(നോവല്‍)
ആര്‍.നന്ദകുമാര്‍
ഡി.സി.ബുക്‌സ് 2022

ആര്‍.നന്ദകുമാര്‍ രചിച്ച ചരിത്ര നോവലാണ് ആത്മാക്കളുടെ ഭവനം. മുന്നൂറുവര്‍ഷം മുമ്പുള്ള വേണാടിന്റെയും 1721 ലെ ആറ്റിങ്ങല്‍ കലാപത്തിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ തിരുവിതാംകൂറായി മാറിയ പഴയകാല വേണാടിന്റെ ഈറ്റില്ലമാണ് ആറ്റിങ്ങല്‍. ഏതാണ്ട് ഒരു സഹസ്രാബ്ദത്തിനുമപ്പുറം നീളുന്ന കാലയളവിന്റെ ചരിത്രം ഈ നാടിനുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടതന്ത്രങ്ങളിലൂടെയുള്ള അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലാദ്യമായി ഒരു ജനകീയസായുധ കലാപം നടന്നതും ഈ നാട്ടിലാണ്. ഇന്ന് എഴുതപ്പെട്ടിട്ടുള്ള ചരിത്രങ്ങളിലെ ഒരു നിഴലിടമാണ് ആറ്റിങ്ങല്‍ കലാപം.
ചരിത്രം രാജാക്കന്മാരുടേതും കൊട്ടാരങ്ങളുടേതും മാത്രമല്ല. ജനങ്ങളുടേതും ജനപദങ്ങളുടേതും കൂടിയാണ്. ആണുങ്ങളുടേതു മാത്രമല്ല, പെണ്ണുങ്ങളുടേതും കൂടിയാണ്. ആ ചരിത്രം കഥാത്മകമായി അനാവരണം ചെയ്യാനുള്ള പരിശ്രമമാണ് ഈ നോവല്‍. കാലത്തിന്റെയും കലാപത്തിന്റെയും വിഷയം ഏതാണ്ട് അഞ്ഞൂറ്റി അമ്പതോളം പേജുകളുള്ള സാമാന്യം ദീര്‍ഘമായ ആഖ്യാനമാക്കി മാറ്റി. സമകാലവും പോയ കാലവും ഇതില്‍ കലരുന്നുണ്ട്. ആകെ ഇരുപതു ഭാഗങ്ങളുണ്ട്. ഓരോ ഭാഗത്തിനും നിരവധി അദ്ധ്യായങ്ങളും.