ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ “തനിക്ക് തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളൂ അതിന്നിടെക്ക് വസ്തു ഉണ്ടാക്കുക അത്രെ വേണ്ടുവത” എന്നു കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്രവിച്ചു തുടങ്ങി, കോഴ കൊണ്ടു അർത്ഥം തടിപ്പിക്കയും നിധി സൂക്ഷിക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പോൾ “ഈ അവരോധിച്ച പരിഷെക്കായ്പോകും തെക്കുവടക്കുള്ള വസ്തു ഒക്കയും അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു, നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറു എന്നു കല്പിച്ചു. ഈ അവരോധിച്ച നമ്പികൾക്ക് ജന്മത്തിനു ജന്മം ചൊല്ലി, വിരൽ മുക്കേണം എന്നു വരികിൽ അവർക്ക് ജന്മത്തിന്നു കഴിവില്ല; മറ്റെയവർക്ക് മുക്കിയാൽ അതു കണ്ടു നടക്കെ ഉള്ളു.

ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയായി നിരൂപിച്ചു, ഇനി മേലിൽ പത്തരഗ്രാമത്തിൽ ഓരൊരുത്തർ പന്തീരാണ്ടു പന്തീരാണ്ടു നാടു പരിപാലിക്ക എന്നു നിശ്ചയിച്ചു, തൃക്കാരിയൂർ തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി വാൾ എടുപ്പാൻ അവരോധിച്ചു കല്പിച്ചപ്പോൾ, ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദിച്ചതിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനിമേൽ ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാകയില്ല. ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വേണം എന്നു നിശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു; പന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, ൪ കഴകവും ഒരു സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു, പരദേശത്തുചെന്നു, കെയാപുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളം എന്ന പ്രദേശത്തുവെച്ചു വാഴിച്ചു.