ഇരുപതാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞുവന്ന സാഹിത്യചിന്താ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് സ്ട്രക്ചറലിസം (ഘടനാവാദം). സാഹിത്യത്തിന്റെ സ്വരൂപം, അടിസ്ഥാനസ്വഭാവം എന്നിവയെപ്പറ്റി വളരെക്കാലമായി പ്രചാരത്തിലിരുന്ന ധാരണകളെ ഘടനാവാദം നിരാകരിക്കുന്നു. കൃതികളില്‍നിന്നും നിയതമായ ഒരു അര്‍ഥോല്പാദനം സാധ്യമാണെന്നു, ചരിത്രവും ശാസ്ത്രവും പോലെ വസ്തുതകള്‍ മറ്റൊരുതരത്തില്‍ പ്രതിപാദിക്കുകയാണ് സാഹിത്യവും ചെയ്യുന്നതെന്നും, അതിന്റെ രൂപം ഒരു അവതരണ മാധ്യമമോ ചട്ടക്കൂടോ മാത്രമാണെന്നുമുള്ള ധാരണകളെ ഘടനാവാദം നിരാകരിക്കുന്നു. സാഹിത്യത്തിന്റെ സര്‍ഗാത്മകതകളെ ശാസ്ത്രീയമായി അപഗ്രഥിക്കാനാണ് ഇവ ശ്രമിക്കുന്നത്.
സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനന്റ് ഡി. സൊസൂറിന്റെ ഭാഷാശാസ്ത്രസംബന്ധമായ വിശ്വാസങ്ങളാണ് ഘടനാവാദത്തിന് സൈദ്ധാന്തികമായ അടിത്തറ നല്‍കിയത്. മാര്‍ക്‌സിനും ഫ്രോയിഡിനുംശേഷം ലോകചിന്തയെ ആഴത്തില്‍ സ്വാധീനിച്ച ചിന്തകനാണ് സൊസൂര്‍. സംസ്‌കൃത അധ്യാപകനും, സംസ്‌കൃത വ്യാകരണത്തില്‍ ഗവേഷണ ബിരുദം നേടുകയും ചെയ്തിട്ടുള്ളയാളുമായ സൊസൂര്‍ ജനീവ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണങ്ങളാണ് അദ്ദേഹത്തിന്റെ മരണാനന്തരം ശിഷ്യന്മാരും സഹപ്രവര്‍ത്തകരുമാരും കൂടി ‘ഹോഴ്‌സ് ഇന്‍ ജനറല്‍ ലിംഗ്വിസ്റ്റിക്‌സ് ‘ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയത്. നവോത്ഥാനത്തിനുശേഷം മാനവീയസംസ്‌കാര പഠനത്തില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ ഈ ഗ്രന്ഥം ഭാഷാശാസ്തപഠനത്തിന് പുതിയ വെളിച്ചം നല്‍കി. ഭാഷയെ ശാസ്ത്രിയമായി നാം നോക്കിക്കാണേണ്ടത് അതിന്റെ ചരിത്രപരമായ വികാസത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും, സമകാലികമായ വളര്‍ച്ചയെ മുന്‍നിര്‍ത്തിയാണെന്നും പറയുന്നു. ചതുരംഗക്കളി പഠിക്കാനുള്ള മാര്‍ഗം ചതുരംഗ ചരിത്രപഠനമല്ല, ഒരു പ്രത്യേക കാലത്തെ ചതുരംഗക്കളിയുടെ വ്യവസ്ഥകള്‍ മനസ്സിലാക്കുക എന്നതാണ്. അതുപോലെയാണിത്.

ഭാഷയുടെ ഉപയോഗത്തെ സാധ്യമാക്കുന്നത് ഭാഷാഘടനയാണെന്ന് സൊസൂര്‍ വാദിച്ചു. മറ്റു ശാസ്ത്രങ്ങളില്‍നിന്ന് ഭാഷാശാസ്ത്രത്തിനുള്ള ഒരു പ്രധാന വ്യത്യാസം സൊസൂര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഠനവിധേയമായ വസ്തു ഇതര ശാസ്ത്രങ്ങളില്‍ ആദ്യംതന്നെ സിദ്ധമാണ്. എന്നാല്‍, ഭാഷയുടെ സ്ഥിതി അതല്ല. നമ്മുടെ കാഴ്ചപ്പാടിനു മുമ്പ് പദങ്ങള്‍ക്കു അര്‍ഥമില്ല. ഭാഷയുടെ എല്ലാ ഘടകങ്ങള്‍ക്കും ഇത്തരമൊരു ആപേക്ഷികത്വം ഉണ്ട്. ഭാഷയുടെ ഘടനമാത്രമാണ് സ്വതന്ത്രവും സര്‍വപ്രധാനവുമായ ഘടകം. നേര്‍വിപരിതമായ ദ്വന്ദ്വങ്ങളുടെ പരികല്പനകളിലൂടെയാണ് ഭാഷ ആശയവിനിമയo എന്ന ധര്‍മ്മം നിര്‍വഹിക്കുന്നതെന്ന് സൊസൂര്‍ പറയുന്നു.
ഭാഷ കാലംചെല്ലുന്തോറും വര്‍ധിച്ചുവരുന്ന വാക്കുകളുടെ കൂമ്പാരമാണെന്ന സിദ്ധാന്തത്തെ സൊസൂര്‍ നിരാകരിക്കുന്നു. ലോകത്തെ വസ്തുക്കളെ പ്രതിനിധീകരിക്കുകയാണ് ഭാഷ ചെയ്യുന്നതെന്ന സങ്കല്പവും അദ്ദേഹം അംഗീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാക്കുകള്‍ വസ്തുതകളെക്കുറിക്കുന്ന ബിംബങ്ങള്‍ അല്ല. മറിച്ച്, അവ ചിഹ്നങ്ങളാണ്. ഒരു കടലാസിന്റെ രണ്ടുവശങ്ങളെപ്പോലെ ഈ ചിഹ്നങ്ങള്‍ക്ക് രണ്ടു വശങ്ങളുണ്ട്. എഴുതപ്പെട്ടതോ ഉച്ചരിക്കപ്പെടുന്നതോ ആയ ഒരു അടയാളമാണ് ആദ്യത്തേത്. ഇതിനെ സൂചകം എന്നു പറയുന്നു. രണ്ടാമത്തേത്, അടയാളത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന ആശയമാണ്. ഇതിനെ സൂചിതം എന്നു സൊസൂര്‍ വിശേഷിപ്പിച്ചു.
സിംബല്‍=തിങ് (ബിംബം=വസ്തു) എന്ന സാമ്പ്രദായിക വീക്ഷണത്തെ അദ്ദേഹം നിരാകരിക്കുന്നു. അദ്ദേഹത്തിന്റെ മാതൃകയില്‍, വസ്തുക്കള്‍ക്ക് ഈ മാതൃകയില്‍ സ്ഥാനമില്ല. ഭാഷയിലെ ഘടകങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത് വാക്കുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഫലമായല്ല. മറിച്ച്, ബന്ധങ്ങളുടെ വ്യവസ്ഥയുടെ ഭാഗമായാണ്. ട്രാഫിക് വെളിച്ചത്തിന്റെ ചിഹ്നവ്യവസ്ഥ പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.
റെഡ്- ആംബര്‍-ഗ്രീന്‍ സിഗ്നിഫൈയര്‍ (റെഡ്) സൈന്‍= സിഗ്നിഫൈയര്‍/ സിഗ്നിഫൈഡ്: ഈ വ്യവസ്ഥയില്‍ മാത്രമാണ്‌റെഡ്= നില്‍ക്കുക. ഗ്രീന്‍= പോവുക, ആംബര്‍ = ചുവപ്പിനോ പച്ചയ്‌ക്കോ വേണ്ടി തയ്യാറാവുക എന്ന അര്‍ഥം പ്രസക്തമാകുന്നത്. അതായത്, സൂചകവും സുചിതവും തമ്മിലുള്ള ബന്ധം ആപേക്ഷികമാണ്. ചുവപ്പിനും നില്‍ക്കുക എന്നതിനും തമ്മില്‍ സ്വാഭാവികമായ ബന്ധങ്ങള്‍ ഒന്നും ഇല്ല. ഒരു വ്യവസ്ഥയിലെ വ്യത്യാസങ്ങള്‍ തമ്മിലുള്ള വേര്‍തിരിവാണ് ആ പ്രത്യേക ഘടനയ്ക്കു അര്‍ഥങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് സൊസൂര്‍ പറയുന്നു.
ഘടനാവാദം ഒരു സാഹിത്യസിദ്ധാന്തമായി രൂപപ്പെട്ടതിന് ഭൂമിക ഒരുക്കിയത് റഷ്യന്‍ ഫോര്‍മലിസവും ലെവിസ്‌ട്രോസിന്റെ സാംസ്‌കാരിക നരവംശശാസ്ത്രവുമാണ്. റോമന്‍ ജാക്കോബ്‌സണും മറ്റു ചില പണ്ഡിതന്മാരുംചേര്‍ന്ന് 1915-ല്‍ സ്ഥാപിച്ച മോസ്‌കോ ലിംഗ്വിസ്റ്റിക് സര്‍ക്കിളിന്റെ കാവ്യപഠനങ്ങള്‍ സാഹിത്യത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍ക്ക് വഴിതെളിച്ചു. ഇവരുടെ പഠനങ്ങളില്‍നിന്നു രൂപംകൊണ്ട റഷ്യന്‍ ഫോര്‍മലിസം സ്ട്രക്ചറലിസത്തിന്റെ മുന്നോടിയായി കണക്കാക്കാം.

ചിഹ്നശാസ്ത്രം

ലളിതമായി നിര്‍വചിക്കുകയാണെങ്കില്‍ ചിഹ്നങ്ങളെക്കുറിച്ചുള്ള ശാസ്ത്രമാണ് ചിഹ്നവിജ്ഞാനീയം. ഭാഷയിലെയും സാഹിത്യത്തിലെയും ചിഹ്നങ്ങള്‍ മാത്രമല്ല ചിഹ്നവിജ്ഞാനീയത്തിന്റെ അപഗ്രഥന മേഖല. മനുഷ്യജീവിതത്തിന്റെ ഭാഗമായ സാംസ്‌കാരിക വ്യവസ്ഥകളിലെല്ലാം ചിഹ്നങ്ങളെ ഈ പഠനശാഖ വിശകലനം ചെയ്യുന്നു. ചിഹ്നങ്ങളുടെ സൂചനാധര്‍മങ്ങളും സൂചനാരീതികളും വിശകലനം ചെയ്യുന്ന ചിഹ്നവിജ്ഞാനിയം വിശാല അര്‍ഥത്തില്‍ സാംസ്‌കാരിക പഠനത്തിന്റെ ഉപാധിയാണ്. അര്‍ഥസൂചകമായ പദങ്ങളെയും അടയാളങ്ങളെയുമാണ് ചിഹ്നം എന്നു പൊതുവേ വ്യവച്ഛേദിക്കുന്നത്. ചിഹ്നങ്ങളുടെ വ്യവസ്ഥയാണ് ഭാഷ എന്ന് ഫെര്‍ഡിനന്റ് ഡി സൊസൂര്‍ വ്യക്തമാക്കി. സൂചക-സൂചിത സമ്മിശ്രമാണ് ഓരോ ചിഹ്നവും. ഭാഷയില്‍ മാത്രമല്ല, സാമൂഹ്യജീവിതത്തിന്റെ മറ്റു മേഖലകളിലും നിരവധി ചിഹ്നങ്ങള്‍ ഉണ്ട്.
ചിത്രകല, നാടകം, സിനിമ, ഗതാഗതസംവിധാനം, സൈന്യവിഭാഗങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ചിഹ്നങ്ങള്‍ നമുക്കുകാണാം. അവ വ്യത്യസ്തമായ അര്‍ഥങ്ങള്‍ ദ്യോതിപ്പിക്കുകയും ചെയ്യുന്നു. ഭാഷാപരവും ഭാഷേതരവുമായ ചിഹ്നങ്ങള്‍ നിറഞ്ഞ ആശയവിനിമയ ശൃംഖലകളിലൂടെയാണ് നമ്മുടെ ജീവിതം നീങ്ങിപ്പോകുന്നതെന്നു സാരം. വ്യാപകമായ ഈ ചിഹ്ന വ്യവസ്ഥയെ ഭിന്നമേഖലകളില്‍നിന്ന് അപഗ്രഥിക്കുകയാണ് ചിഹ്നവിജ്ഞാനീയം ചെയ്യുന്നത്. 1970കളോടെയാണ് ചിഹ്നവിജ്ഞാനീയം സവിശേഷമായൊരു പദ്ധതിയായി രൂപപ്പെട്ടത്.
ആധുനിക ചിഹ്നവിജ്ഞാനീയത്തിന്റെ സ്രോതസ്സുകളായി പരിഗണിക്കുന്നത് ഘടനാവാദിയായ സൊസൂറിനെയും അമേരിക്കന്‍ പ്രാഗ്മാറ്റിസ് തത്ത്വചിന്തകനായ ചാള്‍സ് സാല്‍ഡേഴ്‌സ് പിയെസിനെയുമാണ്. ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ മാതൃക അവതരിപ്പിച്ച കേഴ്‌സ് ഇന്‍ ജനറല്‍ ലിംഗ്വിസ്റ്റിസ്-ല്‍ ചിഹ്നങ്ങളുടെ ശാസ്ത്രമായ സെമിയോളജിയെക്കുറിച്ച് സൊസൂര്‍ പ്രവചിക്കുകയുണ്ടായി.
‘സമൂഹത്തിനുള്ളിലെ ചിഹ്നങ്ങളുടെ ജീവിതത്തെപ്പറ്റി പഠിക്കുന്ന ഒരു ശാസ്ത്രത്തെക്കുറിച്ച് വിഭാവന ചെയ്യാവുന്നതാണ്. സാമൂഹിക മന:ശാസ്ത്രത്തിന്റെയും ഭാഗമാണത്. ഞാനതിനെ സെമിയോളജി എന്നു വിളിക്കും. ചിഹ്നങ്ങളെ രൂപപ്പെടുത്തുന്നത് എന്താണെന്നും, ഏതു നിയമങ്ങളാണ് അവയെ നിയന്ത്രിക്കുന്നതെന്നും സെമിയോളജി വ്യക്തമാക്കുന്നു ‘പ്രപഞ്ചം മുഴുവന്‍ ചിഹ്നങ്ങളാല്‍ നിര്‍മ്മിതമാണെങ്കിലും അതുനിറയെ ചിഹ്നങ്ങള്‍ വ്യാപിച്ചിരിക്കുന്നു എന്നാണ് പിയെസിന്റെവാദം. ചിഹ്നങ്ങളെക്കുറിച്ചുള്ള പഠനത്തിന് അദ്ദേഹം സെമിയോട്ടിക്‌സ് എന്ന പേരു നല്‍കി. ‘കളക്ടഡ് പേപ്പേഴ്‌സ് ഓഫ് ചാള്‍സ് സാന്‍ഡേഴ്‌സ് പെയെഴ്‌സ്’ എന്ന പേരില്‍ എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ചിതറിക്കിടക്കുന്നു.
ചിഹ്നവിജ്ഞാനീയം ഒരു സാംസ്‌കാരിക വിശകലന പദ്ധതി എന്ന നിലയില്‍ പ്രാധാന്യം നേടിയ എഴുപതുകളില്‍ അതു സംബന്ധിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നു. സാമകാലിക, സാഹിത്യ, സാംസ്‌കാരിക പഠനങ്ങളില്‍ ചിഹ്നവിജ്ഞാനീയത്തിന്റെ സാധ്യതകള്‍ വികസിപ്പിച്ചവരില്‍ ഏറ്റവും പ്രധാനികള്‍ റൊളാങ് ബാര്‍ത്ത്, എ.ജെ. ഗ്രേയ്മ, ജൂലിയ ക്രിസ്റ്റേവ, ഉംബര്‍ട്ടോ എക്കോ എന്നിവരാണ്.