(നോവല്‍ പരിഭാഷ)
കേരളവര്‍മ വലിയ കോയി തമ്പുരാന്‍

അക്ബര്‍ ചക്രവര്‍ത്തിയുടെ ജീവിതത്തെ ആസ്പദമാക്കി നെതര്‍ലന്റ്‌സ് എഴുത്തുകാരനായ ഡോ. പി. എ. എസ്. വാന്‍ലിംബര്‍ഗ് ബ്രോവര്‍ ഡച്ച് ഭാഷയിലെഴുതി 1872ല്‍ പ്രസിദ്ധീകരിച്ച ചരിത്രനോവലാണ് അക്ബര്‍.
അക്ബറുടെ സ്വഭാവവിശേഷങ്ങളും പരിഷ്‌കാരങ്ങളും ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയും ഇതില്‍ വിവരിച്ചിരിക്കുന്നു. ചരിത്രപുരുഷന്മാരായ സലിം, അബുല്‍ ഫസ്ല്‍, ഫൈസി, അബ്ദുല്‍ ഖാദര്‍ ബാദാവുനി, റൂഡോള്‍ഫ് അക്വാവിവ എന്നിവര്‍ ഇതിലെ കഥാപാത്രങ്ങളാണ്.
1877ല്‍ ഇതിന്റെ ജര്‍മന്‍ പരിഭാഷയും 1879ല്‍ ഇംഗ്ലീഷ് പരിഭാഷയും പുറത്തുവന്നു.
ഇംഗ്ലീഷ് പരിഭാഷ വായിക്കാനിടയായ വിശാഖംതിരുനാള്‍ മഹാരാജാവ് ഇതു മുഴുവനും ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു എന്നൊരു കുറിപ്പോടുകൂടി 1880ല്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന് അയച്ചുകൊടുത്തു. അദ്ദേഹം അത് 1894ല്‍ പരിഭാഷപ്പെടുത്തി. തര്‍ജമയിലെ ഭാഷ സംസ്‌കൃതപദജടിലവും പ്രാസബഹുലവുമാണ്. ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ കാണുന്ന വര്‍ണന ഇതിന് ഉദാഹരണമാണ്.
‘ അസ്തപര്‍വതനിതംബത്തെ അഭിമുഖീകരിച്ച് ലംബമാനമായ അംബുജബന്ധുബിംബത്തില്‍നിന്നും അംബരമധ്യത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങള്‍ ബദരീനാഥ ക്ഷേത്രത്തിന്റെയും ഹിമാലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളുടെയും അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന് ! സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരുഹങ്ങളില്‍ പ്രഭാതാല്‍ പ്രഭൃതി വികസ്വരങ്ങളായി നില്ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമളധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു’-ഇങ്ങനെ പോകുന്നു പരിഭാഷ.