ജോര്‍ജ് തഴക്കര
പരപ്പൂര്‍ രാജകുടുംബത്തിന്റെ ശാഖകളാണ് ബേപ്പൂരിലും പരപ്പനാട്ടുമുള്ളത്. കിളിമാനൂരിലുള്ള കോയിത്തമ്പുരാക്കന്മാര്‍ ബേപ്പൂര്‍ ശാഖയില്‍പ്പെട്ടവരാണ്. ചങ്ങനാശ്ശേരിയിലുള്ള കോയിത്തമ്പുരാക്കന്മാര്‍ പരപ്പനാട്ട് ശാഖയില്‍പ്പെട്ടവരും. 1766ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍ ആ ശാഖയില്‍പ്പെട്ട കുഞ്ഞിക്കുട്ടിതമ്പുരാട്ടി അഞ്ചു പെണ്‍മക്കളോടൊപ്പം തിരുവിതാംകൂറിലെത്തി.
മൂത്തമകളായ ഇട്ടോട്ടിയമ്മ 1785ല്‍ മാവേലിക്കര കണ്ടിയൂരിലും പിന്നീട് എണ്ണയ്ക്കാട് ഗ്രാമത്തിലും താമസമാക്കി. രണ്ടാമത്തെ മകള്‍ ഇട്ടിയങ്കളയമ്മ വിവാഹിതയായതിനുശേഷം 1794ല്‍ തിരുവല്ലാ പാലിയേക്കരയില്‍ താമസമാക്കി. മൂന്നാമത്തെ മകള്‍ ഞാഞ്ഞിയമ്മയും കുടുംബവും 1798ല്‍ പാലിയേക്കര കൊട്ടാരത്തില്‍ സഹോദരിയോടൊപ്പം താമസിച്ചു. നാലാമത്തെ മകള്‍ ആനിയമ്മ കോട്ടയത്ത് പള്ളത്തുള്ള സര്‍ക്കാര്‍ വക എടത്തില്‍ 1795ല്‍ മുതല്‍ താമസമാക്കി. അഞ്ചാ മത്തെ മകള്‍ ഇഞ്ഞഞ്ഞിയമ്മ ചങ്ങനാശ്ശേരി നീരാഴികൊട്ടാരത്തില്‍ താമസമാക്കി. തെക്കുംകൂര്‍ രാജാവില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പിടിച്ചെടുത്തതാണ് നീരാഴിക്കൊട്ടാരം. ഇഞ്ഞഞ്ഞിയമ്മയുടെ പിന്‍മുറയില്‍പ്പെട്ട അച്ഛന്‍ കോയിത്തമ്പുരാനുവേണ്ടി 1812ല്‍ പണികഴിപ്പിച്ചതാണ് ചങ്ങനാശേരിയിലെ ലക്ഷ്മീപുരം കൊട്ടാരം.
നാലു നാലുകെട്ടുകള്‍ ചേര്‍ന്ന പതിനാറു കെട്ടുകളാണ് ലക്ഷ്മീപുരം കൊട്ടാരത്തിനുണ്ടായിരുന്നത്. ഇവിടെ ജനിച്ച പ്രതിഭാശാലികളായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും ഏ.ആര്‍.രാജരാജവര്‍മ്മ കോയിത്തമ്പുരാനും. 1845 ഫെബ്രുവരി 19ന് വലിയ കോയിത്തമ്പുരാന്‍ ജനിച്ചു. രാമവര്‍മ്മ എന്നായിരുന്നു പേര്. ശ്രീമൂലം തിരുനാളിന്റെ പിതാവായ ലക്ഷ്മീപുരത്ത് രാജരാജവര്‍മ്മയുടെ സഹോദരിയായിരുന്ന അംബത്തമ്പുരാട്ടിയാണ് രാമവര്‍മ്മയുടെ മാതാവ്. തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയായിരുന്നു പിതാവ്. ശ്രീമൂലം തിരുനാളിനെ പ്രസവിച്ചതിനുശേഷം അമ്മ മഹാറാണി മരിച്ചതിനാല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ സ്ത്രീസന്താനങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഉത്രംതിരുനാള്‍ മഹാരാജാവ് മാവേലിക്കര കൊട്ടാരത്തില്‍നിന്നും രണ്ടു കുമാരിമാരെ ദത്തെടുക്കുകയുണ്ടായി. അവരില്‍ മൂത്തയാളായ ലക്ഷ്മീബായിയെ ആറ്റിങ്ങല്‍ മൂത്തതമ്പുരാനായി വാഴിച്ചു. ആ മൂത്തതമ്പുരാനെ 1859ല്‍ (1034മേടം 13) രാമവര്‍മ്മ കോയി ത്തമ്പുരാന്‍ വിവാഹം ചെയ്തു. അതോടുകൂടി രാമവര്‍മ്മ കോയിത്തമ്പുരാന്‍ വലിയകോയിത്തമ്പുരാന്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മാതാവായ ദേവി അംബത്തമ്പുരാട്ടിയുടെ സഹോദരിയുടെ മൂന്നാമത്തെ പുത്രിയാണ് ഏ.ആര്‍. രാജരാജവര്‍മ്മയുടെ മാതാവായ ഭരണിതിരുനാള്‍ കുഞ്ഞിക്കാവു തമ്പുരാട്ടി. ഏ.ആര്‍.രാജരാജവര്‍മ്മയുടെ ജനനം 1863 ഫെബ്രുവരി 20 നായിരുന്നു. പിതാവ് കിടങ്ങൂര്‍ ഓണന്തുരുത്തി പാറ്റിയാല്‍ ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരി. കുട്ടിക്കാലത്ത് വാത്സല്യപൂര്‍വം ഏ.ആര്‍. രാജരാജവര്‍മ്മയെ കൊച്ചപ്പന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.
ലക്ഷ്മീപുരം കൊട്ടാരത്തിലുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് വലിയകോയിത്തമ്പുരാന്‍ ലക്ഷ്മീപുരം കൊട്ടാരം വിട്ടു. കാര്‍ത്തികപ്പള്ളിയിലുണ്ടായിരുന്ന തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കൊട്ടാരം തല്ക്കാലം താമസിക്കുന്നതിനായി അനുവദിച്ചുകിട്ടി. വലിയ കോയിത്തമ്പുരാന്റെ പിന്‍മുറക്കാര്‍ ചങ്ങനാശേരിയില്‍ നിന്നും കാര്‍ത്തികപ്പള്ളിക്ക് കെട്ടുവള്ളത്തില്‍ യാത്രയാകുമ്പോള്‍ കൊച്ചപ്പന്റെ പ്രായം കഷ്ടിച്ച് രണ്ടുവയസ്സു മാത്രം.
കൊച്ചപ്പന്റെ ആദ്യകാല ഗുരു ചുനക്കര അച്യുതവാര്യരായിരുന്നു. വലിയകോയിത്തമ്പുരാന്റെ പ്രത്യേക താല്പര്യപ്രകാരം പണ്ഡിതനായ അച്യുതവാര്യര്‍ കാര്‍ത്തികപ്പള്ളി കൊട്ടാരത്തിലെത്തി അവിടെ താമസിച്ചാണ് കൊച്ചപ്പനെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുതുടങ്ങിയത്. പ്രായാധിക്യവും രോഗവും കാരണം ഏറെനാളുകള്‍ കൊച്ചപ്പനെ പഠിപ്പിക്കുവാന്‍ അച്യുതവാര്യര്‍ക്ക് കഴിഞ്ഞില്ല. വലിയകോയിത്തമ്പുരാന്റെ നിര്‍ദേശമനുസരിച്ച് ആ വാര്യത്തുനിന്നുള്ള ശങ്കരവാര്യരാണ് പിന്നീട് കൊച്ചപ്പനെ പഠിപ്പിച്ചത്. സംസ്‌കൃതത്തിലെ കാവ്യനാടകങ്ങള്‍ അഭ്യസിച്ചത് ഇക്കാലത്താണ്.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മൂകാംബിക ദേവിയില്‍ ഭക്തനായിരുന്നു. ഈ സരസ്വതീഭക്തി കൊച്ചപ്പന്റെ അമ്മയിലുമുണ്ടായിരുന്നു. വല്യമ്മാവനെപ്പോലെ സരസ്വതീദേവിയുടെ കടാക്ഷം കൊച്ചപ്പനിലും ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനുവേണ്ടി കൊച്ചപ്പനെ പനച്ചിക്കാട് ദേവീസന്നിധിയില്‍ ഭജനമിരുത്തി അനുഗ്രഹം  നേടി.
ആയില്യം തിരുനാളിന്റെ പ്രീതിനേടിയ മൂത്തകോയിത്തമ്പുരാന് ഹരിപ്പാട്ട് സ്വന്തമായി കൊട്ടാരം പണിയുന്നതിനുള്ള സ്ഥലവും സമ്പത്തും ലഭിച്ചു. വലിയകോയിത്തമ്പുരാനാണ് കൊച്ചപ്പനെ സംസ്‌കൃത വ്യാകരണവും സാഹിത്യവും ഇംഗ്ലീഷും പഠിപ്പിച്ചത്. വ്യാകരണം കൊച്ചപ്പന് കൂടുതല്‍ ഇഷ്ടമായിരുന്നു. കീര്‍ത്തനങ്ങളും മുക്തകങ്ങളും ഹൃദിസ്ഥമാക്കുന്നതില്‍ പ്രത്യേക കഴിവ് പ്രകടിപ്പിച്ചു.
ആയില്യംതിരുനാള്‍ മഹാരാജാവിന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ട് അക്കാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അതെഴുതിയവരെ വലിയകോയിത്തമ്പുരാന്‍ സഹായിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു തടവിലാക്കി. ആലപ്പുഴയിലെ തടവ് കഠിനമായിരുന്നു. പിന്നീട് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇക്കാലത്താണ് അദ്ദേഹം ‘മയൂരസന്ദേശം’ എഴുതുന്നത്. 1880 ജൂണില്‍ ആയില്യം തിരുനാള്‍ നാടുനീങ്ങി. വിശാഖം തിരുനാള്‍ മഹാരാജാവായി. വലിയകോയിത്തമ്പുരാന്‍ മോചിതനുമായി.
തിരുവനന്തപുരത്തു താമസമാക്കിയ വലിയകോയിത്തമ്പുരാന്‍ കൊച്ചപ്പനെയും അവിടേക്കു കൊണ്ടുപോയി. രാജകീയപാഠശാലയില്‍ നാലാം ഫോറത്തില്‍ ചേര്‍ത്തു. ഇക്കാലത്ത് ഇവര്‍ താമസിച്ചിരുന്നത് തേവാരത്ത് കോയിക്കല്‍ മൂടത്തുമഠത്തിലായിരുന്നു. വിശാഖം തിരുനാള്‍ മഹാരാജാവ് ഒരുദിനം ആ സ്‌കൂള്‍ സന്ദര്‍ശിച്ചു. ”ആന്‍ ഓണസ്റ്റ് മാന്‍സ് ദ നോബിളസ്റ്റ് വര്‍ക്ക് ഓഫ് ഗോഡ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്‌കൃതത്തില്‍ എട്ടുപുറത്തില്‍ കുറയാത്ത ഉപന്യാസം എഴുതുവാന്‍ നിര്‍ദേശിച്ചു. രാജരാജവര്‍മ്മയ്ക്കായിരുന്നു ഒന്നാം സ്ഥാനം. വലിയകോയിത്തമ്പുരാന്റെ ഭാഗിനേയനെ രാജാവ് അഭിനന്ദിച്ചു.
1884ല്‍ ഏ.ആറിന്റെ മാതാവ് അന്തരിച്ചു. അമ്മയുടെ ശേഷക്രിയകള്‍ക്കായി രാജരാജവര്‍മ്മ ഹരിപ്പാട്ടെത്തി. പഠനം തടസ്സപ്പെട്ടു. പിന്നെയും ഒരുവര്‍ഷക്കാലത്തിലേറെ പഠനം തടസ്സപ്പെടുമെന്നായി. വിദ്യാഭ്യാസസ്ഥാപനത്തില്‍ പോകാതെതന്നെ പഠനം പൂര്‍ത്തിയാക്കുവാനുള്ള അനുമതിയുണ്ടായി. വിശാഖംതിരുനാളിന്റെ പുത്രനായ അരുമന നാരായണന്‍ തമ്പിയോടൊപ്പം എഫ്.എ. പരീക്ഷയ്ക്ക് പഠിക്കുവാനുള്ള അവസരം ലഭിച്ചു. കെ.കുഞ്ഞുണ്ണിമേനോന്‍, കെ.ചിദംബരവാധ്യാര്‍ എന്നീ അദ്ധ്യാപകര്‍ അരുമന നാരായണന്‍തമ്പിയെ പഠിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം രാജരാജവര്‍മ്മയുമുണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലും വ്യാകരണത്തിലും കൂടുതല്‍ വ്യുല്പത്തിനേടി. ഇക്കാലത്ത് രാജരാജവര്‍മ്മ ധാരാളം സംസ്‌കൃതകാവ്യങ്ങള്‍ രചിച്ചു. ജ്യോതിശാസ്ത്രത്തിലും പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു.
1885ല്‍ വിശാഖംതിരുനാള്‍ മഹാരാജാവിന്റെ തുലാഭാര മഹോത്സവത്തില്‍ എഴുതി സമര്‍പ്പിച്ച തുലാഭാരപ്രബന്ധത്തില്‍ പ്രീതനായ രാജാവ് മദിരാശിയില്‍നിന്നും ഒരു ജോഡി വൈരക്കടുക്കന്‍ വരുത്തിച്ചു ഏ.ആറിനു നല്‍കി. ആ സമ്മാനം നിധിപോലെ കരുതുകയും ജീവിതാവസാനംവരെയും സൂക്ഷിക്കുകയും ചെയ്തു.
1889ല്‍ (1064 തുലാം 16) അമ്മാവന്റെ പുത്രിയും ഉദയവര്‍മ്മതമ്പുരാന്റെ സഹോദരിയുമായ മാവേലിക്കര വടക്കേ കൊട്ടാരത്തില്‍ സ്വാതി തിരുനാള്‍ മഹാപ്രഭത്തമ്പുരാട്ടിയെ രാജരാജവര്‍മ്മ വിവാഹം കഴിച്ചു. ബി.എയ്ക്ക് പഠിക്കുന്ന കാലത്തായിരുന്നു വിവാഹം. രസതന്ത്രമായിരുന്നു പ്രധാനവിഷയം. ജൂനിയര്‍ ബി.എ ഒന്നാമനായി പാസായിയെങ്കിലും സീനിയര്‍ ബി.എയുടെ പ്രായോഗിക പരീക്ഷയില്‍ പരാജിതനായി. കാവ്യസപര്യയുടെ ലോകത്ത് വിഹരിച്ചിരുന്ന രാജരാജവര്‍മ്മയ്ക്കുണ്ടായ പരാജയം ‘ഭംഗവിലാപം’ എന്ന കാവ്യമെഴുതാന്‍ പ്രേരണയായി. ഇരുപത്തിയെട്ടു ശ്ലോകങ്ങളാണ് അതിലുള്ളത്. വീണ്ടും പരീക്ഷ എഴുതി രാജരാജവര്‍മ്മ വിജയിച്ചു. കവിതയിലായിരുന്നു എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയിരുന്നത്. കോയിത്തമ്പുരാക്കന്മാരുടെ വംശത്തില്‍നിന്നുള്ള ആദ്യത്തെ ബിരുദധാരിയായിരുന്നു ഇദ്ദേഹം. പ്രൊഫ. ലബ്ഷൂഡിയറും പ്രൊഫ.റീഡും രാജരാജവര്‍മ്മയുടെ പ്രധാന അദ്ധ്യാപകരായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെ അനന്തസാധ്യതയെക്കുറിച്ച് അറിയുവാന്‍ രാജരാജവര്‍മ്മയെ സഹായിച്ചത് പ്രൊഫ. ലബ്ഷൂഡിയറായിരുന്നു. രസതന്ത്രത്തിലെ തന്ത്രം പ്രൊഫ.റീഡില്‍ നിന്നും മനസ്സിലാക്കി. ഇക്കാലത്താണ് രാജരാജവര്‍മ്മ തന്റെ കുടുമ മുറിക്കുന്നത്. അതൊരു പരിഷ്‌കരണത്തിന്റെ തുടക്കമായിരുന്നു. കോയിത്തമ്പുരാക്കന്മാരുടെ കൂട്ടത്തില്‍നിന്ന് ആദ്യമായി കുടുമ മുറിച്ചത് ഏ.ആര്‍.രാജരാജവര്‍മ്മയായിരുന്നു.
പരീക്ഷക്കായി പ്രത്യേക തയ്യാറെടുപ്പൊന്നും രാജരാജവര്‍മ്മ നടത്തിയിരുന്നില്ല. സഞ്ചാരവും നീന്തലും ഇഷ്ടവിനോദമായിരുന്നു. എം.എ പരീക്ഷയ്ക്ക് മദിരാശിയില്‍ പോകുന്നതിനു രണ്ടുനാള്‍ മുമ്പുവരെ വെള്ളം പൊങ്ങിയ കരമനയാറിന്റെ അക്കരയിക്കരെ സുഹൃത്തുക്കളുമായി നീന്തിയിരുന്നു. കൂട്ടുകാരോടൊത്ത് കടപ്പുറത്തിരുന്നു ചീട്ടുകളിച്ചും നിലാവുള്ള രാത്രികളില്‍ മണ്ഡപത്തിലിരുന്ന് വെടിവട്ടം പറഞ്ഞും രസിച്ചിരുന്നു.
തിരുവനന്തപുരത്തിനു കിഴക്കുഭാഗത്തുള്ള മുക്കുന്നിമലയുടെ നെറുകയില്‍ കയറുന്ന ശീലവുമുണ്ടായിരുന്നു.
സംസ്‌കൃതത്തിലും സാഹിത്യത്തിലും ജന്മസിദ്ധമായ വാസന ഉണ്ടായിരുന്നതിനാല്‍ എം.എ പരീക്ഷ അനായാസം എഴുതുവാന്‍ കഴിഞ്ഞു. മദിരാശി സര്‍വകലാശാലയില്‍നിന്നും കേരളം ഉള്‍പ്പെടുന്ന അന്നത്തെ മദ്രാസ് പ്രസിഡന്‍സിയില്‍നിന്നും ഒന്നാമനായി ഏ.ആര്‍.രാജരാജവര്‍മ്മ വിജയിച്ചു. പ്രശസ്തവിജയം കരസ്ഥമാക്കുന്നവര്‍ക്കുള്ള ‘റോസ് കീര്‍ത്തി’ മുദ്രയും സംസ്‌കൃതഭാഷയിലുള്ള ജ്ഞാനത്തെ മുന്‍നിര്‍ത്തി നല്‍കുന്ന ‘മുനിസ്വാമിച്ചെട്ടിയാര്‍’ മെഡലും നേടി. മേല്പുത്തൂര്‍ നാരായണഭട്ടതിരിയും അദ്ദേഹത്തിന്റെ കൃതികളും എന്നതായിരുന്നു എം. എയ്ക്കുള്ള ഉപന്യാസവിഷയം. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മേല്പുത്തൂരിന്റെ ആരാധകനായിരുന്നു. ആ സ്വാധീനം ഏ.ആറിലുമുണ്ടായി. രാജരാജവര്‍മ്മയുടെ പരീക്ഷാപേപ്പര്‍ മാതൃകയായി സര്‍വകലാശാലയില്‍ സൂക്ഷിക്കേണ്ടതാണെന്ന് പരിശോധകനായ ശേഷഗിരി ശാസ്ത്രി അക്കാലത്ത് ശുപാര്‍ശ ചെയ്തിരുന്നു. ഒരു വിദ്യാര്‍ത്ഥി എങ്ങനെയായിരിക്കണം പരീക്ഷ എഴുതേണ്ടതെന്നും, പരീക്ഷയെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നും ആ പരീക്ഷാപേപ്പര്‍ ബോധ്യപ്പെടുത്തുന്നു. പരീക്ഷകനെ പരീക്ഷിക്കുന്നരീതിയും അതിലുണ്ടായിരുന്നു. യവനഭാഷയില്‍നിന്നും കടംകൊണ്ട പന്ത്രണ്ടുവാക്കുകള്‍ എഴുതണമെന്ന ചോദ്യത്തിന് മുപ്പതുവാക്കുകളെഴുതി രാജരാജവര്‍മ്മ അമ്പരപ്പിച്ചു. ശേഷഗിരി ശാസ്ത്രികള്‍ക്ക് പന്ത്രണ്ടുവാക്കുകളേ അന്ന് അറിയുമായിരുന്നുള്ളുവത്രെ!
1890ല്‍ (1065 തുലാം 15) ഏ.ആര്‍.രാജരാജവര്‍മ്മ മാവേലിക്കരയിലുള്ള സ്‌പെഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപകനായി. രാജകുടുംബത്തില്‍നിന്നുള്ള ആദ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോട്ടയ്ക്കകത്തു വലിയകോയിക്കല്‍ മാളികയില്‍ ഒരു സംസ്‌കൃതപാഠശാല വലിയകോയിത്തമ്പുരാന്റെ പരിശ്രമഫലമായി ആരംഭിച്ചു. ഈ പാഠശാലയില്‍വന്ന് പ്രവര്‍ത്തിക്കണമെന്ന് വലിയകോയിത്തമ്പുരാന്‍ ഏ.ആറിനോട് ആവശ്യപ്പെട്ടു. സംസ്‌കൃത ഭാഷയില്‍ കൂടുതല്‍ പരിജ്ഞാനം നേടുവാന്‍ ഇത് സഹായിക്കുമെന്ന് രാജരാജവര്‍മ്മയും വിശ്വസിച്ചു. ആ വിദ്യാലയം പിന്നീട് സംസ്‌കൃത കോളേജായി ഉയര്‍ന്നപ്പോള്‍ എ.ആര്‍ രാജരാജവര്‍മ്മ അതിന്റെ ആദ്യ പ്രിന്‍സിപ്പലായി നിയമിതനായി.
സര്‍ക്കാര്‍ ആംഗലേയ മഹാപാഠശാല, സംസ്‌കൃത മഹാപാഠശാല, പാഠപുസ്തകസമിതി, പബ്ലിക് ലൈബ്രറി, പബ്ലിക് ലക്ചര്‍ കമ്മറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളിലും വലിയകോയിത്തമ്പുരാനോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഏ.ആര്‍. രാജരാജവര്‍മ്മയ്ക്ക് അവസരം ലഭിച്ചു.
നാട്ടുഭാഷയായ മലയാളത്തിന് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. ഒഴിവുസമയങ്ങളില്‍ മാത്രം പഠിപ്പിക്കുവാന്‍ നിഷ്‌കര്‍ഷിച്ചിരുന്ന ഒരു ഭാഷയായിരുന്നു മലയാളം. 1899ല്‍ നാട്ടുഭാഷാ സൂപ്രണ്ടായി ജോലി ലഭിച്ചതോടെ നാട്ടുഭാഷയുടെ വളര്‍ച്ചയ്ക്ക് സ്വീകാര്യമായ പല നടപടികള്‍ക്കും രാജരാജവര്‍മ്മ തുടക്കം കുറിച്ചു. നാട്ടാശാന്മാരുടെ കുടിപ്പള്ളിക്കൂടത്തിനു സമാനമായ രീതിയിലുള്ള പഠനരീതി പരിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു. ഇംഗ്ലീഷിന്റേതായ പഠനരീതി അവലംബിച്ചു. പാഠപുസ്തകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി സ്വന്തമായി പാഠപുസ്തകങ്ങള്‍ എഴുതി. ബ്രാഹ്‌മണരല്ലാത്തവര്‍ക്കും സംസ്‌കൃതം പഠിക്കുവാനുള്ള നിയമം ഉണ്ടാക്കി നടപ്പിലാക്കിയതും ഏ.ആര്‍. രാജരാജവര്‍മ്മ തന്നെയായിരുന്നു.
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള അസാമാന്യമായ സിദ്ധി ഏ.ആറിനുണ്ടായിരുന്നു. അദ്ദേഹം ദിനവൃത്താന്തം എഴുതിയിരുന്നത് ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഭാഷയുടെ പേരിലുള്ള വിഭാഗീയത ശരിയല്ലെന്നും, സംസ്‌കൃതവും ഇംഗ്ലീഷും പരസ്പരം കലഹിക്കാതെ സാദ്ധ്യമാകുന്നതൊക്കെ പ്രയോജനപ്പെടുത്തണമെന്നും ഏ.ആര്‍. ആഗ്രഹിച്ചു. അതിന്റെ ഉദ്‌ഘോഷമായിരുന്നു ‘ഗൈര്‍വാണി വിജയം’ എന്ന ഏകാങ്കനാടകം. ഭാഷയുടെ പോഷണത്തിന് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കണമെന്നും, പദസമ്പത്തിനുമാത്രമേ സംസ്‌ക്യതത്തെ ആശ്രയിക്കാവൂ എന്നും ഏ.ആര്‍ നിഷ്‌കര്‍ഷിച്ചിരുന്നു.
മലയാളഭാഷയിലെ സാഹിത്യസൃഷ്ടികളെ നിയന്ത്രിച്ചിരുന്ന നിയമാവലികള്‍ ‘ലീലാതിലക;വും ‘കേരളകൗമുദി’യുമായിരുന്നു. ഭാഷയുടെ പിന്നീടുണ്ടായ വളര്‍ച്ചയ്ക്കു സഹായകമാകുന്ന കരുത്ത് ആ കൃതികള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം മനസ്സിലാക്കി. പാശ്ചാത്യ നവോത്ഥാനത്തെ പ്രത്യേകിച്ചും, സാഹിത്യത്തിലെ കാല്പനിക നവോത്ഥാനത്തെ ആശ്ലേഷിക്കുവാന്‍ മലയാളഭാഷയ്ക്ക് കരുത്തുണ്ടാകേണ്ടതുണ്ടെന്നും ദീര്‍ഘദര്‍ശിത്വം നടത്തി.
വ്യാകരണനിയമങ്ങളെ ചിട്ടപ്പെടുത്തുകയും അതേസമയം നിലവിലുള്ള പല നിയമങ്ങളെയും നിരാകരിക്കുകയും ചെയ്തു. പാണിനീയഭാഷ്യകാരന്മാര്‍ ‘സന്ധിബന്ധങ്ങളഴിച്ചു വളച്ചുപിരിച്ച വ്യാകരണത്തെ’ ഏ.ആര്‍.രാജരാജവര്‍മ്മ പഠന രീതിക്കനുഗുണമാക്കിമാറ്റി.
മണിപ്രവാളകൃതികള്‍ ആസ്വദിക്കണമെങ്കില്‍ സംസ്‌കൃത വ്യാകരണം അറിഞ്ഞിരിക്കണമെന്ന നിഷ്‌കര്‍ഷത്തില്‍നിന്നും രൂപംകൊണ്ടതാണ് മണിദീപിക. കേരളപാണിനിയം എഴുതിക്കൊണ്ടിരുന്ന കാലത്തുതന്നെ അതിന്റെ അനുബന്ധമായിട്ട് ഒരു സംസ്‌കൃതവ്യാകരണ സംഗ്രഹം കൂടി ഉണ്ടാകണമെന്നുള്ള ആലോചനയാണ് ഈ കൃതിയുടെ രചനയ്ക്കു വഴിയൊരുക്കിയത്. എഴുത്തച്ഛന്റെയും ഉണ്ണായിവാര്യരുടെയും പുനം നമ്പൂതിരിയുടെയും മണിപ്രവാള കവിതകള്‍ ശരിയായ രീതിയില്‍ ആസ്വദിക്കുവാന്‍ കഴിയണം എന്ന പ്രേരണയും ഇതിനു പിന്നിലുണ്ടായിരുന്നു.
ഗാര്‍ത്തുവേറ്റിന്റെ വ്യാകരണമായിരുന്നു സ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കാനുണ്ടായിരുന്നത്. 1815ല്‍ ഗുണ്ടര്‍ട്ടിന്റെ മലയാളവ്യാകരണം പുറത്തുവന്നു. പൂര്‍ണമായും മലയാളഭാഷയിലുണ്ടായ ആദ്യത്തെ വ്യാകരണം 1863ല്‍ ജോര്‍ജ് മാത്തന്റെ ‘മലയാഴ്മയുടെ വ്യാകരണ’മാണ്. വൈക്കം പാച്ചുമൂത്തത്, കോവുണ്ണി നെടുങ്ങാടി എന്നിവര്‍ ഏ.ആറിനു മുമ്പ് വ്യാകരണമേഖലയില്‍ വ്യാപരിച്ചവരാണ്.
കോശകാദിഗ്രന്ഥങ്ങളിലെ പാണിനീയ സൂത്രക്രമമനുസരിച്ചുള്ള വ്യാഖ്യാനരീതിയും കൗമുദ്യാദിഗ്രന്ഥങ്ങളിലെ സമ്പ്രദായവും സമ്മിശ്രമാക്കി ലഘുപാണിനീയം തയ്യാറാക്കി. 1911ല്‍ ലഘുപാണിനീയം പ്രസിദ്ധീകരിച്ചു. സൂത്രവൃത്തി രൂപത്തിലായിരുന്നു അത് രചിച്ചത്. ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം രണ്ടാമത്തെ പതിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ കെട്ടിലും മട്ടിലും മാറ്റംവരുത്തി. നാമവിശേഷണം എന്നൊരു വകുപ്പ് പ്രത്യേകമായി മലയാളഭാഷയില്‍ നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് കാള്‍ഡ്വവെല്‍ പറഞ്ഞിരുന്നു. ഇതിനെ നിരാകരിച്ചുകൊണ്ട് യുക്തിയുടെ പിന്‍ബലത്തില്‍ പലവിധത്തിലുള്ള നാമവിശേഷണങ്ങളെ സ്ഥാപിച്ചുകൊണ്ട് ഭേദകപ്രകരണം എഴുതി. കേരളപാണിനീയത്തിലൂടെ ഏ.ആര്‍.രാജരാജവര്‍മ്മ അത്ഭുതപ്രഭാവനായി. തപസ്യയുടെ ഫലമാണ് ഈ വ്യാകരണഗ്രന്ഥം. അന്നും ഇന്നും ഇതിന്റെ ആധികാരികത്ത്വം നിലനില്‍ക്കുന്നു. കാലാകാലങ്ങളില്‍ നിരവധി പതിപ്പുകള്‍ ഈ കൃതിക്കുണ്ടായി. ഡോ.കെ.രാഘവന്‍പിള്ളയും, കെ.എം.ഡാനിയലും ഈ കൃതിയെ സൂക്ഷ്മായി പരിശോധിക്കുകയും കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ പാണിനീയ വിമര്‍ശനവും പരിഗണനാര്‍ഹമാണ്.
ലീലാതിലകത്തിനുശേഷം ആറു നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന ഭാഷയ്ക്ക് അനുഗുണമാക്കിയ അലങ്കാരശാസ്ത്ര ഗ്രന്ഥമാണ് ഭാഷാഭൂഷണം (1077). നാട്ടുഭാഷാദ്ധ്യാപകനായി ജോലി ചെയ്ത സന്ദര്‍ഭത്തില്‍ മലയാളത്തിനു ചേര്‍ന്ന അലങ്കാര ശാസ്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നില്ല. സംസ്‌കൃത കൃതികള്‍ പരിശോധിച്ച് പഠിപ്പിച്ചുവെങ്കിലും ആ രീതി തൃപ്തികരമായിരുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. അലങ്കാരശാസ്ത്രവുമായി ബന്ധപ്പെട്ട് സംസ്‌കൃതത്തിലുള്ള എല്ലാ കൃതികളും പരിശോധിച്ചു. കാവ്യാലങ്കാരകനായ രുദ്രടന്റെയും അലങ്കാരശാസ്ത്ര ശേഖരക്കാരനായ കേശവമിത്രന്റെയും ആശയങ്ങള്‍ പരിപാകത്തില്‍ സ്വീകരിച്ചു. അര്‍ത്ഥാലങ്കാരങ്ങളുടെ ലക്ഷ്യലക്ഷണത്തില്‍ കുവലയാനന്ദത്തോടു യോജിച്ചു. 1902ല്‍ ആദ്യപ്പതിപ്പും 1910ല്‍ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു. പേരുപോലെ തന്നെ ഈ കൃതി ഭാഷയുടെ ഭൂഷണമാണ്.
കേദാരഭട്ടന്റെ ‘വൃത്തരത്‌നാകര’ത്തിന്റെ മാതൃകയില്‍ രചിച്ച വൃത്തശാസ്ത്ര ഗ്രന്ഥമാണ് ‘വൃത്തമഞ്ജരി’. ക്ലാസിലെ ഉപയോഗത്തിനു വേണ്ടി എഴുതിയിരുന്ന നോട്ടുകളുടെ പരിഷ്‌കരിച്ച രൂപമാണിത്. നിലവിലില്ലാത്ത ചില പുതിയ വൃത്തങ്ങള്‍ക്കു പേരുനല്‍കി ലക്ഷണം കല്പിക്കുകയും ചെയ്തു. ‘കേള്‍പ്പോരും കേഴ്വിയുമില്ലാത്ത’ ഭാഷാ വൃത്തങ്ങളെ അണിയിച്ചൊരുക്കി കുലീനമനസ്സുകളില്‍ കുടിയിരുത്താന്‍ ഏ.ആറിനു കഴിഞ്ഞു. 1904ല്‍ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു.
ഏ.ആറിന്റെ ഒരേയൊരു സ്വതന്ത്രമലയാള കാവ്യമാണ് ‘മലയവിലാസം’. 25 ശ്ലോകങ്ങളുള്ള ലഘുകൃതി. മദിരാശിയില്‍നിന്നും കേരളത്തിലേക്കുള്ള മടക്കയാത്രയില്‍ വള്ളിയൂര്‍ മുതല്‍ ആരുവാമൊഴിവരെ തപാല്‍ വണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ കണ്ടാസ്വദിച്ച സഹ്യപര്‍വതനിരയുടെ ആകര്‍ഷണീയത ശ്ലോകമായി പരിണമിച്ചു.
1908ല്‍ തിരുവനന്തപുരം കോളജ് സമാജത്തിന്റെ വാര്‍ഷികസമ്മേളനത്തില്‍ വലിയകോയിത്തമ്പുരാന്റെ അദ്ധ്യക്ഷതയില്‍ കെ.സി.കേശവപിള്ള ‘ഭാഷാകവിത’ എന്ന പേരില്‍ ദ്വിതീയാക്ഷരപ്രാസത്തിനെതിരായി ഒരു പ്രബന്ധം അവതരിപ്പിച്ചു. കെ.സി.കേശവപിള്ളയുടെ ഈ പ്രബന്ധം ആ വര്‍ഷം ഭാഷാപോഷിണി പ്രസിദ്ധപ്പെടുത്തി. ഇതിനെതിരെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അനുഗ്രഹാശിസ്സുകളോടെ ഉള്ളൂര്‍ ഖണ്ഡനവിമര്‍ശനം നടത്തി. വി.സി. ബാലകൃഷ്ണപ്പണിക്കര്‍ തന്റെ പത്രാധിപത്യത്തിലുള്ള ‘മലബാറി’ലൂടെ പ്രാസവാദത്തെ എതിര്‍ത്തു. ഗദ്യമായാലും പദ്യമായാലും അത് ലളിതവും ശുദ്ധവും സുന്ദരവുമായിരിക്കണം എന്ന പക്ഷത്തില്‍ ഏ.ആര്‍.രാജരാജവര്‍മ്മ ഉറച്ചുനിന്നു. കവിത്വസിദ്ധിയുടെ കുറവുകൊണ്ടാണ് അത്തരമൊരു ചിന്ത കാവ്യമേഖലയില്‍ വ്യാപരിക്കുന്നതെന്ന് വലിയകോയിത്തമ്പുരാന്‍ അതിനെ വിലയിരുത്തി.
ഏഴെട്ടു ദശാബ്ദക്കാലം സംസ്‌കൃതഭാഷയ്ക്ക് കവിതയിലുണ്ടായിരുന്ന അധീശത്വം നിഷേധിക്കുന്നില്ലായെങ്കിലും ഗദ്യഭാഷ നിത്യജീവിതത്തിന്റെ വ്യവഹാരമാകുമ്പോള്‍ സംസ്‌കൃതഭാഷയ്ക്ക് പ്രസക്തി കുറയുമെന്ന് ഏ.ആര്‍. ഗ്രഹിച്ചിരുന്നു. വിക്ടോറിയാ രാജ്ഞിയുടെ വജ്ര ജൂബിലി മഹോത്സവത്തിന്റെ പ്രതിസ്പന്ദനമായ ‘ആംഗലസാമ്രാജ്യം’ നല്‍കുന്ന സൂചനയിതാണ്. ഭാരതം വളരുന്നുവെന്നും അത് ജനകീയ അധികാരത്തിന്റെ തണലിലാണെന്നും രാജരക്ഷാ കവചങ്ങളില്‍ നിലയുറപ്പിച്ച ചെറുനാടുകള്‍ വിസ്മൃതിയിലാകുമെന്നും ഒരേകീകൃത സംവിധാനത്തിന്റെ പന്ഥാവിലൂടെ മാത്രമേ പുരോഗതി സുനിശ്ചിതമാകുകയുള്ളുവെന്നും ഏ.ആറിലെ മനീഷി മനസ്സിലാക്കിയിരുന്നു.
എന്തു പറഞ്ഞാലും അതൊക്കെ പദ്യത്തിലാക്കുന്ന വെണ്മണി പ്രസ്ഥാനത്തിന്റെ അസ്വീകാര്യത ബോദ്ധ്യമാക്കിക്കൊണ്ട് തന്റെ വാദത്തെ ഏ.ആര്‍.രാജരാജവര്‍മ്മ കാമ്പുള്ളതാക്കി. ഭാഷാനവീകരണത്തിന്റെ സ്വതന്ത്രജിഹ്വയായിരുന്നു പ്രാസവാദം. കേരളവര്‍മ്മ പ്രസ്ഥാനത്തിന്റെ പ്രാസവാദത്തില്‍നിന്നും ഉള്ളൂരിന്റെ ഉമാകേരളവും, രാജരാജവര്‍മ്മ പ്രസ്ഥാനത്തിന്റെ പ്രാസനിരര്‍ത്ഥകവാദത്തില്‍നിന്നും കെ.സി.കേശവപിള്ളയുടെ കേശവീയവും കൈരളിക്കു ലഭിച്ചു. പ്രാസവാദത്തിന്റെ ഫലം കാല്പനിക ഭാവാത്മകതയിലേക്കുള്ള കുത്തൊഴുക്കിലാണ് പരിണമിച്ചത്. മൊഴിമാറ്റത്തിന്റെ ആവര്‍ത്തനത്തില്‍ നടുവൊടിഞ്ഞു നട്ടംതിരിഞ്ഞ ഭാഷയ്ക്ക് വര്‍ണസങ്കല്പത്തിന്റെ ചിറകിലേറി ഉയരുവാന്‍ പ്രേരകമായത് പ്രാസവാദമായിരുന്നു.
ഏതെങ്കിലും ഒരു പഴയ ഇതിവൃത്തം എടുത്തു പൊലിപ്പിച്ച് കുറവുകള്‍ കുറച്ച്, മിനുക്കി ആദ്യവും അവസാനവും ഓരോ മംഗളശ്ലോകവും ചേര്‍ത്ത് ചൊല്ലുന്നതല്ല കവിയുടെ മനോധര്‍മ്മമെന്നു പറഞ്ഞ ഏ.ആര്‍.രാജരാജവര്‍മ്മ ഗതാനുഗതികത്ത്വത്തില്‍നിന്നും കാല്പനികതയിലേക്ക് സഹൃദയശ്രദ്ധ തിരിച്ചുവിടുവാന്‍ കുമാരനാശാന്റെ നളിനി യ്‌ക്കെഴുതിയ അവതാരികയിലൂടെ കഴിഞ്ഞു. നവീനമലയാള വിമര്‍ശനപ്രസ്ഥാനം ഈ അവതാരികയിലൂടെ ഭാഷയ്ക്കു കരഗതമായി.
കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിന് മലയാളത്തില്‍ മുപ്പതിലധികം മൊഴിമാറ്റം ലഭ്യമായിട്ടുണ്ടെങ്കിലും അവയില്‍ പ്രഖ്യാതമായത് ഏ.ആര്‍.രാജരാജവര്‍മ്മ എഴുതിയ മലയാളശാകുന്തളം തന്നെയാണ്.
വിദ്യാവിലാസിനി മാസികയ്ക്കുവേണ്ടി വലിയ കോയിത്തമ്പുരാന്‍ കേരളീയ ശാകുന്തളം എന്ന പേരില്‍ ശാകുന്തളം വിവര്‍ത്തനം ചെയ്തു. അതിനുശേഷം അത് പ്രസിദ്ധീകരിച്ചു. ശാകുന്തളത്തിന്റെ സംസ്‌കൃതമൂലം കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കൃതി പരിഷ്‌കരിക്കേണ്ടതാണെന്ന് വലിയകോയിത്തമ്പുരാനു ബോധ്യമായി. ആ ജോലി അദ്ദേഹം തുടങ്ങിവച്ചെങ്കിലും തുടരാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഏ.ആറിനെ ആ ജോലി ഏല്പിച്ചു. 1911ല്‍ പരിഷ്‌കരിച്ച പതിപ്പ് ബി.വി.ബുക്ക് ഡിപ്പോക്കാര്‍ പ്രസിദ്ധീകരിച്ചു.
‘അമ്മാവന്റെ വിവര്‍ത്തന കൃതിയെ മരുമകന്‍ വഷളാക്കി’.. ഇങ്ങനെ ചില ആരോപണങ്ങള്‍ പത്രപംക്തികളില്‍ പ്രത്യക്ഷപ്പെട്ടു. ദ്വിതീയാക്ഷരപ്രാസത്തിന്റെ പേരില്‍ സാഹിത്യാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ കെട്ടടങ്ങിയ സാഹചര്യത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കം ആരംഭിച്ചത്.
ഏ.ആര്‍.രാജരാജവര്‍മ്മ വരുത്തിയ മാറ്റങ്ങളെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു പതിപ്പ് വലിയകോയിത്തമ്പുരാന്‍ പ്രസിദ്ധീകരിച്ചു.
മണിപ്രവാള ശാകുന്തളത്തിലുള്ള തന്റെ പരിഷ്‌കരണശ്രമത്തെ വലിയകോയിത്തമ്പുരാന്‍ നിരാകരിക്കുകയായിരുന്നുവെന്നു മനസ്സിലാക്കിയ ഏ.ആര്‍.രാജരാജവര്‍മ്മ സ്വന്തം താല്പര്യത്തിനിണങ്ങുന്ന വിധത്തില്‍ ശാകുന്തളത്തിന് നല്ലൊരു പരിഭാഷ ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.
സംസ്‌കൃത പക്ഷപാതിയായിരുന്ന വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനത്തിനു ആശ്രയിച്ചത് ശാകുന്തളത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു. എന്നാല്‍, ഇംഗ്ലീഷ് പക്ഷപാതിയായിരുന്ന ഏ.ആര്‍.രാജരാജവര്‍മ്മ സംസ്‌കൃതമൂലത്തെയാണ് സ്വീകരിച്ചത്. ജനകീയ ഭാഷയായ മലയാളത്തിലും ഒരു ശാകുന്തളം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് ഏ.ആര്‍.രാജരാജവര്‍മ്മയ്ക്കു ബോധ്യപ്പെട്ടു. ഡോ.കുഞ്ഞന്‍പിള്ള, ഏ.ഗോപാലമേനോന്‍ തുടങ്ങിയ സുഹൃത്തുക്കള്‍ അത്തരമൊരു പരിഭാഷ ആവശ്യമാണെന്ന് രാജരാജവര്‍മ്മയോടു താല്പര്യപ്പെടുകയുമുണ്ടായി.
കവിതാസംരംഭം വന്നുകൂടിയാല്‍ സകലജോലികളും മാറ്റിവയ്ക്കുന്ന പ്രകൃതമായിരുന്നു ഏ.ആര്‍.രാജരാജവര്‍മ്മ എന്ന് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്നും മനസ്സിലാക്കാം. 1911(1086 കര്‍ക്കടകം 10)ല്‍ പരിഭാഷയുടെ നാലാമങ്കം പൂര്‍ത്തിയാക്കിയതായി കാണാം. വിവര്‍ത്തനം പൂര്‍ത്തിയാകുന്നമുറയ്ക്ക് സുഹൃത്തുക്കള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. കെ.സി.കേശവപിള്ള, കെ.ജി.പരമേശ്വരമേനോന്‍, ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, എം.ഉദയവര്‍മ്മതമ്പുരാന്‍ തുടങ്ങിയവരുടെ അഭിനന്ദനം ഏ.ആര്‍. രാജരാജവര്‍മ്മയ്ക്ക് വിവര്‍ത്തനം പൂര്‍ത്തിയാക്കുവാന്‍ പ്രേരണയായി. നാരായണശാസ്ത്രികള്‍, എം.ഉദയവര്‍മ്മതമ്പുരാന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി എന്നിവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ട് ചില ഭേദഗതികള്‍ വരുത്തി. തന്റെ പരിഭാഷയില്‍ വല്യമ്മാവന് അനിഷ്ടമുണ്ടെന്നു മനസ്സിലാക്കിയ അനന്തരവന്‍, അദ്ദേഹത്തിന്റെ അനുമതി കൂടാതെ തന്റെ മലയാളത്തിലുള്ള ശാകുന്തളം പ്രസിദ്ധീകരിക്കുകയില്ലായെന്നു തീര്‍ച്ചപ്പെടുത്തി. ഒടുവില്‍ വല്യമ്മാവന്‍ അനുമതി നല്‍കി എന്നുമാത്രമല്ല, വിവര്‍ത്തനത്തിന് മലയാളശാകുന്തളം എന്നു പേരു നല്‍കുകയും ചെയ്തു.
പ്രാസവാദത്തെ അനുരഞ്ജനത്തിലെത്തിക്കാന്‍ മാദ്ധ്യസ്ഥം വഹിച്ച മാവേലിക്കര ഉദയവര്‍മ്മതമ്പുരാന്‍ തന്നെയായിരുന്നു ഈ വിവാദത്തിനും വഴി കണ്ടെത്തിയത്. 1912ല്‍ മലയാള ശാകുന്തളം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് വലിയകോയിത്തമ്പുരാനു തന്നെയാണ്.
ഏ.ആര്‍.രാജരാജവര്‍മ്മ മദ്രാസിലെ അലി ബ്രദേഴ്സ് കമ്പനിയില്‍ നിന്നും ഒരു ഫോര്‍ഡ് കാര്‍ വാങ്ങിയിരുന്നു. ആ കാറില്‍ ആദ്യമായി വല്യമ്മാവനെ കയറ്റിയാണ് യാത്ര തുടങ്ങിയത്. വല്യമ്മാവന്റെ പല യാത്രയ്ക്കും കാറു വിട്ടുകൊടുക്കുമായിരുന്നു. ഒടുവില്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി പോയതും ഈ കാറിലായിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കായംകുളത്തിനടുത്തു വച്ച് കുറ്റിത്തെരുവ് ഭാഗത്തെത്തിയപ്പോള്‍ ഒരു നായ് കാറിനു കുറുകെ ചാടി. കാറുലഞ്ഞു. വലിയകോയിത്തമ്പുരാന്റെ നെഞ്ചിന്റെ വലതുഭാഗം ശക്തമായി ഇടിച്ചു. പുറമെ മുറിവൊന്നുമുണ്ടായിരുന്നില്ല. പരിചാരകനായ തിരുമുല്‍പ്പാടിനും രാജരാജവര്‍മ്മയ്ക്കും ഡ്രൈവറായ അയ്മനം കുട്ടന്‍പിള്ളയ്ക്കും പ്രത്യേകിച്ച് അപകടം ഒന്നുമുണ്ടായില്ല. ദൂരവും ചികിത്സയും പരിഗണിച്ച് വലിയകോയിത്തമ്പുരാനെ മാവേലിക്കരയിലേക്ക് കൊണ്ടുവന്നു. 1914 സെപ്റ്റംബര്‍ 14നായിരുന്നു സംഭവം നടന്നത്. രാത്രിയും പകലും ഭേദമന്യേ രാജരാജവര്‍മ്മ വലിയകോയിത്തമ്പുരാനെ പരിചരിച്ചു. മാവേലിക്കര ഉദയവര്‍മ്മ തമ്പുരാനും ഒപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ 22ന് കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അന്തരിച്ചു.
തിരുവിതാംകൂറിനു സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം അന്നോളമുണ്ടായിരുന്നില്ല. തിരുവനന്തപുരം മഹാരാജാസ് കോളജ് മദ്രാസ് സര്‍വകലാശാലയുടെ നിയന്ത്രണത്തിലായിരുന്നു. ഏ.ആര്‍ മഹാരാജാസ് കോളജിന്റെ പ്രിന്‍സിപ്പലായത് അസാധാരണമായ ഒരു നേട്ടമായിരുന്നു. ഭാരതീയനായ ആദ്യത്തെ പ്രിന്‍സിപ്പലായിരുന്നു ഏ.ആര്‍. അദ്ദേഹം ഉള്‍പ്പെട്ട ഒരു പണ്ഡിതസമൂഹത്തിന് തിരുവിതാംകൂറിന്റേതായ ഒരു സര്‍വകലാശാല ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമാകുകയുണ്ടായി. 1913ലെ കോളജ് വാര്‍ഷികാഘോഷത്തില്‍ ‘ഒരു മലയാളം വിദ്യാമന്ദിരം’ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ഏ.ആര്‍. സംസാരിച്ചത്. പൗരസ്ത്യവും പാശ്ചാത്യവുമായ ആശയങ്ങളുടെ സമാശ്ലേഷണത്തിനുള്ള വേദിയായി മഹാരാജാസ് കോളജ് മാറണമെന്നും, വടക്ക് കാനറ മുതല്‍ തെക്ക് കന്യാകുമാരിവരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടണമെന്നും ഏ.ആര്‍ ആ പ്രസംഗത്തില്‍ പ്രത്യാശിച്ചു. ഈ ചിന്താഗതിയുടെ പിന്‍തുടര്‍ച്ചയായി 1917ല്‍ ഹോഡ്ജസണ്‍ അദ്ധ്യക്ഷനായി എ.ആര്‍.രാജരാജവര്‍മ്മ ഉള്‍പ്പെട്ട പതിനേഴംഗസമിതി രൂപീകരിക്കുകയും ചെയ്തു. എ.ആറിന്റെ കാലശേഷം ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. ശ്രീചിത്തിരതിരുനാള്‍ ഭരണസാരഥ്യമേറ്റതോടുകൂടിയാണ് ഇത് യാഥാര്‍ത്ഥ്യമായത്. 1937 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍ സര്‍വകലാശാല നിലവില്‍ വന്നു.
ഏ.ആറിനെ വിമര്‍ശനപ്രതിഭയുടെ ‘ഗജരാജ’നാക്കിയത് ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയ്ക്ക് എഴുതിയ ‘കാന്താരതാരകം’ പഠനമാണ്. ജ്യോതിശ്ശാസ്ത്രത്തില്‍ അസാധാരണമായ പാണ്ഡിത്യവും ഏ.ആര്‍ നേടിയിരുന്നു. നക്ഷത്രബംഗ്ലാവിന്റെ സൂപ്രണ്ട് എന്ന നിലയില്‍ ജ്യോതിശ്ശാസ്ത്ര മേഖലയില്‍ പാശ്ചാത്യവും പൗരസ്ത്യവുമായ അനവധി പഠനങ്ങള്‍ക്ക് വഴിയൊരുക്കി. ഭാഷാവിഷയത്തിലെ പ്രതിയോഗിയായിരുന്ന മിച്ചല്‍ സായ്പിന് ഏ.ആറിന്റെ പാണ്ഡിത്യത്തെ മനസ്സിലാക്കുവാനുള്ള അവസരം കൂടിയായിരുന്നു ഇത്. പരീക്ഷണവും നിരീക്ഷണവും അന്യാദൃശമായ ഉള്‍ക്കാഴ്ചയും ആ മേഖലയില്‍ പ്രകടിപ്പിച്ചിരുന്നു. ജ്യോതിശ്ശാസ്ത്രത്തിന്റെ പേരില്‍ ഉണ്ടായിട്ടുള്ള അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഏ.ആര്‍. നിരുപാധികം നിരാകരിച്ചിരുന്നു. പൂജയ്ക്കും ധ്യാനത്തിനും ജീവിതത്തില്‍ വലിയ പരിവര്‍ത്തനം വരുത്തുവാന്‍ കഴിയുമെന്നു കരുതിയ ഏ.ആര്‍. തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്നു.
അധ്യാപകജീവിതത്തില്‍നിന്നും വിരമിക്കുമ്പോള്‍ മാവേലിക്കരയില്‍ സ്ഥിരമായി താമസിക്കണമെന്ന ദീര്‍ഘനാളത്തെ ആഗ്രഹത്തില്‍ നിന്നുമാണ് ശാരദാമന്ദിരം പണിയുന്നത്. 1914ലായിരുന്നു ഗൃഹപ്രവേശനം. കൊട്ടാരത്തിന്റെ പകിട്ടും യൂറോപ്യന്‍ കെട്ടിടനിര്‍മ്മാണരീതിയും സമനയിപ്പിച്ചുകൊണ്ടുള്ള രണ്ടുനിലകെട്ടിടമാണ് അദ്ദേഹം നിര്‍മ്മിച്ചത്.
ഏ.ആര്‍.രാജരാജവര്‍മ്മ മാവേലിക്കരയിലെത്തുമ്പോള്‍ കൊട്ടാരം ഉണരും. അമ്മാവനായ ഉദയവര്‍മ്മ തമ്പുരാനും മറ്റു ബന്ധുക്കളും സാഹിത്യവിഷയങ്ങളില്‍ താല്പര്യമുള്ളവരും ഒത്തുകൂടും. സാഹിത്യനര്‍മ്മങ്ങളും അക്ഷരശ്ലോകവുമൊക്കെയായി പകലും രാവും കഴിച്ചുകൂട്ടും. രാജരാജവര്‍മ്മ എഴുതിയ നാടകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും അതൊന്ന് അഭിനയിച്ചുകാണുവാനുള്ള താല്പര്യം പലരും പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ശാരദാമന്ദിരത്തില്‍ താമസം തുടങ്ങിയ അതേവര്‍ഷംതന്നെ നാടകം അവതരിപ്പിക്കുന്നതിനായി ഒരു കലാസമിതി രൂപീകരിക്കുവാന്‍ ഇടയായത്. കലാവിലാസം നാടകസംഘം എന്നാണ് അതിനു നല്‍കിയ പേര്.
കൊട്ടാരത്തിലെ യുവാക്കളെക്കൊണ്ടാണ് നാടകം അഭിനയിപ്പിച്ചിരുന്നത്. ഓരോ രംഗത്തിനും സ്വീകരിക്കേണ്ട സംഗീതത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബാല്യകാലത്ത് കുറേക്കാലം വീണവായന അഭ്യസിച്ചിരുന്നതിനാല്‍ താളവും രാഗവും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ആദ്യനാടകമായി ശാകുന്തളം അവ തരിപ്പിച്ചപ്പോള്‍ അതിലെ കണ്വന്റെ വേഷം മകന്‍ എം.രാഘവവര്‍മ്മ രാജയ്ക്കാണ് നല്‍കിയത്. അഭിനയിക്കേണ്ടത് എങ്ങനെയെന്നു പറഞ്ഞുകൊടുത്തിരുന്നുവെങ്കിലും ഒരിക്കല്‍പോലും രാജരാജവര്‍മ്മ അഭിനയിച്ചിരുന്നില്ല.
ചാരുദത്തന്‍, സ്വപ്നവാസവദത്തം എന്നീ നാടകങ്ങളും കലാവിലാസം നാടകസംഘം കൃഷ്ണസ്വാമിക്ഷേത്ര ഉത്സവവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചിരുന്നു.
ചിത്രകലയില്‍ രാജരാജവര്‍മ്മയ്ക്ക് താല്പര്യമായിരുന്നു. കഥകളിയോട് അന്ധമായ വിരോധവും വച്ചുപുലര്‍ത്തിയിരുന്നു. കഥകളിയുടെ സാഹിത്യരൂപമായ ആട്ടക്കഥകള്‍ വായിക്കുകയും ആസ്വദിക്കുകയും
ചെയ്തിരുന്നുവെങ്കിലും അതിന്റെ നടനരീതിയോട് അദ്ദേഹത്തിന് യോജിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
പ്രാസവാദത്തിന്റെ ഘട്ടത്തില്‍ രാജരാജവര്‍മ്മയ്‌ക്കൊപ്പമായിരുന്നു ആശാന്‍. അറിയപ്പെടുന്ന അദ്ധ്യാപകനും മലയാളഭാഷയ്ക്കു വ്യക്തമായ വ്യാകരണനിയമങ്ങളും സൃഷ്ടിക്കുന്ന തമ്പുരാനോട് ആശാന് തുടക്കത്തില്‍ വലിയ ആദരവ് ഉണ്ടായിരുന്നില്ല. സര്‍വകലാശാല മുഖേന സംസ്‌കൃതം പഠിക്കുന്ന ബിരുദധാരികളോടുള്ള താല്പര്യക്കുറവായിരുന്നു അതിനു കാരണം. കേരളപാണിനീയവും മേഘദൂതിന്റെ തര്‍ജ്ജമയും വായിച്ചിരുന്നുവെങ്കിലും ആംഗലസാമ്രാജ്യം വായി ച്ചതോടുകൂടിയാണ് ഏ.ആര്‍. രാജരാജവര്‍മ്മയെ ഒരു കവിയെന്ന നിലയില്‍ കുമാരനാശാന്‍ അംഗീകരിക്കുന്നത്.
മഹാരാജാസ് കോളജിന് അടുത്തായിട്ടായിരുന്നു ഐ.സി.ചാക്കോയും കുമാരനാശാനും താമസിച്ചിരുന്നത്. ഇരുവരും രാജരാജവര്‍മ്മയെ കാണുവാനായി കോളജില്‍ എത്തുമായിരുന്നു.
1907ല്‍ തലശ്ശേരിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘മിതവാദി’യില്‍ കുമാരനാശാന്റെ ‘വീണപൂവ്’ പ്രസിദ്ധീകരിച്ചിരുന്നു. അത് തമ്പുരാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മലയാള കവിതാസാഹിത്യത്തിലെ വഴിത്തിരിവായി അതു മാറുമെന്ന് രാജരാജവര്‍മ്മ തിരിച്ചറിഞ്ഞിരുന്നു. ഗദ്യസാഹിത്യത്തിന്റെ ആവശ്യകതയും പ്രത്യേകതയും അവതരിപ്പിച്ചുകൊണ്ട് രാജരാജവര്‍മ്മ ‘സാഹിത്യസാഹ്യം’ പ്രസിദ്ധീകരിച്ച അതേവര്‍ഷമാണ് കുമാരനാശാന്‍ ‘നളിനി’ എന്ന ഖണ്ഡകാവ്യമെഴുതുന്നത്. നളിനിക്ക് ഏ.ആര്‍.രാജരാജവര്‍മ്മയാണ് അവതാരിക എഴുതിയത്. ആശാന്റെ കവിത്വത്തെക്കുറിച്ച് രാജരാജവര്‍മ്മയ്ക്ക് ബഹുമാനമായിരുന്നു. തന്നെ തേടിയെത്തിയ കുമാരനാശാനെ ഏ.ആര്‍ സ്വീകരിച്ചു സല്‍ ക്കരിക്കുമ്പോള്‍ ജാതീയ ഉച്ചനീചത്വങ്ങളെക്കൂടി അവഗണിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കരയില്‍ വന്നും കുമാരനാശാന്‍ ഏ.ആര്‍.രാജരാജവര്‍മ്മയെ കാണാറുണ്ടായിരുന്നു.
ശ്രാദ്ധാചരണത്തിന്റെ ഭാഗമായി ഹരിപ്പാട്ടെത്തിയ ഏ.ആറിന് പനിയുടെ ആരംഭമായിരുന്നു. ശാരദാമന്ദിരത്തിലെത്തിയതിന്റെ പിറ്റേദിവസം ഉദയവര്‍മ്മ തമ്പുരാനോടൊപ്പം കൊച്ചുകൊട്ടാരത്തിലെ കുളത്തില്‍ കുളിച്ചു. തൊട്ടടുത്ത ദിവസം ചൂടുവെള്ളത്തില്‍ കുളിച്ചു. പനി കൂടി. ഒരാഴ്ചയായിട്ടും വിട്ടുമാറിയില്ല. ഡോ.രാമകൃഷ്ണപിള്ളയായിരുന്നു ആദ്യമൊക്കെ രാജരാജവര്‍മ്മയെ പരിശോധിച്ചിരുന്നത്. ക്ഷീണം മാറിത്തുടങ്ങിയപ്പോള്‍ രാജരാജവര്‍മ്മ മകളെ വിളിച്ച് കടലാസും പേനയുമായി വരാന്‍ പറഞ്ഞു. ഒരു നാടകം പറഞ്ഞുകൊടുത്ത് എഴുതിക്കുവാനുള്ള ശ്രമമായിരുന്നു. പോയവര്‍ഷം അവതരിപ്പിച്ച സ്വപ്നവാസവദത്തം കുറേപ്പേരില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഈ പ്രാവശ്യം അതുണ്ടാവാന്‍ പാടില്ല. ഒന്നാന്തരം ഒരു ഇതിവൃത്തം മനസ്സില്‍ രൂപപ്പെട്ടുവരുന്നുണ്ടെന്ന് രാജരാജവര്‍മ്മ മകളോടു പറഞ്ഞു. കഥയുടെ സംഗ്രഹം ഇപ്പോള്‍ എഴുതിയാല്‍ മതിയെന്നും പിന്നീട് അതിന് നാടകീയത നല്‍കാമെന്നുമായിരുന്നു പറഞ്ഞത്.
പനി മാറിയിട്ട് എഴുതാമെന്ന് മകള്‍ പറഞ്ഞു. പിതാവ് മകളെ നിര്‍ബന്ധിച്ചുമില്ല. എഴുതാതെപോയ നാടകമായിരുന്നു അത്.
പനി ജ്വരമായി മാറിയിരുന്നു. ഡോക്ടര്‍ രാമസ്വാമി അയ്യരെ വിളിപ്പിച്ചും പരിശോധിപ്പിച്ചു. എന്നാല്‍, ജ്വരത്തിന് ശമനമുണ്ടായില്ല. കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍ മലയാളത്തിന്റെ തമ്പുരാന്‍ 1918 ജൂണ്‍ 18ന് എന്നന്നേക്കുമായി യാത്രയായി. അമ്പത്തിയാറു വര്‍ഷത്തെ ജീവിതംകൊണ്ട് മലയാളഭാഷയ്ക്ക് വ്യക്തമായ അടിത്തറ ഉറപ്പിക്കുവാന്‍ ഏ.ആര്‍.രാജരാജവര്‍മ്മയ്ക്കു കഴിഞ്ഞു.
മാവേലിക്കര
12-12-2012
(ഏ ആര്‍ രാജരാജവര്‍മ്മയുടെ മലയാള ശാകുന്തളം നാടകത്തിന്റെ ശതാബ്ദി പ്രമാണിച്ച് മാവേലിക്കരയിലെ  ഏ ആര്‍ സ്മാരകം പ്രസിദ്ധീകരിച്ച പതിപ്പിന് അനുബന്ധമായി പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ ശ്രീ. ജോര്‍ജ് തഴക്കരഎഴുതിയ ജീവചരിത്ര ലേഖനം)