Archives for October, 2017 - Page 289
തള
കാലുകളില്‍ ധരിക്കുന്ന ആഭരണവിശേഷം. വൃക്ഷങ്ങളില്‍ കയറുവാന്‍ കയറുകൊണ്ടോ തുണികൊണ്ടോ കെട്ടിയുണ്ടാക്കുന്ന സാധനത്തിനും 'തളപ്പ്' എന്നുപറയും 'തെങ്ങിനും കവുങ്ങിനും ഒരേ തള പറ്റുകയില്ല' എന്നു പഴഞ്ചൊല്ല്.
തവളച്ചാട്ടം
ഗ്രാമീണ ബാലികാബാലന്മാരുടെ ഒരു വിനോദം. കുനിഞ്ഞിരുന്ന് കൈകള്‍കൊണ്ട് പ്രത്യേകരീതിയില്‍ കീഴ്ക്കാലുകള്‍ പിടിച്ച് തവളചാടുന്നതുപോലെ ചാടുകയാണ് ഇതിന്റെ സ്വഭാവം. നിരയായി ഇരുന്നുകൊണ്ടാണ് കളി ആരംഭിക്കുക. ലക്ഷ്യസ്ഥാനത്ത് ആദ്യം എത്തിയ കുട്ടി വിജയിക്കും.
തവരക്കറി
തവര (തകര)ച്ചെടിയുടെ ഇല കറി വയ്ക്കാറുണ്ട്. തകരയ്ക്ക് പോഷകമൂല്യവും ഔഷധവീര്യവും ഉണ്ട്. വാതം, കഫം,വ്രണം, കൃമി എന്നിവയ്‌ക്കൊക്കെ തകര നല്ലതാണ്. നാടന്‍ ഇലക്കറികളില്‍ തവരക്കറിക്ക് പ്രാധാന്യമുണ്ട്. തവരയില ചെറുതായി നുറുക്കി ഉപ്പുചേര്‍ത്ത് വേവിച്ച തേങ്ങ ചേര്‍ത്ത് കടുകു വറുത്തിട്ട കറിയാണത്. കന്നിമാസത്തിലെ…
തല്ല്
ദൈവപ്രീതികരമായ കായികാഭ്യാസപ്രകടനം. വണ്ടൂരിനടുത്തുള്ള ചാത്തങ്ങോട്ടുപുറം ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് തല്ല് എന്ന ചടങ്ങ് നടത്താറുണ്ട്. ക്ഷേത്രത്തിന് വടക്കുവശമുള്ള വയലില്‍വെച്ചാണ് അതു നടക്കുക പതിവ്. ഈ കാഴ്ച കാണാന്‍ നിരവധിപേര്‍ വന്നുചേരും. അടിക്ക് വീറും വാശിയും കാണുമെങ്കിലും ഒടുവില്‍ സ്‌നേഹത്തിലാണ് പിരിയുന്നത്.
തല്ലുകവി
ഇരുപക്ഷം തിരിഞ്ഞ് ചോദ്യരൂപത്തില്‍ കവിത ചൊല്ലല്‍. ഒരു പക്ഷം ചൊല്ലിയ അതേ രീതിയില്‍ അതേ താളത്തില്‍ മറുപക്ഷക്കാരും പാടണം. മത്സരിച്ചുള്ളതാണ് ഈ പരിപാടി. തെക്കന്‍പാട്ടുകളായ വില്ലടിപ്പാട്ടുകള്‍ പാടുന്നതിനിടയില്‍ ചിലപ്പോള്‍ തല്ലുകവി കൂടി അവതരിപ്പിക്കും. 'കുറ്റടിതാളം' എന്നാണ് പഴയ പേര്. നെയ്യാറ്റിന്‍കര താലൂക്കിന്റെ…
തലയിലെഴുത്ത്
പ്രസവിച്ച് ഏഴാം ദിവസം രാത്രിയില്‍ നടത്താറുള്ള ഒരു ചടങ്ങ്. ദീപം, എഴുത്തോല, എഴുത്താണി എന്നിവ വച്ച് ആ മുറിയില്‍ കുട്ടിയെക്കിടത്തി മറ്റുള്ളവര്‍ മാറിനില്‍ക്കും. ശിശുവിന്റെ തലയിലെഴുത്ത് നടക്കുന്നത് അപ്പോഴാണെന്നാണ് വിശ്വാസം. ഉത്തരകേരളത്തില്‍ ബ്രാഹ്മണര്‍ക്കിടയില്‍ ഈ ചടങ്ങുണ്ട്.
തലയാട്ടം
തണ്ടപ്പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള കലാപ്രകടനമാണ് തലയാട്ടം. തെക്കേ മലബാര്‍, കൊച്ചി, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളില്‍ ഇത് നടപ്പുണ്ട്. താളമേളത്തോടുകൂടിയ നൃത്താഭിനയമാണത്. ഓട്ടുകിണ്ണമോ കൈമണിയോ താളവാദ്യമായി ഉപയോഗിക്കും. ഉത്സവസന്ദര്‍ഭങ്ങളിലും തിരണ്ടുകല്യാണത്തിനും തലയാട്ടം നടത്താറുണ്ട്. തിരണ്ടുകല്യാണത്തിന് തലയാട്ടം നടത്തുന്നത് തിരണ്ടുകുളി കഴിഞ്ഞ കന്യകതന്നെയാണ്. പതിനഞ്ചാം ദിവസം…
തലമല്ലിക
തെയ്യം, തിറ മുതലായ നാടന്‍കലകള്‍ക്ക് തലയില്‍ ധരിക്കുന്ന ഒരു അലങ്കാരം. മിന്നിക (അലുക്കുക)ളും മയില്‍പ്പീലിത്തണ്ടും തുന്നിപ്പിടിപ്പിച്ച പട്ടാണ് 'തലമല്ലിക'. ഇതിന് 'മല്ലികത്തുണി' എന്നും പറയും. തലപ്പൊളി കെട്ടിയശേഷം തലമല്ലിക കെട്ടും. കുരുത്തോലകൊണ്ടുണ്ടാക്കുന്ന ഒരലങ്കാരത്തിനും തലമല്ലികയെന്ന് പറയാറുണ്ട്. മടേച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ക്ക് കുരുത്തോല…
തലപ്പാളി
തെയ്യം, തിറ തുടങ്ങിയ നാടന്‍ കലകള്‍ക്ക് ഉപയോഗിക്കുന്ന ഒരു കേശാലങ്കാരം. നെറ്റിയുടെ മുകളില്‍ കെട്ടുന്ന ഒരു പട്ടാണിത്. ആ പട്ടിന് ഓട്ടിന്റെ 21 കല്ലുകളും തൂങ്ങിനില്‍ക്കുന്ന അലുക്കുകളും ഉണ്ടായിരിക്കും. ഇരുപത്തൊന്ന് ഗുരുക്കന്മാരെ സങ്കല്‍പ്പിച്ചുകൊണ്ടാണ് ഇരുപത്തൊന്ന് ദളങ്ങള്‍ ഉണ്ടാക്കുന്നത്.
തരിവള
ഉള്ള് പൊള്ളയായ സ്വര്‍ണവള. അതിനുള്ളില്‍ തരി (മണികള്‍) ഇടുന്നതിനാല്‍ കിലുങ്ങും. 'അരിമണിയൊന്നു കൊറിപ്പാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം' എന്ന് നമ്പ്യാരുടെ തുള്ളല്‍പ്പാട്ടില്‍.
