എംടി: കഥേതരം (ലേഖന സമാഹാരം) ആമുഖം -ഡോ. എം.എം. ബഷീര്‍
ആമുഖം
ഡോ. എം.എം. ബഷീര്‍
2024 ജനുവരി 11 വ്യാഴാഴ്ച. കോഴിക്കോട് ബീച്ച്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനസമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്. വിശിഷ്ടാതിഥി എം.ടി.വാസുദേവന്‍ നായര്‍. ഉദ്ഘാടനപ്രസംഗത്തിനുശേഷം എംടി വായിച്ച പ്രസംഗത്തില്‍ പറഞ്ഞു:
”ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല, സ്വാതന്ത്യം. അധികാരാധിപത്യമോ സര്‍വാധിപ ത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരും എന്ന പഴയ സങ്കല്പം മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചിരുന്നു.
നേതൃപൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടായിരുന്നു. തെറ്റുപറ്റിയെന്നു തോന്നിയാല്‍ അതു സമ്മതിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതമണ്ഡലങ്ങളില്‍ ഒരു മഹാരഥനും ഇവിടെ പതിവില്ല. സ്വന്തം നിലനില്പിനുവേണ്ടി കൊല്ലാനും കൊ ല്ലിക്കാനും മടിക്കാത്തവരാണ് ഭരണാധികാരികളില്‍ അധികം പേരും.’
‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനം 2003ല്‍ ‘കിളിവാതിലിലൂടെ’ എന്ന പുസ്തകത്തില്‍ ചേര്‍ത്തിരുന്നു. ആ ലേഖനം തുടക്കത്തിലും ഒടുക്കത്തിലും ഓരോ വാക്യം എഴുതി ച്ചേര്‍ത്താണ് എംടി വായിച്ചത്.
ആരംഭത്തില്‍-
‘ചരിത്രപരമായ ഒരാവശ്യത്തെക്കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.’
എന്നും.
ഒടുവില്‍-
‘ഇതു കാലത്തിന്റെ ആവശ്യമാണ്. അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്ന് പ്രത്യാശിക്കുന്നു’
എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
എംടിയുടെ പ്രസംഗത്തെക്കുറിച്ചു വ്യാപകമായ ചര്‍ച്ചകള്‍ നടന്നു. സമകാലിക രാഷ്ട്രീയത്തെയും ഭരണാധികാരിയെയുമാണ് എംടി ലക്ഷ്യംവച്ചതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. എംടിക്കല്ലാതെ ഭരണാധികാരിയുടെ സാന്നിധ്യത്തില്‍ ഇത്തരം ഒരു വിമര്‍ശനം സാധ്യമല്ല എന്നു ശ്ലാഘിക്കപ്പെട്ടു. അദ്ദേഹം സുഹ്യത്തിനോടു പറഞ്ഞു: ‘ഏതെങ്കിലും ഒരു പ്രത്യേക ഭരണാ ധികാരിയെയോ ഭരണത്തെയോ വിമര്‍ശിക്കാനല്ല അതെഴുതിയത്. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധി പതികളായിമാറുന്ന എല്ലാ സേച്ഛാധിപതികളും എന്റെ മനസ്സിലുണ്ടായിരുന്നു.’
ഇതേ വിഷയത്തെപ്പറ്റി എംടി എഴുതിയ മറ്റൊരു ലേഖനത്തില്‍ (അധികാരത്തിന്റെ പരിവേഷം) ഹായ്ത്തിയുടെ സ്വേച്ഛാധിപതി പ്രസിഡന്റ് പാപ്പ ഡോക് ദുവാലിയോര് ക്രിസ്ത്യന്‍ പ്രാര്‍ഥന സ്വന്തം പേരുചേര്‍ത്ത് മാറ്റി എഴുതിച്ചതി നെക്കുറിച്ചും അയാളുടെ ഭീകരതകളെക്കുറിച്ചും പറയുന്നു. പ്രസിഡന്റ് മരിച്ചപ്പോള്‍ ആളുകള്‍ കരച്ചില് നിറുത്തി പേടിച്ച് ഓടാന്‍ തുടങ്ങിയതായി അനുഭവസ്ഥരെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. സ്വന്തം നിലനില്പിനുവേണ്ടി കൊല്ലാനും കൊല്ലിക്കാനും മടിക്കാത്തവര്‍ ഭരണാധികാരികള്‍. 1981-ല്‍ നൊബേല്‍ സമ്മാനം ലഭിച്ച കാനെറ്റിയുടെ (ജര്‍മന്‍ഭാഷ)പുസ്തകങ്ങളില്‍ പ്രഖ്യാതം ‘ഓട്ടോ ദാഫോ’, പക്ഷേ, അദ്ദേഹത്തിന്റെ മഹത്തായ സംഭാവന ‘ആള്‍ക്കൂട്ടങ്ങളും അധികാരവും’ (Crowds and Power) ആണ്. അതില്‍ പറയുന്ന റോമന്‍ ചരിത്രത്തിലെ ജോസഫസിന്റെ കഥ, ആഫ്രിക്കന്‍ രാജാക്കന്മാരുടെ ഭീകരത കള്‍, തുഗ്ലക്കിന്റെ ക്രൂരകൃത്യങ്ങള്‍ വിശദീകരിക്കുന്നു. ഇവിടെ അധികാരികള്‍ മാറുന്നില്ല. അവരുടെ ചുറ്റുപാടുകള്‍ മാത്രമാണു മാറുന്നത് എന്നു കാനെറ്റി പറയുന്നതിനോട് എംടി യോജിക്കുന്നു. എന്തുകൊണ്ടാണ് കാനെറ്റി മലയാളത്തില്‍ അധികം അറിയപ്പെടാതെപോയത് എന്ന് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്.
എം.ടി.വാസുദേവന്‍ നായരുടെ ആഖ്യാനങ്ങള്‍ക്ക് ചില പ്രത്യേകതകളുണ്ട്. വൈകാരികാനുഭൂതികളും മാനസിക സംഘര്‍ഷങ്ങളും പ്രത്യക്ഷമാക്കുന്ന വാങ്മയങ്ങളിലൂടെയാണ് അദ്ദേഹം കഥ പറയുന്നത്. എല്ലാം നേരിട്ടു കാണിച്ചു കൊടുക്കുന്ന, അനുഭവിപ്പിക്കുന്ന ദൃശ്യാവിഷ്കാരമായി കഥാകഥനം മാറുന്നു. എംടിയുടെ കഥേതര കൃതികള്‍ക്കും കഥാഖ്യാനത്തിന്റെ ജൈവസ്വഭാവം ലഭിച്ചിട്ടുണ്ട്. സാഹിത്യകൃതികള്‍, സംഭവങ്ങള്‍, സമകാലിക ജീവിതാനുഭവങ്ങള്‍. അനുസ്മരണങ്ങള്‍, യാത്രാനുഭവങ്ങള്‍. സാഹിത്യാസ്വാദനങ്ങള്-എന്തും ആയിക്കൊള്ളട്ടെ, അദ്ദേഹം കാര്യങ്ങളില്‍ തുടങ്ങി ആഖ്യാനതലത്തിലേക്കു മാറുന്നു. അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകള്‍ പലതും പരകായപ്രവേശം ചെയ്ത് ലേഖനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. കോര്പറേഷന് പൈപ്പുപൊട്ടി വീട്ടില്‍ വെള്ളം കിട്ടാതായാല്‍, ആ അനുഭവത്തില്‍നിന്ന് എംടി, ലോകനഗരങ്ങളില്‍ ഇത്തരം അനുഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചോ, കുടിവെള്ളം എത്തിക്കുന്നതില്‍ കാണിക്കുന്ന ശുഷ്കാന്തിയെക്കുറിച്ചോ, അതിനുവേണ്ടി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെക്കുറിച്ചോ പറയും. ഉറക്കം വരാന്‍ പ്രയാസം തോന്നിയപ്പോള്‍, പഴയ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് സിയാറ്റില്‍ മൂപ്പന്റെ കത്ത് കിട്ടുന്നു. അതോടെ അദ്ദേഹം പരിസരം മറന്നു. (മീനച്ചൂടിന്റെ ബാക്കി).
എംടിയുടെ ലേഖനങ്ങളിലും സംഭാഷണങ്ങളിലും ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ് ‘സിയാറ്റില്‍ മൂപ്പന്റെ പ്രസംഗം’.. വാഷിങ്ടണ്‍ പ്രദേശത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്ന അറിയിപ്പുമായി, അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന് പിയേഴ്സ്, ഗവര്‍ണര്‍ ഐസക് ഇന്‍ഗാല്‍സ് സ്റ്റീ വന്സനെ സിയാറ്റില്‍ മൂപ്പന്റെ അടുത്തേക്ക് അയച്ചു. ഇന്ത്യക്കാരുമായി ഉടമ്പടി ഉണ്ടാക്കി അവരുടെ ഭൂമി വിലയ്ക്കു വാങ്ങാനാണ് വാഷിങ്ടണിലെ പ്രസിഡന്റ് അയച്ചിരിക്കുന്നതെന്ന് അറിയിക്കുകയും ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍ വായിക്കുകയും ചെയ്തു. അതിനു മറുപടിയായി സിയാറ്റില്‍ മൂപ്പന് പറഞ്ഞ കാര്യങ്ങളാണ് ‘സിയാറ്റില്‍ മൂപ്പ’ന്റെ പ്രഭാഷ ണമായി അറിയപ്പെടുന്നത്.
സിയാറ്റില്‍ മൂപ്പന് പറഞ്ഞു:
‘ചുവന്ന മനുഷ്യനും അവന്റെ വെളുത്ത മുഖമുള്ള സഹോദരന്മാരും തമ്മിലുള്ള യുദ്ധങ്ങള്‍ ഒരിക്കലും മടങ്ങി വരാതിരിക്കട്ടെ എന്നു നമുക്ക് ആശിക്കാം. നമുക്കു നഷ്ടപ്പെടാനുള്ളത് എല്ലാമാണ്. നേടാന്‍ ഒന്നുമില്ലതാനും.
രാത്രിക്കും പകലിനും ഒന്നിച്ചു കഴിയുക സാധ്യമല്ല. മലഞ്ചെരുവില്‍ പാറുന്ന മഞ്ഞ് പ്രഭാതസൂര്യന്റെ വെട്ടിത്തിളക്കത്തിനു മുന്നില്‍ ഓടിയൊളിക്കുംപോലെ ചുവന്ന മനുഷ്യന് വെളുത്ത മനുഷ്യന്റെ സാന്നിധ്യത്തില്‍നിന്ന് ഓടിപ്പോകുന്നു. ഏതായാലും നിങ്ങള്‍ നല്കിയ നിര്‍ദേശം നീതിയുള്ള ഒന്നായി തോന്നുന്നു. എന്റെ കൂട്ടര് അതു സ്വീകരിച്ച് അവര്‍ക്കായി നീക്കിവച്ച ഇടങ്ങളിലേക്കു മാറിപ്പോകും എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ നിങ്ങളില്‍നിന്ന് സമാധാനപൂര്‍വം മാറിത്താമസിച്ചുകൊള്ളാം. ഞങ്ങള്‍ ഞങ്ങളുടെ ശിഷ്ടദിനങ്ങള്‍ എവിടെ കഴിഞ്ഞുകൂടുമെന്നതില് വലിയ കാര്യമില്ല. ആ ദിനങ്ങള്‍ അധികമൊന്നുമില്ല. ചുവന്ന മനുഷ്യന്റെ വരാന്‍പോകുന്ന രാത്രി വളരെ ഇരുണ്ടതാണെന്നു വ്യക്തമാണ്. ചക്രവാളത്തില്‍ നക്ഷത്രത്തിളക്കമില്ല. കാറ്റുകള്‍ ദുഃഖസ്വരത്തില്‍ നിലവിളിക്കുന്നത് അകലെ കേള്‍ക്കാം. ഞങ്ങളുടെ വര്‍ഗത്തിന്റെ ഏതോ പ്രതികാരദേവത ഞങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ ദേശത്തിന്റെ ഓരോ ഭാഗവും എന്റെ ജനങ്ങള്‍ക്കു പവിത്രമാണ്. ഓരോ മലഞ്ചെരിവും താഴ്വരയും പുല്‍പ്പരപ്പും മരക്കൂട്ടവും എന്റെ വര്‍ഗത്തിന്റെ സ്മരണകള്കൊണ്ടോ ദുഃഖാനുഭവങ്ങള്‍ കൊണ്ടോ നിഗൂഢമാക്കപ്പെട്ടവയാണ്. വെളുത്ത മനുഷ്യര്‍ ഇവിടെ ഒരിക്കലും ഒറ്റയ്ക്കായിരിക്കുകയില്ല. അയാള്‍ എന്റെ ജനങ്ങളോട് നീതിയോടെയും ദയ യോടെയും പെരുമാറട്ടെ. എന്തുകൊണ്ടെന്നാല്‍ മൃതര്‍ പൂര്‍ണമായും ശക്തിഹീനരല്ല.’
(സിയാറ്റില്‍ മൂപ്പന്, ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍, പരിഭാഷ: സക്കറിയ, ഡി സി കോട്ടയം, 2010.)
സിയാറ്റില്‍ മൂപ്പന്റെ പ്രസംഗത്തിന്റെ ശാന്തവും ഗംഭീരവും ദീനവുമായ മാറ്റൊലികള്‍ വെള്ളക്കാരുടെ കുത്സിതമായ മനസ്സുകളെ വ്യക്തമാക്കിക്കൊണ്ടേയിരിക്കുന്നു. മൂപ്പന്റെ പ്രസംഗത്തിന്റെ ധ്വനിപാഠങ്ങള്‍ പില്ക്കാല സാമൂഹിക ജീവിതത്തിലും സാഹിത്യത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സിയാറ്റില്‍ മൂപ്പന്റെ വാക്കുകള്‍ എംടി ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. എംടി പറയുന്നു:
‘ആകാശവും ഭൂമിയും ഊഷ്മളതയും എങ്ങനെ വാങ്ങാനോ വില്‍ക്കാനോ കഴിയുമെന്ന് 1854ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന് പീയേഴ്സിനോടു ചോദിച്ചുകൊണ്ടെഴുതിത്തുടങ്ങിയ ഈ കത്ത് എക്കാലവും നിലനില്‍ക്കുന്ന കവിതയാണ്, തത്വചിന്തയാണ്, സത്യപ്രസ്താവനയാണ്’
എംടിയെ അസ്വസ്ഥനാക്കുന്ന ധാരാളം വിഷയങ്ങള്‍ ചുറ്റുമുണ്ട്. അതിനോടൊക്കെ സ്വന്തം കലാസൃഷ്ടികളിലൂടെ പ്രതികരിക്കുക എന്നതാണ് എംടിയുടെ രീതി. ഇംഗ്ലിഷിലെ നഴ്സറിപ്പാട്ടുകളില് കറുത്തവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന ചില വരികളുണ്ട്.
Eena Meena Mina Mo / Catch a Nigger by his toe
If he screams let him go / Eena Meena Mina Mo
ഇത്തരത്തിലുള്ള നഴ്സറിപ്പാട്ടുകള്‍ ഇപ്പോഴും കുട്ടികള്‍ പഠിക്കുന്നു. പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഴ്സ റിപ്പാട്ടുകള്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്നതാണ്. നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും വികൃതമായ ഇത്തരം അനുഭവ ങ്ങള് എംടിയെ വ്യാകുലപ്പെടുത്തുന്നു. വെളുത്ത വര്‍ഗക്കാര്‍ കറുത്തവരോടു കാട്ടുന്ന നിന്ദ്യവും നീചവുമായ വര്ഗവിവേ ചനത്തെക്കുറിച്ച് എംടി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
പാശ്ചാത്യരാജ്യങ്ങളില്‍ പല ഭാഗങ്ങളിലും കറുത്ത വര്‍ഗക്കാരോടുള്ള അധികാരികളുടെ മനോഭാവം മനുഷ്യത്വരഹിതമാണ്. വെളുത്ത അധികാരികള്‍ കറുത്തവര്‍ക്കുവേണ്ടി നീക്കിവച്ചിട്ടുള്ള റിസര്‍വ് പ്രദേശങ്ങളുണ്ട്. അവരുടെ പുരുഷന്മാരുടെ സംഖ്യ കുറവാണ്. സ്ത്രീകളാണ് കൂടുതല്‍. ആ പ്രദേശങ്ങളില്‍ താമസിക്കാന്‍ ചെറുകൂരകള്‍ ഉണ്ടാക്കി യത് സ്ത്രീകളാണ്. അവരുടെ പുരുഷന്മാരെ കൊണ്ടുപോയി വെളുത്തവര്‍ക്കുവേണ്ടി എവിടെയോ പണിയെടുപ്പിക്കുക യാണ്. അവിടങ്ങളില്‍നിന്ന് ഇടയ്ക്കിടെ കത്തുകള്‍ വരും. അതിനകത്ത് ചെറിയ തുകകള്‍ ഉണ്ടാവും. അപ്പോള്‍ സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കും വലിയ സന്തോഷമാണ്. ചിലപ്പോള്‍ പണം ഉണ്ടാവില്ല. പുരുഷന്മാരുടെ ജോലിസ്ഥലം വലിയ സിറ്റികളിലായിരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവിടെ എത്തിപ്പെടാന്‍ നിയമം അനുവദിക്കുന്നില്ല. സ്വന്തം നാട്ടില്‍ യാത്ര ചെയ്യാന്‍ കാപ്പിരികള്‍ക്കു വിലക്കുണ്ട്. പാസ്സുകളില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രമേ അവര്‍ക്കു നില് ക്കാന്‍ പാടുള്ളു. ഇടയ്ക്കിടെ കള്ളക്കടത്തുകാരുടെ സഹായത്തോടെ നഗരത്തില്‍ എത്തുന്നവരുമുണ്ട്. പാസ്സില്ലാതെ വരുന്ന അത്തരം ആള്‍ക്കാരെക്കൊണ്ടു കുറഞ്ഞ വേതനം നല്കി പണിയെടുപ്പിക്കുന്ന സമ്പന്നന്മാരുമുണ്ട്. കറുത്ത വര്‍ഗക്കാരുടെ പൈതൃകം അന്വേഷിച്ചുപോയ അലെക്സ് ഹെയ്ലിയുടെ ‘ദ റൂട്സ്’ (The Roots) എന്ന കൃതിയില്‍ കറുത്തവരുടെ ദുരിതസങ്കീര്ണമായ ജീവിതം അവതരിപ്പിക്കുന്നത് എംടി ഓര്‍ക്കുന്നു. അനേകം വര്‍ഷങ്ങളായി കറുത്തവര്‍ക്കുവേണ്ടി സമരം ചെയ്ത നെല്‍സണ്‍ മണ്ടേല ജയില്‍മോചിതനായ അവസരത്തിലാണ് ‘ആഫ്രിക്കയിലെ സൂര്യോദയ’ത്തെക്കുറിച്ച് എംടി എഴുതിയത്. കറുത്തവര്‍ഗക്കാരുടെ സംരക്ഷകനായ നെല്‍സണ്‍ മണ്ടേലയെക്കുറിച്ച് എംടി ആദരവോടെ പലവട്ടം അനുസ്മരിക്കുന്നുണ്ട്.
1980ല്‍ ആസ്ട്രേലിയയില്‍ നടന്ന ഒരു സംഭവം എംടി ചൂണ്ടിക്കാണിക്കുന്നു: ‘ഇരുട്ടില്‍ ഒരു രോദനം’. പള്ളിവികാ രിയായ മൈക്കള്‍ ചേംബര്ലെയ്ക്കും ഭാര്യ ലിന്‍ഡിയും മൂന്നു കുട്ടികളും പിക്നിക്കിനു പോയി. ഇളയ പെണ്‍കുട്ടി ടെന്റില്‍ ഉറങ്ങുകയായിരുന്നു. ഒരു കാട്ടുനായ ടെന്റിനടുത്തുകൂടി നീങ്ങുന്നത് ലിന്‍ഡി കണ്ടു. കൂടാരത്തിലെത്തി നോക്കുമ്പോള്‍ കുഞ്ഞുമോള്‍ അവിടെയില്ല. കാട്ടുനായ ഡിഗോ കൊണ്ടുപോയതാവാം എന്നു ചിലര്‍ പറഞ്ഞു. ഡിഗോ എന്ന മൃഗത്തിന് അങ്ങനെ ചെയ്യാന്‍ കഴിയുകയില്ല എന്നു ചിലര്‍ വാദിച്ചു. കോടതി തെളിവുകള്‍ കണ്ടുപിടിച്ചു. അമ്മയാണ് കുഞ്ഞിനെ കൊന്നതെന്നു വിധിച്ച് അവരെ ജീവപര്യന്തം ശിക്ഷിച്ചു. എട്ടുവര്‍ഷത്തിനുശേഷം നായാട്ടുസംഘം കുട്ടിയുടെ ചോരപുരണ്ട ഉടുപ്പുകള്‍ കണ്ടെടുത്തു. പല്ലുകോര്‍ത്ത അടയാളങ്ങള്‍ ഡിഗോ തന്നെയാണ് കൊലയാളി എന്നു ബോധ്യമാക്കി. എട്ടുവര്‍ഷത്തിനുശേഷം അമ്മയെ വെറുതേവിട്ടു. അപ്പോഴേക്കും ആ അമ്മയുടെയും കുടുംബത്തിന്റെയും ജീവിതം ആകെ തകര്‍ന്നുകഴിഞ്ഞിരുന്നു. തെറ്റായ വാര്‍ത്തകള്‍ നിരപരാധികളെ കുറ്റക്കാരാക്കിമാറ്റുന്നു. ദൂഷിതമായ ന്യായാസനങ്ങള്‍ നിര്‍ദോഷികളെ ശിക്ഷിക്കുന്നു. ഇത് എല്ലാക്കാലത്തും എല്ലാ ദേശത്തും നടന്നുകൊണ്ടേയിരിക്കുന്നു.
2
മതസൗഹാര്‍ദത്തെ ഊന്നിക്കൊണ്ടുള്ള ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ എംടിയെ ക്ഷണിച്ച സുഹൃത്തിനെഴുതിയ ഒരു കത്തുണ്ട്-‘മനുഷ്യനെ തേടി’. എല്ലായിടത്തും മതമുണ്ട് എന്നും മനുഷ്യന് മാത്രമില്ല എന്നും എംടി തിരിച്ചറിയുന്നു. പക്ഷേ, ഒരു കാര്യം-സാമൂഹികജീവിതത്തില്‍ മതത്തെ മറന്നുകൊണ്ട് മനുഷ്യത്വത്തോടുകൂടി ജീവിക്കുന്ന അനേകം മനുഷ്യരുണ്ട്. സല്മാന് റുഷ്ദിയുടെ ‘സാറ്റാനിക് വേഴ്സസ്’ നിരോധനം, ഇസ്രാഫീല് എന്നതിനു ഇസ്രായീല്‍ എന്നു മാറിപ്പോയതുകൊണ്ടുള്ള കലിതുള്ളലുകള്, ഭാരതിരാജയുടെ ‘വേദം പുതിയത്’ എന്ന ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതികള്‍- അസഹിഷ്ണുത സമൂഹത്തില്‍ കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. മതത്തിന്റെ പേരില്‍ നടക്കുന്ന കൊടും ക്രൂരതകള്‍ നമ്മള് അനുഭവിച്ചുകൊണ്ടിരിക്കുന്നു. ”ഞാന്‍ എല്ലാ മതത്തിലുംപെടുന്നു’ എന്ന് ഗാന്ധി പറഞ്ഞു. എല്ലാ മതക്കാരും പങ്കാളികളാകുന്ന ഒരിന്ത്യന്‍ സാഹചര്യത്തെക്കുറിച്ചാണ് എംടി ചിന്തിക്കുന്നത്. മനോഹരമായ സങ്കല്പം! ഒരിക്കലും സാക്ഷാല്‍ക്കരിക്കാന്‍ പോകുന്നില്ല എങ്കിലും.
എംടിയുടെ ഭാഷാഭിമാനം എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ‘മലയാളം മറക്കുന്നവ’രെപ്പറ്റി അദ്ദേഹം എഴുതിയിട്ടുണ്ട്. തന്റെ കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നത് അഭിമാനമായി കരുതുന്ന മാതാപിതാക്കള്‍ ധാരാളമുണ്ട്. മലയാളം അറിയാതെ കേരളത്തില്‍ ഏതു ബിരുദംവരെയും പഠിക്കാന്‍ സാധിക്കും. ബ്രിട്ടിഷുകാര്‍ ഭരിക്കുമ്പോള്‍ അവര്‍ക്ക് മലയാളത്തോട് അവഗണന ഉണ്ടായിരുന്നില്ല. പൊതുജനങ്ങളുടെ പരാതികള്‍ക്ക് മലയാളത്തില്‍ മറുപടി നല്‍കണമെന്ന് കലക്ടറായിരുന്ന ലോഗന്റെ ഒരോര്‍ഡര്‍ ഇപ്പോഴും കോഴിക്കോട്ടെ ആര്‍ക്കൈവ്സില്‍ ഉണ്ടെന്നറിയുന്നു. കുമാരനാശാന്റെയോ വള്ളത്തോളിന്റെയോ ചങ്ങമ്പുഴയുടെയോ ഒരു കവിതയുടെ ഈരടികള്‍ ചെല്ലിയാല്‍ അവന് കണ്ട്രി. ഈ മനോഭാവം മാറണം. അതിനെതിരായി ഒരു പ്രയത്നം ഇവിടെ ഉണ്ടാവണം എന്ന് എംടി ആഗ്രഹിക്കുന്നു.
നമ്മുടെ സമൂഹം ഭൂരിപക്ഷം നോക്കി നന്മയും തിന്മയും ധര്‍മവും അധര്‍മവും സത്യവും അസത്യവും നിശ്ചയിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. പൊതുജനത്തിനു വേണ്ടതുകൊണ്ട് എന്തുമാകാം എന്ന അവസ്ഥയിലാണ് (ജനത്തിനു വേണ്ടതുകൊണ്ട്). അസാധാരണമായ അഭിനയ പാടവമുണ്ടായിരുന്ന ജോണ്‍ ബാരിമോര്‍ എന്ന നടനെ നശിപ്പിച്ച സംഭവം എംടി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം കൗതുകത്തോടെ ഗംഭീരമായി അഭിനയിച്ചാല്‍ ആര്‍ക്കും വേണ്ട. എന്നാല്‍, സ്റ്റേജില്‍ കോമാളിത്തരങ്ങള്‍ കാണിക്കുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പറയുകയും വികൃതികള്‍ കാട്ടുകയും ചെയ്യുമ്പോള്‍ ജനം ആര്‍ത്തുചിരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. കലാസൃഷ്ടിയുടെ മൂല്യനിര്‍ണയ മാനദണ്ഡം ഭൂരിപക്ഷാടിസ്ഥാനത്തില്‍ ആയിരിക്കുന്നു. നമ്മുടെ സാമൂഹിക ജീവിതക്രമങ്ങളില്‍ എന്തൊക്കെയോ അപചയങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. മാധവചാക്യാര്‍ കൂടിയാട്ടം ആടിയപ്പോള്‍ സദസ്സില്‍ കാണാന്‍ ഒരാളും ഉണ്ടായിരുന്നില്ല. ഒരു സായിപ്പ് ചോദിച്ചു: ‘കാണികള്‍ ആരും ഇല്ലാതെ താങ്കള്‍ക്ക് എങ്ങനെ കളിക്കാന്‍ തോന്നി?’ അദ്ദേഹം പറഞ്ഞു: ‘നിലവിളക്ക് കത്തിക്കൊണ്ടിരുന്നല്ലോ.’ മനസ്സിനെ, വിളക്കിനെ ഊതിക്കെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല. പൊതുജനത്തിന്റെ ഭൂരിപക്ഷം നോക്കി കലയെ വിലയിരുത്തുന്ന പുതിയ സമ്പ്രദായങ്ങളെ ഒരു കാരണവശാലും എംടിക്കു സ്വീകരിക്കാനാവില്ല.
താന്‍ ഒരു സര്‍ഗാത്മക സാഹിത്യകാരനാണെന്നും തനിക്കു പറയാനുള്ളത് കഥകളിലൂടെയും നോവലുകളിലൂടെയും പറയുന്നുണ്ട് എന്നും എംടി വിശദീകരിക്കുന്നുണ്ട്. അതുകേട്ട്, എം.ടി.വാസുദേവന്‍ നായര്‍ ചെറുകഥകളും നോവലുകളും എഴുതി കോഴിക്കോട് സുഖമായി ജീവിച്ചുപോരുന്ന ഒരെഴുത്തുകാരന് മാത്രമാണ് എന്നു കരുതിയാല്‍ നമുക്കു തെറ്റി. അദ്ദേഹം കണ്ണും കാതും മനസ്സും എല്ലാ ലോകത്തേക്കും തുറന്നുവച്ച് എല്ലാ അനുഭവങ്ങളും ഏറ്റുവാങ്ങി ജീവിക്കുന്ന അസ്വസ്ഥനായ മനുഷ്യനാണ്. എഴുത്തുകാരനാണ്. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പരിശോ ധിക്കുമ്പോഴാണ് ആ സത്യം തെളിഞ്ഞുവരുന്നത്. സമകാലിക ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും എല്ലാ സ്പന്ദ നങ്ങളെയും അദ്ദേഹം ശ്രദ്ധിക്കുക മാത്രമല്ല, അതിനോടെല്ലാം ശക്തിയായി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
എം.ടി.വാസുദേവന്‍ നായര്‍ ഏകാന്തതയെ സ്നേഹിച്ച മനുഷ്യനാണ്; ഏകാന്തതയെ മൗനസാന്ദ്രമായ ആഖ്യാനമായി സാക്ഷാല്‍ക്കരിച്ച എഴുത്തുകാരനാണ്. അദ്ദേഹം എന്നും ഒറ്റയ്ക്കായിരുന്നു, ആള്‍ക്കൂട്ടത്തില്‍ തനിയെയായിരുന്നു. കൂടെ പഠിക്കുന്നവന്റെ വീട്ടിലെ കല്യാണനിശ്ചയ ദിവസം അവിടെ എത്തിയ എംടിയോട് അവന് ചോദിച്ചു: ‘നീ എന്താണ് വന്നത്?’ ‘ഓ ഒന്നുമില്ല.’ അവന് വീണ്ടും ചോദിച്ചു: ‘ഇന്ന് നിന്റെ വീട്ടില്‍ അരിവച്ചില്ലല്ലേ?’ അമ്മ നിര്‍ബന്ധിച്ച് അങ്ങോട്ടു പറ ഞ്ഞയച്ചതിന്റെ പൊരുള്‍ മനസ്സിലായി. നിറഞ്ഞുവന്ന കണ്ണുനീര് പുറത്തുകാട്ടാതിരിക്കാന്‍ ആ കുട്ടി അവിടെനിന്ന് ഓടു കയായിരുന്നു. കുട്ടിക്കാലത്തെ ഏകാന്തതയും ഒറ്റപ്പെടലും വളര്‍ന്നപ്പോഴും അദ്ദേഹത്തെ പിന്തുടര്ന്നുകൊണ്ടിരുന്നു. ധാരാളം പരിചയക്കാര് ഉണ്ടായിരുന്നു. പക്ഷേ, സ്നേഹിതന്മാര് വളരെ കുറവും. ഒരാളോടും അടുക്കരുതെന്നു മനസ്സില്‍ കരു തും. വളരെ ചുരുക്കംപേരോട് അടുത്തുകഴിയുമ്പോള്‍ ആ ബന്ധം അദ്ദേഹത്തിന്റെ ചേതനയിലാകെ നിറയുന്നു. എംടി യുടെ ബലവും ദൗര്‍ബല്യവും അതുതന്നെ. ആ ബന്ധം തകര്‍ന്നാല്‍ ആ ധര്മസങ്കടങ്ങളില്നിന്നു രക്ഷപ്പെടാന്‍ പ്രയാസമാണ്.
എംടിയുടെ പ്രശസ്തിയില്‍ ആകൃഷ്ടരായി സ്നേഹിക്കാനും പ്രമാണിയാകാനും ശ്രമിക്കുന്നവരെ എംടി ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ല. അദ്ദേഹത്തിന്റ കഥാപാത്രങ്ങളായ അപ്പുണ്ണിയും സേതുവും ഗോവിന്ദന്‍കുട്ടിയും എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. പക്ഷേ, ഒരിക്കലും ആ കഥാപാത്രങ്ങളല്ല, എംടി കഥാകൃത്തിനോടു സൗഹൃദത്തിനു ശ്രമിക്കുന്നവര്‍ക്ക് കഥാപാത്രങ്ങള്ക്കപ്പുറത്തേക്കു കടന്ന് എംടിയിലെ മനുഷ്യനെ പലപ്പോഴും കാണാന്‍ കഴിയാറില്ല. അദ്ദേഹത്തെ അറിയാത്ത അനേകായിരം സൗഹൃദത്തെക്കാള്‍, തെറ്റുകളോടും പോരായ്മകളോടുംകൂടി തന്നെ ഇഷ്ടപ്പെടുന്ന പത്തുപേരുടെ സൗഹൃദമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
എംടി ഒരു പുറന്തോടിനുള്ളില്‍ ജീവിക്കുന്ന മനുഷ്യനാണ്. ആത്മവിശ്വാസക്കുറവ് മറക്കാന്‍വേണ്ടി അദ്ദേഹം പെരുമാറ്റ ങ്ങളില്‍ പാരുഷ്യം കാട്ടാറുണ്ട്. മുഖത്ത് പൊള്ളയായ പുഞ്ചിരി എടുത്തണിയാന്‍ അദ്ദേഹത്തിനു സാധിക്കുകയില്ല. പലരും അദ്ദേഹത്തെ വിനയമില്ലാത്തവന് എന്നും ധിക്കാരി എന്നും കരുതാറുണ്ട്. ചുരുക്കം ആള്ക്കാര് മാത്രമേ അദ്ദേഹത്തോട് അടുക്കാറുള്ളൂ. സുഹൃത്ത് ചോദിച്ചു:
”മുഖംമൂടി എന്തിനാണ് എടുത്തണിയുന്നത്?’
‘അല്ല, മുഖംമൂടിയല്ല, പുറന്തോടാണ്, ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍.
ടൈഫോയിഡ് പിടിപെട്ട് വികലശരീരിണിയായി എത്തിയ പെണ്‍കുട്ടിയോട് തന്റെ സുഹൃത്തു കാട്ടിയ അവഗണന എംടിയെ വല്ലാതെ വേദനിപ്പിച്ചു. പ്രേമത്തെ അങ്ങനെ നിസ്സാരമായി അവസാനിപ്പിക്കാന്‍ സാധിക്കുമോ? അവളുടെ മുടി യഴകിനെയാണോ അയാള്‍ പ്രേമിച്ചത്. കാലങ്ങള്‍ക്കുശേഷം എംടിക്കു മനസ്സിലായി-പ്രേമം എംടിയുടെ ഓരോ സിരക ളിലൂടെയും ഒഴുകിനടന്നപ്പോള്‍ മനസ്സിലായി-കഷണങ്ങളായി വെട്ടിനുറുക്കിയാലും ചോര മുഴുവന്‍ ഒഴുകിത്തീര്ന്നാലും അതു നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരിക്കും.
എംടിയുടെ ഉള്ളിലെ കുട്ടിയും പരസഹായിയും മനുഷ്യസ്നേഹിയും ഇന്നും അദ്ദേഹത്തോടൊപ്പം ജീവിക്കുന്നു. ഒറ്റപ്പെടലിന്റെ വ്യക്തിദുഃഖം അനുഭവിക്കുമ്പോഴും ജീവിതത്തില്‍നിന്ന് ഒറ്റപ്പെട്ടുപോകാതിരിക്കാന്വേണ്ടി അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യന് എപ്പോഴും സമൂഹത്തിനുവേണ്ടി ദാഹിക്കുന്നു. നിരത്തില്‍ക്കൂടി ആള്‍ക്കൂട്ടങ്ങള്‍ നീങ്ങുമ്പോള്‍ അതില്‍ ചേര്‍ന്നൊഴുകുവാന്‍ ശ്രമിക്കുന്നു. പക്ഷേ, ഒരിക്കലും ഇളകിത്തകര്ത്തുകൊണ്ടു നീങ്ങുന്ന ആള്‍ക്കൂട്ടവുമായി അലിഞ്ഞുചേരാന്‍ അദ്ദേഹത്തിനു സാധ്യമേയല്ല.
എംടിയുടെ സ്നേഹം ഒരു വിശുദ്ധപ്രാര്ഥനപോലെയാണ്. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഏതോ ധന്യതയാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടവരോട് ഇഷ്ടം മാത്രമേയുള്ളൂ. ആ വിശ്വാസത്തെ ഇളക്കിമാറ്റുവാന്‍ ഒരു ശക്തിക്കും സാധ്യമല്ല. സ്നേഹശൂന്യത അനുഭവപ്പെട്ടാല്‍ ഉറക്കമില്ലാത്ത രാത്രികളില്‍, ഏകാന്തതകളില്‍ അദ്ദേഹം ദുഃഖത്തോടെ കഴിഞ്ഞതെല്ലാം അയവിറക്കി സാവധാനം സ്വസ്ഥനാകുന്നു. വിചാരണകളോ വാദങ്ങളോ വിധിപ്രസ്താവങ്ങളോ ഇല്ല.
താന്‍ ജനിച്ചുവളര്‍ന്ന നാട്ടിന്‍പുറത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ചെറിയ മണിയോര്‍ഡറുകള്‍ അയക്കുമ്പോള്‍, അദ്ദേഹം പ്രാര്ഥിക്കാറുണ്ട്: ‘ഇതൊന്നും പാഴായിപ്പോകരുതേ, ആരും അറിയരുതേ.’ സുഹൃത്തിന്റെ ഭാര്യ ഓപ്പറേഷന് കഴിഞ്ഞ് വിദൂരമായ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഓപ്പറേഷന് ദിവസം അര്‍ധരാത്രിക്ക് അവിടെ എത്തി. ബോധം തെളിഞ്ഞിട്ടില്ല. കസേരയില്‍ എത്രനേരം ഇരുന്നു എന്നു നിശ്ചയമില്ല. പോകുമ്പോള്‍ സുഹൃത്തിനെ ഒരു പൊതി ഏല്പിച്ചു.
‘കയ്യില്‍ പണം ഉണ്ട്.’
സുഹൃത്തിനോടു എംടി പറഞ്ഞു:
‘നീ എനിക്ക് ആരെന്നറിയുമോ? അവിടെ വയ്ക്കൂ. ആവശ്യം വരും.’
അര്‍ധരാത്രി അവിടെനിന്ന് ഇറങ്ങിപ്പോയ ആ മനുഷ്യന്. വിദൂരത്തുനിന്നു നടന്നെത്തി. ഉറങ്ങിക്കിടക്കുന്ന മകളെ ഉണര്‍ത്താതെ കണ്‍കുളിര്‍ക്കെക്കണ്ട് ഇറങ്ങിപ്പോയ ‘നിന്ദിതരും പീഡിതരും’ എന്ന നോവലിലെ അച്ഛന് നിക്കോളായ് സര്ഗിവിച്ചിനെ മുന്നില്‍ കണ്ടതുപോലെ സുഹൃത്തിനു തോന്നി. ബില്ല് അടയ്ക്കേണ്ട ദിവസം. കയ്യിലുണ്ടായിരുന്ന പണം തികയുന്നില്ല. അപ്പോഴാണ് എംടി നല്കിയ പൊതി തുറന്നുനോക്കിയത്. ആവശ്യമായതിനെക്കാള്‍ പണം പൊതിയില്‍ ഉണ്ടായിരുന്നു.
എംടിക്ക് അമ്മയോടാണ് തീരാത്ത സ്നേഹം. രണ്ടാംലോക മഹായുദ്ധകാലത്ത് സിലോണിലായിരുന്ന ഭര്‍ത്താവിന്റെ മണിയോര്‍ഡറുകള്‍ കിട്ടാതെവന്നപ്പോള്‍ നാലു മക്കളെയും കൊണ്ട് ഒറ്റപ്പെട്ടുപോയ അമ്മയുടെ ജീവിതകഥ എംടി എഴു തിയിട്ടുണ്ട് (അമ്മയ്ക്ക്). ഒരുപാടാളുകള്‍ക്ക് വച്ചുവിളമ്പിക്കൊടുക്കുന്നതില് അമ്മയ്ക്ക് എപ്പോഴും എന്നും വലിയ സന്തോ ഷമായിരുന്നു. അമ്മ പ്രാര്ഥിക്കുന്നതോ അമ്പലങ്ങളില്‍ പോകുന്നതോ ആരും കണ്ടിട്ടില്ല. അമ്മയ്ക്ക് എല്ലാ കാര്യങ്ങളിലും നിശ്ചിതമായ തീരുമാനങ്ങള്‍ ഉണ്ടായിരുന്നു. എംടി ഫസ്റ്റ് ഫോമില്‍ ഉമയനെല്ലൂര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്, എന്നും നടന്നുപോകുന്നത് ബുദ്ധിമുട്ടാണല്ലോ എന്നു കരുതി അവിടെത്തന്നെ ഒരു വീട് വാടകയ്ക്കെടുത്തു പഠിക്കാ നേര്പ്പാടാക്കി. ഇടയ്ക്കിടെ അമ്മ അവിടെ താമസിക്കാനെത്തി. കുട്ടികളോടൊപ്പം അയച്ചിരുന്ന ചാത്തുനായരുടെ പാചകം അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അടുത്ത വീട്ടിലെ പാറുകുട്ടി എന്ന സ്ത്രീ സഹായിക്കാനെത്തി. അവര്‍ ജാതിയില്‍ താണവളായിരുന്നു. ‘വൃത്തിയും വെടിപ്പുമുണ്ടോ, അതുനോക്കിയാല്‍ മതി’ എന്ന് അമ്മ പറയുമായിരുന്നു. കൊടുങ്കാറ്റു ണ്ടായ രാത്രി മുസ്ലിം കുടുംബം മുറ്റത്തുനിന്നു വിളിച്ചപ്പോള്‍ ഉമ്മറവാതില്‍ തുറക്കാന്‍ ആങ്ങളമാര് മടിച്ചു. മച്ചില്‍ ഭഗവതിയുണ്ട്. ‘ദുരിതം വരുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല’ എന്നു പറഞ്ഞ് അമ്മ വാതില്‍ തുറന്നുകൊടുത്തു.
പാടത്തുവച്ച് അച്ചുമ്മാനും കൃഷിനോക്കുന്ന അയ്യപ്പനും തമ്മില്‍ തെറ്റി. അച്ചുമ്മാന് അയ്യപ്പനെ അടിച്ചു എന്ന വാര്‍ത്ത വീട്ടിലെത്തി. അച്ചുമ്മാന് വന്നപ്പോള്‍ വിശദീകരണത്തിന് ഇടകൊടുക്കാതെ അമ്മ പറഞ്ഞു: ‘പോയി അവനോട് തെറ്റു പറ. എന്നിട്ടു പൂമുഖത്തേക്കു കയറിയാല്‍ മതി. അവന്, അയ്യപ്പന് രണ്ടണ കൊടുക്ക്, വേപ്പെണ്ണ വാങ്ങി മേലുപുരട്ടട്ടെ.’ തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ പറഞ്ഞു: ‘പറഞ്ഞതു കേട്ടാല്‍ മതി.’ അയ്യപ്പന് വന്നപ്പോള്‍ അവനോടു പറഞ്ഞു:
‘കള്ളു കുടിച്ചു വന്ന് നിന്റെ ഭാര്യയെ ഭേദ്യം ചെയ്തു എന്നു കേട്ടാലുണ്ടല്ലോ, പിന്നെ നിന്നെ ഈ പടിക്കല്‍ കണ്ടുപോക രുത്.’ ഇതായിരുന്നു അമ്മ!
ചികിത്സയ്ക്കുവേണ്ടി അമ്മയെ മദ്രാസിലേക്കു കൊണ്ടുപോയത് മൂത്തജ്യേഷ്ഠനായിരുന്നു. വണ്ടി പോകുംമുന്‍പ് അമ്മ എന്തോ എടുത്ത് എംടിക്കു നീട്ടി. ഒരു രൂപ നാണയം. ഒരു മാസത്തിനുശേഷം അമ്മ തിരിച്ചെത്തി. പരീക്ഷാസമയ മായിരുന്നു. എങ്കിലും, രാവിലെ വന്ന് വൈകുന്നേരം തിരിച്ചുപോകാം. അമ്മയുടെ കിടപ്പുകണ്ട് എംടി വല്ലാതെ പരവശ നായിപ്പോയി. പരീക്ഷ നടക്കുമ്പോള്‍ നാട്ടില്‍നിന്നു ജ്യേഷ്ഠന്റെ കത്തുമായി ആളുവന്നു. ‘ഇന്നലെ രാത്രി അമ്മ പോയി. നീ വരണ്ട. ബലിക്കു കൂടിയാല്‍ മതി. പരീക്ഷയൊക്കെ ശ്രദ്ധിച്ച് എഴുതുക.’
എം.ടി.വാസുദേവന്‍ നായരെ അദ്ഭുതപ്പെടുത്തിയ ഒരു വായനക്കാരനുണ്ട്. അസുഖം ബാധിച്ച് ആശുപത്രിയില്‍ കിട ക്കുമ്പോള്, ഒരു നാടന്‍ മനുഷ്യന് അവിടെയെത്തി. എംടിക്ക് ഓര്മ വന്നു-അയാള്‍ ആദ്യം എംടിയെ വീട്ടില്‍ വന്നുകണ്ട രംഗം. അയാള്‍ പോകാനൊരുങ്ങിയപ്പോള്‍ ഈ വായനക്കാരന് വഴിച്ചെലവിന് എന്തെങ്കിലും കൊടുക്കണമെന്നു തോന്നി. അപ്പോഴേക്കും അയാള്‍ പോക്കറ്റില്‍നിന്ന് കുറച്ചു മുഷിഞ്ഞ നോട്ടുകളെടുത്തു ചുരുട്ടിപ്പിടിച്ച് രണ്ടു കയ്യിലുമായി നീട്ടിയ പ്പോള്‍ എംടി ശരിക്കും അമ്പരന്നുപോയി. അയാള്‍ പറഞ്ഞു:
‘ഇതു വാങ്ങണം. വാങ്ങില്ല എന്നു പറയരുത്.’
ബുദ്ധിമുട്ടൊന്നുമില്ല എന്ന് എംടി പറഞ്ഞു. അയാള്‍ പറഞ്ഞു:
”അതൊക്കെ അറിയാം. നമ്മള് തൊഴാന്‍ പോകുമ്പോള്‍ ദക്ഷിണവെയ്ക്കാ, കാണിക്ക ഇടാ, അങ്ങനെ പതിവില്ലേ. അതുപോലേന്നു നിരീച്ചാല്‍ മതി.’
നിര്‍ബന്ധമായി ഏല്പിച്ച് അയാള്‍ പോകാന്‍ തുടങ്ങി. അയാള്‍ക്ക് പുസ്തകങ്ങള്‍ പകരം കൊടുക്കാമെന്നു കരുതി. അയാള്‍ പറഞ്ഞു:’വേണ്ടാ, എല്ലാം എന്റെ കയ്യിലുണ്ട്. ഞാന്‍ വാങ്ങാത്തതൊന്നുമില്ല.’ അയാളാണ് ഇപ്പോള്‍ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. ‘ഞാനിവിടെ നില്ക്കാന് തയാറായിട്ടാണ് വന്നത്. കൃഷിപ്പണിയൊക്കെ വേറേ ആളെ ഏര്‍പ്പാടു ചെയതിട്ടുണ്ട്.’
എന്തൊക്കെ പറഞ്ഞിട്ടും അയാള്‍ തിരിയെപ്പോകാന് കുട്ടാക്കുന്നില്ല. പരിചരിക്കുവാനും ശുശ്രൂഷിക്കുവാനും ഇവിടെ ആളുണ്ടെന്നും ആശുപത്രിക്കാര് മറ്റാരെയും നിറുത്തുകയില്ല എന്നും നിര്‍ബന്ധിച്ചു പറഞ്ഞപ്പോഴാണ് അയാള്‍ പോകാന്‍ കൂട്ടാക്കിയത്.
മരണം അപ്പുറത്തെ ഇടനാഴിയിലെവിടെയോ പതുങ്ങി നടക്കുകയാണപ്പോഴും. വായനക്കാരന് ബാലകൃഷ്ണന്റെ കാലൊച്ച പതുക്കെപ്പതുക്കെ അകന്നുപോകുന്നു. ആരും കാണാതെ എംടി ആദ്യമായി കരഞ്ഞു.
എംടി എഴുതുന്നു:
”അപ്പോള്‍ ഞാന്‍ എഴുതിക്കൂട്ടിയ കുറെ വാക്കുകള്‍ക്കുവേണ്ടി മാത്രം എന്നെ സ്നേഹിക്കുന്ന ഒരാള്‍ എഴുതുന്ന വാ ക്കുകള്കൊണ്ടു ജീവിക്കാനാരംഭിച്ചതിന്റെശേഷം അഭിനന്ദനവും ശകാരവും ശാപവും എനിക്കു പല അളവുകളിലായി ആരൊക്കയോ വീതിച്ചു തന്നു. പക്ഷേ, ഈ സ്നേഹം, ഈ വികാരം എനിക്ക് അജ്ഞാതമായിരുന്നു. അദ്ഭുതമായിരുന്നു.’
ഈ വായനക്കാരനുവേണ്ടിയാണ് എംടി ജീവിതകാലം മുഴുവന്‍ എഴുതിയത്. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്ന സുഹൃത്തിന്റെ ചോദ്യത്തിന് എംടി ഇടയ്ക്കിടെ പറയാറുണ്ട്: ‘എന്നെങ്കിലും എന്നെ അന്വേഷിച്ചുവരുന്ന ഒരു വായ നക്കാരനുവേണ്ടി.’
സാഹിത്യലോകത്തും കലാരംഗത്തും സിനിമാരംഗത്തും തന്നെ സ്വാധീനിച്ച ചില വ്യക്തികളെക്കുറിച്ച് എംടി എഴുതി യിട്ടുണ്ട്. പ്രേംനസീറിനെക്കുറിച്ചും സത്യനെക്കുറിച്ചും രാമു കാര്യാട്ടിനെക്കുറിച്ചും എഴുതിയ അനുസ്മരണങ്ങള്‍ ആത്മാര് ഥതകൊണ്ടും സത്യസന്ധതകൊണ്ടും പ്രകാശിച്ചു നില്ക്കുന്നു. ശോഭനാ പരമേശ്വരന് നായര്‍ക്കുവേണ്ടി സിനിമ എടു ക്കാന്‍ മദ്രാസിലെത്തിയപ്പോഴാണ് എംടി നസീറുമായി പരിചയപ്പെട്ടത്. ദിലീപ്കുമാറിന്റെയും അശോക്കുമാറിന്റെയും സിനിമകള്‍ കണ്ടിട്ടുള്ള എംടിക്കു നടനെന്നനിലയില്‍ നസീറിനോടു പ്രത്യേക താല്പര്യം തോന്നിയിട്ടേയില്ല. അക്കാലത്ത് വിതരണക്കാരെ കിട്ടാന്‍ നസീര്‍ അഭിനയിക്കണം. അല്ലെങ്കില്‍ സിനിമ പൊട്ടിപ്പൊളിയും. ഒരു ദിവസം ഉച്ചയ്ക്ക് ചായക്കാരന് പയ്യന് വന്നു പറഞ്ഞു: ‘നസീര്‍സാറ് താഴെ വന്നു നില്ക്കുന്നു. ഒന്നു വരാന്‍ പറഞ്ഞു. ‘
കേട്ടപ്പോള്‍ അസുഖമാണ് തോന്നിയത്. എങ്കിലും പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ നസീര്‍ പടിക്കല്‍ വന്നു നില്ക്കുന്നു. എംടിയുടെ മനസ്സ് വായിച്ചതുപോലെ. അന്നു വൈകുന്നേരം പ്രേംനസീറും ശോഭന പരമേശ്വരന് നായരുംകൂടി കാറിലെത്തി എംടിയെ നസീറിന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്കിയിട്ടാണ് തിരിയെ വിട്ടത്. എംടി എഴുതിയ സ്ക്രിപ്റ്റ് നസീര്‍ മുഴുവനും വായിച്ചു. താന്‍ കാറില്‍ നാട്ടിലേക്കു പോകുന്നുണ്ടെന്നും ഒരുമിച്ചു പോകാമെന്നും നസീര്‍ പറഞ്ഞു. ഈ യാത്രയിലൂടെയാണ് നസീര്‍ എന്ന മനുഷ്യനെ എംടി മനസ്സിലാക്കിയത്. 1983ല്‍ എംടി മദ്രാസില്‍ പാംഗ്രോവ് ഹോട്ടലില്‍ താമസിക്കുമ്പോള്‍ അസഹ്യമായ വയറുവേദന തുടങ്ങി. നസീറിന്റെ അടുത്ത സുഹൃത്തായ വിജയാ ആശുപത്രിയിലെ ഡോക്ടര്‍ ചെറിയാനെ കാണിച്ചു. അദ്ദേഹം പറഞ്ഞു: ‘യൂറിനറി ബ്ലാഡറില്‍ നിറച്ച് കല്ലാണ്. ഓപ്പറേഷന് നിര്‍ബന്ധം.’ നാട്ടില്‍ പോയി, തയാറായി വരാമെന്ന് എംടി പറഞ്ഞു. അന്നു രാത്രി അസഹ്യമായ വേദന. ഇമ്മീഡിയറ്റ് സര്‍ജറി. തുടക്കംമുതല്‍ ഓപ്പറേഷന് കഴിയുന്നതുവരെ നസീര്‍ എംടിയുടെ കൂടെ ഉണ്ടായിരുന്നു. പോകുമ്പോള്‍ പറഞ്ഞു: ‘ഡോക്ടറെ കണ്ടു. ധാരാളം കല്ലുകള്‍ ഉണ്ടായിരുന്നു പേടിക്കാനൊന്നുമില്ല.’ നസീര്‍ അനേകംപേര്‍ക്ക് പല തരത്തിലുള്ള സഹായങ്ങളും ചെയ്തിട്ടുണ്ട്. പണംകൊണ്ടും വാക്കു കൊണ്ടും. അതൊന്നും മറ്റുള്ളവര്‍ അറിയണമെന്ന് നസീര്‍ ആഗ്രഹിച്ചതേയില്ല. എംടിയുടെ ‘ഇരുട്ടിന്റെ ആത്മാവ്’ സിനിമയാക്കുമ്പോഴാണ് കൂടുതല്‍ അടുക്കാന്‍ അവസരം കിട്ടിയത്. എംടി ഒരു യാത്ര കഴിഞ്ഞ് മദ്രാസിലെത്തിയപ്പോഴാണ് നസീറിനു സുഖമില്ലെന്നും ആശുപത്രിയിലാണെന്നും അറിഞ്ഞത്. കുടല് സംബന്ധമായ രോഗമാണെന്നും വൃക്കസംബന്ധമായ രോഗമാണെന്നും പലരും പറയുന്നതു കേട്ടു. അപ്രതീക്ഷിതമായി ചിക്കന്‍പോക്സ് പിടിപെടുകയും അദ്ദേഹം ഈ ലോകംവിട്ടുപോവുകയും ചെയ്തു. എംടി എഴുതുന്നു: ‘തണുത്ത ഇടനാഴിയിലൂടെ ബോധം മങ്ങിയ യാത്ര ആരംഭിച്ചപ്പോള്‍ ആശ്വസിപ്പിക്കുന്ന ഒരു ചിരിയുമായി കൂടെ നടന്നുനടന്നു നീങ്ങിക്കൊണ്ടിരുന്ന നസീറിന്റെ രൂപം ജീവനോടെ മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഞാനിപ്പോഴും, ആയിരം സൗഹൃദങ്ങള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന ഒരനുഗ്രഹം. നസീര്‍ താങ്കള്‍ക്കു നന്ദി, നമസ്കാരം’ (ഒരു നായകന് നന്ദിപൂര്‍വം)
എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്ത് നടന് സത്യന്റെ ഒരു കത്തുകിട്ടി. ആ കത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ‘ഞാന്‍ പറഞ്ഞതനുസരിച്ചാണ് എന്നു കാണിച്ച് എംടി ക്ക് ഒരു കഥ അയയ്ക്കും. കഥ നന്നെ ങ്കില്‍ എംടി പ്രസിദ്ധീകരിക്കും എന്നുമാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഈ കാര്യത്തില്‍ ശുപാര്‍ശയുടെ പ്രശ്നമില്ല എന്ന് അയാളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. ഭാവി ഉണ്ടെന്നു തോന്നിയാല്‍ ചില നിര്‍ദേശങ്ങള്‍ കൊടുക്കുമല്ലോ.’ സത്യനെ ബാധിച്ച മാരകമായ രോഗത്തെക്കുറിച്ച് ആള്ക്കാര് പിറുപിറുക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ലുക്കീമിയ ആയിരുന്നു അസുഖം. സ്വന്തമായി കാറോടിച്ച് ആശുപത്രിയിലെത്തി ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തുമായിരുന്നു. രോഗത്തെക്കുറിച്ച് സത്യന് നല്ല ബോധമുണ്ടായിരുന്നു. ‘കുട്ട്യേടത്തി’ യുടെ ഷൂട്ടിങ് സമയത്ത് കാളകെട്ടിനു ഡ്യൂപ്പിനെ ഏര്‍പ്പെടുത്താമെന്നു പറഞ്ഞിട്ട് സത്യന് വഴങ്ങിയില്ല. അന്നു പറഞ്ഞു: ‘ഇതിനൊക്കെയുള്ള ആരോഗ്യം, എംടി ഇപ്പോഴും എനിക്കുണ്ട്. നോക്കിക്കോ.’ കഥാകാരന് സങ്കല്പിച്ച കഥാപാത്രത്തെ സംവിധായകന് സ്വന്തം ധാരണയ്ക്കനുസരിച്ച് അവതരിപ്പിക്കുന്നു. ചലനങ്ങളും വാക്കുകളും പ്രവൃത്തികളും ഉപയോഗപ്പെടുത്തി കഥാപാത്രത്തിനു സ്വന്തമായി ഒരു വ്യാഖ്യാനം, ഒരു ഡയമെന്‍ഷന്‍ നല്കാന് കഴിയുന്ന നടന്മാരുണ്ട്. ലോകത്തിലെ മികച്ച നടന്മാരെല്ലാം അങ്ങനെയാണ്. അത്തരത്തില്‍ എടുത്തു കാണിക്കാന്‍ മലയാളത്തില്‍ സത്യനേയുള്ളൂ. തന്റെ കഥാപാത്രങ്ങള്‍ക്കു തന്റേതായ എന്തോ കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പരുക്കന്‍ സ്വഭാവക്കാരനായ സത്യനും സൗമ്യനായ എംടിയും തമ്മില്‍ എങ്ങനെയാണ് ഒരസാധാരണ സൗഹൃദം പുലര്‍ത്തിയത് എന്ന് അതിശയം തോന്നാം. രണ്ടുപേരിലും പൊതുവേ ഉണ്ടായിരുന്ന ധിക്കാരത്തിന്റെ അടിയൊഴുക്കുകള്‍ ഏതോ ഒരു ബിന്ദുവില്‍ ഒന്നായതുപോലെ.
എംടിയെ നടുക്കിയ മരണമായിരുന്നു രാമു കാര്യാട്ടിന്റേത്. അദ്ദേഹത്തിന്റെ ശവദാഹത്തില്‍ പങ്കെടുത്തുകൊണ്ട് എംടി എഴുതിയ നമ്മള് ‘വെറും മനുഷ്യര്‍’ എന്ന ലേഖനം ഹൃദയസ്പര്‍ശകമായ വിലാപകാവ്യമാണ്. ഒന്നിച്ചുള്ള യാത്രകള്‍, സിനിമാസംരംഭങ്ങള്‍, ഭ്രാന്തുകള്‍ എല്ലാം അതിലുണ്ട്. ‘എടാ വാസു, നീ അതു ചെയ്യണം’ എന്നു കല്പിക്കാനുള്ള അധികാരം രാമു കാര്യാട്ടിനുണ്ടായിരുന്നു. രാമുവിനു കവിത ഉണ്ടായിരുന്നു. കഥ ഉണ്ടായിരുന്നു. ആത്മകഥാപരമായ ഒരു നോവല്‍ എഴുതണമെന്നുണ്ടായിരുന്നു. 1962ലെ ഹെല്‍സിങ്കി യുവജനോത്സവത്തില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ രാമു കാട്ടിക്കൂട്ടിയ വികൃതികളെക്കുറിച്ച് എംടി ഓര്‍മിക്കുന്നു. കയ്യില്‍ ഒരുരൂപ പോലുമില്ലാതെ ബീയര്‍ വില്‍ക്കുന്ന വയസിത്തള്ളയുടെ അരികില്‍ച്ചെന്നു ബീയര്‍ വാങ്ങിക്കുടിച്ച്, ‘ഇന്ത്യ ഇന്ത്യ’ എന്നു വിളിച്ചുകൂവുന്നു. ഇന്ത്യക്കാരനായ അതിഥിയെ സ്വീകരിക്കാനുള്ള തത്രപ്പാടിലായ തള്ള ബീയറിന്റെ വിലയുടെ കാര്യം മറക്കുന്നു. ഇംഗ്ലീഷ് അറിയുന്ന ഒരു ഫിന്നിഷുകാരനെ പിടിച്ചുനിറുത്തി അന്‍പതു ഫിന്നിഷ് മാര്‍ക്ക് വാങ്ങി ഭക്ഷണം കഴിച്ച കാര്യം എംടി ഓര്‍ക്കുന്നു. എത്രയെത്ര അനുഭവങ്ങള്‍. എംടി എഴുതുന്നു:
‘ഒരിക്കല്‍ വീട്ടാന്‍ ബാധ്യതപ്പെട്ട കടംവീട്ടി രാമു യാത്ര അവസാനിപ്പിച്ചു. ആരംഭിച്ച മണ്ണില്‍ത്തന്നെ തിരിച്ചെത്തി ക്കഴിഞ്ഞു. അതിനു നിശ്ചയിച്ച സമയം, സ്ഥലം എല്ലാം. നന്നായി. രാമു! നിന്റെ യാത്ര വിജയകരമായിരുന്നു.
എന്റെ കടത്തുബോട്ട് വന്നിരിക്കുന്നു. എനിക്കിനിയും കുറെക്കൂടി ഭാരങ്ങള്‍ ഇറക്കാനുണ്ട്. അതുകൊണ്ട് നിന്റെ വര്‍ഗത്തിലെ മറ്റൊരു കിരാതനായ ഞാന്‍ നടക്കട്ടെ.’
എംടിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സുഹൃത്ത് ആര്? ഒറ്റ മറുപടിയേയുള്ളൂ: എന്‍.പി.മുഹമ്മദ്.
3
എംടി വാസുദേവന്‍ നായര്‍ ലോകത്തെ കാണുന്നത് വായനയിലൂടെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലും സാഹിത്യത്തില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങളും വികാസങ്ങളും അപ്പപ്പോള്‍ അദ്ദേഹം അറിയുന്നു. അറിയാത്ത ഭാഷകളില്‍നിന്ന് പരിഭാഷകളിലൂടെ ഇംഗ്ലീഷില്‍ എത്തുന്ന പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, ആരാധകര്‍ എത്തിച്ചുകൊടുക്കുന്നു. പത്രപ്രവര്‍ത്തനത്തിലൂടെ ലഭിക്കുന്ന സാഹിത്യസംഭവങ്ങളുടെ വാര്‍ത്തകള്‍, അറിവുകള്‍ പുതുക്കുവാന്‍ സഹായിക്കുന്നു. ലോകസാഹിത്യത്തിലെ മഹാരഥന്മാരായ എഴുത്തുകാര്‍, മഹത്തായ കൃതികള്‍ എം.ടി വായനക്കാര്‍ക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. അപ്പപ്പോള്‍ സാഹിത്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെയും പുതിയ എഴു ത്തുകാരുടെ കൃതികളെയും വേഗത്തില്‍ കണ്ടെത്തുന്നത് ജീവിതത്തില്‍ ഒരു വലിയ സംഗതിയായിട്ടാണ് എംടി എന്നും കരുതിപ്പോന്നിട്ടുള്ളത്. മുന്‍പ് പുതിയ പുസ്തകങ്ങളെക്കുറിച്ച് അറിയാനും അവ കണ്ടെത്തി വായിക്കാനും സമയമെ ടുക്കുമായിരുന്നു. ആധുനിക കച്ചവടസംഘങ്ങള്‍ ലോകത്തുണ്ടാകുന്ന ഏതു പുസ്തകവും നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ കൈകളിലെത്തിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എംടിയുടെ പുസ്തകസ്രോതസ്സുകള് ആമസോണ്‍ പോലുള്ള കച്ചവടകേന്ദ്രങ്ങളല്ല. അദ്ദേഹം ആ വഴിക്കല്ല ഇപ്പോഴും പുതിയ പുസ്തകങ്ങള്‍ കണ്ടെത്തുന്നത്. ചിലപ്പോള്‍ പരിചയമൊന്നുമില്ലാത്തവരും പുതിയ പുസ്തകങ്ങള്‍ വാങ്ങി അദ്ദേഹത്തിന് എത്തിക്കുന്നു. ആ പുസ്തകങ്ങള്‍ കിട്ടുമ്പോള്‍ അദ്ദേഹം കരുതുന്നു: ‘ഒരു എഴുത്തുകാരനാകാന്‍ സാധിച്ചത് എന്റെ സുകൃതം. അതുകൊണ്ടാണല്ലോ ഒരു പരിചയവുമില്ലാത്തവര്പോലും എനിക്കുവേണ്ടി പുസ്തകങ്ങള്‍ വാങ്ങി അയക്കുന്നത്. എന്റെ വായനയും എഴുത്തും അവരോടു കടപ്പെട്ടിരിക്കുന്നു’ എന്ന് എംടി പറയാറുണ്ട്.
എംടിയുടെ കഥേതരകൃതികളില് ഏറെയും സാഹിത്യത്തെക്കുറിച്ചുള്ള ആസ്വാദന നിരൂപണങ്ങളാണ്. അതിനു ചില പ്രത്യേക സവിശേഷതകളുണ്ട്. സര്‍ഗാത്മകനായ ഒരെഴുത്തുകാരന്റെ സവിശേഷമായ ചിന്തയും വീക്ഷണവും അവയില്‍ തെളിഞ്ഞുകാണാം. മലയാളത്തിലെ ചില എഴുത്തുകാരെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍, കാരൂര്‍ നീലകണ്ഠപിള്ള, എസ്.കെ.പൊറ്റെക്കാട്ട്, എം.പി.നാരായണപിള്ള എന്നിവരെക്കുറിച്ച് പഠനങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന നിബന്ധങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കാമുകന്റെ ഡയറി’ എന്ന ആത്മകഥ കണ്ടെടുത്ത്, എംടിയുടെ നേതൃത്വത്തിലുള്ള ക്ലാസിക് ബുക് ട്രസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. ‘അനുരാഗത്തിന്റെ ദിനങ്ങള്‍’ എന്ന് എംടി പേരുമാറ്റിയ ആത്മകഥയ്ക്ക് എംടിയും എന്‍പിയും ഓരോ പഠനം എഴുതണം എന്നു തീരുമാനിച്ചു. അങ്ങനെ എംടി എഴുതിയ ആമുഖപഠനമാണ് ‘കഥ അവസാനിക്കുന്നില്ല’. വളരെ നാളുകള്‍ക്കുശേഷം എംടിയെ കണ്ടപ്പോള്‍ ബഷീര്‍ ചോദിച്ചു: ‘നീ എവിടെയാണ്, ഏതു നാട്ടിലാണ്, കാണുന്നില്ലല്ലോ.’ ബേപ്പൂര്ക്കു വരാന്‍ മടിയാണ് എന്ന സത്യം എംടി പറഞ്ഞു. അഭിമുഖസംഭാഷണക്കാരുടെ നിരതന്നെ എപ്പോഴും ഉണ്ടാവും എന്നാണ് കേള്‍വി. എല്ലാറ്റിനും ഗുരുവന്ദനം, ഗുരുപത്നി വന്ദനം, കരിഞ്ചായസ്തവം, ഹിതോപദേശം-എല്ലാം ചടങ്ങനുസരിച്ച് ഉണ്ടാവും. അവരുമായി കൂട്ടിമുട്ടാതിരിക്കാന്‍ മനപ്പൂര്‍വം ഞാന്‍ ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്.’ എംടി സ്വയം ചോദിക്കുന്നു: ‘ഈ മനുഷ്യന് എനിക്ക് ആരാണ്?’ ‘ഒരു മനുഷ്യന്’ എന്ന ബഷീറിന്റെ കഥയെക്കുറിച്ച് വിശദമാക്കിയിട്ട് എംടി പറയുന്നു: ‘ബഷീര്‍ വെറും മനുഷ്യനാണ്. ബഷീര്സാഹിത്യംപോലെ ആ കഥയിലെ കള്ളനും എനിക്കു പ്രിയപ്പെട്ടവനാണ്.’
എംടിക്ക് ആരാധന തോന്നിയ അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് ബഷീര്‍. പല മഹാവിഗ്രഹങ്ങളും അടുത്തു പരിചയപ്പെട്ടപ്പോള്‍ തകര്‍ന്നുപോയി. പക്ഷേ, ബഷീര്‍ ഒരിക്കലും എംടിയെ അക്കാര്യത്തില്‍ ദുഃഖിപ്പിച്ചിട്ടില്ല. ബഷീറിന്റെ എറ ണാകുളത്തെ ബുക്സ്റ്റാള്‍ അന്വേഷിച്ചു പോയത്, പില്ക്കാലത്ത് അദ്ദേഹത്തോട് ആരാധന തോന്നിയത്, എല്ലാം എംടി ഓര്‍ക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടാന്‍ പല പ്രാവശ്യം അവസരം ലഭിച്ചിരുന്നെങ്കിലും എന്തോ ഒരു പേടി-അദ്ദേഹത്തെക്കുറിച്ച് പല ഭീകരകഥകളും ചുറ്റും ഉണ്ടായിരുന്നു. 1958ല്‍ കേന്ദ്രകലാസമിതിയുടെ നാടകോത്സവം നടക്കുമ്പോള്‍, ബഷീറിനെക്കൊണ്ട് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നോവല്‍ നാടകമാക്കാന്‍, സുഹൃത്തുക്കളായ മുല്ലവീട്ടില്‍ അബ്ദുല്റഹ്മാന്, വി.അബ്ദുള്ള തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട്ട് എത്തിക്കുകയുണ്ടായി. എസ്.കെ.പൊറ്റെക്കാട്ടിന്റെ ‘ചന്ദ്രകാന്തം’ എന്ന വീട്ടിലായിരുന്നു ബഷീര്‍ താമസിച്ചത്. എന്‍.പി.മുഹമ്മദിനോടൊപ്പം അവിടെ ചെന്നാണ് എംടി ബഷീറിനെ കണ്ടത്. കണ്ടയുടനെ ബഷീര്‍ പറഞ്ഞു: ‘ഈ പയ്യനാണോ? അറിയാം. പക്ഷേ, ആളൊരു നൂലനാണല്ലോ. ഞാന്‍ വിചാരിച്ചു, ഏതോ ഒരു ഗമണ്ടന്‍ ഗഡാഗഡിയന്‍ നായരാണെന്ന്.’
ബഷീറിന്റെ പൂര്‍ണകായചിത്രം വരയ്ക്കാന്‍ ചിത്രകാരന് എം.വി.ദേവന് ദിവസവും അവിടെ വരുന്നുണ്ട്. അപ്പോഴേക്കും വികെഎന്‍ എത്തി. വികെഎന്‍ പറഞ്ഞ തെറിക്കഥ കേട്ടു ഞെട്ടിപ്പോയ ബഷീര്‍, വികെഎന്‍ വീട്ടിനു പുറത്തുകിടക്കണമെന്നും കൂട്ടിത്തൊടീക്കരുതെന്നുമുള്ള വ്യവസ്ഥയില്‍ സ്വീകരിച്ചു എന്നാണ് കഥ. ഭക്ഷണം ഉണ്ടാക്കലാണ് ബഷീറിന്റെ പ്രധാന പണി. നോവല്‍ നാടകമാക്കലൊക്കെ അവിടെ കിടക്കും. വരുന്നവരെയൊക്കെ അടുക്കളപ്പണിക്കു നിയോഗിക്കലാണ് ബഷീര്‍ ചെയ്യുന്നത്. ഏറ്റവും ചെറുപ്പമായ എംടിക്കായിരുന്നു അധികം പണികള്‍. നാടകോത്സവകാലം ബഷീറിന്റെ കോഴിക്കോട്ടെ തുടക്കമായിരുന്നു. ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു നാടകം നടക്കുമ്പോള്‍, വൈക്കം മുഹമ്മദ് ബഷീറും ഫാബി ബഷീറും വിവാഹം കഴിഞ്ഞ് ചന്ദ്രകാന്തത്തില്‍ വിശ്രമിക്കുകയായിരുന്നു.
ബഷീര്‍ ഭ്രാന്തിളകി കഠാരയുമായി ആള്‍ക്കാരെ വെല്ലുവിളിച്ച് നില്ക്കുന്ന സമയത്ത് എംടി പട്ടത്തുവിള കരുണാകരനുമായി മുന്നില്‍ എത്തിപ്പെട്ടു. എംടി ചോദിച്ചു: ‘ഗുരോ എന്തായീക്കാട്ടുന്നത്? പാതിരായ്ക്ക് മനുഷ്യരെ പേടിപ്പിക്കാനാണോ കത്തിയും കഠാരയുമായി നില്‍ക്കുന്നത്?’ ബഷീര്‍ എംടിയോടു പറഞ്ഞു: ‘വാസൂ എന്നെത്തൊടരുത്. ചിലപ്പോള്‍ ഞാന്‍ എന്തെങ്കിലും ചെയ്തുപോകും.’ അവര്‍ രണ്ടുപേരും ചേര്‍ന്ന് ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചു. ഭ്രാന്താശുപത്രിയിലെ മുറിയില്‍ ഇരുന്നുകൊണ്ട് ബഷീര്‍ പറഞ്ഞു: ‘എനിക്കുടനേ പോകണം. തൃശൂര്‍ക്ക്, വല്ലപ്പുഴയിലെ മെന്ററല് സാനിറ്റോറിയത്തില്‍ കുറച്ചുനാള്‍ ഇരുന്നാല്‍ എല്ലാം ശാന്തമാകും.’
മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ആര് എന്ന ചോദ്യത്തിനു സുഹൃത്ത് പറഞ്ഞു: ‘കാരൂര്‍ നീലകണ്ഠപ്പിള്ള ‘
കുറേനേരം നോക്കിയിരുന്നിട്ട് പറഞ്ഞു: ‘ശരിയാണ്. വൈക്കം മുഹമ്മദ് ബഷീറിന് അനേകം മുഖങ്ങളുണ്ട്. കാരൂര്‍ സാറിന് ഒറ്റ മുഖമേയുള്ളു. ചെറുകഥ മാത്രം.’ കാരൂരിന്റെ കഥകളെക്കുറിച്ച് എംടി എഴുതിയ പഠനത്തില്‍ പറയുന്നു: ‘കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ കഥകള്‍ പ്രസരിപ്പിക്കുന്ന നിഗൂഢ സൗന്ദര്യവും ആര്‍ദ്രമായ ഹൃദയഭാഷ്യങ്ങളും മലയാളചെറു കഥയുടെ വികാസചരിത്രത്തില്‍ ചെക്കോവിന്റെ കഥകള്‍ക്ക് തുല്യമാണ്.’ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ചും തകഴിയെ ക്കുറിച്ചും എംപി നാരായണപിള്ളയെക്കുറിച്ചും എംടി എഴുതിയ ലേഖനങ്ങള്‍ ആ എഴുത്തുകാരുടെ സ്ഥാനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നു.
എംടി എവിടെപ്പോയാലും ആദ്യം അന്വേഷിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകശാലകളാണ്. അവിടെ പുതിയ പുസ്തകങ്ങള്‍ അധികമുണ്ടാവില്ല. മഹത്തായ ചില ഗ്രന്ഥങ്ങള്‍ അവിടെനിന്നു കിട്ടും. അത്തരത്തില്‍ കിട്ടിയ പുസ്തകമാണ് -ടെയിലറുടെ ‘ദി സ്റ്റോറി ഒഫ് മൈ ലൈഫ്’ എന്ന പുസ്തകം. നാട്ടുരാജ്യത്തെ കുട്ടിരാജാവായ എങ്കപ്പയെ മകനെപ്പോലെയാണ് ബ്രിട്ടിഷ് ഭരണാധികാരത്തിന്റെ പ്രതിനിധിയായ ടെയ്ലര് സ്നേഹിച്ചത്. അവന് സ്വയം വെടിവച്ച് മരണത്തിലേക്കു കൂപ്പുകുത്തി. ബ്രിട്ടിഷ് ഭരണാധികാരിയായ ഒരു മനുഷ്യന്റെ ഹൃദയത്തിലുണ്ടായ വൈകാരികാനു ഭൂതികളെയും മാനുഷികഭാവങ്ങളെയും എടുത്തുകാട്ടുന്ന ‘ചരിത്രത്തിന്റെ ശാപം’ ഹൃദയവേദനയോടെ മാത്രമേ വായിക്കാന്‍ സാധിക്കുകയുള്ളു.
‘നോവല്‍ വായനയെപ്പറ്റി ഒരു നോവല്‍’- ഇറ്റാലോ കാല്വിനോയുടെ ‘ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലര്‍’ – എന്ന നോവലിനെപ്പറ്റിയുള്ള രസകരമായ ആഖ്യാനമാണ്. വായനക്കാരനായ നീ (നിങ്ങള്‍) ആണ് പ്രധാന കഥാപത്രം. നിങ്ങള്‍ എന്ന വായനക്കാരന് ഏതോ ഒരെഴുത്തുകാരനായ ഇറ്റാലോ കാല്‍വിനോ എന്ന ഒരുത്തനെഴുതിയ ‘ഇഫ് ഓണ്‍ എ വിന്റേഴ്സ് നൈറ്റ് എ ട്രാവലര്‍’ എന്ന നോവല്‍ പുസ്തക ശാലയില്‍നിന്നു വാങ്ങി വായിച്ചുതുടങ്ങുന്നു. കുറച്ചു പുറങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏതാനും പേജുകള്‍ ഇല്ല. ബുക്സ്റ്റാളിലേക്കു പോയി പുസ്തകക്കച്ചവടക്കാരനോടു കയര്‍ത്തു. കോപ്പി കളെല്ലാം വിറ്റുപോയി. അയാള്‍ പറഞ്ഞു: പുസ്തകങ്ങള്‍ അച്ചടിച്ചു തുന്നിക്കെട്ടിയപ്പോള്‍ പേജ് മാറിപ്പോയതോ ഫോറം തുന്നിക്കെട്ടുമ്പോള്‍ ഇടയ്ക്കു ചേര്‍ക്കാന്‍ മറന്നതോ ആവാം. ഇതേ പുസ്തകത്തിന്റെ കോപ്പി യൂണിവേഴ്സിറ്റിയില്‍ റിസര് ച്ചുചെയ്യുന്ന ഒരു യുവതി വാങ്ങിയിട്ടുണ്ട്. ഫോണില്‍ വിളിച്ചപ്പോള്‍ പുസ്തകം വാങ്ങിയ യുവതിയുടെ സഹോദരിയെയാണ് കിട്ടിയത്. സഹോദരിയാണ് വായനക്കാരിയെന്നും അവളുടെ പേര് ലുഡ്മില്ല ആണെന്നും യൂണിവേഴ്സിറ്റിയില്‍ പോയാല്‍ അവളെ കാണാമെന്നും വിവരം ലഭിച്ചു. വായനക്കാരന് യൂണിവേഴ്സിറ്റിയില്‍ പോയി യുവതിയെ കാണുകയും പുസ്തകവായന രണ്ടുപേരും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു. കഥകള്‍ക്കു പിന്നാലെ കഥകള്‍ കയറിവരുന്നു. നോവലിനുള്ളില്‍ നോവല്ക്കഥകള്. ഒടുവില്‍ അവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നിടത്ത് നോവല്‍ അവസാനിക്കുന്നു. നോവല്‍ വായനയെക്കുറിച്ചും വായനയുടെ ഗവേഷണസ്വഭാവത്തെക്കുറിച്ചും രസകരമായ വിശദീകരണങ്ങള്‍ കാണാം. നോവലിലെ കഠിന ഭാഗങ്ങളെക്കുറിച്ചും വിദേശപ്രയോഗങ്ങളെക്കുറിച്ചും വിവിധ ഭാഷാപണ്ഡിതന്മാരായ പ്രൊഫസര്‍മാരെ കണ്ട് സംശയം തീര്‍ക്കുന്നതും നോവലിനെ വിമര്‍ശിക്കുന്നതും മറ്റും രസകരമായ അനുഭവങ്ങളാണ്.
ജാപ്പനീസ് എഴുത്തുകാരനായ അഗുത്തഗാവയുടെ ശക്തമായ കഥയാണ് ‘രക്തസാക്ഷി’. സെമിനാരിയില്‍ അതി സുന്ദരനായ ഒരു പഠിതാവുണ്ടായിരുന്നു. കച്ചവടക്കാരന്റെ മകള്‍ അയാളോടു പ്രേമാഭ്യര്‍ഥന നടത്തി. അയാള്‍ ചിരിച്ച തല്ലാതെ മറുപടി പറഞ്ഞില്ല. അവള് ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദി ആ വൈദികവിദ്യാര്ഥിയാണെന്നു പറഞ്ഞു പരത്തി. കച്ചവടക്കാരന്റെ മകള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടി തീയില്‍പ്പെട്ടപ്പോള്‍ ഡോറന്റെ തീയില്‍ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. പക്ഷേ, അയാള്‍ തീയില്‍പ്പെട്ടു മരണമടഞ്ഞു. മരണശുശ്രൂഷകള് ചെയ്യുമ്പോഴാണ് മനസ്സിലായത് അവന് അവളായിരുന്നു. കച്ചവടക്കാരന്റെ മകള്‍ പറഞ്ഞു: ‘ക്ഷമിക്കണം ഞാന്‍ അസത്യം പറഞ്ഞതാണ്’.
ചങ്ങമ്പുഴ മലയാളത്തിലെ വ്യക്തിഗത കാല്പനിക കവിയാണ് (individual romatic). അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ഒരേയൊരു വ്യക്തിഗത കാല്പനിക നിരൂപണമേ (individual romantic criticism)) ഉണ്ടായിട്ടുള്ളു- ‘രമണീയം ഒരു കാലം’. അതൊരനുഭവമാണ്. രമണന്റെ അച്ചടിച്ച പുസ്തകങ്ങളോടൊപ്പം കയ്യെഴുത്തുപ്രതികളും പ്രചരിച്ചുകൊണ്ടിരുന്നു. പാടിപ്പാടി പലരും ഹൃദിസ്ഥമാക്കി. രമണന് പലര്‍ക്കും സ്വന്തമായി. എംടി പറയുന്നു: ‘ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു.’ മലയാളത്തിന് ഇത്ര മാധുര്യമോ? ഭോഗാസക്തിയുടെ ശൃംഗാരത്തില്നിന്ന് സമഗ്രസൗന്ദര്യത്തിന്റെ ആരാധനയിലേക്ക് പ്രേമത്തെ അദ്ദേഹം ഉയര്‍ത്തി. പ്രേമം മാംസനിബദ്ധമല്ല, അതൊരു സാങ്കല്പികയാഥാര്ഥ്യമാണെന്ന് ചങ്ങമ്പുഴ പഠിപ്പിച്ചു. അതിന്റെ സാക്ഷാല്ക്കാരമല്ല, നിരാസമാണ് ദിവ്യാനുഭൂതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ചെളിക്കുണ്ടില്‍ നില്‍ക്കുമ്പോഴും നക്ഷത്രങ്ങളിലായിരുന്നു നോട്ടം. കവിത അലങ്കാരമാണ്. അത് ജീവിതത്തിനു വേണം.
ചങ്ങമ്പുഴ മലയാളിക്ക് എന്തു നല്കി?
ചങ്ങമ്പുഴ ഉപമയും ഉല്പ്രേക്ഷയും രൂപകവും നല്കി.
ചങ്ങമ്പുഴ മലയാളിക്ക് കവിത നല്കി.
ചെക്കോവിന്റെ ‘വാങ്ക’, രവീന്ദ്രനാഥ ടാഗോറിന്റെ ‘അവസാനത്തെ കഥ’, ആന്‍ ഫ്രാങ്കിന്റെ ഡയറി, അന്റോണിയോ ലോബോയുടെ ‘ആന്‍ എക്സ്പ്ലനേഷന്‍ ഒഫ് ദ ബേര്‍ഡ്സ്’, സാമുവല്‍ ബെക്കറ്റിന്റെ ‘ദ എന്‍ഡ് ഗയിം’, ബെറ്റി ഫ്രീഡന്റെ ‘ഫെമിനിന്‍ മിസ്റ്റിക്’, കെയ്റ്റ് മില്ലെറ്റിന്റെ ‘സെക്ഷ്വല്‍ പൊളിറ്റിക്സ്’, ബോറിസ് പാസ്റ്റര്‍നാക്കിന്റെ ‘ഡോ.ഷിവാഗോ’, ബര്‍ണാഡ് മലമൂഡിന്റെ ‘കുടികിടപ്പുകാര്‍’, റിച്ചാര്‍ഡ്സന്റെ ‘ക്ലാരിസ്സ’, റൂസ്സോയുടെ ‘ജൂലിയ’-എത്രയെത്ര എഴുത്തുകാര്‍, എത്രയെത്ര ഗ്രന്ഥങ്ങള്‍! എത്രയെത്ര കഥകള്‍, കവിതകള്‍! റഷ്യയില്‍ വോഡ്കയുടെ വിലപോലുമില്ലാതെ സോള്സെനിറ്റ്സന്റെ പുസ്തകങ്ങള്‍ അനാഥമായി കിടക്കുന്നതു കണ്ട് വേദനിക്കുന്ന എംടിയെയും അതിനിടയില്‍ എവിടെയോ കാണാം. പുസ്തകങ്ങളിലൂടെ എംടി നടത്തുന്ന സഞ്ചാരം ലോകസാഹിത്യസഞ്ചാരമായി മാറുന്നു. അതിലൂടെ എംടി അനുഭവിക്കുന്ന സുഖത്തിന്റെയും സ്വാസ്ഥ്യത്തിന്റെയും സമാശ്വാസത്തിന്റെ്റെയും ഒരു പങ്ക് നമുക്കും ലഭിക്കുന്നു.
എംടി വാസുദേവന്‍ നായര്‍ സഞ്ചാരപ്രിയനാണ്. പക്ഷേ, സഞ്ചാരസാഹിത്യം എഴുതുന്നതില്‍ അദ്ദേഹത്തിനു വലിയ താല്പര്യമില്ല. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍, ചുരുക്കം ചില സന്ദര്ശനങ്ങളെക്കു റിച്ചുമാത്രമേ-ഫിന്‍ലന്‍ഡ്, അമേരിക്ക, ചൈന-അദ്ദേഹം എഴുതിയിട്ടുള്ളൂ.
എംടി യാത്രകളെക്കുറിച്ചു പറയുമ്പോള്‍ സ്ഥലകാലങ്ങള്‍ എവിടെയോ പോയിമറയുകയും വസ്തുതാപരമായ വി ശദാംശങ്ങള്‍ യാഥാര്‍ഥ്യത്തിനപ്പുറത്തുള്ള മനോവിചാരങ്ങളായിത്തീരുകയും ചെയ്യുന്നു. ഓരോ രാജ്യത്തെയും മനുഷ്യരുടെ ജീവിതാവസ്ഥകളും സാംസ്കാരിക സാഹിത്യ സംഭവങ്ങളും മുന്‍നിരയിലേക്കു കയറിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ എഴുത്ത് സഞ്ചാരപഥങ്ങളെ പിന്തള്ളി സാംസ്കാരിക വിനിമയമായി മാറുന്നു. ഒരുതരം ഇംപ്രഷനിസ്റ്റിക് അനുഭവങ്ങളായി പരിവര്‍ത്തനപ്പെടുന്നു. അതുകൊണ്ടുതന്നെ എംടിയുടെ യാത്രാസാഹിത്യം സ്വതന്ത്രവും സ്വത്വാവിഷ്കാരവുമായിത്തീരുന്നു. മറ്റു സഞ്ചാരസാഹിത്യകാരന്മാരില്നിന്ന് എംടിയെ വിഭിന്നനാക്കിത്തീര്ക്കുന്നത് വസ്തുനിഷ്ഠാനുഭവങ്ങള് വ്യക്തിനിഷ്ഠാനുഭവങ്ങളായി പരിവര്ത്തനപ്പെടുന്നതിലൂടെയാണ്.
അമേരിക്കയില്‍ എംടിയെ കസ്റ്റംസുകാര്‍ തടഞ്ഞു നിറുത്തി. പെട്ടികള്‍ തുറന്ന് വിത്തുകളോ ഭക്ഷണങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനിടയില്‍ എംടിക്കു പ്രിയങ്കരമായ നാടന്ബീഡിക്കെട്ടുകള് കസ്റ്റംസുകാരുടെ കണ്ണില്‍ പെട്ടു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ സിഗററ്റാണ് എന്നു പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ‘ഇറ്റ് ഇസ് ഇല്ലീഗല്‍. എംടി ഒരു ബീഡിയെടുത്തു വലിച്ചു. അയാള്‍ പറഞ്ഞു: ‘ഇറ്റ് സ്മെല്സ് ഇല്ലീഗല്‍’. കസ്റ്റംസുകാര്‍ പല പരിശോധനകളും നടത്തി. കേരളത്തിന്റെ സാധാരണക്കാരന്റെ സിഗരറ്റായ ബീഡി ഇത്രമാത്രം പൊല്ലാപ്പുണ്ടാക്കുമെന്ന് എംടി കരുതിയില്ല. നീഗ്രോ നടന് റോസ് ക്രിസ്റ്റിയന്‍ എംടിയുടെ കയ്യില്‍നിന്ന് ബീഡി വാങ്ങി വലിച്ചിട്ട് പറഞ്ഞു: ‘വിശ്വസിക്കാനാവുമോ, ആയിരക്കണക്കിനു നാഴിക ദൂരെ, യന്ത്രം തൊടാതെ ഉണ്ടാക്കിയ ഇന്ത്യന്‍ സിഗററ്റ് എന്റെ കയ്യില്‍. ഫന്റാസ്റ്റിക്, റിയലി ഫന്റാസ്റ്റിക് ഐ ഫീല്‍ ലൈക്’.
അമേരിക്കയില്‍ വര്‍ണവിവേചനം ഇന്നുമുണ്ട്. തീവണ്ടി യാത്രയില്‍ പരിചയപ്പെട്ട ഡോറെറ്റ എന്ന പെണ്‍കുട്ടി സ്വന്തം വര്ഗക്കാരെക്കുറിച്ചു പറഞ്ഞു: ‘കറുത്തവരില്‍ മികച്ച എഴുത്തുകാരുണ്ട്. ഗായകരുണ്ട്. കലാകാരന്മാരുണ്ട്. പക്ഷേ, ഡ്രഗ്ഗു കളുടെ കച്ചവടവും അക്രമവും കൂടുതലും അവരുടെയിടയിലാണ്. എന്തുകൊണ്ട്? എന്ന ചോദ്യത്തിനു അവള്‍ക്ക് മറു പടിയുണ്ട്. ഗറ്റോകളില്നിന്ന് പുറത്തേക്കുവരാന്‍ അവസരം കിട്ടാത്തവരാണ് അവര്‍. ആരും അവര്‍ക്ക് അവസരം നല്കു ന്നില്ല. അതുകൊണ്ട് ഇരുണ്ട വഴികളിലൂടെ തപ്പിത്തടയുന്നു. അവള് പറഞ്ഞു: ‘എന്നും വെളുത്ത വര്‍ഗക്കാര്‍ കറുത്തവരെ അധഃകൃതരായി മാറ്റിനിറുത്തിയിട്ടുണ്ട്, ഇന്നും.’
അമേരിക്കയില്‍ നിന്നിറങ്ങുന്ന പല സാധനങ്ങളും ഗാര്‍ബോയില്‍ ഉപേക്ഷിക്കാന്‍ വേണ്ടിയാണ്. നശിപ്പിക്കുവാന്‍ വേണ്ടിമാത്രം നിര്‍മിക്കുന്ന വസ്തുക്കള്‍. അടുത്ത മോഡല്‍ ഇറങ്ങുന്നതുവരെ കൊണ്ടുനടക്കാന്‍ വേണ്ട പുറംമോടിയും ഉറപ്പും മതി. ഒരു മലയാളി ഡോക്ടര്‍ എംടിയോടു പറഞ്ഞു: ‘ഇന്ത്യന്‍ ആശുപത്രികളില്‍ വിലപിടിപ്പുള്ളവയായി കണക്കാ ക്കുന്ന പല ഉപകരണങ്ങളും അമേരിക്കന്‍ ആശുപത്രികളില്‍ ഒരിക്കല്‍ ഉപേയോഗിച്ചു കളയുന്നവയാണ്. രണ്ടാമതൊരിക്കല്‍ ഉപയോഗിക്കാന്‍ പാകത്തില്‍ സ്റ്റെറിലൈസ് ചെയ്ത് സജ്ജമാക്കാന്‍ മനുഷ്യപ്രയത്നം വേണ്ടിവരും. അതിലും ആദായം പുതിയതൊന്ന് എടുക്കുകയാണ്.’
നാടകകൃത്തുക്കള്ക്കുവേണ്ടിയുള്ള ഓനീല്‍ ദേശീയ സമ്മേളനം നടക്കുകയാണ്. പുതിയ നാടകകൃത്തുക്കളുടെ നാടകങ്ങള്‍ അവതരിപ്പിക്കുക, ചെറുപ്പക്കാരായ നാടകനിരൂപകര്ക്ക് ഒരു കോഴ്സ് നടത്തുക, നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുക, നാടകപഠനക്ലാസ്സുകള് സംഘടിപ്പിക്കുക- ഇവയാണ് ഓനീല്‍ ഫൗണ്ടേഷന് വാര്‍ഷികാഘോഷത്തില്‍ അരങ്ങേറുന്നത്. അവിടെ കൂടിയ പല എഴുത്തുകാരും പറഞ്ഞു: സിനിമ തളര്‍ന്നതുപോലെ, നോവല്‍ തകര്‍ന്നതുപോലെ നാടകം തകര്‍ന്നിട്ടില്ല. ഇന്ത്യന്‍ സിനിമകളും ഇന്ത്യന്‍ നാടകങ്ങളും ആവശ്യത്തിലേറെ ഗൗരവമുള്ളതാണ്. സറ്റയറുകളും കോമഡികളും അപൂര്‍വമാണ്. ഒരു പ്രശ്നസമൂഹത്തില് സറ്റയറുകളും കോമഡികളുമാണ് കൂടുതല്‍ ഫലപ്രദമാവുക. കോഴിക്കോട്ടു നടന്ന നാടകോത്സവത്തില്‍ നൂറിലേറെ സ്ക്രി പ്റ്റുകള് പരിശോധിച്ചതില്‍ ഒരു കോമഡിപോലും ഉണ്ടായി രുന്നില്ല എന്നകാര്യം എംടി ഓര്‍ത്തു. ജീവിതം രൂക്ഷമായതുകൊണ്ട് ചിരിക്കാനുള്ള സിദ്ധി നഷ്ടപ്പെട്ടുപോയോ? ചിരിച്ചു വിശ്രമിക്കുന്നതിനെക്കാള് രോഷത്തോടെ വിമര്‍ശിക്കുകയാണ് നല്ലത് എന്നു കരുതുന്ന ദേശീയസ്വഭാവം നമുക്കുണ്ടോ എന്ന് എംടി സംശയിക്കുന്നു.
‘റാന്‍സം’ എന്ന പുതിയ നോവല്‍ പ്രസിദ്ധപ്പെടുത്തിയ ബോബ് സ്മിത്ത് പറയുന്നു- പുതിയ എഴുത്തുകാര്‍ക്ക് അമേ രിക്കയിലും പ്രസാധകനെ കിട്ടുക എളുപ്പമല്ല. വലിയ എഴുത്തുകാര്‍ക്ക് പ്രശ്നമില്ല. ആ രംഗത്താണ് നാടകാവതരണത്തില്‍ ഓനീല്‍ ഫൗണ്ടേഷന് പ്രസക്തമാവുന്നത്. നൂറേക്കര്സ്ഥലത്ത് മൂന്നു തിയറ്ററുകളുണ്ട്. നാടകസാഹിത്യത്തിന്റെയും നാടകാവതരണത്തിന്റെയും മേഖലകളില്‍ ഓനീല്‍ ഫൗണ്ടേഷന് നടത്തുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും അപൂര്‍വമായ സംഭാവനയാണ് നല്കിക്കൊണ്ടിരിക്കുന്നത്. ഓനീല്‍ തിയറ്റര്‍ ഫൗണ്ടേഷന് എല്ലാവര്‍ഷവും നടത്താറുള്ള നാടകോത്സവത്തെ ഓനീല്‍ അനുഭവം എന്നാണ് പറയുന്നത്. പുതിയ നാടകങ്ങളും നാടകരൂപങ്ങളും കണ്ടെത്തി അവ തരിപ്പിക്കുക ഓനീല്‍ ഫൗണ്ടേഷന്റെ ലക്ഷ്യമാണ്. പക്ഷേ, പുതിയ നാടകരൂപങ്ങള്‍ അവതരിപ്പിച്ചാല്‍ പോരാ, ആസ്വാദകരെ വളര്‍ത്തിക്കൊണ്ടുവരികയും വേണം. ഓനീല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായി തോന്നിയത് ഓനീല്‍ കേന്ദ്രത്തിന്റെ ചുമതലയില്‍ നടത്തുന്ന മൂകനാടക വേദിയാണ്. നടീനടന്മാര് മൂകരും ബധിരരുമാണ്. വാക്കുകളില്ലാതെ, അഭിനയത്തിലൂടെ, ചലനങ്ങളിലൂടെ അവര്‍ കാണികളുമായി സംവേദനം ചെയ്യുന്നു. ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും മൂകനാടകസംഘം നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ബധിരരും മൂകരുമായ കുട്ടികളുടെ ഒരു ലിറ്റില്‍ തിയറ്ററും പ്രവര്‍ത്തിക്കുന്നു.
ഒത്തുകൂടിയപ്പോള്‍ എഴുത്തുകാര്‍ തമ്മില്‍ എഴുത്തുകാരുടെ പ്രശ്നങ്ങളെക്കുറിച്ച് സംഭാഷണങ്ങള്‍ ഉണ്ടായി. എഴുതിയ കടലാസുകള്‍ അപ്പോള്‍ത്തന്നെ പ്രസാധകന് അയച്ചുകൊടുക്കുന്നു. പ്രസാധകര് അത് എഡിറ്ററെ ഏല്‍പ്പിക്കുന്നു. എഡിറ്റര്‍ ശസ്ത്രക്രിയ ചെയ്ത് പാകപ്പെടുത്തി പ്രസാധകന് എത്തിക്കുന്നു. അമേരിക്കയില്‍ ഒരെഴുത്തുകാരന് വിജയിക്കണമെങ്കില്‍ ഒരു ലിറ്റററി ഏജന്റോ വിദഗ്ധനായ ഒരെഡിറ്ററോ ആവശ്യമാണ്. അംഗീകാരം കിട്ടിയ എഴുത്തുകാരന് ഒരു പബ്ലിസിറ്റി ഉദ്യോഗസ്ഥനും വേണം. പുസ്തകശാലക്കാര്‍ എല്ലാ പുസ്തകങ്ങള്‍ക്കും പേപ്പര്ബാക്കുകള് ഉണ്ടാക്കുന്നില്ല. ലൈബ്രറിപ്പതിപ്പുകള് വില്‍ക്കുന്നതിനനുസരിച്ച് പേപ്പര്ബാക്കിന്റെ സാധ്യത വിലയിരുത്തുന്നു. നല്ല വില്പന. നല്ല റിവ്യുകള്‍-രണ്ടും ഇല്ലെങ്കില്‍ പുസ്തകങ്ങള്‍ ആദ്യപതിപ്പോടെ മൃതിപ്പെടുന്നു.
ഇന്ത്യയിലെ യുവാക്കള്‍ അസ്വസ്ഥരാണോ? എംടി പറഞ്ഞു: ‘എവിടെയും എന്നപോലെ. ഞങ്ങളുടെ പ്രശ്നത്തിന്റെ വ്യാപ്തി നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് കോളജ് വിട്ടിറങ്ങാം. അക്ഷരം പ്രശ്നമല്ല. വിശപ്പിനെ ഭയപ്പെടേണ്ട. കാറ് കഴുകാന്‍ പോയാല്‍, കൊയ്ത്തിനു പോയാല്‍ ഒരു മണിക്കൂറില്‍ മൂന്നു ഡോളര്‍ കിട്ടും. ഇന്ത്യയിലെ യുവതലമുറയ്ക്ക് ജീവിതം പേടിസ്വപ്നമാണ്.’
എഴുത്തുകാരന് മെയിലറെ കാണണം എന്നുണ്ടായിരുന്നു. താന്‍ ഇന്ത്യയിലെ ഒരു ചെറിയ ഭാഷയില്‍ എഴുതുന്ന ആളാണെന്ന് അദ്ദേഹത്തോടു പറയാമെന്നു കരുതി. മെയിലറുടെ നമ്പര്‍ സംഘടിപ്പിച്ച് ഫോണ്‍ ചെയ്തു. സ്ത്രീശബ്ദത്തില്‍ മറുപടി വന്നു. മെയിലറും ഹാര്‍പ്സ് മുന്‍പത്രാധിപരും കൂടി എവിടെയോ പോയിരിക്കുന്നു. സ്ഥലം അറിയില്ല. എന്നു വരുമെന്നും അറിയില്ല.
ഒരു ചര്‍ച്ചയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കേണ്ടിവന്നു. അമേരിക്കന്‍ സ്ത്രീയെ പുരുഷന് അടിമയായി, യന്ത്രമായി കരുതുന്നു. കെയ്റ്റ് മില്ലെറ്റിന്റെ സെക്ഷ്വല്‍ പൊളിറ്റിക്സ് (1978) എന്ന പുസ്തകം സ്ത്രീസ്വാത ന്ത്യത്തിന്റെ ബൈബിളാണ്. ആ പ്രശ്നത്തെ എതിര്‍ക്കുന്ന പുരുഷ ബുദ്ധിജീവികളുടെ നേതൃത്വം നോര്‍മല്‍ മെയിലര്ക്കാണ്. കേയ്റ്റ് മില്ലെറ്റിന്റെ പുസ്കത്തിനു മെയിലര്‍ ഒരു മറുപടി എഴുതി. അത് പ്രേമഗാനംപോലെ മനോഹരമാണ് എന്ന് പല എഴുത്തുകാരും പ്രശംസിച്ചു. അമേരിക്കയിലെ ഭൂരിപക്ഷം വീട്ടുജോലിക്കാരും സ്ത്രീകളാണ്. ക്ലാര്‍ക്കുമാരും അധികവും സ്ത്രീകളാണ്. അവര്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ശമ്പളം കുറവാണ്. ശമ്പളത്തോടുകൂടിയ പ്രസവാവധി ഇല്ല. സൗജന്യമായി ഗര്‍ഭം അലസിപ്പിക്കാന്‍ നിയമവുമില്ല.
ഇന്ത്യയില്‍നിന്നുള്ള വിവിധ ഭാഷാസാഹിത്യങ്ങളെക്കുറിച്ച് പാശ്ചാത്യര്‍ക്ക് പൊതുവേ അറിയില്ല. അമേരിക്കന്‍ വായനക്കാരനെ രസിപ്പിക്കുന്ന വിവര്‍ത്തനങ്ങള്‍ കിട്ടുന്നില്ല എന്നാണ് പരാതി. ടഗോറിനുപോലും അവിടെ വായനക്കാരില്ല. താനി സാക്കിയുടെയും മറ്റും നോവലുകളുടെ പരിഭാഷകള്‍ അവിടെ ഉണ്ടെങ്കിലും കുറിച്ചുപേരേ വായിക്കുന്നുള്ളു. കവാബത്തയ്ക്കു നൊബേല്‍ സമ്മാനം കിട്ടിയത് ജാപ്പനീസ് സാഹിത്യ പ്രചാരണത്തിനു സഹായകരമായിട്ടുണ്ട്. മിഷിമ ഹരാക്കിരി നടത്തി ആത്മഹത്യ ചെയ്തത് ജാപ്പനീസ് സാഹിത്യത്തിലേക്കു ശ്രദ്ധ തിരിച്ചുവിടാന്‍ കാരണമായിട്ടുണ്ട്.
പാശ്ചാത്യ സാഹിത്യത്തില്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു മികച്ച കൃതികള്‍ വരുമെന്ന് ചില എഴുത്തുകാര്‍ പ്രതീക്ഷിക്കുന്നു. ‘എകാന്തതയുടെ നൂറുവര്‍ഷങ്ങളെ’ക്കുറിച്ച് ചിലര്‍ ആവേശത്തോടെ സംസാരിച്ചു. അനേകം കൃതികള്‍ ഇനിയും പരിഭാഷപ്പെടുത്താനുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എംടി പറഞ്ഞു: ‘ഇന്ത്യയിലും ഉണ്ട്. ഞങ്ങളുടെ കേരളത്തി ലുമുണ്ട്. പട്ടാളത്തെ പിടിച്ചുപറ്റാനും ആത്മഹത്യചെയ്ത് ലോകവാര്‍ത്ത സൃഷ്ടിക്കാനും കേരളത്തിലെ എഴുത്തുകാര്‍ക്ക് അറിയില്ല. ഞങ്ങള്‍ ദുഃഖങ്ങള്‍ പേറി ജീവിച്ച് ചെറിയ മരണങ്ങളില്‍ അവസാനിക്കുന്നു.’ എംടി അമേരിക്കയില്‍ സഞ്ചരിക്കുന്ന കാലത്താണ്- ‘നോവല്‍ മരിക്കുകയാണ്’ എന്ന പുസ്തകം ഇറങ്ങിയത്. അതിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഒരു സാഹിത്യരൂപം മരിക്കുക എന്ന ആശയം എംടിക്കു യോജിക്കാനാവാത്തതാണ്.
ഫോക്നറുടെ ജന്മസ്ഥലം കണ്ട നിറവ് എംടി ഓര്‍ക്കുന്നു. യോഫട്ട എന്ന ദേശത്തിന്റെ മനോഹാരിതയും അതിന്റെ വിസ്തൃതിയും, ഫോക്നര്‍ ചെന്നിരുന്നു വായിക്കാറുള്ള ഡ്രഗ്സ്റ്റോര്‍, അദ്ദേഹത്തിന്റെ കൃതികളില്‍ പ്രത്യക്ഷപ്പെടാറുള്ള കോര്‍ട്ട് ഹൗസ് ടൗണ്‍ഹാള്‍, ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത പിതാമഹന്മാര്, കേണല്‍ ഫോക്നറുടെ പ്രതിമ-എല്ലാം കണ്ട് ഒടുവില്‍ നഗരപ്രാന്തത്തില്‍ ശ്മശാനത്തിലെത്തി. ഫോക്നര്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരിടത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. വില്യം ഫോക്നറുടെ ശവക്കല്ലറ മാതാപിതാക്കളില്‍നിന്ന് താഴെ നിരത്തിനടുത്താണ്. സ്മാരകശിലയോ എഴുത്തുകളോ ഇല്ല. അടുത്തൊന്നും പൂച്ചെടികള്പോലുമില്ല.
എംടിയെ എപ്പോഴും സന്തോഷിപ്പിക്കുന്നത് എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും ലോകമാണ്. ഒരു തീവണ്ടി യാത്രയില്‍ മുന്നിലിരുന്ന നീഗ്രോ പെണ്‍കുട്ടി പുതിയ സാഹിത്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ എടുത്തുകാട്ടിയ പുസ്തക മാണ് ‘വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഒഫ് സോളിറ്റിയൂഡ്’. ആ പുസ്തകം കണ്ടെത്തി വായിക്കുകയും അതേക്കുറിച്ച് പ്രചരി പ്പിക്കുകയും ചെയ്തു. പുതിയ പുസ്തകങ്ങള്‍ കണ്ടത്തുന്നതും പ്രചരിപ്പിക്കുന്നതും സവിശേഷമായ ഒരു ദൗത്യമായി എംടി കരുതുന്നു.
സാഹിത്യരചന പഠിപ്പിക്കാന്‍ പറ്റിയ വിഷയമാണോ എന്നു പലരും ചോദിക്കാറുണ്ട്. പ്രചോദനം ഉണ്ടാക്കാന്‍ സാധ്യമല്ല. എഴുത്തിനു പ്രചോദനം മാത്രം പോരാ. രചനാ പരിശീലനവും വേണം. പാശ്ചാത്യ സര്‍വകലാശാലകളില്‍ റൈറ്റിങ് കോഴ്സുകള്‍ ധാരാളമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ബിഎയ്ക്കോ എംഎക്കോ കവിതയോ ചെറുകഥയോ നോവലോ നാടകമോ പഠനവിഷയമായി തെരഞ്ഞെടുത്ത് ബിരുദങ്ങള്‍ നേടാന്‍ കഴിയും.
ചൈനയിലെ എഴുത്തുകാരുടെ ഒത്തുചേരലുകള്‍, സംഭാഷണങ്ങള്‍. സംവാദങ്ങള്‍ അറിയാത്ത ഒരദ്ഭുതലോകം. ലോകത്തിലെ ഏറെ മന്ദഹസിക്കുന്ന ജനം ചൈനക്കാരാണെന്ന് പാബ്ലോ നെരൂദ പറയുന്നു. കൊളോണിയലിസത്തിന്റെ ഭാരത്തിലും വിപ്ലവങ്ങളിലും ക്ഷാമങ്ങളിലും കൂട്ടക്കൊലകളിലും മന്ദഹസിച്ചു നിന്നവരാണ് ചൈനക്കാര്‍. ചൈനയില്‍ എവിടെയും ടഗോര്‍ അറിയപ്പെടുന്നു. ടഗോറിന്റെ അനേകം പുസ്തകങ്ങള്‍ ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തി യിട്ടുണ്ട്.
ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിന്റെ നടുത്തളമോ ഹൃദയമോ ആണ് ടിയാനെന്മെന് സ്ക്വയര്‍. ആ വാക്കിന്റെ അര്‍ഥം സ്വര്‍ഗീയമായ സമ്മാനം എന്നാണ്. അവിടെ നിന്നാണ് 1949 ഒക്ടോബര്‍ 1നു മാവോസേതൂങ്ങ് ചൈനയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത്. 1976ലാണ് ടിയാനെന്മെന് സംഭവം ഉണ്ടാകുന്നത്. ചൗ എന്‍ലായിയുടെ സ്മരണയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷങ്ങള്‍ എത്തി. രാത്രിയുടെ നിശ്ശബ്ദതയില്‍ പൂമാലകളുടെ കുന്നുകള്‍. ചൗ എന്‍ലാ യിയുടെ ആദരാഞ്ജലി മാത്രമായിരുന്നില്ല. ചൈന സര്‍ക്കാരിനോടുള്ള പ്രതിഷേധവും കൂടിയായിരുന്നു അത്. എത്രപേര്‍ മരിച്ചു എന്നത് വ്യക്തമല്ല. ചത്വരം പിടിച്ചെടുത്ത പ്രകടനക്കാരെ നേരിടാന്‍ മൂന്നരലക്ഷം സൈന്യമാണ് ഇറങ്ങിയത്.
ചൈനയിലെ പുസ്തകശാലയില്‍ റൊമാന്‍സുകളും ബാലസാഹിത്യകൃതികളുമായിരുന്നു ഏറെ. തോമസ് ഹാര്‍ഡിയുടെ എല്ലാ കൃതികളും ഉണ്ടായിരുന്നു. മാവോസേ തൂങ്ങിന്റെ തെരഞ്ഞെടുത്ത കൃതികള്‍ ഇംഗ്ലിഷില്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. വാങ്ങാന്‍ ആളുണ്ട് എന്നാണ് വില്പനക്കാര് പറയുന്നത്.
ചൈനയിലെ സാംസ്കാരിക വിപ്ലവകാലത്ത് ഏറ്റവും കൂടുതല്‍ മാനസികപീഡനം അനുഭവിച്ചത് അവിടത്തെ എഴു ത്തുകാരായിരുന്നു. കവി പാബ്ലോ നെരുദയുടെ ആത്മസുഹൃത്തായിരുന്നു ചൈനീസ് കവി ആയ്പിന്. അദ്ദേഹവും നോവലിസ്റ്റ് ടിംഗ്ലിങ്ങും നെരൂദയെയും ബ്രസീലിയന്‍ നോവലിസ്റ്റ് അമാഡോവിനെയും സ്വീകരിക്കാനും കൊ ണ്ടുനടക്കാനും കൂടെ ഉണ്ടായിരുന്ന അവര്‍ വിചാരണയിലായിരുന്നു എന്ന് നെരുദ അറിഞ്ഞത് വൈകിയാണ്. ആയ് പിന്നിനെ ഗോബിമരുഭൂമിയിലേക്കു നാടുകടത്തി. സാഹിത്യസംഘടനയുടെയും വനിതാപ്രസ്ഥാനങ്ങളുടെയും നേതൃത്വം വഹിച്ച ടിംഗ്ലിങ്, ചിയാങ്ങ് കൈഷക്കിന്റെ പട്ടാളത്തിലെ ഒരു യുവാവുമായി പ്രേമത്തിലായതിന്റെ പേരില്‍ അവരെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നെല്ലാം ഒഴിവാക്കുകയും ഒരു റസ്റ്ററന്റിലെ പരിചാരികയാക്കി തരംതാഴ്ത്തി അപമാനിക്കുകയും ചെയ്തു. അവരുടെ ‘മിസ് സോഫിയയുടെ ഡയറി’, ‘അമ്മ’, ‘ഇരുട്ടില്‍’, ‘സണ്ഗാന് നദിക്കുമേലെ സൂര്യ പ്രകാശം’ തുടങ്ങിയ നോവലുകള്‍ ജനപ്രിയം നേടിയ കൃതികളാണ്. നെരൂദ പറയുന്നു: ‘ആ പ്രേമകഥ സത്യമാണ്. പക്ഷേ, അത് മഹത്തായ വിപ്ലവത്തിനു മുന്‍പ് നടന്നതാണ്. കാമു കനെ ഉപേക്ഷിച്ച് കൈക്കുഞ്ഞിനെയും എടുത്ത് യേനായില്നിന്നുള്ള ആ ഐതിഹാസികമായ വിപ്ലവയാത്രയില്‍ അവര്‍ പങ്കെടുത്തതാണ്. പക്ഷേ, അതൊന്നും അവരുടെ സഹായത്തിനെത്തിയില്ല’. തടവും നാടുകടത്തലുമായി പതിനെട്ടു വര്‍ഷം അവര്‍ ഇരുട്ടിലായിരുന്നു.
ചൈനയില്‍ പരക്കെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് സാംഗ്സി. സാംസ്കാരിക വിപ്ലവകാലത്ത് അവര്‍ എഴുതിയ തൊന്നും പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞില്ല. കുട്ടിക്കാലം മുതലേ അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. പാശ്ചാത്യകൃതികളോടുള്ള അമിതമായ അവരുടെ താല്പര്യം വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. അവര്‍ പറയുന്നു: ‘ആ കാലത്ത് സമനില തെറ്റാതെ പിടിച്ചുനില്ക്കാന് സാധിച്ചത് ഈ ക്ലാസിക്കല്‍ സാഹിത്യത്തിലെ മനുഷ്യസ്നേഹം നല്കിയ ആത്മവിശ്വാസം കൊണ്ടാണ്.’ അവരുടെ പ്രസിദ്ധപ്പെട്ട നോവലാണ്, ‘ലവ് മസ്റ്റ് നോട്ട് ബി ഫൊര്‍ഗോട്ടണ്‍’. അച്ഛന് വിവാഹം കഴിക്കുന്നതിനുമുന്‍പ് അമ്മയ്ക്ക് ഒരു രഹസ്യപ്രേമമുണ്ടായിരുന്നു എന്ന് മകള്‍ കണ്ടെത്തുന്നു. അതാണ് നോവലിലെ പ്രമേയം. സദാചാരത്തിനും സോഷ്യലിസത്തിനും എതിരാണ് എന്ന് വിമര്‍ശനമുണ്ടായി. അവര്‍ അതിനു മറുപടി പറഞ്ഞെങ്കിലും വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞില്ല.
ചൈനയില്‍നിന്നു വാങ്ങിയ പുസ്തകങ്ങള്‍ പലതും മോശം പരിഭാഷകളാണെന്നു പിന്നീടു ബോധ്യമായി. സ്പാനിഷ് ഭാഷയില്‍നിന്നും ചെക്കോസ്ലാവാക്യന്‍ ഭാഷയില്‍നിന്നും ഒട്ടേറെ വിവര്‍ത്തനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഫുവന്റിസ്, മാര്‍ക്കേസ്, കുന്ദേര -അവരെയൊക്കെ പരിഭാഷപ്പെടുത്തിയവര്‍ ആത്മസമര്‍പ്പണത്തോടെയാണ് മൊഴിമാറ്റം നിര്‍വഹി ച്ചിട്ടുള്ളത്. ചൈനയില്‍ ഫോറിന് ലാംഗ്വേജ് വിഭാഗത്തില്‍ പഠിച്ച് ബിരുദമെടുത്തവര്‍ക്ക് വിവര്‍ത്തനം ജോലിയായി കിട്ടുക. അവര്‍ എല്ലാവരും സാഹിത്യത്തില്‍ താല്പര്യമുള്ളവരോ പ്രഭാഷകരോ പരിഭാഷയില്‍ വിദഗ്ധരോ അല്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ ചൈനീസ് എഴുത്തുകാരനായ സാസിച്ചിങ് നഷ്ടപ്പെട്ട കാലത്തെപ്പറ്റി എഴുതുന്നു: ‘പറന്നുപോയ വാവല്പ്പക്ഷികള് വീണ്ടും തിരിച്ചുവരാറുണ്ട്. ഇല കൊഴിക്കും മരങ്ങള്‍ വീണ്ടും തളിര്‍ക്കും. മരങ്ങളില്‍ അടുത്തവര്‍ഷവും പൂക്കള്‍ ഉണ്ടാവും. കാലം മാത്രം തിരിച്ചുവരാത്തതെന്ത്? ‘
എംടി വാസുദേവന്‍ നായരെ ആശ്ചര്യപ്പെടുത്തിയ കാര്യമാണ്- ചൈനയില്‍ എവിടെയും ടഗോറിനു വലിയ ആദരം ലഭിക്കുന്നു. 1924 ല്‍ ടഗോര്‍ ചൈനയില്‍ പോയി താമസിച്ചിട്ടുണ്ട്. ടഗോര്‍ അന്നു പറഞ്ഞു: ‘എന്നെ അതിഥിയായി കാണ രുത്. നിങ്ങളുടെ സ്വന്തം സഹോദരനാണ് ഞാന്‍.’
പ്രൊഫസര്‍ വേയ് ഫിംഗ് ച്യാംഗ്-സര്‍വകലാശാലയിലെ ഫോറിന് ലാംഗ്വേജസ് അക്കാദമിയിലെ അധ്യക്ഷനായിരുന്നു. അദ്ദേഹം ശാന്തിനികേതനില്‍ ടഗോറിന്റെ കീഴില്‍ പഠിക്കുകയും ചൈനയില്‍ ചെന്ന് ഇന്ത്യന്സംഗീതത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും കുറിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. പ്രൊഫസറുടെ വീട്ടില്‍ ടഗോര്കൃതികളും ചിത്രങ്ങളുമുള്ള ഒരു പ്രത്യേക മുറിയുണ്ട്. മറ്റൊരു മുറി ഗാന്ധിജിക്കു വേണ്ടിയുള്ളതാണ്. ‘ടഗോര്‍ എന്റെ ഗുരുനാഥന്’ എന്ന പേരില്‍ ചൈനീസ് ഭാഷയില്‍ എഴുതിയ ഗ്രന്ഥവും അനേകം ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഫിന്‍ലന്‍ഡ് തടാകങ്ങളുടെ നാടാണ്. ചെറിയ ഒരു രാജ്യത്തില്‍ ആയിരത്തോളം തടാകങ്ങള്‍. യാത്രകള്‍ക്കും സെല്‍ഫ് റൈഡിങ്ങിനും ധാരാളം സൗകര്യങ്ങള്‍. എല്ലായിടത്തും സ്നാനഘട്ടങ്ങളുണ്ട്. പ്രത്യേക തരത്തിലുള്ള കുളിയാണ് അവിടത്തെ സവിശേഷത. കുളിമുറി തുറന്നു കടന്നാല്‍ ചുട്ടുപൊള്ളുന്ന നീരാവിയിലേക്കാണ് എത്തുന്നത്. ചുട്ടുപഴുപ്പിച്ച കല്ലുകളില്‍ വെള്ളം വീഴ്ത്തി പൊങ്ങുന്ന നിരാവി- അതില്‍ നില്ക്കുമ്പോള് ദഹിച്ചുപോകും. മരച്ചില്ലകൊണ്ട് ചെറുതായി സ്വയം ദേഹത്ത് അടിക്കുകയും വേണം. ‘സൗന’ എന്നു വിളിക്കുന്ന സ്നാനം. വിയര്‍ത്തുകുളിച്ച് പുറത്തുചാടുന്ന കുളി ക്കാര് തണുത്ത ഷവറില്ച്ചെന്നു നില്ക്കുന്നു. തടാകത്തിലേക്കു ചാടണമെങ്കില്‍ അതുമാകാം. ഒരു മിനിറ്റ് ഒരു യുഗംപോ ലെയാണ് അനുഭവപ്പെട്ടത്.
ഫിന്‍ലന്‍ഡിന്റെ അതിര്‍ത്തിരാജ്യമാണ് റഷ്യ. റഷ്യയെപ്പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. എംടി ഫിന്‍ലന്‍ഡിനു അടു
ത്തുള്ള ജര്‍മനിയില്‍ എഴുത്തുകാരുടെ നഗരമായ ടൈമറില്‍ എത്തി. ഗോയ്ഥേയും ഷില്ലറും താമസിച്ചത് ടൈമറിലാണ്. ജര്‍മന്‍ സാഹിത്യത്തിലെ മഹാരഥന്മാരായ പല എഴുത്തുകാരും ടൈമറുമായി ബന്ധപ്പെട്ടിരിക്കുന്നു.
എംടിയെ വല്ലാതെ അസ്വസ്ഥനാക്കിയത് കോണ്സെന്ട്രേഷന് ക്യാമ്പുകളുടെ കാഴ്ചയാണ്. 1933ലാണ് ഹിറ്റ്ലര്‍ കോണ്സെന്ട്രേഷന് ക്യാമ്പുകള്‍ ആരംഭിച്ചത്. എതിരാളികളെ മുള്ളുവേലിക്കകത്തിട്ടു മര്‍ദിക്കുക, പണക്കാരാണെങ്കില്‍ ബന്ധുക്കളില്‍നിന്നു മോചനത്തുക വാങ്ങുക, നിര്‍ബന്ധിച്ചു ജോലി ചെയ്യിക്കുക- ഇതൊക്കെ ആയിരുന്നു ആദ്യകാലത്തെ രീതികള്‍. അധികാരം സൈനികവിഭാഗത്തെ ഏല്‍പ്പിച്ചതോടെ ഭീകരമായ മര്‍ദനവും കൊലപാതകങ്ങളും അരങ്ങേറി. ഹിറ്റ്ലറുടെ ജൂതവിരോധം ആയിരക്കണക്കിനു മനുഷ്യരെയാണ് കൊന്നൊടുക്കിയത്. ഒരു കോണ്സെന്ട്രേഷന് സന്ദര് ശനം കഴിഞ്ഞപ്പോള്‍ പലരും രോഗാതുരമായ അവശതയിലെത്തി. തടവുകാരെ നിലത്തു നിറുത്തി വെടിവച്ചു വീഴ്ത്തുന്നത് മനസ്സിലാക്കാം. പരേഡ് മൈതാനത്ത് ഫയറിങ് സ്ക്വാഡിനെ വിളിച്ചുവരുത്തി വെടിവച്ചു വീഴ്ത്തുന്നതും നമുക്കു മനസ്സിലാവും. രോഗാണുക്കളും പെട്രോളും കുത്തിവച്ച് വിചിത്രമായ കൊലപാതക പരീക്ഷണങ്ങള്‍ നടത്തിയ മനുഷ്യമ നസ്സുകളുടെ പൈശാചികത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അന്തംവിട്ടുപോകുന്നു.
എസ്.കെ.പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങള്‍ വസ്തുനിഷ്ഠവും കൃത്യവും യഥാര്‍ഥവുമാണ്. സ്ഥലകാലങ്ങളുടെ വിശദീകരണങ്ങളും വിചിത്രമായ ജീവിതാവസ്ഥകളും അതേപടി ഒപ്പിയെടുക്കുന്നു. അതുകൊണ്ടുതന്നെ എസ്കെയുടെ യാത്രാവിവരണങ്ങള്‍ വായിച്ചറിഞ്ഞിട്ട് ആര്‍ക്കും ഗൈഡിന്റെ സഹായമില്ലാതെ അതേ വഴികളിലൂടെ സഞ്ചരിക്കാന്‍ കഴി യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. അപ്പപ്പോള്‍ അനുഭവസാക്ഷ്യങ്ങള്‍ കുറിച്ചുവയ്ക്കുകയോ രചനാസന്ദര്ഭങ്ങളില് അ തൊക്കെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് എഴുതുകയോ ചെയ്യുന്നു. വസ്തുതാപരമായി കൃത്യതയില്നിന്നു വ്യതി ചലിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുമില്ല. എംടിയുടെ സഞ്ചാരസാഹിത്യം തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ്.
വസ്തുക്കളുടെ കൃത്യതയിലോ സംഭവങ്ങളുടെ യാഥാതഥ്യതയിലോ എംടിക്കു ശ്രദ്ധയില്ല. അദ്ദേഹം അനുഭവങ്ങളില്‍ നിന്ന് അനുഭൂതികളിലേക്കും എഴുത്തിന്റെ വിചിത്രലോകത്തേക്കും പറന്നെത്തുന്നു. സാംസ്കാരിക ജീവിതാവിഷ്കാരങ്ങളായ സാഹിത്യകൃതികള്‍ ഉയിര്ത്തഴുന്നേറ്റുവരുന്നു. അത്തരം അനുഭവങ്ങളാണ് എംടിയുടെ സഞ്ചാരസാഹിത്യത്തെ സമകാലിക പ്രസക്തിയുള്ള കലാസൃഷ്ടികളാക്കി മാറ്റുന്നത്. സഞ്ചാരക്കുറിപ്പുകള്‍ കഥാഖ്യാനങ്ങളായി മാറുന്നു. അദ്ദേഹത്തിന്റെ ചെറുകഥകളും നോവലുകളും നല്കുന്ന സൗന്ദര്യാനുഭൂതിയെക്കാള് താഴെയല്ല അദ്ദേഹം നല്കുന്ന യാത്രാനുഭവാനുഭൂതികള്.
5
എം.ടി.വാസുദേവന്‍ നായര്‍ പുതിയ എഴുത്തുകാര്‍ക്കുവേണ്ടി എഴുതിയ കൃതികളാണ് -കാഥികന്റെ പണിപ്പുര, കാ ഥികന്റെ കല. സാഹിത്യരചനയുടെ ബാലപാഠങ്ങളും മുതിര്ന്നപാഠങ്ങളും ഈ കൃതികള്‍ ചര്‍ച്ചചെയ്യുന്നു. എഴുതിത്തുട ങ്ങുന്ന ചെറുപ്പക്കാരന് അന്ധകാരത്തില്‍ നിന്നായിരിക്കും ആരംഭിക്കുക. സ്വന്തം രചനകളിലൂടെ മുന്നോട്ടുപോകുമ്പോള്‍ മുന്‍തലമുറയില്‍പ്പെട്ട എഴുത്തുകാരും സമകാലികരായ എഴുത്തുകാരും ചുറ്റും ഉണ്ടാവും. അവരില്‍നിന്ന് ഒഴുകി വരുന്ന വെളിച്ചത്തിന്റെ നുറുങ്ങുകളാണ് അയാളെ വഴികാട്ടുന്നത്. കലാനിര്മാണപ്രക്രിയയെ വിവരിക്കാന്‍ പ്രയാസമില്ല. എഴുത്തുകാരുടെ തത്വശാസ്ത്രത്തെ വ്യാഖ്യാനിക്കാനും പ്രയാസമില്ല. എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പമല്ല. പണത്തിനുവേണ്ടി എഴുതുന്നു. പ്രശസ്തിക്കുവേണ്ടി എഴുതുന്നു-എന്നൊക്കെ പറയാറുണ്ടെങ്കിലും അതൊക്കെ പൂര്‍ണമായും സത്യമായിക്കൊള്ളണമെന്നില്ല. എഴുതുമ്പോള്‍ എന്റെ മുന്നില്‍ പത്രക്കാരില്ല. പ്രസാധകരില്ല. വായനക്കാരനുമില്ല. ഇതെല്ലാം ഞാന്‍ എഴുതുന്ന കഥയുടെ ഭൗതികജീവിതത്തിന്റെ ബാഹ്യഘടകങ്ങളാണ്. എഴുതിത്തീര്‍ന്ന ശേഷമേ അതെല്ലാം വരുന്നുള്ളു. കഥയുടെ ആത്മീയജീവിതം എന്നില്‍ത്തന്നെയാണ്. എന്റെ ഹൃദയത്തിലാണ് അതു മുളയ്ക്കുന്നതും കിളിര്‍ത്തു പടരുന്നതും. പൂത്തുകയറുന്നതും എന്റെ ഹൃദയ ത്തില്‍ത്തന്നെ. ആ നിമിഷങ്ങളില്‍ എഴുത്തുകാരനായ അയാള്‍ അദൃശ്യനാകുന്നു. ജീവിതത്തില്‍ ഒരിക്കലും അനു ഭവിക്കാത്ത സ്വാതന്ത്യം അയാള്‍ അനുഭവിക്കുന്നു. എംടി പറയുന്നു: ‘അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭനിമിഷങ്ങള്‍ക്കുവേണ്ടി, സ്വാതന്ത്യത്തിനുവേണ്ടി, ഞാന്‍ എഴുതുന്നു.’
കഥാകൃത്തുക്കള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. കഥ പ്രസംഗിക്കരുത്. കഥാപാത്രങ്ങളുടെ ദുഃഖങ്ങളും പ്രേ മോന്മാദങ്ങളും വായനക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഥാകാരനു ചുമതലയുണ്ട്. സന്ദര്‍ഭത്തിനനുസരിച്ച് കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളില്നിന്നുകൊണ്ട് അവര്‍ സ്വാഭാവികതയോടെ പെരുമാറണം. കഥ ഇല്ലാതെയും കഥയുണ്ടാവാം. ഒരു വികാരം ഒരു ഭാവം ഒരു ചലനം-ഉള്ളില്‍ ഉടക്കുന്ന ഒരു ചിത്രം-ഇതൊക്കെയാവാം ഒരു കഥയുടെ പൊരുളായി മാറുന്നത്. കഥാകാരന്റെ ഹൃദയത്തില്‍നിന്ന് ഉദ്ഭവിച്ച് വായനക്കാരന്റെ ഹൃദയത്തിലേക്കൊഴുകി വ്യാപിക്കണം. മഹാനായ കലാകാരന് ദാര്ശനികന് കൂടിയാണ്. ജീവിതദര്‍ശനമുള്ള എഴുത്തുകാരനു മാത്രമേ സാഹിത്യത്തില്‍ വ്യക്തിത്വം നേടാനാവുകയുള്ളു. അതേ, കഥയെ പ്രചാരണത്തിനു ആയുധമാക്കാവുന്നതാണ്. പ്രചരണാശയവും ഗുണപാഠവും ഹൃദയത്തില്‍ തട്ടുന്നുണ്ടെങ്കില്‍ നല്ലത്. ചെറുകഥ ഭാവഗീതിപോലെ അതിമനോഹരമായ ഒരു ജനുസ്സാണ്. അതിനു നല്‍കേണ്ട ശ്രദ്ധയും ആത്മവിസ്മരണവും നോവലിനു സാധ്യമല്ല. സാമ്പത്തിക കാരണത്താല്‍ ചെറുകഥാകൃത്തുക്കള്‍ നോവലിലേക്കു തിരിയുന്നത് അതുകൊണ്ടുകൂടിയാവാം.
ഒരു ചെറുകഥ ജനിക്കുന്നത് എങ്ങനെ? എഴുതിക്കഴിഞ്ഞ കഥയാണ് മനസ്സില്‍ കാണേണ്ടത്. കഥാപാത്രങ്ങള്‍, സംഭാഷ ണങ്ങള്‍, ചുറ്റുപാടുകള്‍ എല്ലാം മുന്നില്‍ കാണണം. രൂപത്തെക്കുറിച്ചും ഭാവാത്മകമായ ഏകാഗ്രതയെക്കുറിച്ചും ആലോ ചിക്കുന്ന ഘട്ടത്തിലാണ്, അഴിച്ചുകൂട്ടിയും താരതമ്യപ്പെടുത്തിയും തീരുമാനിച്ചുകഴിയുമ്പോഴാണ്, കഥയുടെ സമഗ്രരൂപം മനസ്സില്‍ തെളിഞ്ഞുവരുന്നത്. തുടക്കവും തലക്കെട്ടും അവസാനിപ്പിക്കലും രൂപപ്പെട്ടാല്‍ കടലാസിലേക്കു പകര് ത്താവുന്നതാണ്. കഥ പ്രകാശാത്മകമായ ബിന്ദുപോലെ എവിടെനിന്നോ വന്നുചേരുന്നതാണ്. അത് കഥാകൃത്തിന്റെ ഇച്ഛയ്ക്കൊത്ത് പ്രവര്‍ത്തിക്കുന്നതേയില്ല. എംടി പറയുന്നു: ‘നല്ലതും ചീത്തയുമൊക്കെയായി നൂറോളം കഥകള്‍ ഞാനെ ഴുതിയിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ, ഒരു കഥ എഴുതിക്കഴിഞ്ഞു മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളു. അതാണ് ‘നിന്റെ ഓര്‍മയ്ക്ക്’. അത് രൂപപ്പെട്ടുവന്ന പഥങ്ങള്‍ വ്യക്തമായി വിവരിക്കാന്‍ എനിക്കു കഴിയുകയില്ല. ആ കഥ എഴുതിക്കഴിയു ന്നതുവരെ അനുഭവിച്ച വേദന ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്.’ അച്ഛന്റെ കൂടെ സിംഗപ്പൂരില്‍നിന്നു വന്ന പെണ്‍കുട്ടി അച്ഛന്റെ ആരാണ്? അവള് തനിക്ക് ആരാണ്?
എങ്ങനെ എഴുതണം എന്ന് ആര്‍ക്കും ആരെയും പഠിപ്പിക്കാനാവില്ല. എങ്ങനെ എഴുതരുതെന്ന് എഴുതിക്കിട്ടിയ രചനകള്‍ എടുത്തുകാട്ടി പഠിപ്പിക്കാന്‍ സാധിച്ചേക്കും. എഴുതിക്കഴിഞ്ഞ കഥയെ മാത്രമേ വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാനും സാധിക്കുകയുള്ളു. എഴുതുന്നയാള്‍ അത് ഒരു ഗൗരവപ്പെട്ട സാഹിത്യപ്രവര്‍ത്തനമാണ് എന്നു മനസ്സിലാക്കണം. കഥ ഫലപ്രദമാകണം. കഥാകാരന് വായനക്കാരനോട് എന്തെങ്കിലും പറയാനുണ്ടാവണം. പുതുതായി എന്തെങ്കിലും നല്‍കാനുണ്ടാവണം. കഥ എന്തിനെപ്പറ്റിയുമാവാം. എത് ടെക്നിക്കും ശൈലിയും ഉപയോഗിക്കാം, പക്ഷേ, കഥ ഫലിക്കണം.
കഥയുടെ രൂപഭാവങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് അത് സജീവമായി നില് ക്കുന്നത്. കഥാകാരന് വര്‍ത്തിക്കുന്ന സമൂഹത്തില്‍ അയാളുടെ ആന്തരതലങ്ങളെ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കഥയുടെ രൂപഭാവസങ്കല്പങ്ങളിലും മാറ്റങ്ങള്‍ വരുത്തുന്നു. ഒരു നോവലില്‍ ചില അധ്യായങ്ങള്‍ ദുര്ബലപ്പെട്ടുപോകാം. എഴുത്തുകാരന് ഫിലോസഫിക്കുവേണ്ടി എഴുതിച്ചേര്‍ക്കുന്ന അധ്യായങ്ങള്‍ ആവശ്യമില്ലാത്തതാണെന്നു തോന്നാം. അതൊന്നും നോവലിന്റെ സമഗ്രതയ്ക്ക് കോട്ടം വരുത്തുന്നില്ല. എന്നാല്‍ ചെറുകഥയില്‍ ഒരു വാക്കോ വാക്യമോ സന്ദര്‍ഭത്തിനു ചേരാത്തതാണെങ്കില് കഥതന്നെ അപകടത്തിലാവും. കഥ എഴുത്തുകാരന്റെ ആത്മാവിനുള്ളിലെ വിലാപം വായനക്കാരന്റെ ഹൃദയത്തിലേക്ക് എത്തിച്ചുകൊടുക്കുക എന്നതാണ് ചെറുകഥാകൃത്തിന്റെ വെല്ലുവിളി. ഭാഷ കഥയുടെ ചൈതന്യമാണ്. ആഭരണവുമാണ്. വാക്കുകളെക്കാള്‍ വാക്കുകള്‍ക്കിടയിലെ സ്പേസുകള്‍ സംസാരിക്കാന്‍ കഴിവുള്ളവ യാണ്. അതുതന്നെയാണ് ശൈലിയുടെ വൈദഗ്ധ്യം.
ജയിംസ് മിച്ചനര്‍ എന്ന എഴുത്തുകാരന് പുതിയ എഴുത്തുകാര്‍ക്ക് നല്കുന്ന ബാലപാഠങ്ങള്‍ എംടി വിശദീകരിക്കു ന്നുണ്ട്. എഴുത്ത് വിഷമംപിടിച്ച പണിയാണ്. എഴുതിത്തുടങ്ങുന്നവര്‍ വാക്കുകളുടെ കാര്യത്തില്‍ പ്രത്യേകം വൈദഗ്ധ്യം നേടണം. ഏതു ഭാഷയ്ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. മുന്തലമുറകളുടെ മികച്ച കൃതികളുമായി പരിചയപ്പെടുകയും അവയിലെ ഓരോ ജീവിതസന്ദര്‍ഭവും എങ്ങനെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കി സ്വന്തം രചനാ സന്ദര്‍ഭങ്ങളില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണം.
പുതിയ കഥാകൃത്തുക്കള്ക്കുവേണ്ടി ഡോ.എം.എം. ബഷീര്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അയാള്‍ എംടിയെ കണ്ടപ്പോള്‍ പുസ്തകത്തിന്റെ കാര്യം സൂചിപ്പിച്ചു. അദ്ദേഹം പുസ്തകത്തിന്റെ പേര് ഒന്നുകൂടി ചോദിച്ചു. ‘ചെറുകഥ എഴുതാം’.
അദ്ദേഹം പറഞ്ഞു: ‘നാട്ടിലുള്ള എല്ലാപേരെക്കൊണ്ടും കഥ എഴുതിക്കാന്‍ ശ്രമിക്കേണ്ട. ചെറുകഥ എഴുതുമ്പോള്‍ നമുക്കു ചില സഹായങ്ങളൊക്കെ ചെയ്യാന്‍ സാധിക്കും. അല്ലാതെ ആരെക്കൊണ്ടും ചെറുകഥ എഴുതിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.’ പുസ്തകത്തിന്റെ പ്രസാധകനോടു വിളിച്ചുപറഞ്ഞു: ‘പുസ്തകത്തിന്റെ പേര് ‘ചെറുകഥ എഴുതുമ്പോള്‍’ എന്നാക്കാന്‍.
നിരൂപകര്‍ക്കും സര്‍ഗാത്മക സാഹിത്യകാരന്മാര്ക്കും ചെറുകഥ എഴുതുന്നവരെയും പുതിയ കഥാകൃത്തുക്കളെയും പലതരത്തില്‍ സഹായിക്കാന്‍ കഴിഞ്ഞേക്കും. ആരെയും ചെറുകഥയെഴുത്ത് പഠിപ്പിക്കുക സാധ്യമല്ല.
എംടി സ്വാനുഭവങ്ങളിലൂടെയും വിശ്വസാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരുടെയും സാക്ഷ്യത്തോടെ, കടന്നുവരുന്ന പുതിയ തലമുറകളിലെ എഴുത്തുകാരെ സഹായിക്കാന്‍ വേണ്ടിയാണ് ‘കാഥികന്റെ പണിപ്പുര’യും ‘കാഥികന്റെ കല’യും എഴുതിയത്. എംടിയുടെ വായനയുടെ വിസ്തൃതമായ ലോകങ്ങള്‍ ഇവിടെ മലര്‍ക്കെ തുറന്നുവരുന്നു.
എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് ഐസക് ബാള്‍ ഷെവിക് സിംഗറെ ഉദ്ധരിച്ചുകൊണ്ട് എംടി പറയുന്ന ഒരു മറുപടിയുണ്ട്. സിംഗറോട് കോളജ് വിദ്യാര്‍ഥികള്‍ ചോദിച്ചു:
‘നിങ്ങള്‍ എന്തിന് എഴുതുന്നു?’
അദ്ദേഹം പറഞ്ഞു:
‘To entertain you and to teach you’
എംടി മാതൃഭൂമിയില്‍ സബ് എഡിറ്ററായി ചേര്‍ന്നതു മുതല്‍ പിരിയുന്നതുവരെയുള്ള കാലത്ത് ജീവിതത്തില്‍ സംഭവിച്ച അനേകം നാടകമുഹൂര്ത്തങ്ങള് അദ്ദേഹത്തിന്റെ കഥേതരകൃതികളില് അവിടവിടെ അനുസ്മരിക്കുന്നുണ്ട്. മാതൃഭൂമിയില്‍ ഇന്റര്‍വ്യൂവിനു വരുന്നതിനു മുന്‍പുതന്നെ മാതൃഭൂമി ചെറുകഥാമത്സരത്തില്‍ എംടിക്ക് ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം കിട്ടിയിരുന്നു. മാതൃഭൂമി 1956ല്‍ പത്രപ്രവര്‍ത്തക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. മുഖാമുഖം കഴിഞ്ഞ് പോകാന്‍ നേരത്ത് കെ.പി.കേശവമേനോന് പറഞ്ഞു: ‘ഉദ്യോഗക്കാര്യം ഉറപ്പു പറയുന്നില്ല. പക്ഷേ, നിയമനം കിട്ടിയാല്‍ ഇങ്ങനെയൊന്നും പോരാ, വൃത്തിയായി വസ്ത്രധാരണം ചെയ്തു വരണം. ഇപ്പോഴത്തെ ചെറുപ്പക്കാര്‍…’ വെളുപ്പാന്‍ കാലത്ത് തീവണ്ടിയില്‍ പാലക്കാട്ടുനിന്നെത്തിയ എംടിയുടെ വേഷം അരോ ചകമായിത്തോന്നിയതില് അതിശയമില്ല എന്ന് എംടിക്കു തന്നെ തോന്നി.
എം.ടി.വാസുദേവന്‍ നായര്‍ മാത്യഭൂമിയില്‍ ചേര്‍ന്ന ആദ്യത്തെ വര്‍ഷം ട്രെയിനിയായിരുന്നു. അതുകഴിഞ്ഞപ്പോള്‍ സ്ഥിരമായി. എഡിറ്ററായി എന്‍.വി. കൃഷ്ണവാരിയരും സബ് എഡിറ്ററായി എം.ടി. വാസുദേവന്‍ നായരും കഠിനമായി ജോലി ചെയ്യേണ്ടിവന്നു. മാറ്ററുകള്‍ വായിച്ചുനോക്കി തെരഞ്ഞെടുക്കുന്നവ എഡിറ്റുചെയ്യുക, റിവ്യുവിനു അയച്ചുകിട്ടുന്ന പുസ്തകങ്ങള്‍ കുറിപ്പെടുത്ത് ‘കൈപ്പറ്റി’ കോളത്തില്‍ ചേര്‍ക്കുക, നിരൂപണത്തിന് അയക്കേണ്ടവ പത്രാധിപര്‍ പറയുന്ന മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കുക. ഇതൊക്കെ എംടി സന്തോഷത്തോടെയാണ് ചെയ്തത്. പത്രാധിപരുമായി നല്ല ധാരണയിലായിരുന്ന എംടിക്ക് അദ്ദേഹത്തില്‍നിന്നു പലതും പഠിക്കാന്‍ കഴിഞ്ഞു. അദ്ദേഹവുമായി ഒരിക്കലും മുഷിയേണ്ടി വന്നിട്ടില്ല എന്ന് എംടി പറയുന്നു. അതിനുകാരണം തന്റെ സവിശേഷതയല്ല, എന്‍വിയുടെ പക്വതയായിരുന്നു എന്നും അദ്ദേഹം ഓര്‍ക്കുന്നു. 1968ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടറായി എന്‍വി പോയപ്പോള്‍ എംടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. ഒരു പത്രാധിപര്‍ എന്തായിരി ക്കണം എന്നു എംടി പറയുന്നു: ‘ഒരു പത്രപ്രവര്ത്തകന് മുന്‍ വിധിയോടെ ഏതെങ്കിലും എഴുത്തുകാരനെയോ അയാളുടെ രചനകളെയോ സമീപിച്ചുകൂടാ. നാടറിയുന്ന എഴുത്തുകാരനല്ലേ, അദ്ദേഹത്തിന്റെ സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയതല്ലേ എന്നു കരുതി സ്ക്രിപ്റ്റ് ശ്രദ്ധിക്കാതിരിക്കുന്നത് നന്നല്ല. അബദ്ധം ആര്‍ക്കും പിണയും. ശ്രദ്ധാപൂര്‍വമുള്ള വായനയിലൂടെ അതു കണ്ടെത്തി തിരുത്തിയെഴുതുന്നിടത്താണ് ഒരു പത്രപ്രവര്ത്തകന് വിജയിക്കുന്നത്. ഏതു വലിയ എഴുത്തുകാരന്റെ കൃതിയായാലും അക്ഷരത്തെറ്റും വാചകത്തെറ്റും ഉണ്ടായെന്നു വരാം. അത് തിരുത്തേണ്ടത് പത്രാധിപരുടെ ഉത്തരവാദിത്വമാണ്. ലേഖനങ്ങളും മറ്റും നോക്കുമ്പോള്‍ നമുക്കു മനസ്സിലാകാത്ത ഭാഗങ്ങള്‍ ഒരിക്കലും അച്ചടിക്കാന്‍ ഇടവരരുത്. അവ ഉപേക്ഷിക്കുകയോ വെട്ടിത്തിരുത്തി മാറ്റിയെഴുതുകയോ വേണം. നമുക്കുതന്നെ മനസ്സിലാവാത്ത കാര്യങ്ങള്‍ വായനക്കാര്‍ ഗ്രഹിക്കുമെന്നു കരുതുന്നത് ശരിയല്ല. അതുപോലെ, പാരായണത്തില്‍ ഏതെങ്കിലും വാക്കിലോ ശൈലിയിലോ സംശയം ജനിച്ചാല്‍ നിഘണ്ടു നോക്കിയോ മറ്റോ അതു പരിഹരിക്കണം. പൊതുവേ, എഴുത്തുകാര്‍ സ്വന്തം രചനകള്‍ മറ്റാരെങ്കിലും തിരുത്തുന്നത് ഇഷ്ടപ്പെടുന്നവരല്ല. നമ്മുടെ ഇന്നത്തെ പല പത്രാധിപന്മാരും കവിതയോ മറ്റു മാറ്ററുകളോ വായിച്ചാല്‍ മനസ്സിലാകുന്നവരോ തിരുത്താന്‍ വിവരമുള്ളവരോ അല്ല.
എംടിയും കേശവമേനോനും തമ്മിലുള്ള ബന്ധം ഏതോ മുന്ജന്മ സൗഹൃദംപോലെയായിരുന്നു. ആഴ്ചപ്പതിപ്പില്‍ ജോലിയില്‍ കയറി അധികം താമസിയാതെ കോട്ടയത്ത് റബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന മാസികയിലേക്ക് ഒരു എഡിറ്ററെ ആവശ്യപ്പെട്ടുകൊണ്ട് പരസ്യം കണ്ടു. മാതൃഭൂമിയില്‍ കിട്ടുന്നതിനെക്കാള്‍ ഇരട്ടി ശമ്പളം കിട്ടും. മറ്റു പല സൗകര്യങ്ങളും ഉണ്ട്. എംടി അപേക്ഷിച്ചു. ഇന്റര്‍വ്യൂവിന് കാര്‍ഡ് കിട്ടി. പത്രാധിപരോടു പറയണം എന്നു തോന്നി. എല്ലാം കേട്ടിട്ട് കേശവമേനോന് പറഞ്ഞു: ‘മാതൃഭൂമി വളര്‍ന്നുവരുന്ന ഒരു സ്ഥാപനമാണ്. ഇപ്പോള്‍ കുറച്ച് കഷ്ടപ്പാടുകളൊക്കെയുണ്ട്. പക്ഷേ, ഇതൊക്കെ മാറും. ഇവിടെ നില്ക്കാന് ഞാന്‍ നിര്‍ബന്ധിക്കുന്നില്ല. താങ്കളുടെ ഇഷ്ടംപോ ലെ ചെയ്യാം.’ എംടി ഇന്റര്‍വ്യൂവിനു പോയില്ല. കണ്ടപ്പോള്‍ കേശവമേനോന് ചോദിച്ചു: ‘എന്താ കോട്ടയത്ത് ഇന്റര്‍വ്യൂവിനു പോയില്ലേ?’ ‘പോയില്ലാ’ എന്നു പറഞ്ഞു. കേശവമേനോന് പറഞ്ഞു: ‘ആ ഇന്റര്‍വ്യൂ നടത്താന്‍ അതിന്റെ ഭാരവാഹികള്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അവിടെ താങ്കളെ കണ്ടില്ല.’
കേശവമേനോനെപ്പോലെ എംടി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത ഒരാളായിരുന്നു വി.എം.നായര്‍. 1964ല്‍ പി.കെ.വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ ഹെല്സിങ്കിയില്വച്ചു നടക്കുന്ന ലോകയുവജനോത്സവത്തില്‍ പങ്കെ ടുക്കാന്‍ പോകുന്ന സംഘത്തില്‍ എംടിയും ഉള്‍പ്പെട്ടു. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഒരു നിബന്ധനയുണ്ടായിരുന്നു. പാസ്പോര്ട്ടുകാരന് വിദേശത്ത് മരണപ്പെട്ടാല്‍ ബോഡി നാട്ടിലെത്തിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഗാരന്റി ഒപ്പിടുന്നയാള്‍ വഹിക്കണം. പൂരിപ്പിച്ച ഫോറം എന്‍.വി. കൃഷ്ണവാരിയരുടെ മുന്നില്‍വച്ച് കാര്യം വ്യക്തമാക്കി. എന്‍വി പറഞ്ഞു: ‘ഇതൊക്കെ കുറേ വിഷമമുള്ള കാര്യമാണ് എംടി.’ അപേക്ഷ അയക്കേണ്ട സമയം വൈകി. ഇന്നെങ്കിലും അയച്ചില്ലെങ്കില്‍ യാത്ര ഒഴിവാക്കേണ്ടി വരും. അപ്പോള്‍ തോന്നി – വി.എം.നായരോട് കാര്യം പറയാം. സന്ദര്‍ശകരില്ലാത്ത സമയംനോക്കി അദ്ദേഹത്തിന്റെ മുന്നിലെത്തി, കാര്യം പറഞ്ഞു. അപേക്ഷ മുന്നില്‍ വച്ചു. ‘എവിടെയാ സൈന്‍ ചെയ്യേണ്ടത്?’ ബാധ്യതയെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മരിച്ചാലല്ലേ, അപ്പോള്‍ നോക്കാം.’
എംടി മാതൃഭൂമിയില്‍ വന്ന് കോഴിക്കോട്ട് താമസമായതിനുശേഷമാണ് അക്കിത്തം റേഡിയോ സ്റ്റേഷനില്‍ ജോ ലിയായി എത്തിയത്. അദ്ദേഹം കുറേക്കാലം എംടിയോടൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ അറിയുന്ന ആളാണ്. ഇടയ്ക്കിടെ അദ്ദേഹത്തെ കാണാന്‍ പോവുകയും ഗുരുതുല്യനായി കരുതുകയും ചെയ്ത ആളാണ്. കവിയായ അക്കിത്തത്തിന്റെ കാവ്യരചനയുടെ സര്ഗാത്മകനിമിഷങ്ങള് നേരിട്ടു കാണാനും അനുഭവിക്കാനും സാധിച്ചത് ജീവിതത്തിലെ ധന്യതയായിട്ടാണ് എംടി കാണുന്നത്. അദ്ദേഹം എഴുതുന്നു: ‘ഉറങ്ങുകയല്ല, ചിലപ്പോള്‍ എഴുതുന്നു. എഴുതിയ കവിതകള്‍ നോക്കിക്കൊണ്ട് പിന്നെയും കിടക്കുന്നു. ഉറങ്ങുന്ന എന്നെ ഉണര്ത്തരുത് എന്നു കരുതിയാവാം പതുക്കെ കടന്നുവന്ന് പിന്നിലെ ജനാലയിലൂടെ മുറുക്കിത്തുപ്പുന്നു. തിരിച്ചുപോയി വീണ്ടും പായില്‍ കമിഴ്ന്നു കിടക്കുന്നതു കാണാം. രണ്ടു മുറിക്കിടയില് വാതിലില്ല. പുറത്തെ മുറിയിലെ വെളിച്ചം എനിക്ക് ഉറക്കത്തിനു തടസ്സമാവുന്നുണ്ടോ എന്നായിരുന്നു അക്കിത്തത്തിന്റെ സംശയം. ഇല്ല. ഉറക്കത്തില്‍ ഞാനുണ്ടാക്കുന്ന ശബ്ദങ്ങള്‍ അദ്ദേഹത്തെ ശല്യപ്പെടുത്തുന്നുണ്ടോ എന്നായിരുന്നു എന്റെ ഉത്കണ്ഠ. ജോലിയില്ലാത്ത ദിവസങ്ങളില്‍ പകല്‍സമയത്തും എഴുതുന്നതു കാണാം. അക്കിത്തത്തിന്റെ ചില പ്രശസ്ത കവിതകള്‍ അവിടെവച്ചാണ് എഴുതിയത്. എഴുതിക്കഴിഞ്ഞാല്‍ എനിക്കു വായിക്കാന്‍ തരും. കവിത ഫെയര്‍ എഴുതി എന്‍.വി. കൃഷ്ണവാരിയര്‍ക്കു കൊടുക്കാന്‍ എന്നെയാണ് ഏല്‍പ്പിക്കുക. വായിച്ചുനോക്കി കൊടുത്താല്‍ മതി എന്നു പറഞ്ഞാണ് കയ്യില്ത്തരിക.’
എസ്.കെ.പൊറ്റെക്കാട്ടുമായുണ്ടായ സൗഹ്യദവും വലിയ ധന്യതയായിട്ടാണ് എംടി കണ്ടത്. എസ്കെയുടെ കഥകളോടുള്ള ആരാധന മൂത്ത് പതിനാലാം വയസ്സില്‍ ഒരു നീണ്ട ലേഖനം എഴുതിയതിനെക്കുറിച്ച് എംടി ഓര്‍ക്കുന്നു. ജ്യേഷ്ഠന്റെ സുഹൃത്തായിരുന്നു തിക്കോടിയന്. നേരത്തേതന്നെ കണ്ടു പരിചയപ്പെട്ടിരുന്നു. കോഴിക്കോട്ടെത്തിയശേഷം സൗഹൃദം സ്ഥിരബന്ധമായി വളര്‍ന്നു. അദ്ദേഹത്തോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം എംടിക്കുണ്ടായിരുന്നു. പോര്ട്ടുഗീ സുകാരുടെ വാഴ്ചയെപ്പറ്റിയും കുഞ്ഞാലിമരയ്ക്കാരുടെ കാലത്തെക്കുറിച്ചും ഒരു ചരിത്രനോവല്‍ തിക്കോടിയനെക്കൊണ്ട് എഴുതിക്കണം എന്നു എംടിക്ക് തോന്നി. എംടി പറഞ്ഞു: ‘നമുക്കു പുതിയകാലത്ത് ചരിത്രനോവലുകള്‍ ഉണ്ടായിട്ടില്ല. തനിക്കെഴുതാമല്ലോ’. എംടി പരസ്യം കൊടുത്തു: എഴുതിത്തുടങ്ങും മുന്‍പ് പരസ്യം കൊടുത്തതിനു തിക്കോടിയന് ചീത്ത പറഞ്ഞു. എംടി പറഞ്ഞു: ‘രണ്ടാഴ്ചകൂടി പരസ്യം വരും.’ അങ്ങനെയാണ് തിക്കോടിയന്റെ ‘ചുവന്നകടല്‍’ എന്ന ചരിത്രനോവല്‍ ഉണ്ടായത്.
രാജലക്ഷ്മിയുടെ ‘ഒരു വഴിയും കുറേ നിഴലുകളും’ ‘ഞാനെന്ന ഭാവം’ തുടങ്ങിയ നോവലുകള്‍ മലയാളത്തിന്റെ സ്ഥിരം ഭാവുകത്വത്തില്നിന്നു വ്യത്യസ്തമായിരുന്നു. എംടി മാതൃഭൂമിയില്‍ വന്നശേഷം അവരുടെ രചനകള്‍ എംടി തന്നെയാണ് ആദ്യം വായിച്ചത്. രാജലക്ഷ്മിയുടെ മരണത്തെക്കുറിച്ച് എംടി എഴുതിയ ‘ഏകാന്തപഥിക’ എന്ന ലേഖനത്തില്‍ പറയുന്നു: ‘ഈ കഥാകാരിക്ക് സാഹിത്യസൃഷ്ടി തന്നെയായിരുന്നു ജീവിതം. ജീവിതത്തോട് പകവീട്ടാന്‍ വേണ്ടി സാഹിത്യം രചിക്കുകയായിരുന്നില്ല എന്നര്‍ഥം. എന്തായിരുന്നു ഈ കാഥികയുടെ ദുഃഖം? ജീവിതം അവരെ വഞ്ചിച്ചിട്ടില്ല. എങ്കിലും ദുഃഖത്തിന്റെ സംഗീതം അന്തര്‍ധാരയായി അവരുടെ കൃതികളില്‍ ഒഴുകുന്നു’. മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടു ത്തിക്കൊണ്ടിരുന്ന ‘ഉച്ചവെയിലും ഇളംനിലാവും’ നിര്‍ബന്ധിച്ച് രാജലക്ഷ്മി നിറുത്തിച്ചു. അധികം കഴിയുംമുന്പ് അവര്‍ ‘ഞാനെന്ന ഭാവം’ എന്ന നോവല്‍ അയച്ചുകൊടുക്കുകയും മാത്യഭൂമി പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് രാജലക്ഷ്മിയുടെ ആത്മഹത്യ. ഈ സംഭവങ്ങള്‍ മലയാളസാഹിത്യത്തിലെ എക്കാലത്തെയും ചര്‍ച്ചാ വിഷയമായി. ചുറ്റുമുള്ള കുറെ ബന്ധുക്കളും സുഹൃത്തുക്കളും
ഒരു എഴുത്തുകാരിയോട് കാട്ടിയ മനുഷ്യത്വരാഹിത്യത്തിന്റെ ഫലമായിരുന്നു ആ സംഭവങ്ങള്‍. നോവലിലെ കഥയും കഥാ പാത്രങ്ങളും അവരെക്കുറിച്ചുള്ളതാണ് എന്നും, തങ്ങളെ സമൂഹത്തിന്റെ മുന്നില്‍ വികലമാക്കിക്കാണിക്കുന്നു എന്നുമുള്ള പരാതികളും ഭര്‍ത്സനങ്ങളും രാജലക്ഷ്മിക്ക് താങ്ങാനായില്ല. രാജലക്ഷ്മിയെക്കുറിച്ച് ഒരു പ്രത്യേക ലക്കം തന്നെ മാതൃഭൂമി (7.3.1965) പ്രസിദ്ധപ്പെടുത്തി. ആ ലേഖനങ്ങള്‍ സമാഹരിച്ച് -‘രാജലക്ഷ്മി എന്ന എഴുത്തുകാരി’-പുസ്തകമായി പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പ് രേഖാചിത്രകലയ്ക്കും ചിത്രകലയ്ക്കും നല്കിയ സംഭാവന വിലപ്പെട്ടതാണ്. എം.ആര്. നായരുടെ ‘സഞ്ജയന്’, ‘വിശ്വരൂപം’ എന്നീ മാസികകളില്‍ വരച്ചുകൊണ്ടിരുന്ന ഭാസ്കരന്റെ രേഖാചിത്രങ്ങളും കാര്ട്ടൂ ണുകളും മുഖചിത്രങ്ങളും മാതൃഭൂമിയുടെ സ്വഭാവം നിര്‍ണയിക്കുന്നതായിരുന്നു. ഭാസ്കരന് എസ്കെ.പൊറ്റെക്കാട്ടിന്റെ സുഹൃത്തായിരുന്നു. കവര്‍ചിത്രങ്ങള്‍ വരപ്പിക്കാനും മറ്റു എസ്കെ ഭാസ്ക്കരന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവര്‍ ഒന്നിച്ച് ബീച്ചില്‍ പോയതിനെക്കുറിച്ചും അവിടെവച്ച് ഭാസ്കരന് ഒരു ചിത്രം വരച്ചതിനെക്കുറിച്ചും എസ്കെ എഴു തിയിട്ടുണ്ട്. കുഷ്ഠരോഗിയായ ഭാസ്കരന്റെ ജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ചെറുപ്പത്തില്‍ത്തന്നെ മരണപ്പെട്ട വലിയ കലാകാരനായ അദ്ദേഹത്തിന്റെ സംഭാവന ആദ്യകാല മാതൃഭൂമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ വ്യക്തമാക്കിയിരുന്നു. എം.വി.ദേവന്, എ.എസ്. നമ്പൂതിരി, മദനന്. ജെ.ആര്.പ്രസാദ്-തുടങ്ങിയ ചിത്രകാരന്മാര് രേഖാചിത്രങ്ങ ളിലൂടെയും ചിത്രങ്ങളിലൂടെയും മാത്യഭൂമിയെ വായനയുടെ മാത്രമല്ല, കാഴ്ചയുടെയും വിശാലമായ ലോകത്തേക്കു ന യിച്ചു. ചിത്രകലയെക്കുറിച്ചുള്ള ലേഖനങ്ങള്‍, ലോകചിത്ര കലയിലെ മഹാരഥന്മാരെക്കുറിച്ചുള്ള പഠനങ്ങള്‍, ചിത്രകലയുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ എംടി പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു.
അന്‍പതുകളുടെ അവസാനവും അറുപതുകളും ആധുനികതയുടെ വരവിന്റെ കാലമായിരുന്നു. പൊതുവേ ലോകസാഹിത്യത്തില്‍ ചിത്രകലയിലൂടെയും നാടകത്തിലൂടെയും കവിതയിലൂടെയുമാണ് ആധുനികത കടന്നു വന്നതെങ്കില്‍, മലയാളത്തില്‍ കഥാസാഹിത്യത്തിലൂടെയാണ് ആധുനികതയെത്തിയത്. എംടി മലയാളത്തിലെ ആധുനികതയുടെ സാന്നിധ്യത്തിനും പ്രചാരണത്തിനും പത്രാധിപര്‍ എന്ന നിലയിലും എഴുത്തുകാരന് എന്ന നിലയിലും അനുഷ്ഠിച്ച സേവനം വിലപ്പെട്ടതായിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ വിചിത്രമായ രചനാരീതികളും ശൈലികളും മനസ്സിലാക്കാനും എംടിക്കു സാധിച്ചു. അദ്ദേഹം ഭാരതത്തിലെ വിവിധ ഭാഷാസാഹിത്യ ങ്ങളുമായും വിശ്വസാഹിത്യവുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. പുതിയ പ്രവണതകളുമായും പ്രസ്ഥാനങ്ങളു മായും മലയാളത്തിലെ എഴുത്തുകാരെ ചേര്‍ത്തു നിറുത്താന്‍ എംടി ആഗ്രഹിച്ചു. മാതൃഭൂമി വിഷുപ്പതിപ്പ്, റിപ്പബ്ലിക് പതിപ്പ്-ഇവ മലയാളസാഹിത്യത്തെ വിപുലപ്പെടുത്തിയ മാതൃഭൂമിപ്പതിപ്പുകളായിരുന്നു. വിഷുപ്പതിപ്പ് അനേകം ചെറു പ്പക്കാരെ സാഹിത്യത്തിലേക്കു കൊണ്ടുവരാന്‍ സഹായിച്ചു. റിപ്പബ്ലിക് പതിപ്പിലൂടെ ഭാരതീയ കഥാസാഹിത്യത്തിന്റെ പരിച്ഛേദം അവതരിപ്പിക്കാന്‍ കഴിഞ്ഞു. മലയാളത്തില്‍ ആദ്യമായി ഒരു നോവല്‍ മത്സരം നടത്തി ഏറ്റവും മികച്ച നോവലായി സി.രാധാകൃഷ്ണന്റെ ‘നിഴലുകള്‍’ കണ്ടെത്താനും ഒരു പുതിയ കഥാകാരനെ അവതരിപ്പിക്കാനും അവസരമുണ്ടാക്കി. വിവിധഭാഷകളിലുള്ള കഥകളും നോവലുകളും പരിഭാഷകളിലൂടെ അവതരിപ്പിക്കുകയും അതിലൂടെ ഇന്ത്യന്‍ സാഹിത്യത്തിന്റെ മികച്ച മാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്തു. മാതൃഭൂമിയുടെ ബാലപംക്തി, വളരുന്ന സഹിത്യം, സിനിമാനിരൂപണം, അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയലോകവും’, തോമസിന്റെ ‘വീക്ഷണവിശേഷം’ -തുടങ്ങിയ പംക്തികളിലൂടെ മാതൃഭൂമി മലയാളസാഹിത്യത്തിന്റെ വളര്‍ച്ചയുടെ നാളുകളിലെ മികച്ച സാഹിത്യപ്രകാശ നോപാധിയായിത്തീര്ന്നു. പുതിയ സാഹിത്യം വായിക്കുന്നതില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന എഴുത്തുകാരുടെയും ലോകചിത്രകലയിലെ പുതിയ പ്രവണതകള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന ചിത്രകാരന്മാരുടെയും ലോകസിനിമയുമായി ബന്ധപ്പെട്ടിരുന്ന സിനിമാനിരൂപകരുടെയും അറിവുകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ ആഴ്ചപ്പതിപ്പിലൂടെ എംടി അവസരമുണ്ടാക്കി. പുതിയ എഴുത്തുകാരെ കണ്ടെത്തുക എന്ന ശ്രമകരമായ പ്രവൃത്തി അത്ര എളുപ്പമായിരുന്നില്ല. അവര്‍ എഴുതി അയക്കുന്ന രചനകള്‍ ക്ഷമയോടെ വായിച്ച് അതിന്റെ ഭാവരൂപങ്ങളുടെ വിചിത്രലോകങ്ങളിലേക്കു കടക്കാന്‍ തുറന്ന മനസ്സ് വേണമായിരുന്നു. അപ്പോഴെല്ലാം മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്തായി സ്വന്തം രചനകളിലൂടെ എംടി ഒരു ലോകം സൃഷ്ടിക്കുന്നുണ്ടായിരുന്നു.
ആര് എന്ത് എഴുതിയാലും വായനക്കാരനെക്കൊണ്ടു വായിപ്പിക്കണം. വായിപ്പിക്കുക എന്നത് വായനക്കാരന്റെ ചുമതലയല്ല. അത് എഴുത്തുകാരന്റെ ബാധ്യതയാണ്. കഥയായാലും കഥേതരമായാലും വായിപ്പിക്കാതെ വിടുകയില്ല എന്ന നിര്‍ബന്ധബുദ്ധി എംടിയുടെ എല്ലാ രചനകള്ക്കുമുണ്ട്. അതുകൊണ്ടാണ് എംടി വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനായി മാറിയത്. ഏതു പ്രായക്കാരായ വായനക്കാരനെയും പിടിച്ചുനിറുത്താനുള്ള രചനാവൈഭവം അദ്ദേഹത്തെ അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം ഗദ്യകാരന്മാരുടെ കൂടെയല്ല; കവികളോടൊപ്പമാണ്. അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും കാവ്യസംസ്കാരമാണ് ഉള്‍ക്കൊള്ളുന്നത്. അദ്ദേഹത്തിന്റെ മുന്നില്‍ സാധാരണ പദങ്ങള്‍പോലും വൈകാരികതയും ഭാവനാത്മകമായ ശക്തിയും നേടി ചിറകുവച്ച് ചിത്രശലഭങ്ങളായി പറക്കുന്ന അനുഭവം. നമ്മുടെ ആധുനിക ഗദ്യകവികളില്, ‘ഗദ്യമഹാകവി’ എന്നു വിളിക്കാന്‍ അര്‍ഹന്‍ എം.ടി. വാസുദേവന്‍ നായര്‍ മാത്രം.
(മനോരമ ബുക്സ് പ്രസിദ്ധീകരിച്ച രണ്ടു വാല്യങ്ങളിലുള്ള ‘എം ടി: കഥേതരം’ എന്ന കൃതിയുടെ ഒന്നാം വാല്യത്തിന് സമ്പാദകനായ ഡോ എം എം ബഷീര്‍ എഴുതിയ ആമുഖം)

Leave a Reply