കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിനു കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായാണ് സ്ഥാപനത്തിന്റെ ഭരണസമിതി. ഡയറക്ടര്‍ ആണ് ഭരണത്തലവന്‍. ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്‌കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു.
പുസ്തകപ്രസാധനമാണ് മുഖ്യലക്ഷ്യമെങ്കിലും ബാലസാഹിത്യ പ്രചാരണം, കുട്ടികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങള്‍ തുടങ്ങിയവയും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നു. വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍, ശാസ്ത്രപുസ്തകങ്ങള്‍, പൊതുവിവരങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍, പാഠ്യവിഷയങ്ങള്‍ക്ക് അനുബന്ധമായി ഉപരി വായനയ്ക്കുള്ള ലഘുഗ്രന്ഥങ്ങള്‍, തര്‍ജമകള്‍, ജീവചരിത്രങ്ങള്‍ മുതലായ മേഖലകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
4 മുതല്‍ 6 വരെ, 6 മുതല്‍ 9 വരെ, 9 മുതല്‍ 12 വരെ, 12 മുതല്‍ 14വരെ, 14നു മുകളില്‍ എന്നിങ്ങനെ അഞ്ചു വിവിധ പ്രായതലങ്ങളിലുള്ള കുട്ടികള്‍ക്കു് വായിക്കാനും ആസ്വദിക്കാനും ഉതകുന്ന പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്നു. 

പുരസ്‌കാരങ്ങള്‍

കഥ, നോവല്‍, കവിത, നാടകം വൈജ്ഞാനിക ശാസ്ത്രം, പുനരാഖ്യാനം  വിവര്‍ത്തനം , ചിത്രീകരണം തുടങ്ങിയ മേഖലകളിലായി ബാലസാഹിത്യ അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. 10,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും ചേര്‍ന്നതാണ് ഈ അവാര്‍ഡ്. ബാലസാഹിത്യശാഖയ്ക്ക് സമഗ്ര സംഭാവന നല്‍കുന്ന മികച്ച ബാലസാഹിത്യകാരന്മാര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കുന്നു.