ആത്രേയകം
(നോവല്)
ആര്. രാജശ്രീ
മാതൃഭൂമി ബുക്സ് 2024
2026 ഒക്ടോബര് നാലിന് അമ്പതാമത് വയലാര് അവാര്ഡ് പ്രഖ്യാപിക്കുമ്പോള് 47 പതിപ്പുകളായ നോവലാണ് ആര് രാജശ്രീയുടെ ‘ആത്രേയകം’.
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്ര നാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാര ശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങള് ഉച്ചരിക്കുമ്പോള് എപ്പോഴും പിഴച്ചുപോകുന്ന, ജയഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയ ആ അത്യപൂര്വ കഥാപാത്രത്തെ മുന്നിര്ത്തി, ധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില് പകുത്തെടുക്കപ്പെടുന്ന, ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചനയാണിത്. കൊന്നും വെന്നും കീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്ന ഉള്ക്കാഴ്ചയിലൂടെ ജയം എന്ന വാക്കിന്റെ അര്ത്ഥത്തെ അട്ടിമറിക്കുന്ന ഈ കൃതി രാജ്യങ്ങള് തമ്മിലും മനുഷ്യര്ക്കിടയിലുമുള്ള സങ്കീര്ണബന്ധങ്ങളുടെ പൊരുളന്വേഷിക്കുകയും ചെയ്യുന്നു.
……….
ഭൂമിയില് ശാശ്വതമായിരിക്കുന്നതെന്താണ്?
ഭയം
ഏറ്റവും പരിണാമിയായതേത്?
മനസ്സ്.
വിജയമെന്നു വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
കണ്ണീര് വീഴാത്ത നേട്ടങ്ങളെ.
വജ്രത്തെക്കാള് ബലമുള്ളതെന്ത്?
പിഴയ്ക്കാത്ത സൗഹാര്ദം.
ആരാണ് വിഡ്ഢി?
ഒരേ കല്ലില്ത്തടഞ്ഞ് പലവുരുവീഴുന്നയാള്.
ജ്ഞാനിയാര്?
സഞ്ചാരി.
ജീവിതത്തിന്റെ സൗന്ദര്യമെന്താണ്?
അനിശ്ചിതത്വം.
ഒരേസമയം ഏറ്റവും സാഹസികമായതും ഏറ്റവും സ്വാസ്ഥ്യ
മേകുന്നതുമായ യാത്രയേത്?
ഭയത്തില്നിന്ന് അഭയത്തിലേക്കുള്ള യാത്ര
എരിഞ്ഞാലും ഒടുങ്ങാത്തതെന്ത്?
കാട്.
മരിച്ചാലും വിടാത്തതേത്?
മരിച്ചാലും വിടാത്തതേത്?
……………………………..
നാന്ദി
കുരുക്ഷേത്രത്തില്വച്ച് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന് ഗംഭീരമായ ഒരു യാഗം നടത്തുകയായിരുന്നു. അപ്പോള് ഒരു നായക്കുട്ടി യാഗശാലയില് പ്രവേശിച്ചു. ജനമേജയന്റെ സഹോദരങ്ങള് അതിനെ അടിച്ചുപുറത്താക്കി. നായക്കുട്ടി അമ്മയായ സരമയുടെ അരികിലെത്തി നിലവിളിച്ചു. കാരണമന്വേഷിച്ച സരമയോട് അത് യാഗശാലയില് വച്ചുണ്ടായ സങ്കടം വിവരിച്ചു.
‘നീയെന്തെങ്കിലും ചെയ്യാതെ അവര് നിന്നെ അടിച്ചോടിക്കാന് യാതൊരു സാധ്യതയുമില്ലല്ലോ. സത്യം പറയ്, നിന്റെ ഭാഗത്തുനിന്ന് എന്തു പിഴയാണുണ്ടായത്?’
‘ഞാനൊന്നും ചെയ്തിട്ടില്ല, ഒരു പാത്രവും മണപ്പിച്ചിട്ടില്ല. ഹവിസ്സിന്റെ ഭാഗത്തേക്ക് പോയിട്ടേയില്ല. ഒന്നും നക്കിയിട്ടുമില്ല.’
നായക്കുട്ടി നിലത്ത് ചടഞ്ഞിരുന്നു. അടികിട്ടിയ നടുഭാഗം നക്കിത്തോര്ത്താന് ശ്രമിച്ച് അത് ഇടറിവീണു. അതുകണ്ട് സരമയുടെ സങ്കടം അണപൊട്ടി. ജനമേജയന്റെ യാഗം നടക്കുന്ന സ്ഥലത്തേക്ക് അവള് കുതിച്ചെത്തി.
‘ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ എന്തിനാണു നിങ്ങള് അടിച്ചോടിച്ചത്? അവന് ഏതെങ്കിലും ഹോമ ദ്രവ്യം അശുദ്ധമാക്കിയോ? അതോ, ഇവിടെ എന്തെങ്കിലും അനിഷ്ടം പ്രവര്ത്തിച്ചോ?’
‘ഒരു നായ!’
ജനമേജയന്റെ സഹോദരന് ശ്രുതസേനന് ചിരിച്ചു.
‘ചെറുതോ വലുതോ ആവട്ടെ, യാഗശാലകളില് ശ്വാനരെ ആവാഹിക്കുന്നില്ല. അവര്ക്ക് ഹവിസ്സുമില്ല; യാഗഫലവുമില്ല. ദേവരാജാവിന് ഹവിര്ഭാഗമുണ്ടെന്നു കരുതി അദ്ദേഹത്തിന്റെ ശ്വാനര്ക്ക് അതില്ലല്ലോ. പിന്നെന്തിനു നില്ക്കണം? ചിലയിടങ്ങളില്നിന്ന് അര്ഹതയില്ലാത്തവരെ പുറത്താക്കുന്നതും ന്യായമാണ്.’
ജനമേജയന് ശ്രുതസേനനെ നോട്ടംകൊണ്ടു വിലക്കി. കൂടിയിരുന്ന പുരോഹിതരെല്ലാം മൗനം പാലിക്കുമ്പോള് വെറുതെയെന്തിന്?
ക്രുദ്ധയായ സരമ ചെവി കുത്തനെയുയര്ത്തി. രോമങ്ങള് എഴുന്നുനിന്നു. മുന്വരി പല്ലുകള് കാണത്തക്കവിധം അവള് മുരണ്ടു.
‘യാഗഫലത്തിന്റെ കാര്യം നില്ക്കട്ടെ. യാഗശാലയില് ആര്ക്കൊക്കെ പ്രവേശിക്കാമെന്നതൊക്കെ നിങ്ങള് തീരുമാനിച്ചുകൊള്ളു. ഇപ്പോള് ചെയ്ത പ്രവൃത്തിയുടെ ഫലം ബന്ധപ്പെട്ടവര് അനുഭവിക്കുകതന്നെ വേണം. കര്മ്മഫലമെന്നോ ശാപമെന്നോ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.
ആശ്രിതര് ചെയ്യുന്ന തെറ്റിന്റെ ഉത്തരവാദി സ്വാമി തന്നെയാണ്. രാജാവിന് അതറിയാതിരിക്കില്ലല്ലോ. പ്രത്യേകിച്ച് പരീക്ഷിത്തിന്റെ മകന്?’
അപകടം മനസ്സിലായ ജനമേജയന് പെട്ടെന്ന് എഴുന്നേറ്റു. അനുജന്മാരും പരികര്മ്മികളും എഴുന്നേറ്റു.
‘സത്രത്തിനിടയ്ക്ക് വന്നുകയറിയ ഒരു നിസ്സാരനായ നായക്കുട്ടിയെ ഓടിച്ചത് ഇത്ര വലിയ അപരാധമായോ?’
ആരും ഒന്നും മിണ്ടിയില്ല.
ജനമേജയന് അഭയത്തിനെന്നോണം പുരോഹിതരെ മാറിമാറി നോക്കി.
‘സാരവും നിസ്സാരവും അര്ഹതയുമൊക്കെ ആപേക്ഷികമാണ് ജനമേജയാ’; സരമ കലിയടങ്ങാതെ ചീറി.
‘സാധാരണമോ അസാധാരണമോ ആയിക്കോട്ടെ. ഏതു നായക്കുട്ടിയും എന്റെയാണ്. എന്റെ പാവം കുഞ്ഞിനെ നീ ഭയപ്പെടുത്തി, വേദനിപ്പിച്ചു. നിനക്കറിയുമോ? ജീവിയുടെ ഏറ്റവും വലിയ ഭയം, ഭയംതന്നെയാണ്. അതുകൊണ്ട് ശിഷ്ടജീവിതത്തില് അപ്രതീക്ഷിത ഭയങ്ങള്കൊണ്ട് നീ സമ്പന്നനാകട്ടെ.’
സരമ പുറത്തേക്കു പോയപ്പോള് ശ്രുതസേനന് ആശ്വാസത്തോടെ വീര്പ്പിട്ടു. ‘ഭാഗ്യം! ഇത്രേയുള്ളൂ. ഞാന് കരുതി കുലനാശമെന്നോ മറ്റോ കുരച്ചേക്കുമെന്ന്.’
ജനമേജയന് അസ്വസ്ഥനായി.
‘നിനക്ക് ആ ശാപത്തിന്റെ ആഴമറിയില്ല ശ്രുതസേനാ. അതത്ര നിസ്സാരമല്ല. പ്രത്യേകിച്ച് നിഴലുകളെപ്പോലും ഭയന്നു ജീവിച്ച ഒരു ബാല്യമുള്ള നമുക്ക് മറക്കാറായിട്ടില്ലല്ലോ ഒന്നും.’
സരമയുടെ ശാപം ജനമേജയനെ വേട്ടയാടി.
മനസ്സര്പ്പിക്കാനാവാത്ത ഒരു യാഗം അവസാനിച്ചശേഷം തന്റെ പാപ പരിഹാരത്തിനുള്ള വഴികളന്വേഷിച്ച് അദ്ദേഹം ഏറെയലഞ്ഞു. കണ്ണടയ്ക്കുമ്പോഴൊക്കെ നാലുഭാഗത്തുനിന്നും പുറപ്പെടുന്ന വിഷം മുറ്റിയ സീല്ക്കാരങ്ങള് രാജാവിന്റെ ഉറക്കം ദ്രവിപ്പിച്ചുകൊണ്ടിരുന്നു. ചവിട്ടുമ്പോള് പുളയുന്ന നിഴലുകളെ ഭയന്ന് അദ്ദേഹം ചാടിമാറി. തുറക്കുന്ന വാതിലുകളും ജാലകങ്ങളും ഭയം പതിയിരിക്കുന്ന തുരുത്തുകളായി. വാക്കുകളെ ഭയന്ന് അധികനേരവും മൗനത്തിലൊളിച്ചു. അവിശ്വാസത്തെ ഭയന്ന് വിശ്വസിക്കാതായി. നഷ്ടപ്പെടുമെന്ന ഭീതികൊണ്ട് ഒന്നിനെയും ചേര്ത്തുപിടിക്കാനാവാതെ ജനമേജയന് വലഞ്ഞു. യാഗശാലയിലുണ്ടായിരുന്നവരും പുണ്യം തേടിയെത്തിയവരും പതിയെപ്പതിയെ അതേ ഭയത്തിന്റെ തടവുകാരായി.

Leave a Reply