നെ എന്റെ പല സഹൃദയസുഹൃത്തുക്കളോടും, ചെറുകഥയുടെ ഇന്നത്തെ
വികാസദശയെ ദീർഘദർശനംചെയ്തു ഞാൻ സംസാരിക്കുകയുണ്ടായി.  ====മറ്റു കഥാകൃത്തുകൾ====ശ്രീമാന്മാരായ കേശവദേവും എസ്.കെ. പൊറ്റെക്കാട്ടും, ശ്രീമതി ലളിതാംബിക അന്തർജ്ജനവും ഇന്നുള്ള
കഥാകൃത്തുക്കളിൽ പ്രഥമഗണനീയരാണെന്നും അവരെ കഴിച്ചാൽ, ഒരൊറ്റ കഥാകൃത്തുപോലും മലയാളത്തിൽ ഇല്ലെന്നും
പറയേണ്ടിയിരിക്കുന്നു. ശ്രീമാൻ കെ. എ. ദാമോദരമേനവൻ ഉൽക്കൃഷ്ടങ്ങളായ അനവധി ചെറുകഥകൾ എഴുതിട്ടുണ്ട്.
എന്നാൽ അദ്ദേഹം കുറേനാളായി മൗനംഭജിക്കുകയാണ്. വീണ്ടും അദ്ദേഹം കഥാനിർമ്മാണത്തിൽ
ശ്രദ്ധപതിപ്പിക്കുന്നപക്ഷം മേൽപ്പറഞ്ഞ കഥാകൃത്തുക്കളോടു തുല്യമായ ഒരു സ്ഥാനം നിഷ്പ്രയാസം അദ്ദേഹത്തിനു
കരസ്ഥമാക്കാൻ സാധിക്കും. ശ്രീമാൻ പൊൻകുന്നം വർക്കി, അദ്ദേഹത്തിന്റെ കാടുപിടിച്ച കൃത്രിമഭാഷ വലിച്ചു
ദൂരത്തെറിഞ്ഞിട്ട്, ഉള്ളതു പച്ചമലയാളത്തിൽ പറഞ്ഞാൽ, അല്പം ആശയ്ക്കു വഴിയുണ്ടെന്നു തോന്നുന്നു. മാതൃഭൂമി
ആഴ്ചപ്പതിപ്പിൽ മാത്രം കഥകളും കവിതകളും എഴുതിക്കണ്ടിട്ടുള്ള ശ്രീമാൻ പി. സി. കുട്ടിക്കൃഷ്ണൻ അടുത്തഭാവിയിൽ
ഒരു നല്ല കവിയും കഥാകൃത്തുമായിത്തീരുമെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ‘ചരിത്രം
ആവർത്തിക്കപ്പെടുന്നു’ എന്ന ചെറുകഥയും, ‘ഒടുക്കത്തെ പോര്’ തുടങ്ങിയ കവിതകളും അതിനു
സാക്ഷ്യംവഹിക്കുന്നുണ്ട്.
ഗിഡെ മോപ്പസാങ്ങ് വിശ്വസാഹിത്യത്തിൽ മോപ്പസാങ്ങിനോടു കിടനിൽക്കത്തക്ക ഒരു കഥാകൃത്ത് ഇന്നോളം ഉണ്ടായിട്ടില്ല. ഫ്രാൻസിൽത്തന്നെ
ബാൽസാക്ക്, ഫ്ലാബേർ, സോള, പ്രൂസ്റ്റ് തുടങ്ങിയ മഹാരഥന്മാർ പലരുമുണ്ടെങ്കിലും, അവരെല്ലാംതന്നെ,
മോപ്പസാങ്ങിനോടു താരതമ്യപ്പെടുത്തിനോക്കുമ്പോൾ, രണ്ടാകിടക്കാരായേ എനിക്കു തോന്നിയിട്ടുള്ളൂ. പുഷ്കിൻ,
ഗാഗോൾ, ഡാസ്റ്റവസ്കി, ടോൾസ്റ്റോയ്, ടർജ്ജനീവ്, ലെസ്കോവ്, കൊറൊളെങ്കോ, ചെഹോവ്, സൊളൊഗൊബ്,
ചിറിക്കോഫ്, ഗോർക്കി, കുപ്രിൻ, ബ്യൂണിൽ, ആൻഡ്രയേവ്, ബ്യൂസോഫ്, റോമനോഫ് സോസ്ക്കെൻകോ,
അലക്സയേഫ്, ഓകുലോഫ്, കാറ്റീവ് തുടങ്ങിയവർ റക്ഷ്യയിലെ പ്രസിദ്ധ കഥാകൃത്തുക്കളാണ്. ആസ്ത്രിയ, ഹംഗറി,
പോളൻഡ്, നോർവെ, സ്വീഡൻ, ഡെന്മാർക്, സെക്കോസ്ലോവാക്കിയാ, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിലും
അനുഗ്രഹീതരായ കഥാകൃത്തുക്കൾ ധാരാളമുണ്ട്. ബുദ്ധിപരമായ ഒരു വീക്ഷണകോണത്തിൽകൂടി നോക്കുമ്പോൾ ലൂയിഗി
പിറാൻഡലോവിന്റെ ചെറുകഥകൾ ആതുല്യങ്ങളാണെന്നു പറയാം. ചെഹോവിന്റെ കഥകളുടെ സ്വാരസ്യം മരാർക്കും
കിട്ടിയിട്ടില്ല. ഇങ്ങനെയെല്ലാമാണെങ്കിലും, മോപ്പസാങ്ങിന്റെ കഥാനിർമ്മാണപാടവം ഒന്നു വേറെതന്നെയാണെന്നു
പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കഥകൾ ഒരിക്കലും ദീർഘിക്കാറില്ല. ഏറ്റവും ചുരുങ്ങിയ പദങ്ങൾകൊണ്ട്,
ഏറ്റവും ലളിതമായരീതിയിൽ, ഏറ്റവും പരിചയമുള്ള സംഭവങ്ങളെയും സംഗതികളെയും ചിത്രീകരിച്ച് ഏറ്റവും
ഉൽക്കടമായ വികാരം സഞ്ജനിപ്പികാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം അതിശയനീയമായിരിക്കുന്നു. കല അതിന്റെ
സൗകുമാര്യസമ്പൂർത്തിയോടുകൂടി അദ്ദേഹത്തിന്റെ ഓരോ കൃതിയിലും വിലാസലാസ്യം നടത്തുകയാണു ചെയ്യുന്നത്.
മോപ്പസാങ്ങും തകഴിയുംമോപ്പസാങ്ങിന്റെ ഒരു യഥാർത്ഥശിഷ്യനാണ് മിസ്റ്റർ തകഴി. അദ്ദേഹം മോപ്പസാങ്ങിന്റെ കൃതികൾ ശരിക്കു
പഠിച്ചിട്ടുണ്ടെന്ന് ഓരോ കഥയും പറയുന്നു. അതിനാൽ മോപ്പസാങ്ങിനെ സംബന്ധിച്ച് മേൽപ്രസ്താവിച്ച ഗുണങ്ങൾ
തകഴിയിലും മൊട്ടിട്ടുകാണുന്നതിൽ അതിശയിക്കുവാനില്ല. ഏതൊരു കഥാകൃത്തിനും അനുകരണീയമായിട്ടുള്ള ഒന്നാണ്
മിസ്റ്റർ തകഴിയുടെ അത്യന്തലളിതവും ആകർഷകവുമായ ഭാഷാരീതിയെന്നു നിസ്സംശയം പറയാം.
തകഴിയുടെ ചില കഥകൾഎന്നാൽ മിസ്റ്റർ തകഴിയുടെ ചില കഥകൾ വെറും അനുകരണങ്ങളാണ്; അതദ്ദേഹം സൂചിപ്പികാറുമില്ല.
ഉദാഹരണമായി അദ്ദേഹം മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയ ‘ചന്ദ്രികയിൽ’ എന്ന കഥ മോപ്പസാങ്ങിന്റെ The Moon
Light എന്ന കഥയുടെ അനുകരണമാണ്. അദ്ദേഹം അതു പ്രസ്താവിച്ചുകാണുന്നില്ല. മാത്രമല്ലം ആ അനുകരണത്തിൽ
മാത്രം മിസ്റ്റർ തകഴി മോപ്പസാങ്ങിന്റെ മനം കുളിർപ്പിക്കുന്ന പൂനിലാവിൽ ചെളിവാരിപ്പൂശി എന്നുംകൂടി ഞാൻ
പറയും. ആ പാവപ്പെട്ട കാവിവസ്ത്രക്കാരനെ വലിച്ചിഴച്ചു കൊണ്ടുവന്ന്, ഒടുവിൽ ആ വസ്ത്രത്തുമ്പിലയാളെ കെട്ടി
ഞാത്തിയിട്ടതും മറ്റും വലിയ അപരാധമായിപ്പോയി. ആത്മഹത്യചെയ്യിച്ചാൽ മാത്രമേ, രസിക്കാൻ ഹൃദയമുള്ള
ഒരുത്തനു വികാരമുണ്ടാകൂ എന്നു കരുതുന്നത് അബദ്ധമാണ്. ‘പിന്നെയും അവൾ ജീവിച്ചു,’ എന്ന മിസ്റ്റർ തകഴിയുടെ
ഒരു നുറുങ്ങുവാചകത്തിന് ആയിരം ആത്മഹത്യകളെക്കാൾ വികാരോത്തേജകത്വമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
മരണത്തേക്കാൾ ദുസ്സഹമായ, ദുരന്തമായ, എത്ര ജീവിതങ്ങൾ ഉണ്ട്! ഇബ്സന്റെ Doll’s House-ലെ ‘നോറ’യോ,
‘ഹെൽമറോ’ മരിക്കുന്നില്ല. പക്ഷേ, അതെത്ര ശോകാത്മകമായ ഒരു നാടകമാണ്! ‘അവളുടെ ഭർത്താവ്’ എന്ന തകഴിയുടെ
കഥയിലെ നായികയുടെ ജീവിതം ആയിരം മരണത്തേക്കാൾ ശോകാത്മകമാണെന്നാണെനിക്കു തോന്നുന്നത്.
അതിനാൽ, ‘ചന്ദ്രികയിൽ’ എന്ന കഥ നിർജ്ജീവമായ ഒരനുകരണമാണെന്നും, എന്നിട്ടും അതനുകരണമാണെന്നു
പൊതുജനങ്ങളെ അറിയിക്കാഞ്ഞതു വലിയ സാഹസമായിപ്പോയെന്നും, സ്നേഹപൂർവ്വം ഞാൻ എന്റെ സുഹൃത്തിനെ
ഓർമ്മപ്പെടുത്തിക്കൊള്ളുന്നു. അതുപോലെതന്നെം നവജീവനിൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ രണ്ടാഴ്ചയിലെ’ഡയറി’
അലക്സാൻഡർ കുപ്രിൻന്റെ Psyche എന്ന ചെറുകഥയുടെ അനുകരണമാണ്. അതും സൂചിപ്പിച്ചു കാണുന്നില്ല.
കേശവദേവ്മിസ്റ്റർ കേശവദേവിന്റെ ചെറുകഥകൾക്കും, ഏകാങ്കനാടകങ്ങൾക്കും, മലയാളസാഹിത്യത്തിൽ സമുന്നതമായ സ്ഥാനം
ലഭിച്ചിട്ടുണ്ട്. അവ തികച്ചും ഹൃദയാകർഷകങ്ങളാണ്. എന്നാൽ, ചിലപ്പോൾ ചില തത്ത്വങ്ങളുടെ സ്ഥാപനത്തിനും
പ്രചരണത്തിനും വേണ്ടി അദ്ദേഹം കലാപരമായ ചില വിശിഷ്ടാംശങ്ങളെ ബലികഴിക്കുമെന്നേയുള്ളൂ. ജന്മനാ ഒരു നല്ല
കലാകാരനായ മിസ്റ്റർ ദേവ് മേല്പറഞ്ഞ തത്ത്വസ്ഥാപനത്തിനുവേണ്ടി കലാകാരനിൽനിന്നകന്ന് ചിലപ്പോൾ ഒരു
പ്രവാചകനും, മറ്റുചിലപ്പോൾ ഒരു വിമർശകനും, ചില സന്ദർഭങ്ങളിൽ ഒരു ശാസ്ത്രജ്ഞനുമാകാൻ വെമ്പലോടെ പയറ്റി
പരാജയപ്പെടുന്നതും, അപ്പോൾ കല നിന്നു കണ്ണുനീർ വാർക്കുന്നതും കാണാം. അദ്ദേഹത്തിന്റെ കൃതികൾ ഗോർക്കി,
ഡാസ്റ്റവസ്ക്കി, റോമനോഫ് തുടങ്ങിയ റഷ്യൻ സാഹിത്യകാരന്മാരെ അനുസ്മരിപ്പിക്കുന്നു. കലാപരമായ അംശങ്ങളെ
ബലികഴിക്കാതെതന്നെ തത്ത്വസ്ഥാപനത്തിനുള്ള ഗോർക്കിയുടെ സാമർത്ഥ്യം, ദേവിൽ അത്ര പരിപൂർണ്ണമായി
പ്രത്യക്ഷപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ‘അന്നത്തെ നാടകം’ തുടങ്ങിയ കൃതികൾക്കു റോമേൻറോളാണ്ടിന്റെ John
Christopher എന്ന ഉൽക്കൃഷ്ടകൃതിയിലെ ചില ഭാഗങ്ങളുമായി സാദൃശ്യമുണ്ട്.
എസ്. കെ. പൊറ്റെക്കാട്ട് മിസ്റ്റർ പൊറ്റെക്കാട്ടിന്റെ ചെറുകഥകൾ, ഏറിയകൂറും അദ്ദേഹത്തിന്റെ സ്വന്തം ചിന്തയിൽനിന്നും അഭുഭവത്തിൽനിന്നും
വാർത്തെടുത്തിട്ടുള്ളവയാണ്. അദ്ദേഹത്തിന്റെ ‘ക്ഷയരോഗി’ എന്ന ചെറുകഥ ലോകത്തിലെ ഏതു ചെറുകഥയോടും
കിടപിടിക്കുന്ന ഒന്നാണെന്നു മലയാളികൾക്കഭിമാനിക്കാം.
ലളിതാംബിക അന്തർജ്ജനംശീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളും മിക്കവാറും സ്വതന്ത്രങ്ങളാണ്. കഥാകാരന്റെ
ജീവിതാവലോകനത്തെക്കാളും, തെരഞ്ഞെടുക്കലിനെക്കാളും കവിയുടെ ഭാവനാവിഹാരമാണ് അവരുടെ കൃതികളെ
അധികഭാഗവും വർണ്ണം പിടിപ്പിക്കുന്നത്. പ്ലോട്ടിനു പുറമേ പ്രതിഭയെ വിടുന്ന ആ പണ്ടത്തെ സമ്പ്രദായത്തിൽനിന്ന്
അവരിനിയും നിശ്ശേഷം വിമുക്തയായിട്ടുണ്ടെന്നു പറഞ്ഞുകൂടാ. അതിർകവിഞ്ഞ ആദർശവാദം ഒന്നുമാത്രമേ അവരുടെ
പ്രതിർഭയുടെ സ്വതന്ത്രവും സ്വച്ഛന്ദവുമായ പ്രയാണത്തിനല്പമൊരു പ്രതിബന്ധമായി നിൽക്കുന്നുള്ളു.
ജീവിതചിത്രീകരണത്തിൽ അവർ അസാമാന്യമായ വൈദഗ്ദ്ധ്യം കാണിക്കുന്നുണ്ട്. എന്നാലതുതന്നെ, ആദർശാത്മാകമായ
ഒരു മാർഗ്ഗത്തിലിൽകൂടി മാത്രമാകയാൽ പരിപൂർണ്ണമാണെന്നു പറയാൻ നിവൃത്തിയില്ല. തകഴിയുടെ കഥാപാത്രങ്ങളിൽ
കാണപ്പെടുന്ന മനശ്ശാസ്ത്രപരമായ ഗതിവൈചിത്രങ്ങളുടെ അഭാവവും ശ്രീമതി അന്തർജ്ജനത്തിന്റെ
കഥാപാത്രങ്ങൾക്കുമുണ്ട്. അവരുടെ ചെറുകഥകൾ എല്ലാം സ്വതന്ത്രങ്ങളാണെന്നു പറഞ്ഞുകൂടാ. ‘യാത്രയുടെ അവസാനം’
എന്ന കഥ ശാന്താദേവി രചിച്ചിട്ടുള്ളതും Modern Review എന്ന മാസികയിൽ പണ്ടു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ
The Journey’s End എന്ന ചെറുകഥയുടെ ഗാഢസ്പർശിയായ ഒരനുകരണംതന്നെയാണ്. എന്നാൽ ആ
അനുകരണത്തിൽപോലും ആ മഹതിക്കു പരിപൂർണ്ണ വിജയം സിദ്ധിച്ചിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല.
ചില തർജ്ജിമകൾഹാസ്‌ലിറ്റിനെപ്പോലെ, ഒരു വിഷയത്തെ അധികരിച്ചു പ്രസ്താവിച്ചുകൊണ്ടുവന്ന അവസരത്തിൽ ഒരു വലിയ
ശാഖാചംക്രമണത്തിനു ഞാനും അധീനനായിപ്പോയി. നമുക്കു പരിഭാഷയിലേക്കുതന്നെ മടങ്ങുക.
ബ്രൗണിങ്ങിന്റെ കൃതികൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യുവാൻ വലിയ വിഷമമുണ്ടെന്നു ഞാൻ
സൂചിപ്പിച്ചുവല്ലോ. ശ്രീമാന്മാരായ നാലപ്പാട്ടു നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ കവികൾ ഈ
വിഷയത്തിൽ ശ്രമിക്കുമെങ്കിൽ കൈരളിക്കു വലിയ സഹായമായിരിക്കും. ഈ രണ്ടു കവികളുടെ പേർ പ്രത്യേകം
ചൂണ്ടിക്കാണിച്ചത് അവർ വർത്തമാനവിഷയത്തിൽ മറ്റെല്ലാരെയുംകാൾ മികച്ചുനിൽക്കുന്നതുകൊണ്ടാണ്. സ്വതഃസിദ്ധമായ
അപ്രഹിതമായ പ്രതിഭാവിലാസവും കവിതാവാസനയും സവിശേഷം കളിയാടുന്നവർവേണം വിവർത്തനത്തിനും
ഒരുമ്പെടുവാൻ. പലയിടങ്ങളിലും വലിയ ക്ലിഷ്ടത കണ്ടെക്കാമെങ്കിലും നാലപ്പാടന്റെ ‘പൗരസ്ത്യദീപ’വും (Light of Asia
by Edwin Arnold) ശങ്കരക്കുറുപ്പിന്റെ ‘വിലാസലഹരി’യും (Rubaiyat of Omer Khayyam) ഇതിനു പ്രത്യേകം സാക്ഷ്യം
വഹിക്കുന്നു. മിസ്റ്റർ കുറുപ്പ് ഉമാറിന്റെ കാവ്യം കുറച്ചുകൂടി നിഷ്കർഷിച്ചു പഠിക്കുകയും, തർജ്ജിമയിൽ കൂടുതൽ
ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ വിലാസലഹരിയുടെ ഇന്നു കാണുന്ന വിലാസവായ്പിന് ഇതിലും
മാറ്റുകൂടിയേനേ എന്നാണ് എനിക്കു തോന്നുന്നത്. റൂബായ് യാത്തിന്റെ വിവർത്തനത്തെക്കാൾ ഫാഫിസ്സിന്റെ ചില
കൃതികൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുള്ളത് കൂടുതൽ കമനീയമായിരിക്കുന്നു.

പനിനീർപ്പൂവാലെന്റെമാറിടം സുമാകീർണ്ണംതനിമുന്തിരിച്ചാറാൽപാനഭാജനം പൂർണ്ണം    (സൂര്യകാന്തി-ശങ്കരക്കുറുപ്പ്)
എന്നിങ്ങനെ അർത്ഥപുഷ്ടിയും ശബ്ദസൗകുമാര്യവും ഒരുമിച്ചു സമ്മേളിച്ച് ആശയത്തിനു ക്ഷതം സംഭവിക്കാതെ
ആകർഷകമായിത്തീർന്നിട്ടുള്ള പരിഭാഷാരൂപങ്ങൾ മലയാളത്തിൽ വേറെ ഇല്ലെന്നുതന്നെ പറയാം. വളരെ നിഷ്കർഷിച്ചു
നടത്തിയ ഒരു താരതമ്യപഠനത്തിനുശേഷം എനിക്കുണ്ടായിട്ടുള്ള ഒരഭിപ്രായമാണിത്. ഹാഫിസ്സിന്റെ കൃതികളെല്ലാം
പഠിക്കുവാൻ എനിക്കു സൗകര്യം ലഭിച്ചത് അടുത്തകാലത്താണ്. ഇംഗ്ലീഷിലേക്കു പലരും ആ മഹാകവിയുടെ കൃതികൾ
പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ മിസ് ഗർട്റൂഡ് ബെല്ലിന്റെ കൃതികൾക്കാണ് ആംഗലസാഹിത്യത്തിൽ
പ്രഥമസ്ഥാനം സിദ്ധിച്ചിട്ടുള്ളത്. ഹാഫിസ്സിന്റെ കൃതികളിൽ തന്നെ, വിവർത്തനത്തിന് ഏറ്റവും എളുപ്പമായിട്ടുള്ളതും
രണ്ടാം കിടയിൽപ്പെട്ടിട്ടുള്ളതുമായ നാലഞ്ചു ലഘുപദ്യങ്ങൾ മാത്രമേ മിസ്റ്റർ കുറുപ്പും തർജ്ജിമചെയ്തു കാണുന്നുള്ളു.
‘നിർവൃതി’ ബ്രൗണിങ്ങിന്റെ കൃതികൾ പരിഭാഷപ്പെടുത്തുമ്പോൾ കുറച്ചധികം സ്വാതന്ത്ര്യം എടുക്കേണ്ടതായിവരും.
‘ഒന്നിച്ചുചേർന്നുള്ള ഒടുവിലത്തെ കുതിരസ്സവാരി’ (The Last Ride Together) എന്ന അദ്ദേഹത്തിന്റെ ഒരു ഉത്തമ
നാടകീയസ്വയോക്തി (Dramatic Monologue), ‘നിർവൃതി’ എന്ന പേരിൽ വിവർത്തനം ചെയ്ത് ഞാൻ ‘സഹൃദയ’യിൽ
പ്രസിദ്ധീകരിക്കുകയുണ്ടായി.   മലയാളത്തിൽ ആവിർഭവിച്ചിട്ടുള്ള ബ്രൗണിങ്ങിന്റെ ആദ്യത്തെ കൃതി ഇതാണെന്നു
തോന്നുന്നു. ആംഗലസാഹിത്യത്തിലും ഭാഷാസാഹിത്യത്തിലും ഒന്നുമ്പോലെ പ്രാവീണ്യം സമ്പാദിച്ചിട്ടുള്ള പലേ
സുഹൃത്തുക്കളും തദ്വിഷത്തിൽ, ആ പ്രസിദ്ധീകരണത്തിനുശേഷം, എനിക്കു നല്കിയിട്ടുള്ള പ്രോത്സാഹനങ്ങളും
അനുമോദനങ്ങളും ബ്രൗണിങ് കൃതികളുമായി കൂടുതൽ അടുക്കുവാൻ എനിക്കു പ്രേരകമായിത്തീർന്നിട്ടുണ്ട്. Andrea Del
Sarto, Rabi Ben Ezra, Grammarian’s Funeral, Fra Lippo Lippi തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അടുത്തുതന്നെ
പ്രസിദ്ധപ്പെടുത്തണമെന്നു ഞാൻ വിചാരിക്കുന്നു.
അനുകരണങ്ങൾഭാഷാപോഷണത്തിൽ, വിവർത്തനത്തിന് ഒരു വലിയ പങ്കുണ്ടെന്നുള്ളതിൽ സംശയമില്ല. മലയാളഭാഷയിൽ,
സ്വതന്ത്രങ്ങളെന്നു പറയാവുന്ന കൃതികൾ വളരെ കുറച്ചുമാത്രമേയുള്ളു. ബാക്കിയുള്ളതെല്ലാം വിവർത്തനങ്ങളല്ല, മറ്റു
കൃതികളുടെ ഛായയിൽ നിന്നുകൊണ്ടു നിർമ്മിച്ചുവിടുന്ന വികൃതങ്ങളും നിർജ്ജീവങ്ങളുമായ വെറും
അനുകരണരൂപങ്ങൾ മാത്രമാണ്. ഉദാഹരണമായി നോവൽ, നാടകം മുതലായ സാഹിത്യശാഖകൾ എടുത്തു
പരിശോധിച്ചു നോക്കുക. മിസ്റ്റർ ചന്തു മേനവന്റെയും, സി.വി. രാമൻപിള്ളയുടെയും ഏതാനും ആഖ്യായികകളെ
ഒഴിച്ചു നിർത്തിയാൽ പിന്നെ കൈരളിക്കു സ്വന്തമെന്നഭിമാനിക്കത്തക്ക ഒരൊറ്റ നോവൽപോലും ഉണ്ടെന്ന് ഞാൻ
വിചാരിക്കുന്നില്ല. മലയാളത്തിൽ ഒരു സ്വതന്ത്രനാടകകർത്താവിന്റെ പേർ പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ
മിഴിച്ചുനിന്നുപോകും. അടുത്തകാലത്ത് ഈ.വി., കൈനിക്കര, കെ. രാമകൃഷ്ണപിള്ള തുടങ്ങിയ ചിലർ
നാടകവിഷയത്തിലേക്ക് ശ്രദ്ധയെ തിരിച്ചുവിട്ടതായിക്കാണാം. എഡ്‌വിൻ മഡലൈൻ തുടങ്ങിയ സായിപ്പന്മാരും
മദാമ്മമാരും, കരുണാകരൻനായരും കമലാക്ഷിയമ്മയും മറ്റുമായി വേഷമാറി വന്നു കാട്ടിക്കൂട്ടുന്ന
വേതാളകോലാഹലങ്ങളാണ് നോവൽസാഹിത്യത്തിൽ ഇന്നു നാം കാണുന്നത്. അവയുടെ നിർമ്മാതാക്കൾ
മൂലകൃതികളുടെ ആത്മാവിനെ ആട്ടിപ്പായിച്ച്, വെറും നിർജ്ജീവശരീരങ്ങളെ മാത്രം എടുത്ത്, അവയുടെതന്നെ മജ്ജയും
മാസവും ചീന്തിപ്പറിച്ചുകളഞ്ഞ് വെറും അസ്ഥിപഞ്ജരങ്ങളാക്കിയിട്ടാണ് അമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഇതു
മൂലഗ്രന്ഥകാരന്മാരോടു ചെയ്യുന്ന ഒരു വലിയ കടും കൈയാണെന്ന് അക്കൂട്ടർ ഓർമ്മിക്കാത്തതു കഷ്ടംതന്നെ.
നാലപ്പാടന്റെ ‘പാവങ്ങൾ’ ഫ്രഞ്ചു മഹാകവിയായ വിക്റ്റർ യൂഗോവിന്റെ ‘Les Miserables’ എന്ന ലോകോത്തരമായ ഗ്രന്ഥത്തിന് ‘ആസുരകേസരി’,
‘സരസ്വതി’, ‘ജീൻവാൽ ജീൻ’ തുടങ്ങി എത്ര അനുകരണങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്! എന്നാൽ
അവയിലൊന്നിനെങ്കിലും ‘പാവങ്ങ’ളെ സമീപിക്കുവാൻ യോഗ്യതയുണ്ടോ? ‘പാവങ്ങ’ളെ ഇന്നു കുറ്റം പറയുന്നവരിൽ
ഭൂരിഭാഗവും നാലുപേജുവായിച്ച്ശേഷം “ഓ, മുഷിപ്പൻ!” എന്നു പറഞ്ഞ് പുറന്തള്ളിക്കളയുന്ന കൂട്ടരാണ്.
ഒരിക്കലെങ്കിലും അതു മുഴുവനൊന്നു വായിച്ചുനോക്കാൻ സൗജന്യ ബുദ്ധിയുണ്ടായിട്ടുള്ള ഒരു സഹൃദയനെങ്കിലും,
ഇന്നുവരെ എന്റെ പരിചയത്തിൽപ്പെട്ടിടത്തോളം, ആ ഉത്തമ വിവർത്തനഗ്രന്ഥത്തിന്റെ
ആരാധകനായിത്തീരാതിരുന്നിട്ടില്ല, തർജ്ജിമ ‘ഗ്യാസുപോയ സോഡ’ പോലെയാണെന്നു സാധാരണ പറഞ്ഞുകേട്ടിട്ടുണ്ട്.
ഏറെക്കുറെ ഇതു പരമാർത്ഥമാണുതാനും. എന്നാൽ പ്രാപ്തിയുള്ളവർ എടുത്തു പെരുമാറിയാൽ
പെരുമയ്ക്കുടവുതട്ടുകയില്ലെന്നുള്ളതിന് ഉത്തനദൃഷ്ടാന്തമാണ് ‘പാവങ്ങൾ’. അതിലെ പല ഭാഗങ്ങളും ഇംഗ്ലീഷിനെത്തന്നെ
അതിശയിക്കുന്നുണ്ടെന്ന്, രണ്ടും ഒരേ അവസരത്തിൽ താരതമ്യം ചെയ്തു വായിച്ചു നോക്കുന്ന ഒരാൾക്ക് നിഷ്‌പ്രയാസം
ഗ്രഹിക്കാൻ കഴിയും. ‘പാവങ്ങ’ളെ ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരു കാര്യം തീർച്ചയാണു്. ആ
ഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം മലയാലത്തിലെ ഗദ്യസാഹിത്യത്തിനു് ഒരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ടു് –
അഭിനവമായ ഒരുണർവ്വ്! ഇന്നത്തെ പലരുടേയും ഗദ്യശൈലിക്കു് ഒരു കൊഴുപ്പും ഓജസ്സുമുണ്ടു്. ‘പാവങ്ങ’ളുടെ
സ്വാധീനശക്തി അതിൽ പ്രസ്പഷ്ടമായി കാണപ്പെടുന്നു.
‘കാമുകൻ’, ‘പ്രേതങ്ങൾ’ വിശ്വസാഹിത്യസുധാസ്വാദനതത്പരനും അഗാധപണ്ഡിതനും സഹൃദയാഗ്രേസരനുമായ ശ്രീമാൻ എ. ബാലകൃഷ്ണപിള്ള
മോപ്പസാങ്ങിന്റെ ചെറുകഥകൾ, ആ മഹാസാഹിത്യകാരന്റെ തന്നെ ‘ബെലാമി’ (കാമുകൻ) എന്ന ആഖ്യായിക,
നോർവിജിയൻ നാടകകർത്താവായ ഇബ്സൻന്റെ (Henrik Ibsen) ‘പ്രേതങ്ങൾ’ (The ghosts) എന്ന ഗദ്യനാടകം –
ഇത്രയും കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ തർജ്ജമയിൽ നാലപ്പാടന്റേതിൽ
കാണപ്പെടുന്ന കുളുർമ്മയും പ്രസാദവും അല്പം കുറവാണെങ്കിലും, പ്രസ്തുത കൃതികൾ മലയാൾഇകളിൽ നവീനമായ
ഒരു സാഹിത്യാഭിരുചി സഞ്ജനിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. കലാവൈശിഷ്ട്യം തികച്ചും കളിയാടുന്ന ഗ്രന്ഥങ്ങളെ
അദ്ദേഹം വിവർത്തനത്തിനെടുത്തു. കൈരളി ആകല്പകാലം കൃതജ്ഞതയോടെ അനുസ്മരിക്കുന്ന ഒരു നാമധേയമാണു്
ശ്രീമാൻ ബാലകൃഷ്ണപിള്ളയുടേതെന്നു ഞാൻ ദൃഢമായി വിശ്വസിക്കുന്നു.
കുറ്റവും ശിക്ഷയുംറഷ്യയിലെ ഒരു മഹാസാഹിത്യകാരനായ ഡസ്റ്റവസ്കിയുടെ ‘Crime and Punishment’ എന്ന ആഖ്യായികയുടെ
വിവർത്തനമായി ‘കുറ്റവും ശിക്ഷയും’ എന്ന പേരിൽ ഒരമൂല്യഗ്രന്ഥം കൈരളിക്കു സിദ്ധിച്ചിട്ടുണ്ടു്. എന്നാൽ, അത്ര
മഹത്തായ ആ ഗ്രന്ഥത്തിന്റെ ആവിർവഭാവം പോലും അറിഞ്ഞിട്ടുള്ളവരായി കേരളത്തിൽ അധികം പേർ
ഉണ്ടായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല. ആ ഗ്രന്ഥത്തിന്റെ അൻപതു പ്രതികളെങ്കിലും ഈ
അഞ്ചുകൊല്ലങ്ങൾക്കുള്ളിൽ വിറ്റിരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു. മിസ്റ്റർ നാലപ്പാടന്റെയും
ബാലകൃഷ്ണപ്പിള്ളയുടെയും വിവർത്തനത്തോറ്റു സമീപിക്കുകയില്ലെങ്കിലും ആ ഗ്രന്ഥം ഓരോ കേരളീയനും
വായിച്ചിരിക്കേണ്ടതാണെന്നു ഞാൻ പറയും. വിശ്വവിഖ്യാതമായ ആ ഉത്തമഗ്രന്ഥത്തിന്റെ വിവർത്തനത്തിനു
വിധേയനായി എന്ന അദ്ദേഹത്തിന്റെ കുറ്റത്തിനുള്ള ശിക്ഷയായിരിക്കാം ഒരു പക്ഷേ, ആ ഗ്രന്ഥത്തിന്റെ
പ്രചാരവൈരള്യം . എന്റെ ഒരു സുഹൃത്തും സ്വദേശിയുമായ ശ്രീമാൻ ഇടപ്പള്ളി പി. കെ. കരുണാകരമേനവനാണു്
ഡാസ്റ്റവസ്കിയെ ആദ്യമായങ്ങനെ കേരളത്തിൽ അവതരിപ്പിച്ചതെന്നോർക്കുമ്പോൾ ഞാൻ അഭിമാനപുളകംകൊള്ളുന്നു.
ഫ്ലാബേർ എന്ന പ്രഞ്ചുസാഹിത്യകാരന്റെ ‘മാഡം ബോവരി’ എന്ന പ്രസിദ്ധ ആഖ്യായികയുടെ പരിഭാഷയാണു് ഈ
ഗ്രന്ഥം. ഒരു നല്ല സഹൃദയനായ ശ്രീമാൻ എൻ. എൻ. ഇളയതാണു് അതു വിവർത്തനം ചെയ്തിട്ടുള്ളതു്.
അദ്ദേഹത്തിന്റെ പരിഭാഷ തികച്ചും രസപ്രദമാണു്. എന്നാൽ മുൻപു പ്രസ്താവിച്ച ഗ്രന്ഥത്തിന്റെ അനുഭവം
തന്നെയാണു് അതിനും സംഭവിച്ചിട്ടുള്ളതു് എന്നറിയുന്നു. മോപ്പസാങ്ങിന്റെയും ഫ്ലാബേറിന്റെയും കൃതികൾ, തന്നെ
വായിച്ചുരസിക്കണമെന്ന ആഗ്രഹം കൊണ്ടു മാത്രമാണു് ഞാനിപ്പോൾ ‘ഫ്രഞ്ച്’ പഠിക്കാൻ ഒരുമ്പെട്ടിരിക്കുന്നതു്. ആ
ഭാഷയിലെ അതുല്യമായ സാഹിത്യാമൃതം, അല്പമെങ്കിലും, മറ്റൊന്നിലേക്കു പകർത്താതെതന്നെ, ആസ്വദിക്കണമെന്നുള്ള
എന്റെ അഭിലാഷം സഫലമായാൽ ഞാൻ കൃതാർത്ഥനായി.
വിവർത്തനങ്ങളോടുള്ള മനോഭാവംവിവർത്തനഗ്രന്ഥങ്ങളോടു കേരളീയർക്കുള്ള മനോഭാവം എന്താണെന്നു ഞാൻ മുൻപു സൂചിപ്പിച്ച ഗ്രന്ഥങ്ങളുടെ
അനുഭവത്തിൽ നിന്നും അനുമാനിക്കാം. “കാന്താസമ്മിതയായ യയാ…” എന്നുരുവിട്ടുകൊണ്ട് അന്ധപ്രലപനങ്ങൾ
നടത്തുന്ന, സാഹിത്യലോകത്തിലെ യാഥാസ്ഥിതിക വൈതാളികന്മാരുടെയിടയിൽ ഇന്നവയ്ക്കു വലിയ ഗണനീയതയൊന്നും
സിദ്ധിച്ചിട്ടില്ലെങ്കിലും, ലോകോത്തരങ്ങളായ ആ വക ഗ്രന്ഥങ്ങളെ ആഹ്ലാദവായ്പോടെ സ്വാഗതം ചെയ്യുന്ന ഒരു
സഹൃദയമണ്ഡലം ഇന്നുതന്നെ കേരളത്തിലുണ്ടെന്നും, മുൻപറഞ്ഞ വൈതാളിക സംഘത്തിന്റെ കാലം കഴിഞ്ഞാൽ,
പിന്നീടുവരുന്ന ജനപരമ്പര അവയെ കരമുകുളങ്ങളോടെ സ്വീകരിക്കുമെന്നും ഉറപ്പു കരുതാം. പുസ്തകരൂപത്തിൽ ഒന്നും
ഇതുവരെ കണ്ടീട്ടില്ലെങ്കിലും മിസ്റ്റർ കെ. പി. ശങ്കരമേനവൻ ഒട്ടേറെ ചെറുകഥകളും ഏകാങ്കനാടകങ്ങളും
മലയാളത്തിലേക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. അവയെ പുസ്തകരൂപത്തിൽ അവതരിപ്പിക്കണമെന്നും, വീണ്ടും
വിവർത്തനസംരംഭം തുടരണമെന്നും ഞാനദ്ദേഹത്തോടപേക്ഷിക്കുന്നു.
യാഥാസ്ഥിതികന്മാരുടെ മർക്കടമുഷ്ടികാളിദാസനും, ഭവഭൂതിയും, മാഘനും മറ്റും എത്രയോ കാലമായി കേരളീയർക്കു പരിചപ്പെട്ടിട്ടുള്ളവരാണു്! അവരുടെ
അനേകം കൃതികൾ ഇന്നു മലയാളത്തിലുണ്ടു്. അവർ മഹാരഥന്മാരല്ലെന്നു പ്രജ്ഞയുള്ളവരാരും തന്നെ
പറയുമെന്നുതോന്നുന്നില്ല. പക്ഷേ, ലോകത്തിൽ അവർ മാത്രമേ വാടാവിളക്കുകളായി മിന്നുന്നുള്ളുവെന്നും, അവരുടെ
കൃതികളോടുകൂടി സാഹിത്യത്തിന്റെ പരിധിയെത്തിയെന്നും അവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആ
കനകനക്ഷത്രങ്ങളുടെ മുൻപിൽ മറ്റുള്ളവരെല്ലാം തൈജസകീടങ്ങളാണെന്നു വിചാരിക്കുന്നതു് മൂഢത്വമാണു്.
കാളിദാസനോടൊപ്പം ഷേൿസ്പിയറെയും, ഭവഭൂതിയോടൊപ്പം ഹ്യൂഗോവിനെയും, എഴുത്തച്ഛനോടൊപ്പം ഷെല്ലിയെയും,
ചെറുശ്ശേരിയോടൊപ്പം സ്ട്രിൻഡ്ബർഗ്ഗിനെയും, തുളസീദാസനോടൊപ്പം മാക്സിംഗോർക്കിയെയും മനസ്സിലാക്കുവാനൗമ്
അഭിനന്ദിക്കുവാനുമുള്ള ഹൃദയവിശാലതയും സംസ്കാരസമ്പുഷ്ടിയുമാണു നമുക്കുണ്ടാകേണ്ടത്.
വിശ്വസാഹിത്യം, അനുദിനമല്ല അനുനിമിഷം വളർന്നുകൊണ്ടിരിക്കുകയാണ്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും,
സമുദ്രത്തിലെ തിരകൾപോലെ ഒന്നിനുപുറകേ ഒന്നായങ്ങനെ മാറിമറിഞ്ഞും കെട്ടുപുണഞ്ഞും
വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. പാവപ്പെട്ട ‘കാന്ത്സമ്മിതയ’ക്കാരന്റെ വിശ്വാസം അതവന്റെ കാൽച്ചുവട്ടിൽത്തന്നെ
അങ്ങനെ നിശ്ചലമായി നിലകൊള്ളുന്നുവെന്നാണ്. അടുത്തകാലത്ത് ഒരു ‘കാന്താസമ്മിതയ’ക്കാരനെ ഞാൻ കണ്ടുമുട്ടി.
അയാൾ സാഹിതീദേവിയുടെ വെളിച്ചപ്പാടിനെപ്പോലെ തലമുടിയഴിച്ചിട്ടു കണ്ണുരുട്ടി പല്ലുകടിച്ചുകൊണ്ട് ഗർജ്ജിച്ചു:
“ഞാൻ നിങ്ങലുടെ ഈ മിസ്റ്റിസിസത്തെയും, റിയലിസത്തെയും, മറ്റെല്ലാ ‘ഇസ’ത്തെയും വെറുക്കുന്നു” എന്ന്. “എന്താണു
സാറേ മിസ്റ്റിസിസം?”-“ഭ്രാന്ത്” എന്നു സമാധാനം. “റിയലിസമോ?”-“തെറിപറച്ചിൽ! പൂരപ്പാട്ട്!” കൊള്ളരുതോ? ഇക്കൂട്ടർ
എന്തിനെക്കുറിച്ചെങ്കിലും അഭിപ്രായം പുറപ്പെടുവിക്കുന്നത്, അതിനെക്കുറിച്ചു യാതൊന്നും മനസ്സിലാക്കാതെയാണ്.
എന്തോ ഒന്ന് എവിടെയോ കണ്ട്, വോട്ടോറിന്റെ കുഴ്വല്വിളി കേട്ട, ഗ്രാമങ്ങളിലെ മൂരികളെപ്പോലെ
വെകിളിപിടിക്കുന്നു. ശരിക്ക് അതാതു കാര്യങ്ങൾ പഠിച്ചതിന്റെ ശേഷമാണ് അഭിപ്രായപ്പെടുന്നതെങ്കിൽ സമാധാനമുണ്ട്!
വിശ്വസാഹിത്യസുധാസ്വാദനത്തിനായി വെമ്പിപ്പായുന്ന സഹൃദയനെ, നമ്മുടെ കാന്താസമ്മിതയക്കാരൻ ഇനിയും
പിടിച്ചുനിർത്തി അവരുടെ ആ പഴയ പല്ലവികൊണ്ടു ശ്വാസം മുട്ടിക്കുന്നതു വലിയ കഷ്ടമാണ്.
ഇന്നത്തെ കർത്തവ്യംപാവപ്പെട്ട മലയാളിക്ക് ഇതുവരെ അറിയാങ്കഴിഞ്ഞിട്ടില്ലാത്ത എത്രയെത്ര മഹാസാഹിത്യകാരന്മാർ ലോകത്തിന്റെ
നാനാഭാഗങ്ങളിലുണ്ട്! എല്ലാ ഭാഷകളും പഠിച്ച് അവയിലെ ഉത്തമഗ്രന്ധങ്ങൾ തർജ്ജമചെയ്യുകയെന്നത് ഒരുകാലത്തും
ഒരാൾക്കും സാദ്ധ്യമല്ല. എന്നാൽ ഏതു ഭാഷയിലുള്ള ഉത്തമകൃതിയുടെ പരിഭാഷയും ഇംഗ്ലീഷിൽ നമുക്കു കിട്ടും.
അവയെ മ് അലയാളികൾക്കു കാണിച്ചുകൊണ്ടുത്ത് വിശ്വസാഹിത്യത്തിലേക്ക് അവരെ തിരിച്ചുവിടേണ്ടതാണ്, കേരളീയ
സാഹിത്യകാരന്മാരുടെ ഇന്നത്തെ കർത്തവ്യം. അങ്ങനെ ഏതാനും സംവത്സരങ്ങൾ കഴിയുമ്പോൾ അനേകം
ഉത്തമഗ്രന്ധങ്ങൾ മലയാളത്തിലുണ്ടാകുമെന്നും, അവയുമായുള്ള പരിചയമ്മൂലം, അന്നത്തെ സാഹിത്യകാരന്മാരുടെ
പ്രതിഭാപ്രഭാവം പതിന്മടങ്ങു വർദ്ധിക്കുമെന്നും, ആ വിധത്തിൽ ഉത്തമങ്ങളായ സ്വതന്ത്രകൃതികൾതന്നെ
നിർമ്മിക്കുവാനുള്ള പ്രാപ്തി അന്നത്തെ സാഹിത്യകാരന്മാർക്കുണ്ടായിത്തീരുമെന്നും ദൃഢമായി വിശ്വസിക്കാം.
നമ്മുടെ ഒരു വലിയ ദൂഷ്യംസ്വതന്ത്രമായി ചിന്തിക്കുന്നതിൽ മലയാളികൾ സ്വയമേവ വിമുഖന്മാരാണ്. ആ ഇനത്തിൽപ്പെട്ട അന്യന്മാരുടെ ചിന്തകളും
അവർ ഇഷ്ടപ്പെടുന്നില്ല. ഒരു മഹാൻ നൂറ്റാണ്ടുകൾക്കു മുൻപു പറഞ്ഞിട്ടുള്ള ഒന്നിനെത്തന്നെ പേർത്തും പേർത്തും
അയവിറക്കുവാനാണവർക്കു താത്പര്യം. പണ്ടു ശീലിച്ചിട്ടുള്ള സമ്പ്രദായത്തിൽ നിന്നും അല്പമൊന്നു വ്യതിചലിച്ചു
കാണുമ്പോൾ അവരുടെ നെറ്റിയിൽ ചുളിവീഴുന്നു. സാഹിത്യം ആകപ്പാടെ ചെന്ന് അവതാളത്തിൽ ചാടിയെന്ന് അവർ
വേവലാതിപ്പെടുന്നു. “രീതിരാത്മാ കാവ്യസ്യ…”, “ധർമ്മാർത്ഥകാമമോക്ഷേഷു വൈചക്ഷണ്യം കലാസു ക…”, “വാക്യം
രസാത്മകം കാവ്യം…”, “കാവ്യം യശസേർത്ഥകൃതേ…” എന്നു തുടങ്ങിയ പ്രമാണപ്രണാവങ്ങൾ ഹൃദയവേദനയാടെ
ഉച്ചരിച്ചുകൊണ്ട് പ്രസംഗപീഠങ്ങളിലും പ്രത്രമാസികകളിലും കിടന്ന് അക്കൂട്ടർ മരണഗോഷ്ടികൾ കാണിച്ചു
മുറവിളികൂട്ടുന്നു. “റിയലിസമേ, നീ സ്വഭാഗോക്തിയാണ്, നീ സംസ്കൃതത്തിലുണ്ട്! മിസ്റ്റിസിസമേ, നീ അന്യാപദേശമാൺ!,
നീ രൂപകാതിശയോക്തിയാണ്, നീയും സംസ്കൃതത്തിലുണ്ട്” എന്നിങ്ങനെ പ്രലപിക്കുന്നു.
യഥാർത്ഥമാലോചിച്ചുനോക്കിയാൽ ഇതിനൊന്നും കാര്യമില്ല. കാലഗതിയിൽ മനുഷ്യജീവിതത്തിനുതന്നെ എന്തെല്ലാം
പരിണാമങ്ങളാണു സംഭവിക്കുന്നത്! ആ സ്ഥിതിക്ക് ജീവിതത്തോടൊട്ടിപ്പിടിച്ചു നിൽക്കുന്ന സാഹിത്യത്തിനും ചലനം
സംഭവിക്കുന്നതിൽ അതിശയിക്കുവാനോ ആവലാതിപ്പെടുവാനോ ഇല്ല.
എത്രയൊക്കെ അണകെട്ടി നിർത്തിയാലും മനുഷ്യഭാവന അവയെ എല്ലാം തട്ടിത്തകർത്ത് സദാ മുന്നോട്ടുതന്നെ
ത്വരിതപ്രയാണം ചെയ്തുകൊണ്ടിരിക്കും. വിശ്വസാഹിത്യസമുദ്രത്തിലെ ഒരു കൊച്ചു ജലബിന്ദുമാത്രമാണ്,
മലയാളസാഹിത്യം. ആ അലയാഴിപ്പരപ്പിൽ അടിക്കടി കോളിളക്കമുണ്ടായിക്കൊണ്ടിരിക്കുമ്പോൾ, ആ ചലനം,
അല്പമായിട്ടെങ്കിലും ആ ജലബിന്ദുവിനെയും എങ്ങനെ ബാധിക്കാതിരിക്കും? സംശ്കൃതപക്ഷപാതികളായ
യാഥാസ്ഥിതികപണ്ഡിതന്മാരുടെയും നിരൂപകന്മാരുടെയും സങ്കുചിതമനോഭാവദ്യോതകങ്ങളായ മർക്കടമുഷ്ടികൾക്കു
വഴിങ്ങിക്കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ സാഹിത്യം എത്രയോനാൾ മുൻപുതന്നെ മുരടിച്ചുപോയേനേ! ഇന്നതു
തളിർപൊടിച്ചു വരുന്നുണ്ടെന്നും ഒരുകാലത്തു പുഷ്പഫലാവകീർണ്ണമായി പരിലസിക്കുമെന്നും നമുക്കാശിക്കാം.
സൽകൃതികളും ദുഷ്കൃതികളുംഇതുവരെ പ്രസ്താവിച്ചതിനിന്നും ഇന്നത്തെ സാഹിത്യഗ്രന്ഥങ്ങൾ എല്ലാം ഉത്തമങ്ങളാണെന്ന് എനിക്കഭിപ്രായമുണ്ടെന്നു
ശഖിച്ചേക്കും. ഏതു സാഹിത്യത്തിന്റെ ചരിത്രം പരിശോധിച്ചുനോക്കിയാലും, അതാതു കാലഘട്ടത്തിന്റെ വളർച്ചയിൽ,
ഉത്തമകൃതികളോടൊപ്പം തന്നെ ദുഷ്കൃതികളും ധാരാളമായി കാണുന്നതാണ്. വിശേഷിച്ചും രണ്ടു
സുവർണ്ണാകാലങ്ങളുടെ ഇടയ്ക്കു വരുന്ന കാലഘട്ടം സാധാരണായായി ശുഷ്കകൃതികളെയാണ് അധികം
ഉത്പാദിപ്പിക്കുന്നതായി കണ്ടുവരുന്നത്. ആഗലസാഹിത്യത്തിൽ ക്ലാസിക്പ്രസ്ഥാനത്തിനും റൊമാന്റിക് പ്രസ്ഥാനത്തിനും
ഇടയ്ക്കുള്ള കാലത്തെ കൃതികൾ പരിശോധിച്ചു നോക്കിയാൽ ഈ തത്ത്വം ശരിക്കും മനസ്സിലാക്കുവാൻ കഴിയും.
പ്രാഹ്കീനകൃതികൾ എല്ലാം പരമവ്വിശിഷ്ടങ്ങളാണെന്നു ഞാൻ പറയുകില്ല; അതുപോലെതന്നെ ആധുനികഗ്രന്ഥങ്ങൾ
എല്ലാം ആരാദ്ധ്യങ്ങളാണെന്നും എനിക്കഭിപ്രായമില്ല. ഉത്തമങ്ങായവ രണ്ടിനത്തിലും ഉണ്ട്; അതുപോലെതന്നെ
ക്ഷുദ്രകൃതികളും.
പിന്നെ, മഹത്ത്വനിർണ്ണയത്തിൽ രണ്ടിനത്തിലുംപെട്ടവയെ തമ്മിൽ കൂട്ടിഘടിപ്പിക്കുന്നതേ യുക്തിക്ക് യോജിച്ചതല്ല.
നവീനാദർശങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടു പ്രാചീനസാഹിത്യത്തെ വിമർശിക്കുന്നതും, പ്രാചീനതത്ത്വങ്ങളെ
ആസ്പദമാക്കി ആധുനികസാഹിത്യത്തെ നിരൂപണം ചെയ്യുന്നതും ഒരുപോലെ അബദ്ധജടിലമാണ്. ചെറുശ്ശേരിയുടെ
കൃഷ്ണഗാഥയിലെ സൗന്ദര്യം വള്ളത്തോളിന്റെ സാഹിത്യമജ്ഞരിയിലെ കൃതികളിൽ കാണുന്നില്ലെങ്കിൽ,
വള്ളത്തോളിന്റെ ചില ഗുണങ്ങൾ കൃഷ്ണഗാഥയയിലും കാണപ്പെടുന്നില്ലല്ലോ. കുമാരനാശാന്റെ വീണപൂവിന്റെ
വൈശിഷ്ട്യത്തിനും എഴുത്തച്ഛന്റെ ഹരിനാമകീർത്തനത്തിന്റെ മാഹാത്മ്യത്തിനും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഒന്നിനെ അപേസ്ഖിച്ച് മരൊന്നു താഴെയാണെന്നു പറയാൻ ഇവിടെ നിർവാഹമില്ല. അതാതിന്റെ പ്രത്യേകമഹിമ
പ്രാചീനകൃതികൾക്കും ആധുനികകൃതികൾക്കും ഒന്നുപോലെ ഉണ്ടായിരിക്കും.
പരിപൂർണ്ണതഒരു സാഹിത്യവും യഥാർത്ഥത്തിൽ പരിപൂർണ്ണമാണെന്നു പറഞ്ഞുകൂടാ. ഒരുകാലത്തും പരിപൂർണ്ണമാവുകയുമില്ല.
സംസ്കൃതസാഹിത്യത്തിനാണ് ഏറ്റവും ഉത്കൃഷ്ടമായ സ്ഥാനമെന്നും അതിലുൾപ്പെടാത്തതായി യാതൊന്നും
സാഹിത്യത്തിലില്ലെന്നും വാദിക്കുന്നവർ ഇപ്പോഴും ധാരാളമുണ്ട്. വിവേകമുള്ളവരാരും അതപ്പാടേ അങ്ങു
വിശ്വസിക്കുമെന്നു തോന്നുന്നില്ല. വിപുലമായ ഒരു സാഹിത്യസമ്പത്ത് സംസ്കൃതഭാഷയ്ക്കുണ്ടെന്നു ഞാൻ സമ്മതിക്കാം.
പക്ഷെ, അതു കൊണ്ട് സാഹിതിയുടെ രത്നഭണ്ഡാഗാരം നിറഞ്ഞുകഴിഞ്ഞു എന്നും, ഇനി അതിൽ ഒരു
പവിഴത്തുണ്ടിനുപോലും പഴുതില്ലെന്നും പറയുന്നതു പരമാബദ്ധമാണെന്നേയുള്ളു. സംസ്കൃതസാഹിത്യത്തെ മാത്രം
ആധാരമാക്കി വാദിക്കുന്ന അക്കൂട്ടരോടു ഞാൻ ചോദിക്കുന്നു, ഗദ്യപ്രബന്ധം, ഗദ്യനാടകം, ചെറുകഥ, ആഖ്യായിക,
പര്യടനവിവരണം, കത്തുകൾ, മാനസികാപഗ്രഥനം തുടങ്ങിയവയ്ക്ക്, അവർ എവിടെപ്പോകുമെന്ന്. അപ്പോൾ നമുക്കു
വളർച്ച വേണമെങ്കിൽ, ഇതരസാഹിത്യങ്ങളേയും ആശ്രയിച്ചേ ഒക്കു എന്നുള്ളതു തീർച്ചയാണ്. കലാശാലയിലെ ഉയർന്ന
ക്ലാസ്സുകളിൽ സംസ്കൃതസാഹിത്യംപോലും പഠിപ്പിക്കുന്നത് ആംഗലഭാഷയുടെ സഹായത്തോടുകൂടിയാണെന്ന്
എന്നെപ്പോലുള്ള അനുഭവസ്ഥന്മാർ പറയുമ്പോൾ ആംഗലഭാഷയും ആംഗലസാഹിത്യവും ഇനി നമുക്ക്
ഒഴിച്ചുനിർത്തുവാൻ സാദ്ധ്യമല്ലെന്ന് എന്തുകൊണ്ട് നിങ്ങൾക്കു സമ്മതിച്ചുകൂടാ?
മലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ചമലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച മുഴുവൻ യൂറോപ്യൻ സാഹിത്യത്തെ മാത്രം ആധാരമാക്കിയായിരിക്കും
എന്നു ദീർഘദർശനം ചെയ്യുന്നത് ഒരിക്കലും അസ്ഥാനത്തല്ല. ഹിന്ദി, ബംഗാളി തുടങ്ങിയ ഇതര
ഭാരതീയസാഹിത്യങ്ങൾക്കും മലയാളസാഹിത്യപോഷണത്തിൽ തുച്ഛമായ ഒരു പങ്കുണ്ടായിരിക്കുമെന്നുള്ളതു തീർച്ചയാണ്.
സംസ്കൃതസാഹിത്യത്തിന്റെ പിടിയിൽനിന്നും മലയാളം ഇന്നിപ്പോൾ നിശ്ശേഷം വിട്ടുകഴിഞ്ഞു എന്നുപറയാം.
ആംഗലസാഹിത്യത്തെ അത് ആശ്ലേഷം ചെയ്യാൻ തുടങ്ങി. ആ ബന്ധം കാലക്രമത്തിൽ അധികമധികം ദൃഢീഭവിച്ചു
വരികയേയുള്ളു എന്നതിൽ സംശയമില്ല. അതിനാൽ ആംഗലസാഹിത്യത്തെ മാത്രം ആധാരമാക്കാതെ യൂറോപ്യൻ
സാഹിത്യങ്ങളെ ആകമാനം ലക്ഷ്യമാക്കിക്കൊണ്ടുവേണം ഇനിയത്തെ സാഹിത്യകാരന്മാരുടെ സംരംഭമെന്നും, പത്രങ്ങളും
മാസികകളും ഇക്കാര്യത്തിൽ പ്രത്യേകം ഔത്സുക്യം പ്രദർശിപ്പിച്ചെങ്കിൽ മാത്രമേ അതു പരിപൂർണ്ണവിജയത്തിൽ
എത്തിച്ചേരുകയുള്ളുവെന്നും പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള പത്രമാസികകളിൽ മാതൃഭൂമി
ആഴ്ചപ്പതിപ്പുമാത്രമേ അതി അല്പമായിട്ടെങ്കിലും അഭിരുചി പ്രദർശിപ്പിക്കുന്നുള്ളു. ഇത്രയും പൊതുവേ
പ്രസ്താവിച്ചുകൊണ്ട് ഇനി ഞാൻ ഈ മുഖവുരയ്ക്ക് ആധാരമായ ഗ്രന്ഥത്തിലേക്ക് പ്രവേശിച്ചുകൊള്ളുന്നു.
സുധാംഗദഈ ഖണ്ഡകാവ്യം ടെന്നിസൺന്റെ ‘Oenone’ എന്ന കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ള ഒന്നാണെന്നു ഞാൻ
ആരംഭത്തിൽ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. അന്തരീക്ഷത്തിനും കഥാപാത്രങ്ങൾക്കും ഭാരതീയത്വം കല്പിച്ചുകൊണ്ടാണ്
ഞാനിതു രചിച്ചിട്ടുള്ളത്. ഇത് എനിക്കിഷ്ടമുള്ള ഒരു സമ്പ്രദായമല്ലെന്ന് ഈ മുഖവുരയുടെ ഇതുവരെയുള്ള ഭാഗം
വായിച്ചാൽ, ഒരാൾക്കു നിഷ്പ്രയാസം ഗ്രഹിക്കുവാൻ കഴിയും. പദാനുപദതർജ്ജമിയ്ക്കൊരുമ്പെട്ടാൽ ഇപ്പോൾ ഈ
കൃതിക്കു കാണുന്ന സാരള്യത്തിനു വലിയ ഉടവുതട്ടിയേക്കുമെന്ന ഭയം കൊണ്ടാണ് ഞാൻ ഇങ്ങനെ മാറ്റംവരുത്തിയത്.
ടെന്നിസൺതന്നെ യവനമഹാകവിയായ ഹോമറിന്റെ ‘ഇലിയഡ്’ (Iliad) എന്ന ഇതിഹാസ മഹാഗ്രന്ഥത്തിൽനിന്നും
ഇതിവൃത്തം മാത്രം സ്വീകരിച്ച്, സ്വമനോധർമ്മംകൊണ്ട് ചായം പിടിപ്പിച്ച് അഭിനവമായ ഒരാകർഷകത്വത്തോടുകൂടി
പ്രസ്തുതകൃതിയെ ആഗലേയസാഹിത്യലോകത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നോർക്കുമ്പോൾ, അത്രത്തോളം
സ്വാതന്ത്ര്യമെടുക്കാഞ്ഞ എന്നെ അധികമാരും കുറ്റപ്പെടുത്തുമെന്നു തോന്നുന്നില്ല.
സാധാരണായായി കഥാഗാത്രത്തെ മാത്രം മൂലഗ്രന്ഥത്തിൽനിന്നും സ്വീകരിച്ച് സ്വതന്ത്രമായ ഒരു പദ്ധതിയിൽക്കൂടി
കാവ്യനിർമ്മാണം ചെയ്യുന്ന പതിവുവിട്ട്, കഥാഗാത്രത്തിനോ, അതിന്റെ സൗകുമാര്യത്തിനാധാരമായ
ഇരതഘടകങ്ങൾക്കോ, ചമൽക്കാരത്തിനോ, അല്‌പമെങ്കിലും, പരുക്കുതട്ടാതെ, മൂലഗ്രന്ഥത്തിൽ കാണപ്പെടുന്ന
കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും പ്രതിരൂപമായും ഔചിത്യത്തിനു ഭംഗം വരാത്തവിധത്തിലും അവയെ സ്വയം
സൃഷ്ടിച്ചും കാവ്യനിർമ്മിതി സാധിക്കുകയാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത്. മൂലകൃതിയിലുള്ള ഒരൊറ്റ
ആശയവീചിയെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നു മാത്രമല്ല, അവതന്നെ കേരളീയരുടെ
അഭിരുചിക്കനുയോജ്യമായവിധത്തിൽ അവയെ എന്റെ സ്വന്തം കൽപനാശക്തികൊണ്ട് നിറംപിടിപ്പിക്കുകകൂടി
ചെയ്തിട്ടുണ്ട്. മൂലകൃതിയിൽ ആദ്യന്തം തുളുമ്പിക്കാണുന്ന ശോകാന്തകമായ വികാരസാന്ദ്രതയ്ക്കു യാതൊരു
ശൈഥില്യവും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മൂലഗ്രന്ഥവുമായി ഒത്തുനോക്കി ഒരു
താരതമ്യപഠനത്തിനൊരുമ്പെടുന്ന നിഷ്പക്ഷബുദ്ധിയായ ഒരു സഹൃദയൻ, തീർച്ചയായും എന്റെ സ്വാതന്ത്യം കൂടുതൽ
ഗുണപ്രദമായിട്ടുണ്ടെന്നു സമ്മതിക്കുകതന്നെ ചെയ്യും. സുധാംഗദയിൽ, കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും
വരുത്തിയിട്ടുള്ള മാറ്റത്തിന്റെ മാറ്ററിയുവാൻ മൂലഗ്രന്ഥത്തിലെ കഥ മനസ്സിലാക്കുന്നതു നന്നായിരിക്കാം. അതു ചുവടെ
ചേർത്തു കൊള്ളുന്നു.
ഈനോണും പാരീസും’സെബ്രെൻ’ എന്ന ജലദേവന്റെ (river-god) പുത്രിയും ‘ഹെല്ല’നെ കവർന്നുകൊണ്ടുപോകുന്നതിനുമുൻപ് ‘പാരീസി’ന്റെ
പത്നിയുമായിരുന്നു ‘ഈനോൺ’. ട്രോജൻ യുദ്ധകാലത്തു ട്രോയിയിലെ രാജാവ് ‘പ്രയാം’ എന്നൊരാളായിരുന്നു.
അദ്ദേഹത്തിന് ‘ഹെക്യുബാ’ എന്ന രാജ്ഞിയിലുണ്ടായ രണ്ടാമത്തെ പുത്രനാണ് പാരീസ്. പാരീസിന്റെ
ജനനത്തിനുമുൻപ്, താൻ ഒരു തീക്കൊള്ളിയെ പ്രസവിച്ചതായും അതിന്റെ ജ്വാലകൾ നഗരത്തെയാകമാനം
ചുട്ടെരിച്ചതായും ഹൈക്യുബാരാജ്ഞി ഒരു സ്വപ്നം കണ്ടു. ആ കുഞ്ഞിന്റെ ജനനം ട്രോയ്നഗരത്തിന്
ആപൽക്കരമാണെന്ന് എല്ലാവരും ഭയപ്പെട്ടു. അക്കാരണത്താൽ ജനിച്ച ഉടന്തന്നെ, ഐഡ് എന്ന മലയുടെ മുകളിൽ
കൊണ്ടുപോയി കിടത്തിയിട്ടു പോരണമെന്ന നിർദ്ദേശത്തോടെ കുഞ്ഞിനെ ഒരാട്ടിടയന്റെ കൈയിൽ കൊടുത്തയച്ചു. ആ
അജപാലൻ നിയോഗാനുസരണം തന്നെ പ്രവർത്തിച്ചുവെങ്കിലും, അഞ്ചാമത്തെ ദിവസം വീൺറ്റും അയാൾ
അവിടെച്ചെന്നു നോക്കിയപ്പോൾ, അയാളെ ആശ്ചര്യസ്തബ്ധനാക്കിത്തീർക്കുമാറ്, ആ ഇളംപൈതൽ കൈകാൽ കുടഞ്ഞ്
പുഞ്ചിരിതൂകിക്കൊണ്ട് അവിടെത്തന്നെ കിട്ക്കുന്നതായിട്ടാണ് കണ്ടത്. മാത്രമോ, പാവപ്പെട്ട ആട്ടിടയൻ
കിടുകിടുത്തുപോയി-ഒരു പെൺകരടി വന്നു കുഞ്ഞിനു മുലകൊടുക്കുന്നു. കരടി പോയ ഉടന്തന്നെ ആട്ടിടയൻ
അടുത്തുചെന്നു കുഞ്ഞിനെ എടുത്തുകൊണ്ട് സ്വഗൃഹത്തിലേക്കു മടങ്ങി. അവൻ സ്വന്തം കുഞ്ഞുങ്ങളോടൊപ്പം ആ
പൈതലിനെയും താലോലിച്ചു വളർത്തിക്കൊണ്ടുവന്നു. അവൻ അയാൾ ഇട്ട പേരാണ് ‘പാരീസ്’ എന്ന്.
പ്രായമായതോടുകൂടി താൻ പ്രയാമിന്റെ പുത്രനും, രാജകുമാരനുമാണെന്ന് പാരീസിനു മനസ്സിലാവുകയും, അയാൾ
കൊട്ടാരത്തിലേക്കു പുറപ്പെടുകയും ചെയ്തു. പിതാവ് പുത്രനെ സ്വീകരിക്കാൻ യാതൊരു വൈമുഖ്യവും
പ്രദർശിപ്പിച്ചില്ല. എന്നാൽ അതിനുമുൻപ് മറ്റൊരു അത്ഭുതസംഭവമുണ്ടയി. തന്റെ പുത്രൻ മരിച്ചുപോയിരിക്കുമെന്ന
വിശ്വാസത്തിൽ പ്രയാം ‘പ്രേതശുദ്ധി’ സംഭന്ധമായ ചില വിനോദകർമ്മങ്ങൾ നടത്തിക്കൊൺറ്റിരുന്ന അവസരത്തിലാണ്
അതു സംഭവിച്ചത്. പാരീസ് കന്നുകാലികളെ മേച്ചുകൊണ്ട് കാട്ടിലിരിക്കുമ്പോൾ ഏതാനും രാജകിങ്കരന്മാർ വന്ന്,
അവന്റെ കാളകളിലൊന്നിനെ, ജയിക്കുന്ന ആൾക്കു സമ്മാനം കൊടുക്കാനായി പിടിച്ചുകൊണ്ടുപോയി. പാരീസും
അവരുടെ പുറകേ തിരിച്ചു കൊട്ടാരത്തിൽ വന്നു. അവൻ അങ്ങനെ വിനോദകർമ്മങ്ങളിൽ ഭാഗഭാക്കാകുവാനിടയായി.
അവൻ തന്റെ സഹോദരന്മാരെയെല്ലാം തോൽപ്പിച്ചു. കോപാക്രാന്തരായിത്തീർന്ന് അവർ അവന നിഗ്രഹിക്കുവാനായി
മുൻപോട്ടാഞ്ഞണഞ്ഞു. പെട്ടെന്നു കാസർഡരാദേവി അവരുടെ മുൻപിൽ പ്രത്യങ്ക്സപ്പെടുകയും, അവൻ വെറും
കാലിച്ചെറുക്കനല്ല, പ്രയാമിന്റെ പുത്രനായ പാരീസാണേന്നും വിളംബരപ്പെടുത്തുകയും ചെയ്തു. പ്രയാമിനു
സന്തോഷമായി. പാരീസ് അനന്തരം ജലദേവനായ സൈബ്രെന്റെ മകൾ ഈനോണിനെ വിവാഹം കഴിച്ചു.
കുറേക്കാലം കഴിഞ്ഞു ഒരു ദിവസം ‘പല്യൂസും’ ‘തെറ്റീസും’ തമ്മിലുള്ള വിവാഹാഘോഷം കെങ്കേമമായി
കൊണ്ടാടപ്പെട്ടു. എല്ലാ ദേവന്മാരെയും ദേവിമാരെയും അതിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, കലഹത്തിന്റെ
ദേവതയായ ഐറിസ്സിനെ മാത്രം ക്ഷണിച്ചിരുന്നില്ല. അക്കാരണത്താൽ ഐറിസ് കോപാകുലയായിച്ചമഞ്ഞു. അവൾ
ക്ഷണിക്കാതെതന്നെ അവിടെ വരികയും ‘ഏറ്റവും സുന്ദരിയായവൾക്ക്’ എന്നു പുറത്തു കൊത്തിയിട്ടുള്ള ഒരു
പൊന്നാപ്പിൾപ്പഴം ആരുമറിയാതെ, ദേവിമാർ ഇരിക്കുന്ന മുറിയുടെ കിളിവാതിൽക്കൽ വെച്ചിട്ട്,
മിണ്ടാതിറങ്ങിപ്പോവുകയും ചെയ്തു. ആപ്പിൾപ്പഴം ദൃഷ്ടിയിൽപ്പെട്ടതോടുകൂടി, തനിക്കാണു വേണ്ടത്, തനിക്കാണു
വേണ്ടതെന്നു വാദിച്ചുകൊണ്ട് ഹേര, അഫ്രോഡെയ്റ്റ്, അതീനെ എന്നീ മൂന്നു ദേവിമാർ കലഹിക്കുവാൻ തുടങ്ങി.
ഉടൻതന്നെ ‘സ്യൂസ്’ ഹെർമസ് എന്ന ദേവതയെ അടുത്തു വിളിച്ച് ഐഡിന്റെ മറ്റൊരു ഭാഗമായ ഗാർഗാറസ് മലയിൽ
ആടുകളെ മേച്ചുകൊണ്ട് പാരീസ് ഇരിക്കുന്നുണ്ടെന്നും മൂന്നു ദേവിമാരെയും കൂട്ടിക്കൊണ്ട് അയാളുടെ അടുത്ത്
ചെന്നാൽ കാര്യത്തിന് എന്തെങ്കിലും ഒരു തീരുമാനമുണ്ടാകുമെന്നും പ്രസ്താവിച്ചു. മാത്രമല്ല, അവരെ പാരീസിന്റെ
അടുത്തു കൂട്ടിക്കൊണ്ടുപോകുവാൻ അദ്ദേഹം ഹെർമസ്സിനെ നിയോഗിക്കുകയും ചെയ്തു.
അതനുസരിച്ചു മൂന്നു ദേവിമാരും പാരീസിന്റെ അടുത്തു വന്നു. തനിക്ക് ആപ്പിൾപ്പഴം തരുന്നപക്ഷം താൻ പാരീസിനെ
ഏഷ്യയിലെ ചക്രവർത്തിയും, അവധിയില്ലാത്ത സമ്പത്തിന്റെ ഏകാധിപതിയുമാക്കിത്തീർക്കാമെന്ന് ഹേര ശപഥം
ചെയ്തു. അതുല്യമായ യശസ്സും, സമരവൈദഗ്ദ്ധ്യവും തന്നനുഗ്രഹിക്കാമെന്നായി, അതീനെ. എന്നാൽ
അഫ്രോഡെയ്റ്റാകട്ടെ ലോകത്തിലുള്ളവരിൽ ഏറ്റവും സുന്ദരിയായ കമനിയെ അയാൾക്കു
പത്നിയാക്കിക്കൊടുക്കാമെന്നാണ് വാഗ്ദാനം ചെയ്തത്. പാരീസ് അതിൽ മയങ്ങിപ്പോയി. ഉടൻതന്നെ അയാൾ ആ
പൊന്നാപ്പിൾപ്പഴം ആ ദേവിയുടെ കരതലത്തിൽത്തന്നെ സമർപ്പിച്ചു. ഹേരയും അതീനെയും കോപംകൊണ്ടു വിറച്ച്
അവിടെനിന്നും മടങ്ങിപ്പോന്നു. അവരുടെ കോപവഹ്നിയാണത്രേ ഒടുവിൽ ട്രോയിയുടെ നാശത്തിനുതന്നെ കാരണമായത്.
അഫ്രോഡെയ്റ്റിന്റെ സംരക്ഷണത്തിൽ പാരീസ് ഗ്രീസിലേക്കു കപ്പൽ കയറി പുറപ്പെട്ടു. സ്പാർട്ടായിലെ രാജാവായ
‘മെനെലാസ്’ അദ്ദേഹത്തെ സാഘോഷം സ്വീകരിച്ചു കൊട്ടാരത്തിൽ കൂട്ടിക്കൊണ്ടു വന്നു. അവിടെയങ്ങനെ താമസിച്ച്,
ഒരുദിവസം മെനെലാസിന്റെ പത്നിയും ലോകൈകസുന്ദരിയുമായ ഹെല്ലനെ, സൂത്രത്തിൽ തട്ടിയെടുത്തുകൊണ്ട് പാരീസ്
മടങ്ങിപ്പോന്നു. ലോകപ്രസിദ്ധമായ ട്രോജൻയുദ്ധത്തിന്റെ അടിസ്ഥാനം ഈ സൗന്ദര്യറാണിയുടെ അപഹരണമാണ്.
യുദ്ധാവസാനത്തിൽ, ‘ഹെരാക്ലെസ്സി’ന്റെ ഒരുഗ്രബാണത്താൽ, ഫിലോക്റ്റെറ്റസ് പാരീസിനെ മുറിപ്പെടുത്തി വീഴ്ത്തി.
വ്രണിതാംഗനായ പാരീസ് ഉടൻതന്നെ, ഏറെനാളായി താൻ നിർദ്ദയം വിട്ടുപിരിഞ്ഞ ഈനോണിന്റെ സമീപത്തേക്കു
മടങ്ങിപ്പോന്നു. അവൾക്കു മുറിവുകൾ മാറ്റുന്ന മായാവിദ്യ അറിയാമായിരുന്നു. പക്ഷേ, തന്നോടു ചെയ്ത
ഘോരാപരാധം അനുസ്മരിച്ചുണ്ടായ വൈരാഗ്യത്താലോ, പിതാവിന്റെ പ്രതിഷേധപ്രകടനത്താലോ എന്തോ, അവൾ
സ്വകാന്തന്റെ നിശിതക്ഷതങ്ങളെ നിർമ്മാർജ്ജനം ചെയ്യാനൊരുമ്പെട്ടില്ല. നിരാശനായ പാരീസ് അനന്തരം
ട്രോയിയിലേക്കുതന്നെ മടങ്ങിപ്പോരികയും അവിടെവച്ചു മരിക്കുകയും ചെയ്തു. പെട്ടെന്ന് ഈനോൺ
പശ്ചാത്താപത്തിനധീനയായിത്തീർന്നു. അവൾ കഴിയുന്നതും വേഗത്തിൽ മുറിവുകൾ മാറ്റുവാനായി പാരീസിന്റെ
പുറകെ പുറപ്പെട്ടു. എന്നാൽ സമയം വൈകിപ്പോയി. അവൾ വന്നപ്പോഴേക്കും പാരീസ് മരിച്ചിരുന്നു. ഈനോണിന്
ഇതു സഹിച്ചില്ല. ദുസ്സഹമായ ഹൃദയവേദനയോടെ അവൾ ഉടൻതന്നെ കെട്ടിഞാന്ന് ആത്മഹത്യചെയ്തു.
ഇതാണ് ഹോമറിന്റെ ഗ്രന്ഥത്തിൽ ഉള്ള കഥ.
ടെന്നിസൺന്റെ ഈനോൺമേൽപ്രസ്താവിച്ച കഥയിൽനിന്നും ഒരുഭാഗം മാത്രമേ ടെന്നിസൺ സ്വീകരിച്ചിട്ടുള്ളു. വിരഹാകുലയായ
ഈനോണിനെക്കൊണ്ട് നാടകീയമായ രീതിയിൽ ടെന്നിസൺ ആ വിരഹത്തിനു കാരണമായിത്തീർന്ന സംഭവങ്ങളെ
വിസ്തരിപ്പിക്കുകയാണ് ചെയ്യുന്നത്. ‘ഐഡ്’ മലയുടെ ഒരു താഴ്വരയിൽ- പ്രണയസാന്ദ്രങ്ങളായ അനേകമനേകം
നിർവാണരംഗങ്ങൾക്ക് ഒരുകാലത്തു തനിക്കും തന്റെ പ്രാണേശ്വരനും അങ്കമൊരുക്കിത്തന്ന അതേ താഴ്വരയിൽ- അവൾ
എത്തുന്നു. ആ ഗിരിദേവതയെ അഭിസംബോധനചെയ്ത് ദുരന്തമായ തന്റെ ജീവിതകഥ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടു
പറഞ്ഞു കേൾപ്പിക്കുന്നു.

 

സുധാംഗദയിലെ മാറ്റങ്ങൾ 1.ഹിമാലയം (ഐഡ്)’ഐഡി’നു പകരം ഹിമവൽത്തടങ്ങളാണ് ഈ കൃതിയിൽ ഞാൻ ചിത്രീകരിച്ചിട്ടുള്ളത്. കഥാപാത്രങ്ങൾ
യക്ഷചാരണഗന്ധർവാദികളാകയാൽ അവരുടെ ആവാസസ്ഥാനമെന്നു നൂറ്റാണ്ടുകളായി ഭാരതീയർ സങ്കല്പിച്ചുപോരുന്ന
ഹിമാലയത്തെ സ്വീകരിച്ചതിൽ അനൗചിത്യമുണ്ടായിരിക്കുകയില്ലല്ലോ. അതുപോലെതന്നെ മലയ്ക്കു പകരം,
ഗംഗാനദിയെയാണ് സുധാംഗദ അഭിസംബോധനചെയ്തു വിലപിക്കുന്നത്. പിരണീസ് പർവ്വതപംക്തികളുടെ,
ഫ്രാൻസിലേക്ക് ഇറങ്ങിക്കിടക്കുന്ന കാട്ടെറെറ്റ് മലഞ്ചെരിവിലിരുന്നാണ് ടെന്നിസൺ ‘ഈനോൺ’ എന്ന കൃതിയുടെ ഒരു
വലിയ ഭാഗം എഴുതിയിട്ടുള്ളത്. എനിക്കിങ്ങനെയുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് എന്റെ
കൊച്ചനുജത്തിയായ ‘ഇന്ദിര’യുടെ കൊഞ്ചിക്കുഴഞ്ഞുകൊണ്ടുള്ള അർത്ഥമില്ലാത്ത ആയിരം ചോദ്യങ്ങൾക്കു സമാധാനം
പറഞ്ഞുകൊണ്ട് ഏകാന്തത ഒരിക്കലും കാൽകുത്തിയിട്ടില്ലാത്ത എന്റെ ഭവനത്തിലിരുന്നാണ് എന്റെ സുധാംഗദയുടെ
സൃഷ്ടി. ശരിയായ ‘മല’ എന്നു പറയുന്ന വസ്തു ഞാൻ ഒരിക്കൽ കണ്ടിട്ടുള്ളത് ശബരിക്കു പോയപ്പോഴും, നിലമ്പൂർ
സാഹിത്യപരിഷത്തിൽ പങ്കെറ്റുത്ത അവസരത്തിലുമാണ്. ആ അനുഭവങ്ങളുടെ അനുസ്മരണവും, ഭാവനയുടെ
കതിർവരിക്കലും കൂട്ടിച്ചേർത്ത് ഞാൻ ഹിമവൽത്തടങ്ങളെ പദങ്ങൾകൊണ്ടിവിടെ വരച്ചുകാണിച്ചിട്ടുണ്ട്! അതു
ശരിയായിട്റ്റുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ.
2.വാസന്തചൂഡൻ (പാരീസ്)പാരീസിനെക്കുറിച്ചുള്ള പൂർണ്ണവിവരം മുൻപു കൊടുത്തിട്ടുള്ള കഥയിൽനിന്നറിയാം. പാരീസിന്റെ
ഇതരജീവിതകഥകളുമായി ഈ കൃതിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ ദേവവർഗ്ഗത്തിൽപ്പെട്ട ഒരാളായി മാത്രം നാം
ധരിച്ചിരുന്നാൽ മതി. അതുകൊണ്ട് വാസന്തചൂഡൻ എന്ന ഒരു ഗന്ധർവനെ തൽസ്ഥാനത്തു കല്പിച്ചു.
അദ്ദേഹത്തെക്കുറിച്ചു നമുക്കറിയുവാനാവശ്യമുള്ളതെല്ലാം എന്റെ കൃതിയിൽനിന്നു ലഭിക്കും.
3.സുധാംഗദ (ഈനോൺ)ഈനോണിന്റെ സ്ഥാനത്തു ഞാൻ സൃഷ്ടിച്ചിട്ടുള്ള ഒരു ജലകന്യകയാണു സുധാംഗദ. അവൾ വാസന്തചൂഡന്റെ
പത്നിയാണ്; ഒരു ജല ദേവന്റെ പുത്രിയും, കൂടുതൽ വിവരങ്ങളൊന്നും നമുക്ക് ഈ കൃതിയെ സംബന്ധിച്ചിടത്തോളം
അറിയേണ്ടതായിട്ടില്ല.
4.ഹേര (ലക്ഷ്മി)സ്വർഗ്ഗത്തിലെ രാജ്ഞിയും, ദേവന്മാരുടെ അധിപനായ സ്യൂസിന്റെ പത്നിയുമായ ഒരു ദേവിയാണ് ഹേര. അവൾക്കു
പ്രതിരൂപമായി നമുക്ക് സ്വീകരിക്കാവുന്നത് ഇന്ദ്രാണിയെയാണ്. പക്ഷേ, ഞാനിവിടെ ഒരു മാറ്റം വരുത്തി. അളവറ്റ
സമ്പത്താണല്ലോ ആ ദേവത വാഗ്ദത്തം ചെയ്യുന്നത്. അതുകൊണ്ട് സമ്പത്തിന്റെ അധിഷ്ഠാനദേവതയായ
ലക്ഷ്മീദേവിയെ തൽസ്ഥാനത്തു പ്രതിഷ്ഠിച്ചതു കൂടുതൽ അനുയോജ്യമായിരിക്കാനേ വഴിയുള്ളു.
5.പല്ലാസ്, അതീനെ (സരസ്വതി)വിജ്ഞാനത്തിന്റെയും ശക്തിയുടെയും മൂർത്തിയാണ് അതീനെ. ശരീരമാകമാനം ഒരു കവചംകൊണ്ടു മൂടി, കൈയിൽ
ആയുധങ്ങളോടുകൂടി സ്യൂസിന്റെ ശിരസ്സിൽനിന്നും ആവിർഭവിച്ച ഒരു ദേവിയാണവൾ. ജ്ഞാനം, ബുദ്ധിശക്തി
മുതലായവയാണ് അവൾ പ്രദാനം ചെയ്യാമെന്ന് ഏല്ക്കുന്നത്. അവളുടെ സ്ഥാനത്തു നമുക്കു സങ്കല്പിക്കാവുന്ന ഏക
ദേവി, സരസ്വതിയാണ്. അക്കാരണത്താൽ അതീനെയുടെ സ്ഥാനത്തു ഞാൻ സരസ്വതിയെ കല്പിച്ചു.
6.അഫ്രോഡെയ്റ്റ് (രതി)കടൽത്തിരകളിൽനിന്നും ജനിച്ചവളാണു അഫ്രോഡെയ്റ്റ്. ഈ സാദൃശ്യം കടൽമകളായ ലക്ഷ്മീദേവിക്കാണുള്ളതെങ്കിലും
മറ്റൊരു കാര്യത്തിൽ വലിയ ഒരു വ്യത്യാസമുണ്ട്. അഫ്രോഡെയ്റ്റ് എന്നത് ‘വീനസ്സി’ന്റെ മറ്റൊരു പേരാണ്.
‘അഫ്രോസ്’(നുര) എന്ന പദത്തിൽ നിന്നാണ് അഫ്രോഡെയ്റ്റ് എന്ന പേർ വീനസ്സിനു കിട്ടിയത്—കടലിലെ
നുരകളിൽനിന്നും ഉയർന്നുവന്നവൾ. എന്നാൽ വീനസ്സ് പ്രേമത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ്. സൈപ്രസ്
ദ്വീപിന്റെ പടിഞ്ഞാറേ തീരത്തുള്ള പഫോസ് പുരാതനനഗരത്തിനു തൊട്ടുകൊടക്കുന്ന സമുദ്രത്തിൽനിന്നായിരുന്നു
വീനസ്സിന്റെ ജനനം. വീനസ്സ് എന്ന പദം കേൾക്കുമ്പോൾതന്നെ അപ്രമേയമായ ഒരു സൗന്ദര്യത്തിന്റെ പ്രതീതിയാണു
നമുക്കുണ്ടാവുക. അതുപോലെ ലോകൈകസുന്ദരിയായ ഒരു പ്രണയിനിയെയാണ് പാരീസിനു കൊടുക്കാമെന്ന് അവൾ
പറയുന്നതു. ആകയാൽ അവളുടെ സ്ഥാനത്ത് ‘രതീദേവി’യെ കല്പിക്കുന്നത് ഏറ്റവും സമുചിതമായിരിക്കുമെന്ന്
എനിക്കു തോന്നി.
7.ഐറിസ് (ഇറിസ്)—മാദ്രികമഴവില്ലിന്റെ ദേവതയാണ് ഇറിസ്. ദേവകളുടെ, വിശേഷിച്ചും ബ്യൂണോ(ഹേരേ)വിന്റെ ദൂതിയായിട്ടാണ് യവനന്മാരുടെ
ഇതിഹാസങ്ങളിൽ അവളെ ചിത്രീകരിച്ചിട്ടുള്ളത്. ഈനോണിൽ ഇവളെക്കുറിച്ച് ഒരു സൂചനമാത്രമേയുള്ളൂ—അവളുടെ
നാമധേയം ആ കൃതിയിൽ അത്ര പ്രാധാന്യമുള്ളതൊന്നുമല്ല. അവളുടെ സ്ഥാനത്ത് കലഹത്തിനു കാരണക്കാരിയായി
‘മാദ്രിക’ എന്ന ഒരു യക്ഷിയെ അവതരിപ്പിച്ചിരിക്കുന്നു.
മൂലകൃതിയിൽനിന്നും പ്രധാനമായി ഈ മാറ്റങ്ങളേ ഞാൻ വരുത്തിയിട്ടൂള്ളു. എന്നാൽ കവിതയിൽ എന്റെ സ്വന്തമായി
പല ആശയങ്ങളും കടന്നുകൂടിയിട്ടുണ്ടെന്നു പറയാം. ഈ മുഖവുരയുടെ ആദ്യഭാഗത്ത് അതിനൊരുദാഹരണം ഞാൻ
പ്രത്യേകമെടുത്തു കാണിച്ചിട്ടുണ്ടല്ലോ. എവിടെയെല്ലാമാണ് അങ്ങനെ സംഭവിച്ചിട്ടുള്ളതെന്നു പ്രത്യേകം പ്രത്യേകം
എടുത്തു ചൂണ്ടിക്കാണിക്കുവാൻ ഈ മുഖവുരയിൽ നിവൃത്തിയില്ല.
ടെന്നിസൺഈ കൃതി പഠിക്കുമ്പോൾ ഇതിനാധാരമായ മൂലകൃതിയുടെ കർത്താവിനെയും അദ്ദേഹത്തിന്റെ കവിതാപദ്ധതിയെയും
കുറിച്ച് അല്പമെങ്കിലും അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്.
ആൽഫ്രെഡ് ടെന്നിസൺ 1809-ആഗസ്റ്റ് 6-ാം തീയതി ലിൻകോൺഷയറിയിൽ, സോമേഴ്സ്ബി എന്ന സ്ഥലത്തു ജനിച്ചു.
ശൈശവത്തിൽത്തന്നെ പ്രകൃതിയോട് അതിർകവിഞ്ഞ ഒരു പ്രേമം അദ്ദേഹത്തിന്റെ ഹൃദയത്തിൽ വേരൂന്നി.
അഞ്ചുവയസ്സുള്ളകാലത്ത് അദ്ദേഹത്തിന് ‘കാറ്റിൽ, സംസാരിക്കുന്ന ഒരു സ്വരം’ കേൾക്കാമായിരുന്നുവത്രേ. കേംബ്രിഡ്ജിൽ
ട്രിനിറ്റികോളേജിൽ പഠിക്കുന്നകാലത്ത് ആർദർ ഹല്ലാം എന്ന ഒരാത്മസുഹൃത്തിനെ അദ്ദേഹത്തിനു കിട്ടി. ആ
സ്നേഹിതനോടുള്ള ദൃഢമായ സൗഹാർദ്ദം ആജീവനാന്തം ടെന്നിസൺന്റെ ആത്മമണ്ഡലത്തെ
തരളിതമാക്കിത്തീർത്തിരുന്നു. ആ പ്രിയസുഹൃത്തിന്റെ അകാലചരമത്തിൽ അനുശോചിച്ചുകൊണ്ട് ടെന്നിസൺ
നിർമ്മിച്ചിട്ടുള്ളതാണ് In Memoriam എന്ന ലോകോത്തരമായ വിലാപകാവ്യം. കോളേജിൽ പഠിക്കുന്നകാലത്ത് ‘Poems
Chiefly Lyrical’ എന്ന ഒരു കാവ്യസമാഹാരം അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയും ‘ടിംബുക്ടൂ’ എന്ന ഒരു കവിതയ്ക്ക്
വൈസ് ചാൻസലറുടെ വകയായി ഒരു മെഡൽ സമ്പാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതികളുടെ രണ്ടാമത്തെ
വാല്യം പുറത്തുവന്നതോടുകൂടി വിമർശകന്മാർ തലയുയർത്തിത്തുടങി. ലോഹൺട് അവയെ ഹൃദയപൂർവ്വം
സ്തുതിച്ചുവെങ്കിലും വിൻസൺ, ലോക്‌ഹാർട്ട് തുടങ്ങിയ നിരൂപകന്മാർ അദ്ദേഹത്തെ കഠിനമായി
ആക്രമിക്കുകയാണുണ്ടായത്. തൽഫലമായി പത്തുകൊല്ലക്കാലത്തേക്ക് ഒരു നീണ്ട മൗനംദീക്ഷിക്കുവാൻ ടെന്നിസൺ
പ്രേരിതനായി. എന്നാ അക്കാലത്ത് അദ്ദേഹം കാവ്യകലയിൽ തുടർച്ചയായി പരിശ്രമം ചെയ്തുകൊണ്ടിരുന്നു.
ഇതിനിടയിലാണ് ഹല്ലാം മരിച്ചത്. 1842-ൽ അദ്ദേഹം മറ്റൊരു വാള്യം പ്രസിദ്ധപ്പെടുത്തി. അതോടുകൂടി
സ്ഥിരപ്രതിഷ്ഠമായ ഒരു അസ്ഥാനം ആംഗലസാഹിത്യത്തിൽ അദ്ദേഹത്തിനു ലഭ്യമായി. ‘ഇന്നു ജീവിച്ചിരിക്കുന്ന
കവികളിൽ തീർച്ചയായും ഒന്നാമൻ’ എന്നു വേഡ്സ്‌വർത്ത് അദ്ദേഹത്തെ പ്രശംസിച്ചു. 1850-ൽ വേഡ്സ്‌വർത്തിന്റെ
മരണത്തോടുകൂടി ‘പൊയറ്റ് ലറേറ്റി’ന്റെ സ്ഥാനം അദ്ദേഹത്തിനു കിട്ടുകയും അക്കൊല്ലംതന്നെ, തന്റെ ബാല്യകാലത്തെ
പ്രണയത്തിനു പാത്രമായ ‘എമിലീ സെല്വുഡ്ഡി’നെ വിവാഹം കഴിക്കുകയും ചെയ്തു. പറയത്തക്കവിധം
സ്തോഭകരങ്ങളായ സംഭവങ്ങൾ ഒന്നുംതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടില്ല; അത് ഒരു തടാകംപോലെ
ശാന്തനിർമ്മലമായിരുന്നു. 1884-ൽ അദ്ദേഹം ‘പിയർ’ സ്ഥാനത്തിനർഹനായി; 1892-ൽ അദ്ദേഹം
പരലോകപ്രാപ്തനാകുകയും ചെയ്തു.
പ്രധാന കൃതികൾമോർട്ഡി ആർദർ, ഈനോൺ, ലോട്ടൊസ് ഈറ്റേഴ്സ്, രാജകുമാരി (The Princess), സ്മാരകവിലാപം (In Memoriam),
മാഡ്, ഇനോക്, ആർഡൻ ക്വീൻമേരി, ഹാറോൾഡ്, ബൊക്കെറ്റ് മുതലായവയാണ് ടെന്നിസൺന്റെ പ്രധാന കൃതികൾ.
ഇവയിൽ ഒടുവിലത്തെ മൂന്നും നാടകങ്ങളാണ്. ഇതു കൂടാതെ ഒട്ടേറെ ലഘുപദ്യങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ടെന്നിസൺ, ഒരു കവി എന്ന നിലയിൽവിക്ടോറിയൻ കാലഘട്ടത്തിൽ ആംഗലസാഹിത്യത്തിലുണ്ടായിട്ടുള്ള കവികളിൽ അഗ്രിമസ്ഥാനം ടെന്നിസണാണ്
ലഭിച്ചിട്ടുള്ളത്. അൻപതു കൊല്ലത്തോളം അദ്ദേഹം ഇംഗ്ലണ്ടിലെ കവിചക്രവർത്തി (Poet Laureate) പദത്തിൽ
പരിലസിക്കുകയുണ്ടായി. റീഡ് (Reed) അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞിരിക്കുന്നു: “ഇംഗ്ലീഷ് കടൽത്തീരങ്ങളുടേയും,
യുദ്ധഭൂമികളുടെയും, ഇംഗ്ലീഷ് പാരമ്പര്യങ്ങളുടെയും, വിശ്വാസങ്ങളുടെയും, ഇംഗ്ലീഷ് ജീവിതത്തിന്റെയും,
സ്വഭാവത്തിന്റെയും, സിദ്ധികളുടെയും കവിയാണ് ടെന്നിസൺ.” അദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്ന കവികൾക്ക്
പ്രചോദനം ലഭിച്ചത് ഗ്രീസിൽ നിന്നും (മാത്യു ആർനോൾഡ്), ഇറ്റലിയുൽ നിന്നും (റോബർട്ട് ബ്രൗണിങ്) ആണ്. എന്നാൽ
ടെന്നിസണാകട്ടെ തികച്ചും ഒരു ഇംഗ്ലീഷ് കവി, ഇംഗ്ലണ്ടിന്റെ കവി ആണെന്ന് പറയാം.
സ്റ്റോപ്‌ഫോഡ് ബ്രൂക്ക് എന്ന പ്രസിദ്ധ വിമർശകൻ പറയുന്നു: “അറുപതില്പരം നീണ്ട സംവത്സരങ്ങൾ ടെന്നിസൺ
ഇംഗ്ലണ്ടിലെ ആധുനികജീവിതത്തോടൊട്ടിപ്പിടിച്ചു ജീവിച്ചു; തനിക്കു കഴിയുന്നിടത്തോളം അതിന്റെ പ്രവർത്തനങ്ങൾ
മനസ്സിലാക്കിയും അവയോടു ഹൃദയാലുത്വത്തോടുകൂടിയും ജീവിച്ചു; തൽസംബന്ധമായി അദ്ദേഹത്തിനനുഭവപ്പെട്ടതെന്തോ
അതദ്ദേഹം തന്റെ കവിതയിൽ പകരുകയും ചെയ്തു.” ആകയാൽ, ടെന്നിസൺ അദ്ദേഹം ജീവിച്ചിരുന്ന
കാലഘട്ടത്തിന്റെ ഏറ്റവും പരിപൂർണ്ണനായ പ്രതിനിധിയാണ് എന്ന് പറയാം. അക്കാലത്തെ സമുദായം, കല,
തത്ത്വചിന്ത, മതം ഇവയെ എല്ലാം ഞെക്കിപ്പിഴിഞ്ഞ് അതിന്റെ സാരാംശം കൊണ്ട് അദ്ദേഹം തന്റെ കൃതികളെ
വർണ്ണം പിടിപ്പിച്ചിരുന്നു. വിക്ടോറിയാ മഹാരാജ്ഞിയുടെ സുദീർഘവും സംഭവബഹുലവുമായ ഭരണകാലത്ത്
ഇംഗ്ലീഷ് സമുദായത്തിനാകമാനം സംഭവിച്ച മാറ്റങ്ങളെല്ലാം ടെന്നിസൺന്റെ കൃതികളിൽ പ്രതിഫലിച്ചു കാണാം.
പ്രൊഫസർ സെലിൻ കോർട്ടിന്റെ ഭാഷയിൽ ടെന്നിസൺ അല്ലാതെ ‘തന്റെ ജീവിതകാലത്തിന്റെ
ജീവി’യായിത്തീർന്നിട്ടുള്ള മറ്റൊരു കവി ഇല്ലെന്നു തന്നെ പറയാം. ചരിത്രം, ഐതിഹ്യം, വീരപരാക്രമം,
ഗ്രാമീണജീവിതം, രാജ്യതന്ത്രം, തത്ത്വജ്ഞാനം, മതം, ശാസ്ത്രം, വാണിജ്യം ഇവയെല്ലാം അദ്ദേഹത്തിന്റെ കവിതയുടെ
തുല്യാവകാശികളാണ്. എല്ലാറ്റിലും പുറമേ അദ്ദേഹത്തിന്റെ കൃതികൾക്ക് ഏറ്റവും വലിയ പ്രചാരവും മതിപ്പും
സമ്പാദിച്ചുകൊടുത്തത് അദ്ദേഹത്തിന്റെ ദേശാഭിമാനമായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.എന്നാൽ ബുദ്ധിപരമായ
ഗഹനതയോ, പ്രൗഢമായ തത്ത്വചിന്തയോ അദ്ദേഹത്തിന്റെ കൃതികളിൽ വളരെ വിരളമായേ കാണുന്നുള്ളൂ. ഈ
ന്യൂനതയെ ആസ്പദമാക്കി പല വിമർശകന്മാരും ടെന്നിസണെ കഠിനമായി അധിക്ഷേപിച്ചിട്ടുണ്ട്.
എങ്ങനെയായിരുന്നാലും അദ്ദേഹത്തിന്റെ സമകാലികന്മാരിൽ കനിഷ്ഠികാധിഷ്ഠിതനായിത്തന്നെ പരിലസിക്കാനുള്ള
ഭാഗ്യം അദ്ദേഹത്തിനുണ്ടായി. താക്ക്റേ, ആർനോൾഡ് തുടങ്ങിയവർക്ക് അദ്ദേഹം മനുഷ്യരിൽ ഏറ്റവും
വിജ്ഞാനിയായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.
വിശ്വാസത്തിന്റെയും ഉൽക്കർഷത്തിന്റെയും സന്ദേശമായിരുന്നു ലോകത്തിനു പ്രദാനം ചെയ്യുവാൻ ടെന്നിസൺന്റെ
കൈവശം ഉണ്ടായിരുന്നത്. അക്കാലത്തി നിലവിലിരുന്ന ആശങ്കകൾക്കും തെറ്റിദ്ധാരണകൾക്കും ഇടയിൽ അദ്ദേഹം
ഈശ്വരനിലും അനശ്വരത്വത്തിലും മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയിലും ദൃഢമായി വിശ്വസിച്ചു.
“വിവിധമാർഗ്ഗങ്ങളിൽക്കൂടി ഈശ്വരൻ സ്വയം നിറവേറ്റുന്നു.” “നവമായിട്ടുള്ളതിന് ഇടംകൊടുത്തുകൊണ്ട് പഴയ രീതി
മാറിപ്പോകുന്നു.” എന്തുകൊണ്ടെന്നാൽ സൃഷ്ടി ആകമാനം, സജീവങ്ങളും നിർജ്ജീവങ്ങളുമെല്ലാം,
സമസ്തോൽക്കർഷങ്ങളുടെയും പരമലക്ഷ്യമായ “ഏതോ വിദൂരത്തിലുള്ള ആ ഏകദൈവികസംഭവ”ത്തിനടുത്തേക്കു
പ്രയാണം ചെയ്യുകയാണ്.
പ്രകൃതിചിത്രങ്ങളുടെ രചനയിലും അദ്വിതീയമായ ഒരു സ്ഥാനം തന്നെയാണ് ടെന്നിസണുള്ളതെന്നു പറയാം. മോർട്ഡി
ആർദർ, ഈനോൺ, ഈനോക് ആർഡൻ മുതലായ കൃതികളിൽ ആകർഷകവും സജീവവുമായ പ്രകൃതിവർണ്ണനകൾ
സുലഭമായിക്കാണാം. എന്നാൽ പ്രകൃതിയുടെ സൗന്ദര്യത്തെയും വശ്യതയെയും മാത്രമല്ല അവളുടെ ക്രൗര്യത്തെയും
ഹൃദയശൂന്യതയെയുംകൂടി സ്വകൃതികളിൽ അദ്ദേഹം പലയിടത്തും പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ
വേഡ്‌സ്‌വർത്തിനെയും ടെന്നിസണെയും താരതമ്യപ്പെടുത്തി അവർക്കുതമ്മിൽ കാണപ്പെടുന്ന അനല്പമായ വ്യത്യാസത്തെ
വിശദീകരിച്ചു കാണിക്കുന്നത് പ്രയോജനകരവും രസാവഹവുമായിരിക്കും. പക്ഷേ, ഈ ചുരുങ്ങിയ ഉപന്യാസത്തിൽ
അതിനു സൗകര്യപ്പെടാത്തതിനാൽ തത്കാലം അതിൽനിന്നു വിരമിക്കുകയേ നിവൃത്തിയുള്ളൂ. ആംഗ്ലേയ കവികളിൽ
ഏറ്റവും പദലാളിത്യമുള്ളയാൾ ടെന്നിസണാണ്. അതിസുന്ദരങ്ങളും സംഗീതാത്മകങ്ങളുമായ പദങ്ങൾ മാത്രമേ അദ്ദേഹം
തെരഞ്ഞെടുക്കൂ. അവയുടെ സ്ഥാനോചിതമായ ഘടനയിൽ അദ്ദേഹത്തെ ജയിക്കുന്ന ഒരു കവി ഇതുവരെ ഉണ്ടായിട്ടില്ല.
ഒരരുവിയെ അദ്ദേഹം വർണ്ണിക്കുകയാണെങ്കിൽ, പാറക്കെട്ടുകളിൽ തല്ലിത്തകർന്നു പുളച്ചുപായുമ്പോഴും പച്ചവിരിച്ച
പുൽത്തടങ്ങളെപ്പുണർന്നു ചരൽവിരിപ്പിലൂടെ തളർന്നൊഴുകുമ്പോഴും അതിനുണ്ടാകുന്ന സ്വരവ്യത്യാസങ്ങൾപോലും
നമുക്ക് സ്പഷ്ടമായി കേൾക്കുവാൻ സാധിക്കും. ഇംഗ്ലീഷ് ഭാഷ തന്നെ അറിഞ്ഞുകൂടാത്ത ഒരു മനുഷ്യൻ, വെറും
ശബ്ദശ്രവണംകൊണ്ടുമാത്രം ടെന്നിസൺന്റെ കവിത വേർതിരിച്ചറിഞ്ഞിരുന്നതായി രസാവഹമായ ഒരു കഥയുണ്ട്.
പത്തൊൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ആംഗലേയ കവികൾ ഗ്രീസിലെ ഇതിഹാസങ്ങളിലുള്ള ഉപാലംഭങ്ങളിൽ
പ്രത്യേകം കൗതുകം പ്രദർശിപ്പിച്ചിരുന്നതായിക്കാണാം. കീറ്റ്സിന്റെ പല ഉത്തമ കൃതികൾക്കും ആധാരം
മേൽപ്രസ്താവിച്ച കഥകളാണ്. ടെന്നിസൺ അദ്ദേഹത്തെ അനുഗമിച്ചു. വേഡ്‌സ്‌വർത്ത്പോലും അതിൽ
ഇഷ്ടപ്പെട്ടിരിന്നുവെന്ന് അദ്ദേഹത്തിന്റെ ‘ലയൊടാമിയ’ തുടങ്ങിയ കൃതികൾ വിളിച്ചുപറയുന്നു. ഈനോൺ എന്ന
കൃതിയെ സ്റ്റോപ്‌ഫോർഡ്ബ്രൂക്ക് എന്ന വിമർശകൻ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. അതിലെ
പ്രകൃതിവർണ്ണനകളെപ്പോലെ മറ്റൊന്നും തന്നെ അദ്ദേഹത്തെ ആകർഷിച്ചിട്ടില്ലത്രേ. എന്നിട്ടും ആ നിരൂപകൻ
പറയുകയാണ്: “സുന്ദരങ്ങളായ ഈ പ്രകൃതിരംഗങ്ങൾ, ഒരുകാലത്ത് അവയുമായി താദാത്മ്യം പ്രാപിച്ച്
ആനദലോലയായി വസിച്ച സുധാംഗദയുടെ (ഈനോൺ) പൂർവരംഗസ്മരണയിൽ, അവൾക്കുണ്ടാകുന്ന ഹൃദയയാതനയും
പ്രണയദാർഢ്യവുമായി താരതമ്യപ്പെടുത്തിനോക്കുമ്പോൾ കേവലം നിസ്സാരങ്ങളാണ്.” ഇതിൽ നിന്നും പ്രസ്തുത കാവ്യം
എത്രമാത്രം വികാരാത്മകമായിട്ടുള്ള ഒന്നാണെന്നു തെളിഞ്ഞുകഴിഞ്ഞു. അതിനാൽ അതിനെക്കുറിച്ച് ഇനി വിസ്തരിച്ചു
പ്രതിപാദിക്കേണ്ട ആവശ്യമില്ല.
ഉപസംഹാരം’ഈനോൺ’ എന്ന കൃതി സാധാരണായായി ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കു പഠിക്കുവാനായി
നിർദ്ദേശിക്കപ്പെടാറുണ്ട്. അതിന്റെ മാതൃകയിൽ രചിച്ചിട്ടുള്ള ഈ കൃതി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ
ഉപയോഗത്തിന്, വിശേഷിച്ചും ആംഗലേയകവിതകൾ വായിച്ചു രസിക്കുവാനുള്ള അഭിരുചിയെ ഉദ്ദീപിപ്പിക്കുന്ന
കാര്യത്തിൽ തികച്ചും പര്യാപ്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പ്രസിദ്ധീകരണത്തിൽ എന്നെ ഹൃദയപൂർവം
സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തുക്കളായ ശ്രീമാന്മാർ പോക്കാട്ടു
രാഘവൻപിള്ള, റ്റി.എൻ. ഗോപിനാഥൻനായർ, കന്നുകുഴി വി. നാരായണപിള്ള ബി. എ, ചാലൂക്കോണം കുട്ടൻപിള്ള
ബി. എ., എൻ. ചന്ദ്രശേഖരൻ നായർ എന്നീ മാന്യന്മാരോട് എനിക്കുള്ള അകൈതവമായ കൃതജ്ഞതയെ
രേഖപ്പെടുത്തിക്കൊണ്ടു ഞാൻ എന്റെ സുധാംഗദയെ കൈരളീക്ഷേത്രത്തിലേക്കു ചമച്ചയച്ചുകൊള്ളുന്നു.
ചങ്ങമ്പുഴ കൃഷ്ണപിള്ള

 

ഉജ്ജ്വലിക്കുന്നു ഹിമാലയസാനുവി—ലുൽക്കടഗ്രീഷ്മാന്തമദ്ധ്യാഹ്നദീപ്തികൾചില്ലകൾ വിണ്ണിലുരുമ്മിപ്പലപലവല്ലികൾ ചുറ്റിയ മാമരച്ചാർത്തുകൾചാ,ഞ്ഞിലപ്പച്ചപ്പടർപ്പാൽ തടുക്കിലുംചോർന്നുവീഴുന്നുണ്ടരുണ മരീചികൾ;ഈടാർന്ന വെള്ളവിരിച്ചപോൽ ചുറ്റിലുംമൂടിക്കിടക്കും ഹിമതളിമങ്ങളിൽ!മഞ്ഞുരുകീടവേ വെയ്‌ലി,ലങ്ങൊക്കെയുംമിന്നുന്നിതായിരം വർണ്ണപ്പകിട്ടുകൾ!ചേലി,ലുയരെ, മരങ്ങൾ മരതക—മേലാപ്പൊരുക്കിയിട്ടുള്ളതിന്മീതെയായ്ഒന്നിൻമുകളിൽ മറ്റൊന്നായൊഴിയാതെവന്നേറിനിൽക്കുന്നു വെണ്മേഘപാളികൾ.

ഏതുനേരത്തും തണലൊഴിയാത്തൊര—ശ്ശീതളശ്യാമളകാനനഭൂമിയിൽസദ്രസംചെയ്‌വതുണ്ടെപ്പോഴുമേകാന്ത—നൃത്തമൊരേതോ മഹിതപ്രശാന്തത.പ്രാണഹർഷത്താൽ തളർന്നലക്കൈകളാൽവീണവായിച്ചു രസിച്ചുകൊണ്ടങ്ങനെമന്ദാകിനിതൻ വിശാലവക്ഷസ്സിലായ്ചെന്നു തലചാച്ചിടുന്നു പൂഞ്ചോലകൾ.പൂത്തും തളിർത്തും കുളിർക്കാറ്റിൽ മർമ്മരംവാർത്തുമിളകിക്കുണുങ്ങും മരങ്ങളിൽപാടിപ്പറന്നു കുയിലുകൾ കൂടുമ്പോ—ളാടുന്നു പീലിവിടുർത്തി മയിലുകൾ.ദൂരെയും ചാരെയും കൂകിപ്പലമട്ടുപാറിപ്പറന്നു കളിക്കുന്നു പക്ഷികൾ!ആലോലവായുവൊന്നെത്തുമ്പോഴേയ്‌ക്കുമൊ—രായിരം പൂക്കളടർന്നുതിർന്നീടവേ;പാവാട ചുറ്റും വിരി,ച്ചതിൽ രത്നങ്ങൾപാകിയപോലുല്ലസിക്കുന്നിതസ്ഥലം! കുന്നിന്നിടംവലം മുന്നുപിന്നൊക്കെയുംകുന്നെന്നമട്ടി,ലണിനിരന്നങ്ങനെനോക്കിയാൽ നോട്ടമെത്താതെ, തുടർച്ചയായ്മേൽക്കുമേൽ മിന്നുന്നു മഞ്ഞണിക്കുന്നുകൾ.ഉണ്ടവതന്നടിവാരത്തിലായിരം-തണ്ടലർപൂത്ത തടാകതടിനികൾഅത്യന്തമോഹന,മാത്മഹർഷപ്രദ-മുജ്ജ്വത്താമാ നഗവനമണ്ഡലം!

അത്യന്തഖിന്നയായ് തേങ്ങിക്കരഞ്ഞുകൊ-ണ്ടദ്ദിക്കിലന്നലഞ്ഞെത്തീ ‘സുധാംഗദ’.തന്നാത്മനാഥനാം, ‘വാസന്തചൂഡ’ നാ-ലിന്നു, ഹാ, കഷ്ടം, പരിത്യക്തയാണവൾ!ബന്ധുരഗാത്രനുമാർദ്രനുമാകുമ-ഗ്ഗന്ധർവ്വനൊത്താ വനനികുഞ്ജങ്ങളിൽസന്തോഷപൂർവ്വം രമിച്ചുല്ലസിച്ചോരുസുന്ദരിയാം ജലകന്യകയാണവൾ!

നഷ്ടമായ്,കഷ്ട, മിന്നാരോമലിൻ കവിൾ-ത്തട്ടുകൾക്കാ രണ്ടു ചെമ്പനീർപ്പൂവുകൾ!കോതാതൊതുക്കാതെ പുഷ്പങ്ങൾ ചൂടാതെകോമളാപാംഗിതൻ കൂന്തൽച്ചുരുളുകൾ;പാറിക്കിടന്നൂ, പുറകിലും, തോളിലും,മാറിലു, മോമൽക്കഴുത്തിനു ചുറ്റിലും;പൊൻതൂണിലേറിപ്പടർന്നു തൂങ്ങും, നീല-മുന്തിരിച്ചില്ലപ്പടർപ്പുകൾമാതിരി!

മുന്നോട്ടു കാൽകൾ തളർച്ചയാൽ നീങ്ങാതെനിന്നുപോയാ മരച്ചോട്ടിൽ മനോഹരി!തെല്ലാശ്വസിക്കാ, നുടനൊരു മഞ്ഞണി-ക്കല്ലിൽ തലചായ്ച്ചിരിക്കുകയായവൾ!കഷ്ടം, പളുങ്കുമണികൾപോൽ കണ്ണിൽനി-ന്നിറ്റിറ്റുവീഴുന്നു കണ്ണീർക്കണികകൾ!ഓരോ നെടുവീർപ്പുമോതുന്നതുണ്ടുള്ളി-ലോമലാൾക്കൊട്ടുമൊതുങ്ങാത്ത സങ്കടം!

ആണ്ടുനിശ്ശബ്ദതയിങ്കലക്കാടുകൾനീണ്ടുകനത്തു തുടങ്ങീ നിഴലുകൾ.ആടാതെയായ് മരക്കൊമ്പുക,ളൊറ്റയ്ക്കു-പേടിയാകും!—ശാന്തമായീ സമസ്തവും!

മുന്നിലായ്ക്കണ്ടൂ, സുധാംഗദ, മുന്നോട്ടുമിന്നിപ്പുളഞ്ഞുപതഞ്ഞുപോം ഗംഗയെ; മെല്ലെയെഴുനേറ്റു കൈകൂപ്പിനിന്നവൾചൊല്ലിനാൾ തേങ്ങിക്കരഞ്ഞുകൊണ്ടിങ്ങനെ:

“അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേത്ര്യംബകലാളിതേ, കേൾക്ക നീ, ശർമ്മദേ!എന്മനസ്പന്ദനം നിന്നുപോംമുൻപു നി—ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!

എങ്ങുമിശ്ശൈലവനാന്തരംഗങ്ങളിൽതിങ്ങിത്തുളുമ്പുന്നു മദ്ധ്യാഹ്നശാന്തത.പച്ചിലപ്പൊത്തിൽ, ചിറകൊതുക്കിച്ചെറു—പക്ഷികൾ വിശ്രമിക്കുന്നൂ നിരാതപം.ഓട്ടവും ചാട്ടവും നിർത്തിയിരിക്കുന്നുകാട്ടുപുൽച്ചാർത്തിലായ് പച്ചക്കുതിരകൾ.പാറപ്പിളർപ്പിനിടയ്ക്കു വെറും നിഴൽ—പ്പാടുകൾപോൽ വിശ്രമിക്കുന്നു തേളുകൾ.സദ്രസം വല്ലരിക്കെട്ടുകളിൽ സുഖ—നിദ്രചെയ്തീടുന്നു പച്ചിലയോന്തുകൾ.വാടിക്കഴുത്തു ചായ്ക്കുന്നു തുളസികൾആടിടാതാകുന്നു തൈക്കുളിർവല്ലികൾ.പങ്കജപ്പൂന്തൊട്ടിലിൽ കിടന്നീടുന്നുതങ്കരേണുക്കൾപുരണ്ട തേനീച്ചകൾ.വിസ്തൃതമാകുമിക്കാനനവീഥിയിൽവിശ്രമിക്കാതുള്ളു ഞാൻ മാത്രമംബികേ!എന്മിഴി രണ്ടും നിറച്ചു തപ്താശ്രുവാ—ണെന്മനസ്സിങ്കൽ നിറയെ പ്രണയവും!പൊട്ടുകയാണെൻ ഹൃദയ,മയ്യോ, മൂടൽപെട്ടിതാ മങ്ങിത്തളരുന്നു കണ്ണുകൾ.കേവലമൊന്നിനും കൊള്ളാത്തൊരിക്ഷുദ്ര—ജീവിതത്തിങ്കൽ മുഷിഞ്ഞുകഴിഞ്ഞു ഞാൻ!

അംബികേ, ഗംഗേ, നമസ്തേ നമോസ്തു തേത്ര്യംബകളലാളിതേ കേൾക്ക നീ, ശർമ്മദേ!എന്മനസ്പന്ദനം നിന്നുപോം മുൻപു നി—ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!കേൾക്കൂ, കനിഞ്ഞെൻ മൊഴികൾ, വസുന്ധരേ!കേൾക്കുവിൻ, മഞ്ഞണിവെള്ളിമലകളേ!കേൾക്കുവി, നുഗ്രഫണികൾ നിർബ്ബാധമായ്പാർക്കും ഗഭീരഗിരിഗഹ്വരങ്ങളേ!നിൽക്കുവിൻ, കേൾക്കുവിൻ, നിങ്ങ,ളിരച്ചാർത്തുനിർഗ്ഗളിച്ചീടും വനനിമ്‌നഗകളേ!ഭൂവിതിൽ വിശ്രുതനാകുമൊരു ജല—ദേവതതന്നുടെ നന്ദിനിയാണു ഞാൻ.നിൽക്കുവിൻ ഞാനൊരു പാട്ടി,ലെന്നുൽക്കട—ദുഃഖം മുഴുവൻ തെളിച്ചു കേൾപ്പിക്കുവൻ!അമ്മട്ടിലെങ്കിലും ചെറ്റു താപം കുറ—ഞ്ഞെന്മനസ്സല്‌പമൊന്നാശ്വസിച്ചെങ്കിലോ!

അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേ,ത്യംബകലാളിതേ, കേൾക്ക നീ ശർമ്മദേ!എനമ്നസ്പന്ദനം നിന്നുപോം മുൻപു നി—ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!പൊന്നാളിയാളും പുലർക്കാലദീപ്തിയിൽമിന്നുന്ന കുന്നിന്നിരകൾക്കടിയിലായ്നിർജ്ജനകാനനനിർത്ധരപ്രാന്തത്തിൽമജ്ജീവനാഥനെക്കാത്തന്നു നിന്നു ഞാൻ;മഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷകങ്ങളായ്മിന്നീ മുകളിലധിത്യകാഭൂമികൾ;മിന്നീ മുകളിൽ മരതകക്കാടുകൾമഞ്ഞിൽ മുങ്ങിക്കുളിച്ചാകർഷങ്ങളായ്!വാസന്തചൂഡൻ മദനമനോഹരൻവാസന്തചൂഡൻ മലിനമനോധരൻ,കൊമ്പും കുളബും വെളുത്തു, മുടലൊക്കെ—യഞ്ഞനതുല്യം കറുത്തു, മൊരാടിനെപിന്നിൽ വലിച്ചു നയിച്ചുകൊണ്ടാറ്റയ്ക്കുവന്നു യമുനാതടത്തിൽനിന്നങ്ങനെ!

അംബികേ, ഗംഗേ, മരിപ്പതിന്മുൻപിൽ ഞാ—നൻപിയന്നോതും മൊഴിയുന്നു കേൾക്കണേ!പാറപ്പടർപ്പിൽത്തടത്തു തകർ,ന്നേറെദൂരെ, ത്തളർന്നൊഴുകുന്ന കാട്ടാറുകൾ.അങ്ങോട്ടു ചെല്ലാൻ വിളിച്ചു നിരന്തരംപൊങ്ങുമിരമ്പാലാലെന്നെയാത്താദരമ്ന്.ഏകാന്തകാല്യം തുഹിനനിബിഡിത—മാകിയോരുത്തുംഗശൃംഗരംഗങ്ങളിൽപാകി, ലസൽകാഞ്ചനോജ്ജ്വലചഞ്ചലപാടലലോലമയൂഖപടലികൾ!ആനമ്രബാഷ്പാദ്രനേത്രയാ, യാർത്തയായ്ഞാനവിടത്തിൽത്തനിച്ചിരുന്നീടിനേൻവെള്ളിനക്ഷത്രമെന്നോണം വെളുവെളെ—ഉല്ലസിക്കും നഗ്നവിസ്തൃതോരസ്സുമായ്,അപ്പുലർദീപ്തിക്കഭിമുഖനായ് നട—ന്നപ്രതിമോജ്ജ്വലൻ വന്നെത്തി മൽപ്രിയൻ;തോളത്തു ഞാന്നുകിടന്നിതൊരു പുലി—ത്തോ,ലുത്തരീയം കണക്കു ചേർന്നങ്ങനെ.പറ്റിക്കിടന്നു തുടുത്ത ഗണ്ഡങ്ങളി—ലറ്റം ചുരുണ്ട തൽ കൂന്തൽച്ചുരുളുകൾ.അദിത്യരശ്മികളാപതിച്ചാലോല—വാതമേറ്റേറ്റു കുണുങ്ങുമലകളിൽ,വർണ്ണപ്പകിട്ടാൽ മശവില്ലു വീശുന്നവെൺനുരച്ചാർത്തുകൾ മിന്നുന്നമാതിരി;വർണ്ണം തുളുമ്പിത്തുടുതുടുത്തങ്ങനെമിന്നിത്തിളങ്ങി തൻപൂങ്കവിൾത്തട്ടുകൾ!ദൂരത്തു കണ്ടപ്പോഴേക്കും, —നടന്നെന്റെചാരെയെത്താനുള്ള താമസം കാരണം—അൻപി, ലെൻ നാഥനെക്കെട്ടിപ്പിടിക്കുവാൻമുൻപോട്ടു വെമ്പിക്കുതിച്ചു, ഹാ, മന്മനം!

മൽപ്രിയേ ഗംഗേ, മരിപ്പതിൻമുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!മന്ദഹസിച്ചു നിവർത്തിനാൽ മൽപ്രിയൻസുന്ദരമായ തൽ ശ്വേതകരപുടം.കണ്ടേൻ കനകലകുചഫലമൊന്നുതണ്ടലർപോലെ വിടുർന്നൊരക്കൈയിൽ ഞാൻ!നിർവ്വളിച്ചാനതിൽനിന്നും നിരന്തരംസ്വർഗ്ഗീയമാകുമമൃതപരിമളംആ മുഖം നോക്കി ഞാൻ നിൽക്കെ,പ്പതിച്ചിതൻപ്രേമാർദ്രഹൃത്തി,ലീ വാക്സുധാനിർത്ധരം.

“ഓമൽസുധാഗദേ, ഹർഷദേ, മല്പ്രേമ—ധാമമേ, മാമകപ്രാണപ്രിയതമേ!കണ്ടാലുമാകർഷകോജ്ജ്വലകാഞ്ചനം—കൊണ്ടുള്ളതാമീലകുചഫലത്തെ നീ!’അത്യന്തസുന്ദരിയായവൾക്കെ’ ന്നിതിൽകൊത്തിയിട്ടുള്ള കുറിപ്പിചു കാൺക നീ!എന്നൊടാവശ്യപ്പെടുന്നതിൻസ്സൂചനതന്നിറ്റേണം ഞാൻ നിനക്കിതെന്നോമനേ!ചാരണനാരികൾ സിദ്ധമുഗ്ദ്ധാഗികൾചാരിത്രസമ്പന്നഗന്ധർവ്വകനികൾ—മിന്നൽക്കൊടികൾപോലുണ്ടീ വനങ്ങളി—കൊന്നു പോലായിരമാഗനാവല്ലികൾഎന്നാലവരിലൊരാൾക്കുമില്ലോമലേനിന്നോളമത്രയ്ക്കനുപമസൗഭഗം.മറ്റാർക്കു കാണും, മനോജ്ഞമാം നിന്റെയീനെറ്റിത്തടവും കുടിലാളകങ്ങളും? —ഒന്നനങ്ങുമ്പോൾ തടിൽക്കൊടിക്കൂമ്പുകൾമിന്നിപ്പറക്കും ചടുലനേത്രങ്ങളും? —കുന്ദമന്ദസ്മിതപ്പൂക്കളുതിരുന്നസുന്ദരമാകുമരുണാധരങ്ങളും? —ഇല്ലില്ല, നിന്നോളമാകർഷകാംഗിയാ—യില്ല ലോകത്തിൽ മറ്റാരുമോമലേ!”

മല്പ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!പിന്നെയച്ചെമ്പനീർപ്പൂവണിച്ചുണ്ടുക—ളെന്നധരത്തിലമർത്തിസ്സകൗതുകംഏതോ കതയൊന്നരുളുവാൻ പോകുന്ന—രീതിയിൽ വീണ്ടും തുടർന്നു ഹാ മൽപ്രിയൻ:

“സദ്രസം വൈശ്വവണാലയന്തത്തില—സ്സദ്യയെല്ലാം കഴിഞ്ഞാനന്ദലോലരായ്ഞങ്ങളതിഥികളോരോ വിനോദങ്ങൾതങ്ങളിൽത്തങ്ങളിൽ ചൊന്നുകൊണ്ടങ്ങനെവിശ്രമിച്ചീടിനാരാലസൽക്കാഞ്ചന—വിദ്രുമനിർമ്മിതവിശ്രമശാലയിൽ.കേൾക്കായി പെട്ടെന്നടുത്ത മച്ചിൽ പലവാഗ്വാദഘോഷവും മാശിപിടിത്തവും.അംഗനാരത്നങ്ങൾ മേവുമപ്പൂമച്ചിൽഞങ്ങൾ കടന്നു വിവരമറിയുവാൻ.

ആ മുറിക്കുള്ളിലിരുന്നതാണിദ്ദിവ്യ —കോമളസ്സ്വർണ്ണലകുചോജ്ജ്വലഫലം!ആരുമറിഞ്ഞി,ല്ലെവിടെനി, ന്നെപ്പോ, ൾ—താ, രെന്തിനായ്, കൊണ്ടുവന്നുവെന്നൊന്നുമേ!ഓർത്തു കുബേര, നസ്സൽക്കാരസദ്യയ്ക്കു’മാദ്രിക’യെത്താൻ ക്ഷണിക്കാത്ത തെറ്റിനെ!യക്ഷപുരോഹിതന്മാരിലൊരുവനാം’ലക്ഷണാാമിത്ര’ന്റെ നന്ദിനിയാണാവൾ.ആരും ക്ഷണിച്ചതില്ലെങ്കിലും വന്നിതാനാരിയവിടെക്കലഹമുണ്ടാക്കുവാൻ,കഷ്ട, മവളായിരുന്നു, മുറിക്കുള്ളി—ലിട്ടേച്ചുപോയതപ്പൊൻപക്വമങ്ങനെ.’അത്യന്തസുന്ദരിയായവൾക്കെ,’ന്നതിൽകൊത്തിയിട്ടുള്ള ലിപികളെക്കാൺകയാൽ.ഞാനാണവകാശി, ഞാനാണവകാശിനാണമില്ലാതെ കലഹിച്ചു ദേവിമാർ,’ഇന്ദിരാദേവി’യും ‘ഭാരതീദേവി’യുംകന്ദർപ്പകാന്തയാമാ ‘രതീദേവി’യുംതമ്മിൽ പിടിയും വലിയും തുടങ്ങിനാർകമ്രമായോരക്കനകഫലത്തിനായ്!തീരുകില്ലിത്തർക്കമെന്നോർത്തു, യാതൊന്നു—മോരാതെ പിന്മടങ്ങീടിനാർ ഞങ്ങളും.വെണ്മണൽത്തിട്ടിൽ, സരയൂതടത്തിൽ, ഞാ—നിന്നലെസ്സന്ധ്യയ്ക്കിരിക്കുന്നവേളയിൽ,വന്നണഞ്ഞീടിനാൻ രംഭയെൻ മുമ്മിലി—പ്പൊന്നിൻലകുചഫലവുമായങ്ങനെ!’നിങ്ങൾ തീർക്കേണമിത്തർക്ക’, മെന്നെന്നോടുചൊന്നിതെൻ കയ്യിൽ സമർപ്പിച്ചനന്തരം,’ആകില്ലെനിക്കെന്നു’, നാവൊന്നനക്കുവാ—നാകുന്നതിന്മുൻപിലെങ്ങോ മറഞ്ഞവൾ!ഇപ്പോളിവിടെ വന്നെത്തുമാ ലക്ഷ്മിയു—മുല്പലസായകപത്നിയും വാണിയും.ഏകീടണമിന്നവരിലൊരാൾക്കു ഞാ—നാകമ്രമായൊരീ മായികപ്പൊൻകനി!മന്ദാനിലനിലലകളിളകുമീ—ച്ചന്ദനവൃക്ഷപ്പടർപ്പിനിടയിലായ്പൂത്തുനിന്നീടുന്ന പിച്ചകപ്പച്ചില—ച്ചാർത്തിൽ മറഞ്ഞു നീ നിന്നാലുമോമനേ!കാണാം നിനക്കെന്റെ മുൻപിലദ്ദേവിമാർനാണംകുണുങ്ങി നടത്തുന്ന നാടകം.കേൾക്കാം നിനക്കിപ്പോളീശ്വരിമാരവർമേല്ക്കുമേലൊന്നോടരുളും പരാതികൾ.സസ്പൃഹം സാക്ഷ്യം വഹിക്കുനൊന്നെൻ വിധി—കൽ!പനയ്ക്കേവമദൃശ്യയായ്! നിന്നു നീ!…

മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുന്നംബികേ!മദ്ധ്യാഹ്നകാലമാണപ്പോ, ളകലത്തുമുറ്റിനില്കും മരച്ചാർത്തിനിടയിലായ്തത്തിത്തളർന്നു നടന്നിതലഞ്ഞൊരുമുത്തണിവെള്ളിയുടുപ്പിട്ട വെണ്മുകിൽ.ചങ്ങാതിമാരെപ്പിരിഞ്ഞുവഴിതെറ്റി—യങ്ങവിടെത്തനിച്ചെത്തിയമാതിരി!എത്തിയദ്ദേവിമാർ മൂവരുമൊപ്പോഴേ—യ്ക്കത്തൃണാകീർണ്ണമാം താഴ്വരത്താരയിൽ.ദേവിമാർതൻ പദസ്പർശത്തിലൊന്നൊടേപൂവ്ടിട്ടുപോയി കർപ്പൂരത്തുളസികൾ!എത്തിപ്പിടിച്ചാത്തു പുല്കിയക്കാലുകൾഭഖ്റ്റ്യാദരത്താൽ കുതിരവാൽപ്പുല്ലുകൾ!രണ്ടു വരിയായ് നിരന്നു പൊൻപൂവണി—ച്ചെണ്ടിനാൽ താലമ്പിടിച്ചു ജമന്തികൾ.നീരോളമാളും കനകപട്ടാംബരംനീളെ നിലത്തു വിരിച്ചു മുക്കുറ്റികൾ!തോരണം തൂക്കി തളിർച്ചില്ലകൾകൊണ്ടുനേറം മുകളിലാ മുന്തിരിപ്പച്ചകൾ!വെഞ്ചാമരം വീശിനിന്നു മണിത്തെന്നൽപഞ്ചമം പാടാന്തുടങ്ങീ കുയിലുകൾ!നീലിച്ച പീലി വിടുർത്തി, മരക്കൊമ്പി—ലാലവട്ടം പിടിച്ചാടി മയിലുകൾ!ദേവിമാർതന്നെഴുറന്നള്ളത്തി, ലമ്മട്ടി—ലാ വനം നല്കീ പ്രമോദപരർശനം.ജ്യോതിർസ്വരൂപിണിമാരവർക്കാവിധ—മാതിത്ഥ്യമേകിയിപ്പുണ്യഹിമാലയം.

അംബികേ, ഗംഗേ, മരിപ്പതിന്മുൻപു ഞാ—നല്പിയന്നെമൊഴിയൊന്നു നീ കേൾക്കണേ!ഹാ, മലർമാതിൻ ശിരസ്സിനു മീതെയായ്വാർമുകിൽത്തങ്കവിമാനമൊന്നെത്തിനാൽ.വെള്ളിച്ചിറകുമൊതുക്കിയതിനക—ത്തുല്ലസിച്ചാനൊരു മഞ്ജുമരാളകം.മുറ്റു, മവിടെ, യപ്പൊന്മുകിൽത്തേരിൽ നി—ന്നിറ്റിറ്റുവീണിതമൃതകണികകൾ!ആദ്യ, മദ്ദേവി, യെൻ നാഥനെക്ക,ണ്ടഭി—വാദ്യശേഷം, പലതോതിത്തുടങ്ങിനാൾ!രാജാധികാരം, ഭരണം, സുവിസ്തൃത—രാജ്യം, നികുതി, പലതുമിതുവിധം.ഏകുന്നതാണുതാ, നെന്നാഥനെന്നു ചൊ—ന്നേവം കഥിക്കയായേടലർമങ്കയാൾ:

“കാടും, മലകളും, തോടും, തോടും, പുഴകളുംവാടികളും, പാലേ മേടും തൊടികളും,തിങ്ങു,മസീമമാം സാമ്രാജ്യമണ്ഡലം—തന്നാധിപത്യം നിനക്കു ഞാൻ നല്കുവൻ.പച്ചപ്പുടവയുടുത്തുല്ലസിക്കുന്നനെൽച്ചെടിപ്പാടമൊരായിരമങ്ങനെ;പൊന്നും നവരത്നജാലവും വെള്ളിയു—മൊന്നും വിളയും കഹ്നികളൊട്ടങ്ങനെ;ചുങ്ക,മാദായനികുതിയും, കപ്പവുംചെങ്കോലു,മോരോ കരങ്ങളുമങ്ങനെ;സാമന്തസേവനം, സാമ്രാജ്യവേതനം,സാമർത്ഥ്യശക്തമാം സേനാഗണാവനം,നാടും, നഗരവും, സ്വീപസമൂഹവുംനീടുറ്റ നാന തുറമുഖശ്രേണിയും;ഉത്തുംഗഗോപുരപ്രാകാരപംക്തിയുംവിദ്രുമസ്വർണ്ണസുരമ്യഹർമ്മ്യങ്ങളും;നല്കാം നിനക്കു ഞാൻ, നല്കാം നിനക്കു ഞാൻചൊല്ക നീ, യപ്പൊങ്കനിയെനിക്കേകുമോ?”

അംബികേ, ഗംഗേ, മരിപ്പതിന്മുൻപ് ഞാ—നർപിയെന്നെന്മൊഴിയൊന്നു നീ കേൾക്കണേ!പിന്നെയും പിന്നെയും രാജാധികാരത്തെവർണ്ണിച്ചുചൊല്ലിനാളദ്ദേവിയിങ്ങനെ:

“ലോകത്തിലുള്ള സമസ്തകർമ്മങ്ങൾക്കു—മേകമാം ലക്ഷി’ശ്ശക്തി’സംബാദനം.ശക്തി,—കാലത്തിന്നനുയോജ്യമായുള്ളശക്തി—നിനക്കതാണേകുന്നതിന്നു ഞാൻ!ബുദ്ധിയിൽ നിന്നുമുദിച്ച, തേ ബുദ്ധിയാൽസിദ്ധമാം സിംഹാസനത്തിനധിപനായ്,വാഴാം നിനക്കിന്നു വിശ്വവിഖ്യാതനായ്,വാസന്തചൂഡ, വിഷാദിച്ചിടായ്ക നീ!ചെങ്കോൽപ്പിടിത്തത്തിൽനിന്നും, മരവിച്ചുനിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;നിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;എന്നുമയർൽരാജ്യസിംഹാസനങ്ങളിൽ—നിന്നുറ്റസഖ്യവും, സാവർഭ്യമത്വവും!—മറ്റെന്തു വേണം?—നിനക്കിതാ,ണിക്ഷണംചെറ്റും മടിക്കാതെ, ഞാനേകിടും വരം!ഞാനാണു സർവ്വസമ്പത്തിനും നാഥയാംഞാനാണു, നിന്നെയനുഗ്രഹിക്കുന്നവൾ!നീയിത്രനാളും വെറുമൊരു ഗന്ധവർവ—നായിക്കഴിഞ്ഞു ഹിമവൽത്തടങ്ങളിൽ.ഹാ, വാസ്തവത്തി, ലൊരിന്ദ്രസമാനനാംഭൂവല്ലഭനായി വാഴേണ്ടതാണു നീ!—തട്ടിമാറ്റായ്കിന്നു നിൻപടിവാതിലിൽമുട്ടിവിളിക്കുമിബ്ഭാഗ്യോദയത്തെ നീ!ഇത്രിലോകങ്ങൾക്കധീശനാക്കീടുവാൻമിത്രമേ, നിന്നെ ക്ഷണിക്കുന്നു വന്നു ഞാൻ!കൈക്കൊൾക നീയൻ നിരഘസംഭാവന—യൊക്കെയും—നിന്നെയനുഗ്രഹിക്കുന്നു ഞാൻ!…

മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!ഏവം കഥിച്ചു വിരമിച്ചിതിന്ദിരാ—ദേവി, സംതൃപ്തനായ് തീർന്നിതെൻനാഥനും.ലോകാധിപത്യസംപ്രാപ്തി!—മറ്റെന്തൊരുഭാഗധേയം വേണ്ടതായതിൻമേലെയായ്!സന്തുഷ്ടനായിസ്സുവർണ്ണഫലമത—ചെന്താരിൽമാതിനു നീട്ടിയെഅൻ വല്ലഭൻ”നിൽക്കൂ വരട്ടെ”—തടുത്തുകൊണ്ടപ്പൊഴേയ്ക്കുൾക്കിതപ്പോടിദം വാണിമാതോതിനാൾ!നിന്നതവളുടെ കാൽച്ചുവട്ടിൽ തത്തിമുന്നുന്ന പീലി വിടുർത്തിയൊരാൺമയിൽ!മാറോടുചേർന്നക്കരവല്ലരിയിലാമാണിക്യവീണ ലസിച്ചൂ മനോഹരം.വാസന്തചൂഡന്റെ ചിത്തഭാവം കണ്ടുവാണിക്കു കോപം ജ്വലിച്ചിതെന്നാകിലും,തെല്ലതുൾക്കാമ്പിലടക്കിനിന്നീവിധംചൊല്ലിനാൾ മൽപ്രാണനായകനോടവൾ:”ആത്മബഹുമാന, മാത്മനിയന്ത്രണ—മാത്മവിജ്ഞാന, മീ മൂന്നു മഹദ്വുണംഉത്തിഷ്ഠമാനമാ, മുത്തമമാ, രാജ—ശക്തിയിലേക്കു നയിക്കുന്നു ജീവിതം.എന്നാലുമശ്ശക്തി സിദ്ധിക്കുമാത്രമാ—യിന്നാ ഗുണങ്ങൾ വരിപ്പതനുചിതം.(ആഗതമാകും സ്വയമതൊരുവനി—ലാ ഗുണം മൂന്നും തെളിത്തുല്ലസിക്കുകിൽ)നിർത്തുവാൻ ജീവിതം നീതിയാ, ലാ നീതിനിർഭയം ജീവിച്ചു ചെയ്തുകാണിക്കുവാൻ—എന്നും ‘ശരി’ ശരിയാണ,തിനാൽ, ശരി—യെന്നു തോന്നുന്നതനുഗമിച്ചീടുവാൻ—എന്തുമാകട്ടേ ഫല, മവയെന്തെന്നുചേതസ്സിലോർക്കാതനുഗമിച്ചീടുവാൻ—ഉദ്ദ്യുക്തനാക്കുന്നതാണതിശ്രേഷ്ഠമാംബുദ്ധി,—യതിനാസ്പദമാഗ്ഗുണത്രയം!”മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!ചൊല്ലിനാൾ പിന്നെയും വാണി: “സമ്മാനങ്ങളല്ലേകുവാൻ പോവതിന്നു നിനക്കു ഞാൻസമ്മാനദാനത്തിനാകില്ലിതിൽപരംസമ്മോഹിനിയാക്കിയെന്നെ മാറ്റീടുവാൻ!ഞാനീ നിലയിലെമ്മട്ടു തോന്നുന്നവ—ളാ,ണതുപോൽ നീ ഗണിക്കിൽ മാത്രം മതി,എന്നാകിലേ, നിനക്കത്യന്തസൗന്ദര്യ—മെന്നിലാണെന്നിന്നു കാണാൻ കഴിഞ്ഞിടൂ.എന്നിരുന്നീടിലും, സമ്മാനലാഭത്തിൽമിന്നിവിടരും മിഴികൾക്കുമാത്രമേ,ദേവതമാരായ ഞങ്ങൾതന്നാകാര—ലാവണ്യനിർണ്ണയശക്തിയുള്ളെങ്കിലോ;ഞാനും നിനക്കു വരം തരാം, ലേശവുംഗ്ലാനിയതോർത്തു നിന്നുള്ളിലുണ്ടാകൊലാ!നിന്നെ ഞാൻ ഗാഢമായ് സ്നേഹിച്ചിടാം, നിന്നൊ—ടെന്നുമൊട്ടിപ്പിടിച്ചൊന്നിച്ചിരുന്നിടാം.അഭ്യാസമൂലം സഹനശീലം നിന്നി—ലത്രയ്ക്കധികം ബലിഷ്ഠമാകുംവരെ;—പാരിലനുഭവകോടികളെ സ്വയംനേരിട്ടെതിരിട്ടറിഞ്ഞറിഞ്ഞങ്ങനെ,കെല്‌പു വായ്ക്കുംമട്ടിൽ നിന്നാത്മനിർണ്ണയ—ശക്തിക്കുപൂർണ്ണവളർച്ചകിട്ടുംവരെ;—നിന്നെ നയിക്കുന്ന നിർമ്മലനീതിയായ്നിന്നു, നിൻ ജീവിതം സംസ്കരിച്ചീടുവാൻ;—ഉത്തമസ്വാതന്ത്യപൂർണ്ണതപൂശിനി—ന്നുജ്ജ്വലജീവിതം മാതൃകയാക്കുവാൻ;—ഓരോതരത്തിൽ നടുക്കങ്ങൾ, കർമ്മങ്ങൾഘോരവിപത്തുക,ളിത്തടസ്സങ്ങളാൽ,ദുർഗ്ഗമായിത്തീർന്നിടുന്നതാം ജീവിത—ദുർഗ്ഗസരണിയിൽക്കൂടി നിരാകുലം,വെന്നിക്കൊടിയും പറപ്പിച്ചുകൊണ്ടു നീമുന്നോട്ടു മുന്നോട്ടു പോകുമാറങ്ങനെനിന്മനസ്പന്ദനം തോറും കലർത്തിടാംനിർമ്മായമെൻ സർവ്വശക്തിയുമിന്നു ഞാൻ!എന്നിൽനിന്നുണ്ടാം പ്രചോദനമുൾക്കൊണ്ടുമന്നിതിൽ ദേവനായ് മാറും ക്ഷണത്തിൽ നീ!ചോരയിലെന്റെ ചൈതന്യമുൾക്കൊണ്ടു നി—ന്നോരോ സിരയും തുടുക്കും തെരുതെരെ!നീ മണ്ണടിയിലും, മായാതെ നിന്നിടുംനീ മന്നിൽ നേടും വിശിഷ്ട വിഖ്യാതികൾ!കാലത്തിനാകില്ല നിന്നെ മറയ്ക്കുവാൻലോകത്തിനാകില്ല നിന്നെ മറക്കുവാൻ!”

ഏവം കഥിച്ചു പിൻവാങ്ങിനാൾ, ഭാരതീ—ദേവി—ചിന്താവിഷ്ടനായി മൽക്കാന്തനും.”മൽപ്രാണനാഥാ, കൊടുക്കൂ സരസ്വതി—ക്കപ്പൊൻകനി”—ഞാൻ പുറകിൽനിന്നോതിനാൾ.കേട്ടാതില്ലെന്മൊഴി; യല്ലെങ്കിലന്നതുകേട്ടതായിട്ടു നടിച്ചില്ല മൽപ്രിയൻ!ദുർഭഗ ഞാനെന്തു ചെയ്യട്ടെ, ദൈവവുംനിർദ്ദയമയ്യോ വെടിഞ്ഞവളാണു ഞാൻ!

അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേത്ര്യംബകലാളിതേ, കേൾക്ക നീ ശർമ്മദേ!എന്മനസ്പന്ദനം നിന്നുപോം മുൻപു, നി—ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!കല്ലോലമാലയിൽ വെൺനുരമാതിരിവല്ലീമതല്ലിയിൽ മഞ്ജരിമാതിരി;നാണം കുണുങ്ങിയെൻ നാഥന്റെ മുന്നിലാനാളീകനാളീകനായികയെത്തിനാൾ.അറ്റത്തു വാടാമലർവെച്ചു വെണമുല്ല—മൊട്ടുക്കൾകൊണ്ടു തൊടുത്ത പൂച്ചെണ്ടുപോൽമിന്നിയദ്ദേവിതൻ ഹസ്താഗ്രഭാഗത്തുസന്നസൗന്ദര്യം വഴിഞ്ഞ വിരലുകൾ!നെറ്റിത്തടത്തിലും ചെമ്പനീർപൂങ്കവിൾ—ത്തട്ടിലും പാറീ കുറുനിരച്ചാർത്തുകൾ!നീലോല്‌പലക്കണ്മുനകൾ, വിദ്യുല്ലതാ—പാളികൾ പാകി പരിസരപ്പച്ചയിൽ!അക്കുള്ളിർപ്പൊന്നുടൽത്തൈവല്ലിയെപ്പൊതി—ഞ്ഞുജ്ജ്വലിക്കും നീലനീരാളസാരിയിൽ;കാളിന്ദിയിൽപ്പോലിളകിയിടയ്ക്കിടെ—ച്ചേലഞ്ചിടും ചില വീചികാരേഖകൾ!പട്ടുപുതപ്പിച്ച മിന്നൽക്കൊടിയെന്ന—മട്ടുല്ലസിച്ചിതാ മംഗളരൂപിണി!

മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻമദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!കുന്ദമുകുളം വിടരുന്നപോലൊരുമന്ദസ്മിതാങ്കുരമർപ്പിച്ചന്തരം,മുന്നോട്ടു നീങ്ങി, യെൻ നാഥന്റെ കർണ്ണത്തിൽമന്ദം മനോഹരി മന്ത്രിച്ചിതീവിധം:”ഇത്രിലോകങ്ങളിലുള്ളതിലേറ്റവുംചിത്തം കവരുന്ന ലാവണ്യലക്ഷ്മിയെ,ശങ്കിച്ചിടേണ്ട, വരികെന്നൊടൊന്നിച്ചുനിൻ കാന്തയായ് നിനക്കേകിടാമിന്നു ഞാൻ!”ഇമ്മട്ടിലദ്ദേവിയോതീ; ഭയത്തിനാ—ലെന്മിഴി രണ്ടുമിറുക്കിയടച്ചു ഞാൻ.പിന്നെ ഞാൻ കണ്ണുതുറക്കവേ, കണ്ടിതെൻമുന്നിൽ, കരമുയർത്തുന്നതായ് മൽപ്രിയൻ.കണ്ടേനടങ്ങാത്ത കോപമാർന്നക്ഷണംതണ്ടാരിൽമാതും സരസ്വതീദേവിയുംഅപ്പൊന്മുകിൽത്തേരിലേറി മായുന്നതുംമൽപ്പാർശ്വദേശം വിജനമാകുന്നതും!ചന്ദനത്തൈമരച്ചാർത്തിനിടയിലായ്നിന്നിടുന്നൂ തനിച്ചാകുലസ്തബ്ധ ഞാൻ!ആ നിമേഷം തൊട്ടിതുവരെ, ക്കഷ്ട,മി—ക്കാനനഭൂവിൽ കഴിവു ഞാനേകയായ്.അയ്യോ, മരിക്കുംവരെയ്ക്കു, മെനിക്കിദംവയ്യവയ്യെന്നും തനിയേ കഴിയണം!

എങ്കിലും, ഗംഗേ, മരിപ്പതിൻമുൻപിലെൻസങ്കടമ്മൊന്നിതു കേൾക്ക നീയംബികേ!അത്യന്തസുന്ദരി—ഹാ കഷ്ട, മെന്തിനാ—ണാത്യന്തസുന്ദരിയാകും പ്രണയിനി?സുന്ദരിയല്ലി ഞാൻ?—ആയിരം പ്രാവശ്യ—മെന്നൊ, ടാണെന്നോതിയിട്ടുണ്ടു മൽപ്രിയൻചാരുതയില്ലായ്കയില്ലെന്നി, ലെന്നല്ലചാരിത്രശക്തിയുമുള്ളവളാണു ഞാൻ.നിൽക്കുന്നു, ശാർദ്ദൂലസിംഹാദിയാം ഘോര—ദുഷ്ടമൃഗങ്ങ,ളെന്മുന്നിൽ, പ്രശാന്തരായ്.വാലാട്ടിനിൽക്കുന്നു പുള്ളിപ്പുലിക,ളെൻതാലോലമേറ്റുകൊ,ണ്ടീ വനവീഥിയിൽ!ദുഷ്ടജന്തുക്കൾക്കുപോലു, മെന്നോടുള്ളി—ലിഷ്ടമു,ണ്ടത്ര ദയാവതിയാണു ഞാൻ.എന്നിട്ടു, മയ്യോ, കനിവെഴാതെന്തുകൊ—ണ്ടെന്നെയിക്കാട്ടിൽ വെടിഞ്ഞൂ മദ്വല്ലഭൻ?ആ രതീദേവി, യെൻ ജീവേശനേകുമാനാരി വിശ്വൈകവിലാസിനിതന്നെയോ?എന്നെ നിശ്ശേഷം മറന്നുവോ?—ഹാ, കഷ്ട—മെങ്ങു നീ, യെങ്ങു നീ, ജീവസർവ്വസ്വമേ!വയ്യെനിക്കൊന്നും, ദഹിക്കുന്നു മന്മന—മയ്യോ, വരില്ലേ തിരിച്ചെന്നടുത്തു നീ?കഷ്ടമപ്പൂവുടൽ മാറോടു ചേർത്തൊന്നുകെട്ടിപ്പിടിക്കാൻ കൊതിച്ചുനിൽക്കുന്നു ഞാൻ!ജീവാധിനാഥ, ഭവാനിന്നു മൽപാർശ്വ—ഭൂവിലിനിയും തിരിച്ചുവന്നെത്തുകിൽ,വേനലിൽ വീഴും മഴത്തുള്ളികൾപോലെഞാനത്തുടുത്ത കവിളിലും ചുണ്ടിലും,തപ്താധരങ്ങളുരുമ്മിത്തുരുതുരെ—യർപ്പിക്കുമായിരം ചുംബനപ്പൂവുകൾ!അത്യന്തസുന്ദരിയായവളാരെന്നസത്യ, മന്നേരമറിഞ്ഞുകൊള്ളും ഭവാൻ!ആ ഗളത്തിങ്കൽ കരംകോ,ർത്തിനി, വിട്ടു—പോകാതെ, നിർത്തും പിടിച്ചു ഞാനങ്ങയെ!ആ മാറിൽ, ഞാൻ, തല ചാച്ചു, നിബിഡമാംരോമകദംബം, നനയ്ക്കുമെന്നശ്രുവിൽ!എന്നടു, ത്തയ്യോ, തിരിച്ചുവന്നാലുമൊ—ന്നെങ്ങു, നീ, യെങ്ങു നീ, ജീവസർവ്വവമേ?…

അംബികേ, പേർത്തു, മരിപ്പതിന്മുൻപു ഞാ—നൻപിയന്നെൻമൊഴിയൊന്നു, നീ കേൾക്കണേ!വണ്ടണിച്ചെണ്ടിനാൽ, പൂങ്കുയിൽപ്പാട്ടിനാൽ,പണ്ടീ വനങ്ങൾ രസിപ്പിച്ചു ഞങ്ങളെ!അന്നീ മരതകക്കാട്ടി,ലെൻ നാഥനോ,—ടൊന്നിച്ചുവാണു സുഖിച്ച കാലങ്ങളിൽ;ഈ മേഖലകൾ, ഹിമാലയസാനുക്കൾശ്രീമയവൈകുണ്ഠരംഗങ്ങളായി മേ!തിങ്ങിത്തുളുംബിയിരുന്നു, നിരവദ്യ—സംഗീതമൊ, ന്നന്നവയിലെല്ലാറ്റിലും!ഇന്നവയെല്ലാം നരകങ്ങൾ ശൂന്യങ്ങ—ളൊന്നുമില്ലാത്ത വെറും മരുഭൂമികൾ!ഭീതിപ്പെടുത്തുകയാണവിയി, ന്നനു—ഭൂതികളറ്റുള്ളൊ, രെൻ ചേതനകളെഎങ്ങിനിപ്പോകും?—നശിച്ചു നശിച്ചു, ചെ—റ്റുമ്നേഷമേകും സമസ്തവസ്തുക്കളും!എല്ലാം വെറും പൊള്ള, യാശിക്കുവാനെനി—ക്കില്ലിനിയൊന്നും—മുഷിഞ്ഞു മജ്ജീവിതം!

അംബികേ, പേർത്തും, മരിപ്പതിന്മുൻപ് ഞാ—നൻപിയന്നെന്മൊഴിയൊന്നു നീ കേൾക്കണേ!ദൂരെ,യക്കാണുന്ന കുന്നുകൾക്കപ്പുറ-ത്താരണ്യകുഞ്ജത്തിലൊന്നിലേതെങ്കിലും;കാണാൻകഴിഞ്ഞേക്കു,മിക്കലഹങ്ങൾക്കുകാരണക്കാരിയാം മാദ്രികായക്ഷിയെ.അന്നു, വെറുതെയാ വൈശ്രവണാലയം-തന്നിൽ, വിളിക്കാതെ ചെന്നുകേറി, സ്വയം,ഇക്കലാപത്തിൻ കതിനകൊളുത്തിയകത്തിജ്ജ്വലിക്കുന്ന തീക്കൊള്ളിയാണവൾ!ഇല്ല,യെന്നെങ്കിലും കണ്ടുമുട്ടാതിരി-ക്കില്ല,ക്കനിവറ്റ കാളസർപ്പത്തെ ഞാൻ!-എന്നിട്ടുവേണ,മെനിക്കു,വിറക്കൊണ്ടു-നി,ന്നാ മുഖത്തു രണ്ടാട്ടുകൊടുക്കുവാൻ!എങ്കിലേ, കെട്ടൊന്നടങ്ങുകയുള്ളു ചെ-റ്റെൻകരൾക്കൊമ്പിലെക്കോപദാവാനലൻ.
അൻപാർന്നു പേർത്തതും, മരിപ്പതിൻമുമ്പു ഞാ-നംബികേ, നീ,യെൻമൊഴിയൊന്നു കേൾക്കണേ!പച്ചപിടിച്ചൊരിക്കുന്നിൻചുവട്ടിലി,ലി-പ്പച്ചപ്പുതപ്പിട്ട താഴ്വരത്താഴയിൽ;എന്തിനീ, ക്കല്ലി, ലതേ, മഞ്ഞുതുള്ളികൾചിന്തുമിക്കല്ലിലിരുന്നുകൊണ്ടങ്ങനെ;ഒന്നുപോ,ലായിരം പ്രേമപ്രതിജ്ഞക-ളെന്നോടു ചെയ്തിരിക്കുന്നു, മദ്വല്ലഭൻ!ലജ്ജിച്ചടുത്തിരിക്കുന്നൊരെൻ കൈത്തല-പ്പൊൽത്തളിർ മന്ദമുയർത്തിപ്പിടി,ച്ചതിൽ;സദ്രസ,മെത്രസുരഭിലചുംബനംമുദ്രണം ചെയ്തില്ല മജ്ജീവനായകൻ!!!എന്നപോ,ലായതി,ലെത്ര കണ്ണീർകണംചിന്നിയിട്ടില്ല, മൽപ്രാണപ്രിയതമൻ!ആ നല്ലകാല, മവതരിപ്പിച്ചിത-ന്നാനന്ദബാഷ്പകണങ്ങണെ, നിങ്ങളെ!നിങ്ങളും മാഞ്ഞുപോ, യാ നല്ലകാലവു-മിങ്ങിനിക്കിട്ടാത്തമട്ടിൽ, പറന്നുപോയ്!ഹന്ത, ഞാനിന്നു തൂകുന്നതോ?-മന്മനംവെന്തുരുകും തുടു കണ്ണീർകണികകൾ!എന്തന്തരം!- കഷ്ട, മോർക്കാനരുതെനി-ക്കെന്തു ചെയ്യാം?- ഹതഭാഗ്യയായ്പ്പോയി, ഞാൻ!നാനാനുഭൂതികൾക്കേകസങ്കേതമാംനാകമേ,നീയെന്നെ നോക്കുന്നതെങ്ങനെ?നീടുറ്റഭാഗ്യം തുളുമ്പും വസുന്ധരേ,നീ, യെന്റെ ഭാരം, സഹിക്കുന്നതെങ്ങനെ?മാരണദേവതേ, മാരണദേവതേ,മാറാതെനിൽക്കും കൊടുംകാളമേഘമേ!ഭാഗ്യവാന്മാർതന്നരികേ കടന്നുപോംഭാഗ്യഹീനന്മാ, രസംഖ്യമുണ്ടൂഴിയിൽ;കേവലമെന്തൊക്കെ വന്നുചേർന്നീടിലുംജീവിച്ചിരിക്കുവാനിഷ്ടപ്പെടുന്നവർ!അത്രയ്ക്കകക്കാമ്പഴിഞ്ഞു, ഹാ, നിന്നൊടി-ന്നർത്ഥിപ്പു ഞാ, നിതാ, മാരണദേവതേ!—അൻപിൽ, നീ മജ്ജീവിതപ്രകാശത്തിന്റെമുമ്പിലൂടൊന്നു കടന്നുപോകേണമേ!ഹാ, ഞൊടിക്കുള്ളിലെന്നാത്മാവിലൊട്ടുക്കുനീ, നിൻ കരിനിഴലൊന്നു വീശേണമേ!വേദനമാത്രമാണിജ്ജീവിതം!—മതിവേഗമൊന്ന, യ്യോ, മരിപ്പിക്കുകെന്നെ നീ!ഏറെത്തളർന്നൊരെൻഹൃത്തി,ലൊരു മഹാ-ഭാരമായ്, തൂങ്ങിക്കിടപ്പൂ നീ, യെപ്പോഴും!പാര, മെൻകൺപോളകളിലും, നീയിതാ-ഭാരമേറ്റുന്നൂ—മരിക്കട്ടെ ഞാനിനി!

അൻപാർന്നു, പേർത്തും, മരിപ്പതിൻമുൻപു ഞാ-നംബികേ, നീ യെൻമൊഴിയൊന്നു കേൾക്കണേ!അറ്റംപെടാത്തൊരിക്കാട്ടി,ലൊരിക്കലു-മൊറ്റയ്ക്കു വീണു മരിക്കുകയില്ല ഞാൻ!എന്തുകൊണ്ടെന്നാൽ, ഭയങ്കരചിന്തക-ളന്തരംഗത്തിലുദിച്ചുദിച്ചങ്ങനെ;സ്വാപത്തിലുംകൂടി വിട്ടുപിരിയാതെരൂപമെടുക്കുന്നു മേല്ക്കുമേ, ലെന്തിനോ;പേലവമാം രോമകംബളത്തിന്നുമേൽകാലടിയൊച്ചപോൽ, നിത്യം നിശകളിൽ,അത്യന്തദൂരത്തി, ലുൾക്കുന്നുകളിൽനി-ന്നെത്തുന്ന നാനാമൃതസ്വനവീചികൾ;കർണ്ണപുടത്തിൽ പതിയുന്നവേളയിൽനിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—വർണ്ണനാതീതമാണെങ്കിലും, സ്പഷ്ടമായ്നിർണ്ണയിക്കുന്നിതവതൻ സമാപ്തി ഞാൻ!—അത്ഭുതാശങ്കാവകീർണ്ണമെൻലക്ഷ്യ, മ-തല്പാല്പമായ്, മങ്ങി ദൂരത്തു കാൺമു ഞാൻ;തൻപിഞ്ചുപൈതലിൻ രുപം, ജനിപ്പതിൻ-മുൻപൊരു മാതാവതൂഹിച്ചിടുന്നപോൽ!തൻപിഞ്ചുപൈതൽ!- നടുങ്ങുന്നതെന്തു ഞാൻ?കമ്പിതമാവാതെ,ന്തെന്റെ കൈകാലുകൾ?…ഹാ, മന്ദഭാഗ്യ ഞാ;നയ്യോ ജനിക്കുകി-ല്ലോമനപ്പൈതലെനിക്കൊന്നൊരിക്കലും;തൽപിതാവിന്റെ മിഴികളുമേന്തിനി-ന്നെപ്പൊഴുമെന്നെയസഹ്യപ്പെടുത്തുവാൻ!

അംബികേ, പേർത്തും മരിപ്പതിൻമുൻപു ഞാൻഅൻപ്രിയ,ന്നെൻമൊഴിയൊന്നു, നീ കേൾക്കണേ!അമ്മേ, വസുന്ധരേ, മദ്വചനങ്ങൾ നീചെമ്മേ ചെവിക്കൊള്ളു,കാകാരബന്ധുരേ!മൃത്യുവിൻ,നക്ഷത്രശൂന്യമായ് കൂരിരുൾ-മുറ്റിത്തണുത്തതാമാ, വഴിത്താരയിൽ,മൽപൂർവരാഗമെൻനാഥൻ വരിച്ചതാ-മത്ഭുതാംഗിക്കായി വിട്ടുകൊടുത്തു, ഞാൻ.സാന്ത്വനിപ്പിക്കപ്പെടാത്തവളായ്, സദാതാന്തയായ്, തപ്തശിഥിലസ്വാന്തയായ്.

ഏകയായ്, മന്ദം നടന്നുപോകുമ്പൊ,ളീ -ലോകത്തിൽനിന്നുയർ,ന്നാത്തകൗതൂഹലം,കഷ്ടമെങ്ങാനു,മദ്ദമ്പതിമാരുടെപൊട്ടിച്ചിരിക,ളെൻ കാതിലെത്തീടിലോ!…ഇല്ല,കൂട്ടില്ലാതെ, നിശ്ചയം, ഹാ, മരി-ക്കില്ല ഞാ,നിക്കൊടുങ്കാട്ടി,ലൊരിക്കലും!പോകട്ടെ ഞാനിങ്ങുനിന്നു, മാവോളവുംവേഗ, ‘മരുന്ധതീദേവി’യെക്കാണുവാൻ!സന്ധ്യയ്ക്കുമുൻ,പിനിയെന്തൊക്കെയാകിലുംവിന്ധ്യാചലത്തിലെനിക്കു ചെന്നെത്തണം.ഭാവിയെപ്പറ്റിക്കഥിക്കാൻ കഴിയുമാ-ദ്ദേവിക്കു-ഞാനിന്നറിയും സമസ്തവും!രാവുംപകലു,മെവിടെത്തിരികിലും,ഭൂവു,മാകാശവുമയ്യോ സമസ്തവും,തീയാണെനിക്കു പുകഞ്ഞെരിഞ്ഞീടുന്ന-തീയാണെനിക്കിനിയെന്തു ചെയ്യട്ടെ ഞാൻ?…
-1937മെയ്