സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി പ്രകടമായി കാണിക്കുന്ന മികച്ച ഒരു പ്രസ്ഥാനമാണ് ഭാഷാചമ്പുക്കള്‍. ഭാഷയുടെ കാര്യത്തില്‍ പ്രാചീന മണിപ്രവാളത്തെ അനുസരിക്കുന്നില്ല. സംസ്‌കൃതനിയമങ്ങളുടെ അയവും മലയാളത്തിന്റെ തനിമയും കാണിക്കുന്നു. സംസ്‌കൃതസാഹിത്യത്തെ അടിസ്ഥാനമാക്കി ഭാഷയില്‍ രൂപംകൊണ്ട ഒരു പ്രസ്ഥാനം. മണിപ്രവാള ശാഖയില്‍ തിടംവച്ച ഒന്ന്. ഭാഷയിലെ സ്വതന്ത്ര കൃതികള്‍ എന്ന നിലയിലും അതിനു പ്രത്യേക സ്ഥാനമുണ്ട്.
സംസ്‌കൃതത്തിലെ മിശ്രശാഖയിലാണ് ചമ്പുക്കള്‍. പദ്യവും ഗദ്യവും ചേര്‍ന്ന മിശ്രം. രണ്ടും യഥോചിതം ചേര്‍ന്നതാണ് ചമ്പു. ഗദ്യപദ്യസമ്മിളിതമായ കാവ്യം.
സംസ്‌കൃതത്തില്‍ ആദ്യമായുണ്ടായ ചമ്പു ഭോജരാജന്‍ രചിച്ച രാമായണ ചമ്പുവാണ്. അനന്തഭട്ട മഹാകവി രചിച്ച ഭാരതചമ്പുവാണ് മറ്റൊന്ന്.

മേല്പത്തൂര്‍ ഭട്ടതിരിയുടെ ചമ്പൂപ്രബന്ധങ്ങള്‍ മുപ്പതോളമുണ്ട്. അതില്‍ പത്തെണ്ണം പ്രമുഖങ്ങളാണ്. രാമായണം, ഭാരതം, ഭാഗവതം എന്നിവയെ ആസ്പദമാക്കി രചിച്ച അവയെല്ലാം ചാക്യാന്മാര്‍ കൂത്ത് പറയാന്‍ ഉപയോഗിച്ചിരുന്നു. രാജസൂയം, ഗജേന്ദ്രമോക്ഷം, നാരദമോഹനം,സുഭദ്രാഹരണം തുടങ്ങിയവ കേരളത്തില്‍ പ്രസിദ്ധങ്ങളാണ്. ചാക്യാന്മാരും പാഠകക്കാരും കൂടുതലും ഭട്ടതിരിയുടെ പ്രബന്ധങ്ങളാണ് രംഗത്ത് അവതരിപ്പിച്ചിട്ടുള്ളത്.
ഭാഷയിലെ ചമ്പുക്കളെ പ്രാചീനം, ആധുനികം എന്ന് രണ്ടായി സാഹിത്യചരിത്രകാരന്മാര്‍ തിരിച്ചിട്ടുണ്ട്. ഇതില്‍ ഭാഷാപദ്യ സാഹിത്യത്തിലെ അനര്‍ഘസമ്പത്ത് പ്രാചീന ചമ്പുക്കളാണ്. മൂന്നൂറോളം ചമ്പുക്കള്‍ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ചാക്യാന്മാരും പാഠകക്കാരും ‘ഓടുന്ന തോണിക്ക് ഉന്ത്’ എന്നതുപോലെ ചമ്പുക്കളുടെ പുരോഗതിക്ക് നല്ല സഹായം ചെയ്തിട്ടുണ്ടെന്ന് വടക്കുംകൂര്‍ രാജരാജവര്‍മ പറഞ്ഞിട്ടുണ്ട്. എ.ഡി 1325 മുതല്‍ 1575വരെയുള്ള രണ്ടര ശതാബ്ദക്കാലമാണ് ചമ്പുക്കളുടെ പ്രാഭവം മലയാളത്തില്‍ നിലനിന്നത്. പഴയ ചമ്പുക്കളില്‍ ഒട്ടനേകം അക്കാലത്താണ് ഉണ്ടായിട്ടുള്ളത്.
ചമ്പുക്കള്‍ക്ക് പിന്നീടുണ്ടായ ഗതികേടിനെക്കുറിച്ച് ഭാഷാപോഷിണിയില്‍ എഴുതിയ ഒരു ലേഖനത്തില്‍ മഹാകവി ഉള്ളൂര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
” കിളിപ്പാട്ടുകള്‍ പാരായണം ചെയ്യുവാന്‍ ഇപ്പോള്‍ ധാരാളം ഭക്തന്മാരുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ മനോധര്‍മ്മംനിമിത്തം തുള്ളല്‍ക്കഥകളെ ഭക്തന്മാര്‍ക്ക് വിസ്മരിക്കാന്‍ നിവൃത്തിയില്ല. രണ്ടാട്ടക്കഥകളെങ്കിലും പഠിക്കാതെ സര്‍വ്വകലാശാലക്കാര്‍ യുവാക്കളെ വിട്ടയക്കയില്ല. കരിമ്പുതിന്നുവാന്‍ കൈക്കൂലി വേണ്ടാത്തതുകൊണ്ട് ആഖ്യായിക മുതലായവയുടെ കാര്യം പറയേണ്ടതുമില്ല. ഭാഷാചമ്പുക്കള്‍ മേല്പറയപ്പെട്ട കൃതികളെക്കാള്‍ പലതരത്തിലും പ്രാധാന്യമേറിയവയാണ്; എങ്കിലും അവയെ സര്‍വ്വകലാശാലക്കാരാകട്ടെ, പണ്ഡിതന്മാരാകട്ടെ, ജനസാമാന്യമാകട്ടെ വേണ്ടപോലെ ആദരിക്കുന്നതായി വിചാരിക്കുവാന്‍ മാര്‍ഗ്ഗം കാണുന്നില്ല. ഇതെത്രയും ശോച്യമാണെന്ന് പറയാതിരിക്കുന്നതെങ്ങനെ?”
ഭാഷാ ചമ്പുക്കളില്‍ വളരെയേറെ പ്രസിദ്ധി നേടിയ ചമ്പുക്കളേവ എന്നു നോക്കാം. രാമായണം ചമ്പുതന്നെയാണ് മുഖ്യം. പുനം നമ്പൂതിരിയാണ് രചയിതാവ്. ഭാഷാ ചമ്പുക്കളില്‍ സാഹിത്യഗുണം കൊണ്ടും രചനാരീതി കൊണ്ടും മുന്നില്‍ നില്‍ക്കുന്നതാണിത്. രാവണോത്ഭവം മുതല്‍ ശ്രീരാമാദികളുടെ സ്വര്‍ഗാരോഹണം വരെയുള്ള എല്ലാകഥകളും അതില്‍ പ്രതിപാദിച്ചിട്ടുണ്ട്.
രാമായണ ചമ്പുവിലെ ബാലിവധം, ഉത്തരരാമായണം തുടങ്ങിയവ കെ.ചിദബര വാധ്യാര്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തി. പിന്നീട് തിരുവനന്തപുരത്തുനിന്നും ശ്രീമൂലം ഗ്രന്ഥാവലിയില്‍ ചേര്‍ത്ത് കെ.ശങ്കരമേനോന്‍ മൂന്നുഭാഗങ്ങളായി കൃതി മുഴുവനും പ്രസിദ്ധപ്പെടുത്തി.
രാമായണ ചമ്പുവിലെ ഭാഷ, വര്‍ണനരീതി, രസാവിഷ്‌കാരം, അലങ്കാരപ്രയോഗം തുടങ്ങിയവയെല്ലാം പ്രത്യേകത ഉള്ളതാണ്.

പുനം നമ്പൂതിരിയുടെ തന്നെയാണ് ഭാരതം ചമ്പുവും. എന്നാല്‍, രാമായണ ചമ്പുവിനോളം പ്രചാരത്തിലെത്തിയില്ല അത്. കവനോദയം മാസികയിലാണ് ആദ്യമായി ഇതു പ്രസിദ്ധീകരിച്ചത്. പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം തുടങ്ങിയ പത്ത് ഭാഗങ്ങള്‍ ഇതിനുണ്ട്.
ഭാരതചമ്പു കഴിഞ്ഞാല്‍ പിന്നെ പ്രസിദ്ധം നൈഷധം ചമ്പുവാണ്. മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ കൃതിയാണത്. ഭാഷാ ചരിത്രകര്‍ത്താവായ പി.ഗോവിന്ദപ്പിള്ളയാണ് ഭാഷാനൈഷധം ചമ്പു പ്രസിദ്ധപ്പെടുത്തിയത്.
കാമദഹനം, കൊടിയവിരഹം, ചെല്ലൂര്‍ നാഥോദയം, പാരിജാതാഹരണം, രാജരത്‌നാവലീയം, ബാണയുദ്ധം, കംസവധം തുടങ്ങിയ ചമ്പുക്കളും ഒരുകാലത്ത് പ്രസിദ്ധങ്ങളായിരുന്നു.

ശ്രോതാക്കളില്‍ ഈശ്വരഭക്തി ജനിപ്പിക്കുക എന്നതാണ് ചമ്പുക്കളുടെ മുഖ്യമായ ഉദ്ദേശ്യം. സന്മാര്‍ഗത്തെയും ആത്മവിഷയകമായ വിജ്ഞാനത്തെയും ജനിപ്പിക്കുകയെന്നതും അവയുടെ ലക്ഷ്യമാണ്. ഒരു സ്‌നേഹിതനോട് ഭഗവല്‍ക്കഥ പറയുമ്പോലെയാണ് ചാക്യാന്മാര്‍ കഥാകഥനം ആരംഭിക്കുന്നത്. അതുതന്നെയാണ് ചമ്പുക്കളുടെയും രീതി.