vi

“മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം
വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും.
തുറന്നു ചൊല്വേനെത്തുറിച്ചുനോക്കേണ്ട;
പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ.
അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ;
അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം.
ഇതരജീവികൾ കിടക്കട്ടേ; മർത്യ–
ഹ്രുദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ.
ഒരമ്മതൻ മക്കളുലച്ചവാളുമായ്-
പ്പൊരുതും പോർക്കളമവൾതൻ മാറിടം!
ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ-
ക്കിതോ ജനിത്രിതൻ വരിവസ്യാവിധി?
ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ
തിരുവവതാരം ജഗദീശൻ ചെയ്വൂ;

 

തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ
ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ
അതിന്നു മുമ്പിലുമതിന്നു പിമ്പിലും
ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം.
യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ;
യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല.
നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ;
അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ
മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം;
തെറിച്ചുപോകാറായ് ശിലകൾ ദൂരവേ.
ഉടയവനെയോർത്തിനിയെന്നാകിലും
വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ!
പരസ്പരപ്രേമസുധാനുലേപത്താൽ
പരമിപ്രാസാദം പ്രകാശമേന്തട്ടെ;
പരോപകാരമാം ഭവപഞ്ചാക്ഷരി
പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.

vii

” മരവുന്നുണ്ടങ്ങു വശംകെട്ടു കരം
തിരുമ്മിയുംകൊണ്ടു ഹതാശനാം വിധി
“ധരയെ നാകത്തിൻ മുകളിലാക്കുവാൻ
കരുതിയല്ലോ ഞാൻ ചമച്ചു മർത്ത്യനെ
വരത്തെ നൽകിന മഹേശനെക്കൊല് വാ–
നൊരുങ്ങിന വൃകനൊരുവിധം ഭേദം;
അതു ഞാനേകിന മനുഷ്യരോ ചിത്ര-
വധം താൻ ചെയ്യുന്നു നിജ ജനനിയെ.
നിലമറന്നൊരിജ്ജളരിനിക്കാട്ടിൽ
വലീമുഖങ്ങൾ തൻ പുറകേ പോകട്ടെ;
പുതിയ സൃഷ്ടിയൊന്നിനിയും ചെയ് വൻ ഞാൻ;
ക്ഷിതിദേവിക്കഴലകന്നിടും മട്ടിൽ.”
ഇവണ്ണമോർക്കുന്ന ചിലപ്പോൾ നാന്മുഖൻ;
നവമാം മൃത്തൊട്ടു കരുപ്പിടിക്കുന്നു;
ക്ഷമിക്കുന്നു വീണ്ടും; വയസ്സുപോം തോറും
ശമിക്കുന്നു ശീഘ്രം തദീയരോഷാഗ്നി
കടന്നുപോകട്ടെ കുറച്ചുകൂടിയെ–
ന്നടങ്ങിവാഴുന്നു വിഭൂ പിതാമഹൻ
അധികംനാളൊന്നും നിലനിൽക്കില്ലിനി
വിധിക്കു നിങ്ങളിലിരുന്ന വിശ്വാസം;

 

ധരണിദേവിതൻ കദനം കാണുമ്പോൾ
ഹിരണ്യഗർഭനു ഹൃദയം ഭേദിക്കും.
ഇനിയ മണ്ണോരന്നജന്നു കൈപ്പണി–
ക്കിനിയുമുണ്ടെന്നു കരുതിക്കൊള്ളുവിൻ!
പുതുമട്ടിൽ ഭൂമിക്കധീശരുണ്ടായാൽ
പൃഥിവിയിൽ നരൻ ദ്വിതീയവാനരൻ
അരശുകൈവിട്ടാലണയും മാലെന്തെ–
ന്നനുഭവിക്കുമ്പോളറിഞ്ഞിടാം താനും
അതിന്നിടനൽകി,യടവി പൂകൊല്ലേ!
വിധിതൻ കാരുണ്യം പരീക്ഷ ചെയ്യൊല്ലേ!!
ഇതോതുവാനെന്നെയയച്ചാൻ മാനുഷ–
ഹിതോപദേശത്തിൽ കുതുകി വായുജൻ!”
മറഞ്ഞു വാനരൻ: സഹോദരന്മാരെ!
കുറഞ്ഞൊന്നോർക്കുവിൻ തദീയസന്ദേശം.
മതി മതി കാലം കളഞ്ഞ, തീശനെ
പ്പുതിയൊരുസൃഷ്ടിക്കൊരുക്കല്ലേ നമ്മൾ!