മലയാള ഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വിവിധങ്ങളായ വ്യത്യസ്താഭിപ്രായങ്ങളാണ് ഉള്ളത്. ഇതില്‍ ചിലത് ഊഹാമാത്രവും ചിലത് ശാസ്ത്രീയവും യുക്തിയുക്തവുമായ നിഗനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്.
പ്രധാനമായും അഞ്ച് വാദങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

  1. സംസ്‌കൃത ജന്യവാദം
  2. സ്വതന്ത്രജന്മ വാദം
  3. ഉപശാഖാ വാദം
  4. മിശ്രഭാഷാ വാദം
  5. പൂര്‍വകേരള ഭാഷാവാദം
  6. സംസ്‌കൃത ജന്യവാദം കോവുണ്ണി നെടുങ്ങാടി എന്ന പണ്ഡിതനാണ് ഈ വാദത്തിന്റെ ചുക്കാന്‍ പിടിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘കേരളകൗമുദി’ എന്ന വ്യാകരണഗ്രന്ഥത്തിലാണ് ഈ വാദം ഉന്നയിച്ചത്.
    ‘സംസ്‌കൃതഹിമഗിരിഗളിതാ
    ദ്രാവിഡവാണീകളിന്ദജാ മിളിതാ’ എന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതമാകുന്ന ഹിമാലയത്തില്‍ നിന്നു ഒഴുകി വന്ന ഗംഗയാണ് ദ്രാവിഡവാണിയായ മലയാളം എന്നായിരുന്നു വാദം. വടക്കുംകൂര്‍ രാജരാജവര്‍മ, സി.വി.വാസുദേവ ഭട്ടതിരി എന്നിവരും സംസ്‌കൃതജന്യ വാദക്കാരാണ്.
  7. സ്വതന്ത്ര ജന്മവാദം
    ആറ്റൂര്‍ കൃഷ്ണപിഷാരടി, ഡോ.കെ.എം.ജോര്‍ജ്, ഡോ.കെ. ഗോദവര്‍മ തുടങ്ങിയവരാണ് ഈ വാദത്തിന്റെ അമരക്കാര്‍. പൂര്‍വ ദ്രാവിഡത്തില്‍നിന്ന് സ്വതന്ത്രമായി പിരിഞ്ഞുപോയ ഭാഷയാണ് മലയാളം എന്നായിരുന്നു അവരുടെ പക്ഷം. തമിഴ്,തെലുങ്ക്, കര്‍ണാടകം തുടങ്ങിയ ഭാഷകളെപ്പോലെതന്നെ മലയാളവും നേരിട്ടുപിരിഞ്ഞ് വികസിച്ചുവന്നതാണ് എന്ന് ആറ്റൂര്‍ തന്റെ ‘മലയാള ഭാഷയും സാഹിത്യവും’ എന്ന കൃതിയില്‍ പറയുന്നു. ഈ വാദത്തോടൊപ്പം ഡോ.ഗോദവര്‍മ ഒന്നുകൂടി ഉറപ്പിക്കുന്നു: തമിഴ്ഭാഷയുടെ പരിണാമ ഫലമല്ല മലയാളം. ആധുനികമലയാളത്തിന്റെ ഭാഷാ ലക്ഷണങ്ങള്‍ മൂലദ്രാവിഡത്തില്‍നിന്ന് ഭാഷാ പരിണാമങ്ങള്‍ വഴി വന്നുചേര്‍ന്നതാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ‘ കേരള ഭാഷാ വിജ്ഞാനീയ’ത്തില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: ‘ അതിപ്രാചീനകാലത്തില്‍പോലും കേരളത്തിലെ ഭാഷ മലയാളമായിരുന്നു എന്നല്ലാതെ, തമിഴോ അതിന്റെ ഉപശാഖയോ ആയിരുന്നു എന്നുവിചാരിക്കുന്നത് അസംഗതമാണ്”.
മലയാളഭാഷയുടെ ഉല്‍പ്പത്തിയെക്കുറിച്ച് വളരെയേറെ ചിന്തിച്ചിട്ടുള്ള പണ്ഡിതനാണ് ഡോ.കെ.എം.ജോര്‍ജ്. അദ്ദേഹത്തിന്റെ നിഗമനം ഇതാണ്: ‘ ദ്രാവിഡ ഗോത്രത്തില്‍നിന്ന് പിരിഞ്ഞ് കേരളത്തിലെ പ്രത്യേകപരിതസ്ഥിതികളില്‍ രൂപംകൊണ്ടു വളര്‍ന്നതും തമിഴ്, തെലുങ്ക്, കന്നടം എന്നീ ഭാഷകളെപ്പോലെ വ്യക്തിത്വവും അതില്‍ക്കുറയാത്ത പ്രാചീനതയും അവകാശപ്പെടാവുന്നതുമായ ഒരു ഭാഷയാണ് മലയാളം.’ ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയിലാണ് അദ്ദേഹം ഇതുപറഞ്ഞത്.

  1. ഉപശാഖാ വാദം
    മലയാളം തമിഴിന്റെ ഉപശാഖയാണെന്ന് വാദിച്ചവരില്‍ പ്രമുഖര്‍ റോബര്‍ട്ട് കാള്‍ഡ്വല്‍, പി.ഗോവിന്ദപ്പിള്ള, എ.ആര്‍.രാജരാജവര്‍മ, എല്‍.വി.രാമസ്വാമി അയ്യര്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ തുടങ്ങിയവരാണ്. ദ്രാവിഡ ഭാഷകളുടെ കൂട്ടത്തില്‍ കൂടുതല്‍ അടുപ്പം തമിഴിനോടാണ് എന്നതാവാം അതിനു കാരണം. മലയാളം തമിഴിന്റെ ഭാഷാഭേദമാണെന്നും തമിഴില്‍നിന്നു പിരിഞ്ഞുപോന്നശേഷം അതിനു വളരെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും കാള്‍ഡ്വല്‍ പറയുന്നു.
    എ.ആര്‍.രാജരാജവര്‍മയുടെ അഭിപ്രായത്തില്‍ ആറുനയങ്ങളിലൂടെ കൊടുംതമിഴില്‍നിന്ന് മലയാളം വേര്‍പെട്ടു എന്നാണ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘കേരളപാണിനീയ’ത്തില്‍ ഈ നയങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നു. തവര്‍ഗോപമര്‍ദം അല്ലെങ്കില്‍ താലവ്യാദേശം, സ്വരസംവരണം, ഖിലോപസംഗ്രഹം, അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം, അംഗഭംഗം എന്നിവയാണ് ആറുനയങ്ങള്‍.
    ഉപശാഖാ വാദത്തിന്റെ കൂടെചേര്‍ന്നെങ്കിലും മഹാകവി ഉള്ളൂര്‍, മലയാളത്തിന്റെ പഴമയില്‍ ഊന്നിനിന്നു. കേരള സാഹിത്യചരിത്രം എന്ന വിഖ്യാത ചരിത്രഗ്രന്ഥത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: ‘മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ, കനിഷ്ഠ സഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില്‍ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടത്.’
    തമിഴിന്റെ പ്രാചീന മധ്യകാലഘട്ടത്തില്‍നിന്ന് പരിണമിച്ചുവന്നതാണ് മലയാളം എന്നാണ് എല്‍.വി.രാമസ്വാമി അയ്യര്‍ പറയുന്നത്.
  2. മിശ്രഭാഷാ വാദം
    മിശ്രഭാഷാ വാദത്തിന്റെ മുഖ്യ ഉപജ്ഞാതാവ് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയാണ്. സംസ്‌കൃതവും തമിഴും ഇഷ്ടംപോലെ ഇടകലര്‍ത്തി ഉപയോഗിച്ചുവന്നതില്‍നിന്നാണ് മലയാളം രൂപമെടുത്തത് എന്ന് അദ്ദേഹം കരുതുന്നു. കേരളത്തില്‍ കൊല്ലവര്‍ഷാരംഭത്തിനു മുമ്പുതന്നെ വാസമുറപ്പിച്ച ബ്രാഹ്മണര്‍ കൂടുതല്‍ സംസ്‌കൃതവും കുറച്ച് തമിഴ് പദങ്ങളും ഇടകലര്‍ത്തി ആംഗ്ലോ ഇന്ത്യന്‍ രീതിയില്‍ സംസാരിക്കാനിടയായി എന്നാണ് അദ്ദേഹം പറയുന്നത്. ഉദാഹരണത്തിന്, ‘തത് പുസ്തകം ഇങ്കെ ആനയ’, ‘അഹം വ്യാഘ്രാത് പേടിക്കിന്റേന്‍’ എന്നിങ്ങനെയായി സംസാരം. ‘ ഈ മിശ്രഭാഷാ പ്രയോഗങ്ങളാണ് പിന്നീട് മലയാളമായി മാറിയത്. കേരളഭാഷയുടെ വികാസപരിണാമങ്ങള്‍’ എന്ന കൃതിയിലാണ് അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ നിരത്തിയത്. പി.ശങ്കരന്‍ നമ്പ്യാരും മിശ്ര വാദക്കാരനാണ്. അദ്ദേഹം പറയുന്നത്, കേരളത്തിലെ ആദിമനിവാസികള്‍ സംസാരിച്ചിരുന്ന ഒരുതരം പ്രാകൃത ഭാഷയും മറ്റു ദ്രാവിഡഭാഷകളും ചേര്‍ന്നുണ്ടായതാണ് മലയാളം.
  3. പൂര്‍വ തമിഴ്-മലയാള വാദം
    ഭാഷാഗോത്ര പരിഗണനയുടെ അടിസ്ഥാനത്തിലുള്ള വാദമാണിത്. താരതമ്യ ഭാഷാശാസ്ത്ര ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു വാദമാണിത്. ഭാഷാ ഗോത്രത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ സംഭവിച്ച പരിണാമങ്ങളെ ആധാരമാക്കി ചില നിഗമനങ്ങളിലെത്തുന്നു. ഒരു ഗോത്രത്തിലെ എതെങ്കിലും അംഗഭാഷയുടെ പൂര്‍വചരിത്രം ഒറ്റപ്പെട്ട അന്വേഷണങ്ങളില്‍ ഒതുങ്ങുന്നതല്ലെന്നും സഗോത്രഭാഷകളുടെ പൂര്‍വഘട്ടങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രാവലോകനത്തിലൂടെ മാത്രമേ വസ്തുത വെളിപ്പെടുകയുള്ളൂ എന്നുമുള്ള വാദമാണ് ഇതിന്റെ അടിസ്ഥാനം. തമിഴ്-മലയാളങ്ങളുടെ പരിണാമത്തില്‍ ഭാഷാഗോത്രങ്ങളുടെ പൊതുസ്വഭാവം നിലനിന്നിരുന്നു എന്നും ഡോ.കെ.എം.പ്രഭാകരവാര്യരെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, അമ്മ, അനിയത്തി, ജ്യേഷ്ഠത്തി, മകള്‍ വാദങ്ങള്‍ക്കൊന്നും പ്രസക്തി വരുന്നില്ല.
    നമ്മുടെ ഭാഷയുടെ വഴികള്‍ പഠിക്കാമെന്നല്ലാതെ, കൃത്യമായ ഒരു തീര്‍പ്പിലെത്തേണ്ട കാര്യമില്ല. പഴയ പണ്ഡിതന്മാര്‍ അവരുടെ വാദങ്ങള്‍ അവതരിപ്പിക്കുന്ന കാലത്ത് ഭാഷാശാസ്ത്ര സിദ്ധാന്തങ്ങള്‍ ശൈശവ ദശയിലായിരുന്നതിനാല്‍ അവരുടെ പഠനങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു.