ഇണങ്ങാത്ത കണ്ണികള്‍ എന്ന നോവലില്‍ ആമുഖമായി ചേര്‍ത്ത നോവലിസ്റ്റിന്റെ കുറിപ്പ്‌

മലയാള നോവല്‍സാഹിത്യം വൈവിധ്യമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. സങ്കീര്‍ണമായ ജീവിതത്തിന്റെ പുറംകോലായില്‍ മാത്രം ചുറ്റിത്തിരിയാതെ ഉള്ളില്‍ക്കടന്ന് മൂല്യങ്ങളാരായാന്‍ ചുരുങ്ങിയ തോതിലെങ്കിലുമൊരു ശ്രമം ഇന്നു നടന്നുവരുന്നുണ്ട്. ശുഭസൂചകമായ വികാസമാണിത്.
എതെങ്കിലും, മനുഷ്യനെ നേരിടുന്ന എറ്റവും മൗലികമായ പ്രശ്‌നത്തെ-ജീവിതത്തിനെന്തെങ്കിലും അര്‍ഥമുണ്ടോ എന്ന നിത്യനൂതനമായ ചോദ്യത്തെ-സ്പര്‍ശിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. തത്വജ്ഞാനപരമായ നിഷ്ഫലവ്യായാമം മാത്രമാണതെന്ന തെറ്റിദ്ധാരണ കൊണ്ടാവാം അധികമാരും ആ വഴിക്കു തിരിയാത്തത്. അടിയന്തരസ്വഭാവമുള്ള ആയിരം പരാധീനതകളുമായി നിരന്തരം മല്ലടിച്ചുകൊണ്ടിരിക്കുന്ന സാധാരണമനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന് ന്യായീകരണമുണ്ടോ ഇല്ലയോ എന്നത് ചിന്താവിഷയമേ അല്ലെന്നു സമ്മതിക്കാം. പക്ഷേ, അതൊരു ജീവല്‍പ്രശ്‌നമായി അനുഭവപ്പെടുന്നവിരില്ലെന്നല്ല. അവരുടെ കഥയും എഴുതപ്പെടേണ്ടതാണ്. വിജയപൂര്‍വം എഴുതപ്പെട്ടിട്ടുമുണ്ട്. ദസ്തയേവ്‌സ്‌കി മുതല്‍ ജോണ്‍ പോള്‍ സാര്‍ത്ര് വരെയുള്ള പ്രതിഭാശാലികളുടെ നോവലുകള്‍തന്നെ തെളിവ്.
അത്ര മഹത്തോ ബൃഹത്തോ അല്ലെങ്കിലും അതേപന്തിയില്‍ അവസാനത്തെ ഇലയെങ്കിലും നല്‍കാവുന്ന ദാര്‍ശനിക നോവലുകള്‍ നമ്മുടെ ഭാഷയിലുണ്ടെന്നു തോന്നുന്നില്ല. ഈ വമ്പിച്ച വിടവില്‍ ചെറിയൊരു കല്ലെടുത്ത് വയ്ക്കുക എന്ന സാഹസകൃത്യത്തിനാണ് ഞാന്‍ മുതിരുന്നത് എന്നു പറയുമ്പോള്‍, വിശ്വസാഹിത്യത്തിലെ യുഗപ്രഭാവന്മാരോടൊപ്പം കടന്നിരിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അത്രത്തോളം ഔദ്ധത്യം എനിക്കില്ല. ‘ഇണങ്ങാത്ത കണ്ണികളു’ടെ ഉള്ളടക്കത്തിന്റെ സ്വഭാവം സൂചിപ്പിക്കുകയേ ഉദ്ദേശമുള്ളൂ.
ഒരു ദാര്‍ശനിക നോവലെഴുതാനുള്ള കഴിവ എനിക്കില്ലെന്ന് എന്നെക്കാള്‍ ബോധം മറ്റാര്‍ക്കുമുണ്ടാകാനിടയില്ല. ‘ തിതീര്‍ഷുര്‍ദുസ്തരം മോഹാദുഡുപേനാസ്മി സാഗരം’ എന്നു മഹാകവി കാളിദാസന്‍ കേവലം വിനയംകൊണ്ടു പറഞ്ഞത് എന്റെ കാര്യത്തില്‍ തികച്ചും ശരിയാണ്. ദൈവദൂതന്മാര്‍ ചവിട്ടാന്‍ ഭയപ്പെടുന്ന ദിക്കില്‍ വിഡ്ഢികള്‍ ചാടിവീഴുമെന്ന് ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. വിഡ്ഢികള്‍ ചാടിവീഴുന്നതു തടയാനായിട്ടെങ്കിലും ദൈവദൂതന്മാര്‍ മുന്നോട്ടുവന്നാലോ എന്നാണെന്റെ ആശ. വിഷയത്തിന്റെ ഗൗരവവും എന്റെ അല്പജ്ഞയും കണക്കിലെടുത്തുകൊണ്ട്, ‘ഇണങ്ങാത്ത കണ്ണികളു’ടെ കൈയെഴുത്തുപ്രതി പരിശോധിപ്പാനായി ഞാന്‍ ഒന്നുരണ്ടു പണ്ഡിതന്മാരെ സമീപിച്ചുനോക്കി. അവര്‍ ‘ കൃത്യാന്തരബാഹുല്യ’ക്കാരായിപ്പോയത് നമ്മുടെ നോവല്‍സാഹിത്യത്തിന്റെ ദുര്യോഗമായിരിക്കാം.
ഈ നോവലില്‍ തത്വജ്ഞാനവിചിന്തനം സാധിച്ചിട്ടുള്ളത് മുഖ്യകഥാപാത്രമായ പണിക്കരിലൂടെയാണ്. അസ്വസ്ഥനായ ആ മനുഷ്യന്‍ ജീവിതത്തിന്റെ ലക്ഷ്യവും ഉദ്ദേശവും അന്വേഷിക്കുന്നത് ബുദ്ധിക്കൊരു വിനോദമെന്ന നിലയിലല്ല. ജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് സ്വീകാര്യമായ പരിഹാരം കാണാനാണ്. പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങളുടെ തലനാരിഴകീറുന്ന വാദങ്ങളിലോ, ” ഇരുട്ടുമുറിയില്‍ ഇല്ലാത്ത കരിമ്പൂച്ചയെ തിരയുന്നതിലോ’ തന്മൂലം അദ്ദേഹത്തിന് താല്പര്യമില്ല. അതുപോലെതന്നെ, വ്യക്തവും സുഘടിതവുമായ എതെങ്കിലുമൊരു സിദ്ധാന്തത്തെ പിന്തുടരാനും അദ്ദേഹം മുതിരുന്നില്ല. പ്രത്യുത, അദ്ദേഹത്തിന്റെ ചിന്താഗതിയില്‍ പാളിച്ചയും, കൂട്ടിക്കുഴയലും, വിരുദ്ധതയും ദൃശ്യമാണ്. പണിക്കരെ ഞാന്‍ സങ്കല്പിച്ചിട്ടുള്ളത് അപൂര്‍വ സിദ്ധികളുള്ള ദാര്‍ശനികനായിട്ടല്ല. തത്വശാസ്ത്ര പണ്ഡിതനായിട്ടുമല്ല. ജീവിതത്തിലെ പൊരുത്തക്കേടുകളുടെ ഫലമായി തത്വചിന്തയിലേക്ക് തിരിഞ്ഞ് അങ്ങിങ്ങ് തൊട്ടു സ്വാദുനോക്കുക മാത്രം ചെയ്യുന്ന സാധാരണ ബുദ്ധിജീവി ആയിട്ടാണ്. ഒരു നോവലാണ്, തത്വശാസ്ത്ര ഗ്രന്ഥമല്ല, എഴുതുന്നതെന്ന് ഞാനെപ്പോഴും ഓര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
തത്വചിന്ത കേവലം അന്തര്‍ധാരയായി ഒതുക്കിനിര്‍ത്തണമെന്നായിരുന്നു പുസ്തകമെഴുതാനിരിക്കുമ്പോള്‍ എന്റെ ഉദ്ദേശ്യം. പക്ഷേ, അതു തികച്ചും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കുന്നു. വ്യായാമസുദൃഢമായ ശരീരത്തില്‍ മാംസപേശികളെന്ന പോലെ പലഭാഗത്തും തത്വചിന്തകള്‍ മുഴച്ചുനില്‍ക്കുന്നുണ്ടെന്ന് എനിക്കുതന്നെ അറിയാം. നീണ്ട വിചിന്തനങ്ങളും വിസ്തരിച്ച ചര്‍ച്ചകളും തീരെ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാനത്തെ അധ്യായത്തിന് ഒരു ശാസ്ത്രീയലേഖനത്തിന്റെ ഛായ പോലും വന്നിട്ടുണ്ട്. എനിക്കു പറയാനുള്ളത് മറ്റുതരത്തില്‍ എഴുതിയൊപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടുള്ള ഗതികേടാണിത്.
ഇതേ അവശത എന്നെക്കാള്‍ സഹസ്രം മടങ്ങ് കഴിവുള്ളവരെയും ബാധിച്ചിട്ടുണ്ടെന്നുള്ളത് ഒരാശ്വാസമാണ്. പ്രകടപ്രസംഗ സ്വഭാവമുള്ള പ്രഭാഷണങ്ങളും വിചിന്തനങ്ങളും ദസ്തയേവ്‌സ്‌കി പ്രഭൃതികളുടെ നോവലുകളില്‍ സുലഭമാണ്. ഹെര്‍മന്‍ ഹെസ്സെയുടെ ‘സെ്റ്റപ്പന്‍ വൂള്‍ഫ്’ തുടങ്ങിയ കൃതികളുടെ പലഭാഗങ്ങളും ശുദ്ധതത്വശാസ്ത്ര പ്രബന്ധങ്ങളാണ്. എന്റെ അപ്രഗത്ഭതക്ക് ന്യായീകരണമായിട്ടല്ല ഞാനിതു ചൂണ്ടിക്കാണിക്കുന്നത്. നോവല്‍ പച്ചവെള്ളപ്രായമായിരിക്കണം എല്ലായ്‌പ്പോഴുമെന്ന നിര്‍ബന്ധം അസ്ഥാനത്താണെന്നു മാത്രം. അതേസമയം, കഷായം പോലെ ഇടിച്ചുപിഴിഞ്ഞരിച്ചുവേണം നോവല്‍ വായിക്കാന്‍ എന്നാവശ്യപ്പെടുന്നതും ആശാസ്യമല്ല. നോവലില്‍ അതിന്റെ ചട്ടക്കുട്ടിന് താങ്ങാനാവാത്തത്ര ഭാരിച്ച സിദ്ധാന്തങ്ങള്‍ കയറ്റിവയ്ക്കുന്നത് ശരിയല്ല. ‘ഇണങ്ങാത്ത കണ്ണിക’ളില്‍ ഈ തെറ്റുപറ്റാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. എങ്കിലും നേരമ്പോക്കിനുമാത്രം നോവല്‍ വായിക്കുന്നവര്‍ക്ക് കൂടെക്കൂടെ കല്ലുകടി അനുഭവപ്പെട്ടേക്കാം. മറ്റെന്തു കുറവുകളുണ്ടായിരുന്നാലും എന്റെ ‘നിറമുള്ള നിഴലുകള്‍’ രസത്തോടെ വായിക്കാവുന്ന പുസ്തകമാണെന്ന് മിക്കവരും അഭിപ്രായപ്പെടുകയുണ്ടായി. ‘ഇണങ്ങാത്ത കണ്ണികള്‍’ അവരില്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കും. മറിച്ച്, നോവലില്‍ വെറും വിനോദത്തില്‍ക്കവിഞ്ഞ വിശിഷ്ടാനുഭൂതികള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് അതത്ര അരോചകമായിത്തോന്നുകയില്ല എന്നാണെന്റെ വിശ്വാസം.
സാര്‍ത്രിനെയും മറ്റുംപോലെ തത്വശാസ്ത്രത്തില്‍ സ്വന്തം മതമാവിഷ്‌കരിക്കാനുള്ള ഒരുപാധി മാത്രമായിട്ടല്ല ഞാനീ നോവലെഴുതിയിട്ടുള്ളത്. ഇതില്‍ തത്വചിന്ത ആനുഷംഗികം മാത്രമാണ്. ആവിഷ്‌കരിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ എല്ലാം എന്റെ സ്വന്തമല്ലതാനും. ‘ഇണങ്ങാത്ത കണ്ണികള്‍’ക്ക് അനേകം ഗ്രന്ഥങ്ങളോട് കടപ്പാടുണ്ടെന്നുള്ളത് അനുക്തസിദ്ധമാണ്. വിശ്വപ്രസിദ്ധന്മാരായ ചിന്തകന്മാരുടെ ആശയങ്ങള്‍ ധാരാളമെടുത്തു ചേര്‍ത്തിട്ടുണ്ട്. പല ദിക്കിലും അവരുടെ വാചകങ്ങള്‍ തര്‍ജമ ചെയ്തും പരാവര്‍ത്തനം ചെയ്തും ഉദ്ധരിച്ചിട്ടുമുണ്ട്. ഇതൊരു നോവലായതുകൊണ്ടുമാത്രം ഗ്രന്ഥസൂചി അനുബന്ധമായി ചേര്‍ക്കാതിരിക്കുകയാണ്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ ആശയപ്രപഞ്ചത്തില്‍നിന്നും ക്രിയാത്മകമായ സത്തു കടഞ്ഞെടുക്കാനാണ് എന്റെ ശ്രമം. ഗ്രന്ഥാവസാനത്തിലെത്തിച്ചേരുന്ന നിഗമനം പുതുമയില്ലാത്തതാവാമെങ്കിലും എന്റെ സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന് ബോധ്യംവന്നിട്ടുള്ളതാണെന്ന് എടുത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നു. ആത്മപരിശോധനയിലൂടെ സ്വന്തം സര്‍ഗചേതന കണ്ടെത്തി അതിനനുസരിച്ച് കര്‍മം ചെയ്യുകയാണ് ജീവിതസാക്ഷാത്കാരത്തിലേക്കുള്ള വഴി എന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍നിന്ന് ഒട്ടേറെ കവിതാശകലങ്ങള്‍ ‘ഇണങ്ങാത്ത കണ്ണിക’ളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ചിലത് ഉദ്ധരണികളായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു. പലതും വാചകങ്ങളുടെ അംശമായി ലയിച്ചും കിടക്കുന്നു. ഉദ്ധരണികളുടെ ഈ ‘ഘോഷയാത്ര’ പാണ്ഡിത്യപ്രകടനത്തിനുള്ളതല്ലാ (പ്രകടിപ്പിക്കാന്‍മാത്രം പാണ്ഡിത്യം എനിക്കില്ല. യഥാര്‍ഥമായ പാണ്ഡിത്യം പ്രകടനോത്സുകവുമല്ല) കൈകാര്യം ചെയ്യുന്ന ആശയങ്ങള്‍ക്ക് കൂടുതല്‍ തെളിവും മിഴിവും നല്‍കുകയും, ആവിഷ്‌കരിക്കുന്ന അനുഭൂതികള്‍ക്ക് അധികം ഹൃദയസ്പര്‍ശിത്വം കൈവരുത്തുകയുമാണ് എന്റെ ഉദ്ദേശ്യം. സന്ദര്‍ഭോചിതമായി ഘടിപ്പിക്കപ്പെട്ട ഉദ്ധരണികള്‍ അവയുടെ മൂലം വായിച്ചിട്ടുള്ളവരെ കൂടുതല്‍ ചലിപ്പിക്കുന്നു. വായിക്കാത്തവര്‍ക്ക് ഒന്നും നഷ്ടപ്പെടുന്നതുമില്ല എന്നു പാശ്ചാത്യ നിരൂപകവരേണ്യനായ ഐ.എ.റിച്ചാര്‍ഡ്‌സ് പറഞ്ഞിട്ടുള്ളത് സ്മര്‍ത്തവ്യമാണ്. പദ്യത്തില്‍ ടി.എസ്.എലിയട്ടും ഗദ്യത്തില്‍ ജെയിംസ് ജോയ്‌സും വിജയപൂര്‍വം പ്രയോഗിച്ചിട്ടുള്ള ഒരു സാങ്കേതികമാര്‍ഗമാണിത്. ആ വഴിക്കൊന്നു പരീക്ഷിച്ചുനോക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അതേസമയം, എലിയട്ടിലും ജോയ്‌സിലും അനുഭവപ്പെടുന്ന ദുര്‍ഗ്രഹത ബാധിക്കാതിരിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.

ഈ നോവലിനെക്കുറിച്ച് ഒരു പരാതിയുണ്ടാവാം.സ്ത്രീപുരുഷ ബന്ധം ചില സന്ദര്‍ഭങ്ങളില്‍ താരതമ്യേന തുറന്നരശായിട്ടുതന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതെന്റെ ‘ഗര്‍ഹണീയമായ മനസ്ഥിതി’യെയാണ് കാണിക്കുന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോടെനിക്ക് സഹതാപമേയൂള്ളൂ. ‘ഇണങ്ങാത്ത കണ്ണിക’ളില്‍ ഗൗരവമുള്ള ഒരു വിഷയം ഗൗരവബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ് ഞാന്‍ യത്‌നിച്ചിട്ടുള്ളത്. ആഭാസകരമായ ‘ഇറച്ചിക്കച്ചവടം’ എന്റെ തൊഴിലല്ല. കഥയുടെ വികാസത്തിനും, കഥാപാത്രങ്ങളുടെ മാനസികചലനങ്ങള്‍ വ്യക്തമാക്കുന്നതിനും, പ്രേമമെന്ന പ്രശ്‌നത്തെ സമഗ്രമായി പരിശോധിക്കുന്നതിനും അത്യന്താപേക്ഷിതമായ സന്ദര്‍ഭങ്ങളില്‍മാത്രമേ തുറന്നെഴുതാന്‍ മുതിര്‍ന്നിട്ടുള്ളൂ. സത്യം പറഞ്ഞാല്‍, കുറെക്കൂടി തുറന്നെഴുതേണ്ടതായിരുന്നു. പക്ഷേ, നിരര്‍ഥകമെങ്കിലും തല്‍ക്കാലം അവഗണിക്കാന്‍ വയ്യാത്ത ‘സഭ്യത’ എന്ന കോടാലിയെ മുന്‍നിര്‍ത്തി കടിഞ്ഞാണിട്ടിരിക്കുകയാണ്. പാശ്ചാത്യഭാഷയിലാണെങ്കില്‍-അല്ലെങ്കില്‍ പഴയ സംസ്‌കൃതത്തിലായിരുന്നെങ്കില്‍-ഇതിലുമേറെ തുറന്നെഴുതാമായിരുന്നു. ‘ഇണങ്ങാത്ത കണ്ണികള്‍’ 1965 മാര്‍ച്ച് ഇരുപത്തഞ്ചാം തീയതി ആരംഭിച്ച് 1966 ജൂണ്‍ പതിനെട്ടാംതീയതി മുഴുമിച്ചു. പിന്നീട് വെട്ടിയും തിരുത്തിയും വലുപ്പം കുറച്ചു പകര്‍ത്തിയെഴുതുകയുണ്ടായി. പല അധ്യായങ്ങളിലും ഒട്ടുമുക്കാലും പേജുകളും, അഞ്ചും ആറും തവണ മാറ്റിയെഴുതിയിട്ടുള്ളവയാണ്. ഇതിലെ കഥാതന്തുവിന് പറയത്തക്ക പുതുമയൊന്നുമില്ല. എങ്കിലും, കൈയെഴുത്തുപ്രതി വായിച്ച സുഹൃത്തുക്കള്‍ മറ്റുചില കൃതികളുടെ മുഖച്ഛായ കാണുന്നില്ലേ എന്ന് സംശയിക്കുകയുണ്ടായി. ശ്രീ.കെ.സുരേന്ദ്രന്റെ ‘ദേവി’യാണ് അതിലൊന്ന്. അതു പ്രസിദ്ധീകരിച്ചത് 1966 മേയിലാണ്. ആ ജൂണ്‍ പകുതിയായപ്പോഴേക്കും ‘ ഇണങ്ങാത്ത കണ്ണികള്‍’ എഴുതിത്തീര്‍ന്നിരുന്നുതാനും. അപ്പോള്‍ കടപ്പാടിന്റെ പ്രശ്‌നമേയില്ലല്ലോ. എതാനും മാസങ്ങള്‍ക്കുശേഷം ‘ദേവി’ കൈയില്‍ക്കിട്ടിയപ്പോള്‍ സശ്രദ്ധം താരതമ്യപ്പെടുത്തിനോക്കി. സാദൃശ്യം കണ്ടത് ഇതിവൃത്തത്തിന്റെ ചില അംശങ്ങളില്‍മാത്രമാണ്. അക്കാര്യത്തില്‍ രണ്ടുകൃതികള്‍ക്കും പുതുമ അവകാശപ്പെടാവുന്നതുമല്ല. മാത്രമല്ല, എതാണ്ടിതേ കഥാതന്തു അവലംബമാക്കി പത്തുപതിനൊന്ന് കൊല്ലം മുമ്പ് ഇംഗ്ലീഷില്‍ ‘ ടൂ ഡീപ് ഫോര്‍ ടിയര്‍’ എന്നൊരു കഥ ഞാന്‍ തന്നെ എഴുതുകയുണ്ടായിട്ടുണ്ട്. സിംഗപ്പൂരില്‍നിന്നു പുറപ്പെടുന്ന ‘ഇന്ത്യന്‍ മൂവി ന്യൂസ്’ മാസികയുടെ 1956ലെ ജനുവരി-ഫെബ്രുവരി ലക്കങ്ങളില്‍ തുളസി എന്ന തൂലികാനാമത്തില്‍ അതു പ്രസിദ്ധീകൃതമായിട്ടുണ്ട്. അതിലെ മണിയും കണ്ണമ്മയും മൂര്‍ത്തിയുമാണ് പണിക്കരും ഉമയും രാജനുമായി വികസിച്ച് ‘ഇണങ്ങാത്ത കണ്ണിക’ളില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലും ഇതേ ഇതിവൃത്തത്തെ ആസ്പദിച്ച് വേറെ സാഹിത്യസൃഷ്ടികള്‍ വായിച്ചിട്ടുള്ളതായി ഓര്‍മ്മയുണ്ട്. കഥാഗതിയിലുള്ള സാദൃശ്യം നീക്കിനിര്‍ത്തിയാല്‍, ‘ദേവി’യും ‘ഇണങ്ങാത്ത കണ്ണിക’ളും തികച്ചും വിഭിന്നമായ വ്യക്തിത്വം പുലര്‍ത്തുന്നവയുമാണ്. സോമര്‍സെറ്റ്‌മോമിന്റെ വിഖ്യാതമായ ‘കത്തിയുടെ വായ്ത്തല’ (റേസേഴ്‌സ് എഡ്ജ്) യാണ് മറ്റൊന്ന്. പതിനഞ്ചുകൊല്ലം മുമ്പ് ഞാന്‍ അതൊരാവൃത്തി വായിച്ചിട്ടുണ്ട്. അതിന്റെ വല്ല ഓര്‍മ്മയും അബോധമായി ഇണങ്ങാത്ത കണ്ണികളുടെ രചനയില്‍ സ്വാധീനശക്തി ചെലുത്തിയിട്ടുണ്ടോ എന്നെനിക്കറിയില്ല. ബോധപൂര്‍വം ഇല്ലതന്നെ. മൂന്നാമതൊരെണ്ണം ശ്രീ. രാജാറാവുവിന്റെ ‘ സര്‍പ്പവും രെജ്ജു’ വും (ദി സെര്‍പ്പന്റ് ആന്റ് ദ റോപ്പ്) ആണ്. ‘ഇണങ്ങാത്ത കണ്ണിക’ളുടെ പകര്‍ത്തിയെഴുത്ത് മുക്കാല്‍ഭാഗം ചെന്നതിനുശേഷമാണ് ആ കൃതി എന്റെ ശ്രദ്ധയില്‍പ്പെട്ടത്. തത്വചിന്താപ്രധാനമായ ഉള്ളടക്കത്തിലും സംസ്‌കൃതപദങ്ങളുടെ ഉദ്ധരണത്തിലും രണ്ടും തമ്മില്‍ സാദൃശ്യമുണ്ട്. പക്ഷേ, കഥാഘടന, പാത്രരചന, ദാര്‍ശനികവീക്ഷണകോടി, പ്രതിപാദനരീതി തുടങ്ങിയവയിലെല്ലാം സാജാത്യങ്ങളെക്കാളധികം വൈജാത്യമാണ് കാണുക. ഈ നോവലിന്റെ രൂപത്തെയും വലുപ്പത്തെയും കുറിച്ച് രുചിഭേദത്തില്‍ നിന്നുദിക്കുന്ന അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. താരതമ്യേന അവ്യവസ്ഥിതമായ ഒരു സാഹിത്യരൂപമാണ് നോവല്‍. കഴിഞ്ഞ ഒന്നൊന്നര നൂറ്റാണ്ടിനുള്ളില്‍ അനേകം സാങ്കേതികമാര്‍ഗങ്ങള്‍ നോവല്‍പ്രസ്ഥാനത്തില്‍ കടന്നുകൂടിയിട്ടുണ്ട്. അവയില്‍ എനിക്ക് സ്വാധീനാമായി തോന്നിയ ഒരു മാര്‍ഗമാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. രണ്ടോമൂന്നോ കഥാപാത്രങ്ങളുടെ മാനസികവ്യാപാരത്തിലൂടെ ജീവിതാനുഭൂതികള്‍ ആവിഷ്‌കരിക്കാനാണ് എന്റെ ശ്രമം. ഈ സമ്പ്രദായത്തെ ‘ബോധപ്രവാഹ’ മാര്‍ഗം എന്നു ചിലര്‍ വിളിക്കാറുണ്ട്. പക്ഷേ, ബോധപ്രവാഹ മാര്‍ഗത്തിന് സാധാരണ ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുള്ള ജെയിംസ് ജോയ്‌സിന്റെ ‘യുളീസസ്സ്’ തുടങ്ങിയ കൃതികളിലുള്ളതുപോലെ ചിന്തയുടെ അന്തംവിട്ട കാടുകയറ്റം ‘ഇണങ്ങാത്ത കണ്ണിക’ളില്‍ ഇല്ല. മനസ്സില്‍ അടുക്കും മുറയുമില്ലാതെ ഉയര്‍ന്നുവരുന്ന വിചാരങ്ങളെ അപ്പാടെ പകര്‍ത്തിവയ്ക്കാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല. അവയ്ക്കിടയില്‍ തുടര്‍ച്ചയുള്ള ഒരന്തര്‍ധാര ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബോധപ്രവാഹ സങ്കേതം ‘സ്വന്തമായ രൂപം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വേണ്ടത്ര പറയാനില്ലാത്തവര്‍ക്ക് അപ്പാടെ അനുകരിച്ചു ഫാഷന്‍ നോക്കികളാവാന്‍’ പറ്റിയ എര്‍പ്പാടുമാത്രമാണെന്നൊക്കെ ചിലര്‍ അധിക്ഷേപിച്ചു കാണുന്നതുകൊണ്ടുമാത്രം ഇത്രയും വിശദീകരിച്ചതാണ്. പ്രോത്സാഹകമായ സ്വീകരണമാണ് എന്റെ ‘ നിറമുള്ള നിഴലുകള്‍’ ക്കു സഹൃദയരില്‍നിന്നും സിദ്ധിച്ചത്. ‘ ഇണങ്ങാത്ത കണ്ണിക’ള്‍ക്കും ആ ഭാഗ്യമുണ്ടായാല്‍ മതി.

സിംഗപ്പൂര്‍ 15-3-1967

ശ്രീകോവില്‍ വിലാസിനി