V

അന്യയല്ലദ്ദേവി കാരുണ്യമൂർത്തിയാ –
മെന്നന്തര്യാമിതൻ ധർമ്മപത്നി ;

 

ലജ്ജാഭിധാന താൻ: “മാതാവേ! കൈതൊഴാം :-
പശ്ചാത്താപാഹസ്സിൻ പ്രാതസ്സന്ധ്യേ!
അമ്മതൻ പ്രത്യക്ഷദർശനമൊന്നിനാൽ
ജന്മത്തെസ്സാർത്ഥമായ്ത്തീർത്തവൻ ഞാൻ
ത്രസ്തനല്ലെൻ തായാട്ടെത്രമേലമ്മയെ
ക്രുദ്ധയാക്കീടിലും ശർമ്മദാത്രി!
അമ്മതന്നിങ്ഗിതമെന്തെന്നു ചൊൽകയാ-
ണി “മ്മണി” പ്പൈങ്കിളി മൂളിമൂളി.
ഇത്തമിസ്രാഞ്ജനം മൂലമായ് കാണ്മൂ ഞാൻ
തദ്വചഃപേടകതത്വരത്നം.

VI

സത്യം ഹാ! മാതാവേ സത്യമെൻ ജീവിത-
മൗക്തികമാലയിൽ നിന്നു വീണ്ടും –
ചേലാർന്ന മുത്തടർന്നിന്നുമൊന്നന്തിയിൽ
കാലാബ്ധിമദ്ധ്യത്തിൽ വീണുപോയി!
ഭാനുവെൻ ജീവിതപാത്രത്തിൽ നിന്നിന്നും
പാനീയബിന്ദുവൊന്നാവിയാക്കി;
ചുറ്റുമിന്നന്തകൻ തൻ കയറന്മെയ്യിൽ
ചുറ്റുകയായ് പിണഞ്ഞൊന്നുകൂടി.
ഭാവിയെദ്ദൂരെ ഞാൻ കാണവേ,വന്നതു
ഹാ! വർത്തമാനമായ് മുന്നിലെത്തി,
ഭൂതമായ്പ്പായുന്നു പെട്ടെന്നു പിന്നോട്ടേ —
യ്ക്കാതിഥ്യം വൈകിച്ചോനാക്കിയെന്നെ.
കാലത്തിൻ ഹാസത്തിൽ മട്ടിലെന്നാസ്യത്തിൽ
മേളിപ്പൂ വെൺനരയങ്ങുമിങ്ങും;
ആ മൃഗാധീശൻ തൻ വീരപ്പല്ലബ്ജത്തിൽ
ഹേമന്തം വീഴ്ത്തിന മഞ്ഞുത്തുള്ളി!
ചിമ്മിടുമെൻ മിഴി വീണ്ടും തുറന്നിടാ —
മുന്മിഷത്തല്ലെന്നും വന്നുപോകാം!
ബാങ്കിലെന്തുണ്ടിനി ബാക്കിയെന്നാർ കണ്ടു!
ഞാൻ കഷ്ടമത്രമേൽ ദീനദീനൻ?
അർക്കബിംബാഖ്യമാമാരക്തദീപത്തെ —
പ്പൊക്കിയും താഴ്ത്തിയും കാട്ടി നിത്യം
ഹാ! വിധി “ദുർഘടം ദുർഘടം ജീവിത —
ത്തീവണ്ടിപ്പാത”യെന്നല്ലീ ചൊൽവൂ!

VII

എന്തു ഞാനിപ്പകൽ മുപ്പതുനാഴിക
കൊണ്ടെന്നു നേടിയതൊന്നു പാർത്താൽ

 

കാണ്മതില്ലൊന്നുമേ; ചുറ്റിനേൻ വ്യർത്ഥമ–
പ്പാഴ്മണൽക്കാട്ടിലൊരൊട്ടകമായ്.
എന്നമ്മ ഭാരതഭൂദേവി, യസ്സാക്ഷാൽ
സ്വർന്നദീശുദ്ധയാം ധർമ്മലക്ഷ്മി;
ശ്രീകൃഷ്ണബുദ്ധാദിസിദ്ധരെപ്പെറ്റവൾ;
ലോകത്തിന്നദ്ധ്യാത്മജ്യോതിർദ്ദീപം;
ഏതൊരു കുന്നിന്മേൽ വാണവൾ പ,ണ്ടിപ്പോ–
ളേതൊരു കൂപത്തിൽ വീണുപോയോൾ;
ആരുടെ കല്ലേറുകൊള്ളാത്തോൾ, ഹാ കഷ്ട-
മാരുടെ കാൽച്ചവിട്ടേറ്റിടാത്തോൾ!
കാതര്യമില്ലേതു ദുർവാക്കുമോതുവാൻ
കാതറൈൻമേയോയ്ക്കും കൂട്ടുകാർക്കും?
സാദ്ധ്വിയെബ്ഭർത്സിക്കും ധൂർത്തമാരക്കൂട്ട–
രീട്ടിയെദ്ദംശിക്കും വെൺചിതൽകൾ;
എന്നാലുമായവർ തേപ്പതാം പാഴ്പ്പങ്ക–
മെന്നാലൊന്നാമ്മട്ടിൽ ക്ഷാളിച്ചീടാൻ-
തന്നമ്മതൻ ദാസ്യം തീർക്കുവാനേവൻപോയ്-
വിണ്ണിലെപ്പീയൂഷം കൊണ്ടുവന്നു;
ധന്യനത്താർഗ്ഗ്യന്തന്നൈതിഹ്യം ബാല്യത്തിൽ
സ്തന്യത്തോടൊപ്പമായ്പ്പാനംചെയ്തോൻ;-
ഓർത്തീല-ഞാൻ-ഒറ്റക്കണ്ണീർമുത്തെങ്കിലു–
മാദ്ദേവിതൻ കാൽക്കലർപ്പിച്ചീടാൻ
എന്നുടെ ഭൂതികൊണ്ടെന്നമ്മതൻപുകൾ–
ക്കണ്ണാടിതേച്ചു മിനുക്കിടാതെ
പേർത്തും ഞാൻ കൈകൊട്ടിക്കാൺകയാണായതിൽ
സ്വാർത്ഥാപസ്മാരത്തിൻ നഗ്നനൃത്തം!
ഭാരതമേദിനിക്കേതുമേ ദാരിദ്ര്യ–
പാരതന്ത്ര്യാദികളല്ല ഭാരം;
സോദരഘാതികൾ സൂനുക്കൾ താൻ ഭാരം,
സോദരപൂരകർ മാദൃശന്മാർ.