മാവേലിക്കരയുടെ പാരമ്പര്യം
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി
മാവേലിക്കരയും മനീഷികളും
(ജീവചരിത്ര സമാഹാരം)
ഏതൊരു മണ്ണിന്റെയും മഹത്വത്തിന്റെ ആഴവും, സാന്ദ്രതയും കൂടുന്നത് അതിന്റെ മക്കളുടെ മേന്മയാലാണ്. ചില സ്ഥലങ്ങള് പ്രത്യേകിച്ചും അനുഗൃഹീതമാണ്. അക്കൂട്ടത്തില് മാവേലിക്കരയുടെ പേര് എടുത്തു പറയുന്നതില് ഒട്ടുംതന്നെ അപാകതയില്ല.
മഹാബലിത്തമ്പുരാന്റെ അല്ലെങ്കില് മാവേലിയുടെ കരയായിട്ടാണ് മാവേലിക്കര അറിയപ്പെടുന്നത്. മാവേലിരാജാക്കന്മാരുടെ അധികാരം ഇവിടെ കേന്ദ്രീകരിക്കപ്പെട്ടതോടുകൂടിയാവാം ചരിത്രത്തിന്റെ ഏടുകളില് ഈ പേര് അറിയപ്പെട്ടുതുടങ്ങിയത് എന്നൊരു വാദഗതിയുള്ളത് ഈ സന്ദര്ഭത്തില് സ്മരണീയമാണ്. കണ്ടിയൂര് ശ്രീമഹാദേവക്ഷേത്ര ത്തിന്റെ ഊരാണ്മക്കാരില്പ്പെട്ട ‘മാവേലി’ ഇല്ലത്തിന്റെ സ്ഥലമെന്ന അര്ത്ഥത്തിലും സ്ഥലനാമത്തിന് ചിലര് അര്ത്ഥം കണ്ടെത്താറുണ്ട്. ഏതായാലും പിന്നീടത് ‘മാടത്തിന്കൂര്’ എന്നൊരു സ്വരൂപത്തിന്റെ ആസ്ഥാനമായി. കല്ക്കുളം കോട്ടയ്ക്കകത്തുവച്ച് അവസാനത്തെ മാടത്തിന്കൂറ് രാജാവ് കൊല്ലപ്പെട്ടു. ആത്മഹത്യ ചെയ്തതാണെന്നും ഒരു പക്ഷമുണ്ട്. അന്യംനിന്ന ആ സ്വരൂപം വേണാടില് ലയിച്ചു.
1737-ല് രാമയ്യന് തിരുവിതാംകൂര് ദളവയായതോടെ രാജ്യത്തിന്റെ വ്യാപാരകേന്ദ്രം മാവേലിക്കരയായി. പത്തൊമ്പതുവര്ഷക്കാലം നീണ്ടുനിന്ന ആ സേവനം മാവേലിക്കരയിലും പത്മനാഭപുരത്തും തിരുവന ന്തപുരത്തുമായിട്ടായിരുന്നു. എരുവയില് നിന്നും കണ്ണമംഗലത്തിലേക്കുപോകുന്ന വഴിയില് കായംകുളത്തിന്റെ സൈന്യാധിപനായ അച്യുതവാര്യരെ ദളവ കൊലപ്പെടുത്തിയെന്ന് പറയുന്നു. വാര്യരുടെ മരണത്തോടെ ഈ ദേശത്തിന്റെ ശക്തി ക്ഷയിച്ചു. പ്രതിവര്ഷം ആയിരം രൂപയും ഒരു ആനയും കപ്പമായി തിരുവിതാംകൂറിന് നല്കാമെന്നായിരുന്നു വ്യവസ്ഥ. കപ്പം കൊടുക്കുവാന് നിവൃത്തിയില്ലാത്ത സാഹചര്യം വന്നപ്പോള് കായംകുളം 1747-ല് വേണാടില് ലയിച്ചു. പിന്നീട് രാമയ്യന് മാവേലിക്കരയില് പണ്ടകശാല കെട്ടി സര്വാധികാര്യാലയം ഏര്പ്പെടുത്തിയതോടുകൂടി വ്യാപാരം സര്ക്കാരിന്റെ നേരിട്ടുള്ള ചുമതലയിലായി. ഇതോടുകൂടി മാവേലിക്കരയ്ക്ക് പേരും പെരുമയും ഉണ്ടായി. നാട്ടുരാജ്യങ്ങളെ തമ്മില് തല്ലിപ്പിച്ച് അധികാരം പിടിച്ചെടുക്കാമെന്നു കരുതിയ ലന്തക്കാരെ (ഡച്ചുകാരെ) അതില് നിന്നും പിന്തിരിപ്പിക്കാന് തിരുവിതാംകൂറിനു കഴിഞ്ഞു. 1753-ല് മാവേലിക്കരയില് വച്ച് ലന്തക്കാര് തിരുവിതാംകൂറിനെ ആക്രമിക്കുകയില്ലെന്ന് ഉടമ്പടി ചെയ്തു. ഒരുവേള അതിനുസാക്ഷിയായി മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില് അതേവര്ഷം ലന്തക്കാര് സമര്പ്പിച്ച സംഭവിളക്ക് ഇന്നും അവിടെ കാണാം- പീഠത്തില് തോക്ക് പിടിച്ച് തലകുനിച്ച് നില്ക്കുന്ന ലന്തപ്പോരാളികളുടെ പ്രതിമ സഹിതം.
ഭരണസ്ഥിരതയ്ക്കുവേണ്ടി രാമയ്യന് ദളവ കോട്ട കെട്ടിയെങ്കിലും പില്ക്കാലത്തെ ദളവ, വേലുത്തമ്പിയുടെ കലാപത്തിനുശേഷം 1809-ല് മെക്കാളെ അതു നശിപ്പിച്ചു. ഇന്നും ചരിത്രസ്മരണയായി ആ പ്രദേശം ‘കോട്ടയ്ക്കകം’ എന്ന് അറിയപ്പെട്ടുപോരുന്നു. 1756-ല് ദളവ ദിവംഗതനായി. മാര്ത്താണ്ഡവര്മ്മ മഹാരാജാവ് തിരുമനസ്സിന് ഇതൊരു തീരാനഷ്ടമായി. അവിടുത്തെ സിംഹഹൃദയം തകര്ന്നു. (ദളവാമഠം എന്ന പേരില് ഒരു ഇരുനിലകെട്ടിടം ഇന്നും മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു).
ശാലീനസുന്ദരമായ പ്രകൃതിയുടെ മടിയില് പ്രൗഢമായ പാരമ്പര്യത്തിന്റെ തിളക്കമേറ്റുവാങ്ങി, മധ്യതിരുവിതാംകൂറിലെ ഈ കൊച്ചുപട്ടണം തലയുയര്ത്തി നൂറ്റാണ്ടുകളെ സ്വീകരിച്ചു. ചരിത്രം ആദരവോടെ രേഖപ്പെടുത്തിയ പല മഹത്വ്യക്തികളുടെയും കയ്യൊപ്പ് ഇവിടെ ഇന്നും തെളിഞ്ഞുകിടക്കുന്നതു കാണാം. അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെ ശക്തമായ പ്രതിധ്വനിയും.
അമ്മവഴിയോ, അച്ഛന്വഴിയോ മാവേലിക്കരക്കാരെന്ന് അവകാശപ്പെടുന്നവരില് പ്രസിദ്ധര് അനവധിയാണ്. പാണ്ഡിത്യവും കലയും ഏറക്കുറെ ഈ നാടിന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണ്. വ്യത്യസ്ത തുറകളില് പേരുകേട്ടിട്ടുള്ളവരുടെ നാമങ്ങള് തന്നെ ഒരു നീണ്ട പട്ടികയായിരിക്കുന്നു. ദേശീയ, വിദേശീയ തലങ്ങളില് അവരില് പലരും അറിയപ്പെട്ടവരുമാണ്. എന്നാല്, കാലയവനികയുടെ മറവില് പലര്ക്കും അര്ഹിക്കുന്ന അംഗീകാരമോ, ആദരവോ കിട്ടുന്നുണ്ടോ എന്ന് സംശ യമാണ്.
ഇവിടെയാണ് ജോര്ജ് തഴക്കരയുടെ ‘മാവേലിക്കരയും മനീഷികളും’ എന്ന ശീര്ഷകത്തില് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രാധാന്യം.
എന്റെ കുടുംബത്തിന്റെ തായ്വേര് മാവേലിക്കരയിലാണല്ലോ. അവിടുത്തെ മഹത്തുക്കളെ കൈകൂപ്പി, ക്ഷരമില്ലാത്ത അക്ഷരങ്ങളിലൂടെ സ്മരിക്കപ്പെടുന്നു. ബഹുമാനിക്കപ്പെടുന്നു എന്നതില് ഞാനും അധികം ആഹ്ലാദിക്കുന്നു.
സി.എം.സ്റ്റീഫനും പാറപ്പുറത്തും ഒഴികെയുള്ളവര് കഴിഞ്ഞ നൂറ്റാണ്ടില് ജനിച്ചവരാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായ ദൂരം ഇവരുടെ പ്രതിപാദനരീതിയിലും കാണുവാന് കഴിയും.
പോളച്ചിറയ്ക്കല് കൊച്ചീപ്പന് തരകന്റെ ജീവചരിത്രത്തിലൂടെ മനോരമയുടെ തുടക്കവും, ഉള്ളൂരിന്റെ സാഹിത്യചരിത്രനിര്മ്മിതിയുടെ പശ്ചാത്തലവും വിവരിക്കുന്നു. ആദ്യത്തെ മലയാളനാടകമായ ‘മറിയാമ്മ’യിലൂടെ ക്രൈസ്തവസാമൂഹികവീക്ഷണം അവതരിപ്പിക്കുന്നു. പത്രപ്രവര്ത്തകനും കാര്ഷിക വ്യവസായിയും കഠിനാദ്ധ്വാനശീലനുമായ ഒരു വ്യക്തിയെ തരകന്റെ വ്യക്തിചിത്രത്തിലൂടെ കാണിച്ചുതരുന്നു.
എ.ആര്.രാജരാജവര്മ്മയെ അവതരിക്കുമ്പോള് ഹൈദരാലിയുടെ ആക്രമണവും കോലത്തുസ്വരൂപത്തിന്റെ ചരിത്രവും സൂക്ഷ്മമായി പറയുന്നു. മലയാളഭാഷയ്ക്കുണ്ടായിരുന്ന അവഗണന എത്രമാത്രമായിരുന്നുവെന്നും തമ്പുരാന്റെ ശ്രമഫലമായി അതിനുണ്ടായ മാറ്റം എത്രയധികമായിരുന്നുവെന്നും ഇതിലൂടെ മനസ്സിലാക്കാം. വ്യാകരണാദിഗ്രന്ഥങ്ങളുടെ രചനയുടെ സ്വഭാവവും അക്കാലത്തു നിലവിലിരുന്ന മറ്റു വ്യാകരണഗ്രന്ഥങ്ങളെക്കുറിച്ചുള്ളതാണ്. പ്രാസവാദവും തിരുവിതാംകൂര് സര്വകലാശാലയുടെ ആരംഭവും ഇതില്നിന്നറിയാം. രാജരാജവര്മതമ്പുരാന്റെ മരണത്തോടനുബന്ധിച്ച് കുമാരനാശാന് രചിച്ച ‘പ്രരോദനം’ എന്ന വിലാപകാവ്യത്തില് മാവേലിക്കരയെ മനോഹരമായി വര്ണിച്ചിട്ടുണ്ട്.
ആത്മബോധോദയത്തിലൂടെ ഈശ്വരാഭിമുഖ്യം പ്രോത്സാഹിപ്പിച്ച ശുഭാനന്ദഗുരുദേവന്റെ ചരിത്രത്തിലൂടെ ‘അവഗണിക്കപ്പെട്ടവരുടെയും നിരാലംബരുടെയും ഉദ്ധാരകനായി’ ആചാര്യന് മാറിയത് ഈശ്വരനിയോഗത്തിലൂടെയായിരുന്നു. ‘പുല’യെക്കുറിച്ചുള്ള പരാമര്ശവും ശ്രീനാരായണഗുരുദേവനുമായുള്ള സംഭാഷണവും മഹാത്മാഗാന്ധിയുടെ മാവേലിക്കര സന്ദര്ശനവും പിന്നാക്കക്കാരുടെ സങ്കടം ബോധിപ്പിക്കുവാനുള്ള ഹര്ജിയുമായി പൊന്നുതമ്പുരാന് തിരുമനസ്സിനെ സങ്കടം ബോധിപ്പിക്കുവാന് വേണ്ടിയുള്ള യാത്രയുടെ ക്ലേശവും ഉള്ളില്തട്ടുംവിധം ഇതില് പറയുന്നു.
സ്ത്രീസമൂഹത്തിന് സഭയില് അര്ഹിക്കുന്ന പ്രാധാന്യം നല്കിയ വ്യക്തിയാണ് ആര്ച്ച്ബിഷപ്പ് മാര് ഈവാനിയോസ്. സന്യാസപ്രസ്ഥാനത്തിന്റെ ക്രിസ്തീയവീക്ഷണത്തിലൂടെ ചരിത്രവിധിയാല് കത്തോലിക്കാസഭയുമായി പ്രവര്ത്തിക്കുവാന് നിയോഗിതനായ ഈവാനിയോസ് തിരുമേനിയുടെ പാണ്ഡിത്യവും പ്രാഗത്ഭ്യവും ജീവകാരുണ്യ പ്രവര്ത്തനവും ഈ കൃതി മനസ്സിലാക്കിത്തരുന്നു.
പൗരസമത്വവാദത്തിലൂടെ അറിയപ്പെടുന്ന വ്യക്തിയായിട്ടാണ് പടി ഞ്ഞാറേതലയ്ക്കല് ജേക്കബ് കുര്യനെ ഗ്രന്ഥകാരന് അവതരിപ്പിക്കുന്നത്. എന്നാല് ചരിത്രപരമായ ഈ അറിവ് അറിയപ്പെടുന്ന മറ്റൊരു ജീവചരിത്രകൃതിയിലും കാണുവാന് കഴിയുന്നില്ല. നിവര്ത്തനപ്രക്ഷോ ഭണത്തിനു വഴിതെളിച്ച വ്യക്തിയെന്ന നിലയില് ജേക്കബ് കുര്യനെ അവതരിപ്പിക്കുന്നു.
പൊതുപ്രവര്ത്തകനും സമുദായസേവകനുമായിട്ടാണ് ടി.കെ. മാധവന് മുന്നിട്ടുനിന്നത്. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പശ്ചാത്തലം അവതരിപ്പിച്ചുകൊണ്ടാണ് ടി.കെ.മാധവനെ ചിലര് ചിത്രീകരിക്കുന്നത്. എസ്.എന്.ഡി.പിയെ ഒരു സംഘടിതസമൂഹമാക്കി മാറ്റുന്നതിനുള്ള ടി. കെ.മാധവന്റെ പ്രയത്നം അവര്ണനീയമാകുന്നു.
ചിത്രമെഴുത്തും ഗ്രന്ഥരചനയുമായിരുന്നു ചിത്രമെഴുത്ത് കെ.എം. വറുഗീസിന്റെ പ്രവര്ത്തനരംഗം. മലയാളഗദ്യകവിതയുടെ തുടക്കം കെ. എം.വറുഗീസില് നിന്നുമാണെന്ന് കേസരി ബാലകൃഷ്ണപിള്ളയുടെ ഉദ്ധരണിയിലൂടെ ഗ്രന്ഥകാരന് പറയുന്നു. മഹാകവി വള്ളത്തോള് ‘മഗ്ദലനമറിയം’ എഴുതുവാനുണ്ടായ പ്രേരണയുടെ സമ്പൂര്ണചരിത്രം ഇതില് പറയുന്നുണ്ട്. എന്.എസ്.എസിന്റെ വളര്ച്ചയ്ക്കും മന്നത്തു പത്മനാഭനെ ഗ്രന്ഥരചനയ്ക്കും പ്രേരിപ്പിച്ച കാര്യങ്ങള് മറ്റെവിടെയും രേഖപ്പെടുത്തി കണ്ടിട്ടില്ല.
അമ്മമഹാറാണി സേതുപാര്വ്വതീബായി തിരുമനസ്സിന്റെ ചിത്രീകരണത്തില് ശ്രീചിത്തിര തിരുനാള് മഹാരാജാവ് തിരുമനസ്സിന്റെ (ഞങ്ങള്ക്ക് പൊന്നമ്മാവന്) ജീവിതവും ഇടകലരുന്നു. ക്ഷേത്രപ്ര വേശനവിളംബരം ഇവിടെ ചര്ച്ചാവിഷയമാക്കുവാന് സാധിക്കുകയില്ല. എന്നാല്, മഹാരാജാവ് തിരുമനസ്സിന്റെ ആ സുപ്രധാനമായ തീരുമാനത്തെ അമ്മൂമ്മ ശക്തമായി പിന്താങ്ങി. സ്ത്രീകളുടെ ഉന്നമനത്തിനും പൊതുവെ നാടിന്റെ ബഹുമുഖപുരോഗതിക്കും അമ്മൂമ്മ ക്രിയാത്മകമായി പ്രവര്ത്തിച്ചു. ശാസ്ത്രീയസംഗീതവുമായി അമ്മമഹാറാണിയുടെ ബന്ധം അത്യധികം വിപുലമാണ്. അമ്മൂമ്മയെക്കുറിച്ചുള്ള ഞങ്ങളുടെ ഓര്മ്മകള് അനവധിയാണ്. അവിടുത്തെ തണലിലാണ് ഞങ്ങള് വളര്ന്നത്. അതീവ ബുദ്ധിമതിയായ അമ്മൂമ്മയ്ക്ക് അറിവു നേടിയെടുക്കുക ഒരു ജീവിതാവശ്യവുമായിരുന്നു; അറിയുവാന് വയ്യാത്ത ഏതെങ്കിലും വിഷയം ഉള്ളതായി എനിക്കു തോന്നുന്നില്ല. ‘ജീവനുള്ള എന്സൈക്ലോപീഡിയ’ ആരെന്നു ചോദിച്ചാല് മഹാറാണി സേതുപാര്വ്വതീബായി എന്ന് ഉടന് മറുപടി പറയാം.
ശ്രീമൂലം തിരുനാള് മഹാരാജാവ് തിരുമനസ്സ് 1900-ത്തില് മാവേലിക്കരയില് നിന്ന് രണ്ടു തമ്പുരാട്ടിമാരെ ദത്തെടുത്തു. ഇത് ചരിത്രമാണ്. ഇളയതമ്പുരാട്ടിയായിരുന്നു അമ്മൂമ്മ. മൂത്തതമ്പുരാട്ടി സേതു ലക്ഷ്മീബായി തിരുമനസ്സ്, ശ്രീചിത്തിരതിരുനാള് പ്രായപൂര്ത്തിയാകുന്നതുവരെ റീജന്റ് റാണിയായി ഐശ്വര്യത്തോടെ ഈ നാടു ഭരിച്ചു. ഈ പുസ്തകത്തില് അവിടുത്തേക്ക് നിശ്ചയമായും സ്ഥാനം വേണ്ടതായിരുന്നു. ആ കുറവ് ഒരു പോരായ്മ തന്നെയാണ്.
രാഷ്ട്രീയമേഖലയ്ക്ക് മാവേലിക്കര നല്കിയ മികച്ച വ്യക്തിയായിരുന്നു സി.എം.സ്റ്റീഫന്. സി.എം.സ്റ്റീഫന്റെ രാഷ്ട്രീയപ്രവര്ത്തനത്തിനു വഴിതെളിച്ച പല സംഭവങ്ങളും ഇതില് വിശദമായി പ്രതിപാദിക്കുന്നു. പത്രപ്രവര്ത്തകനായും വക്കീലായും സി.എം.സ്റ്റീഫന് പ്രവര്ത്തിച്ചിരുന്നു.
കഥാലോകത്തിന് മാവേലിക്കര നല്കിയ സംഭാവനയാണ് പാറപ്പുറത്ത്. ബൈബിള് പശ്ചാത്തലത്തില് എഴുതിയ ‘അരനാഴികനേരം’ മലയാളത്തിലെ മികച്ച നോവലുകളില് ഒന്നായി നിലനില്ക്കുന്നു. പട്ടാളത്തില് നിന്നും വിരമിച്ചതിനുശേഷമാണ് പാറപ്പുറത്ത് മികച്ച കഥാകാരന് എന്ന നിലയില് അറിയപ്പെടുന്നത്. പല കഥകളും സിനിമയാ യിട്ടുണ്ട്. അനുഭവങ്ങളുടെ സ്പര്ശം മിക്ക കഥകളെയും ജീവസ്സുറ്റതാക്കുന്നു.
സംഗീതപാരമ്പര്യത്തെക്കുറിച്ച് പറയാതെപോയത് ഈ കൃതിയില് ഞാന് കാണുന്ന മറ്റൊരു പോരായ്മയാണ്. തുടര്ന്നുള്ള ഭാഗങ്ങളില് അതിനു പ്രാധാന്യം ഉണ്ടാകുമെന്നു കരുതുന്നു. ഈ ഗ്രന്ഥത്തിന് പൂര്ണതയുടെ ഒരു സമഗ്രതയുണ്ട്. പറയേണ്ടതുമാത്രം പറഞ്ഞു എന്നുള്ളതാണ് ഇതിന്റെ മേന്മ. ഇതിന്റെ രചനയ്ക്കായി പ്രയോജനപ്പെടു ത്തിയ ഗ്രന്ഥസൂചിയും നാമസൂചിയും വിഷയസൂചിയും അനുവാചകര്ക്ക് പ്രയോജനപ്രദമാണ്. ഇതിന്റെ പിന്നിലുള്ള അദ്ധ്വാനത്തെ ആദരിക്കുന്നു.
അഞ്ചുഭാഗങ്ങള് ഈ പരമ്പരയ്ക്ക് ഉണ്ടാകുമെന്ന് ആമുഖത്തില് ഗ്രന്ഥകാരന് സൂചിപ്പിക്കുന്നു. മാവേലിക്കരയുടെ ചരിത്രം എഴുതുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ അന്വേഷണം. ഇതില് പ്രതിപാദിച്ചിട്ടുള്ള പത്തുവ്യക്തികള് ഒരുപോലെ പ്രശസ്തരാകണമെന്നില്ല. എന്നാല്, ഓരോരുത്തരുടെയും പ്രവര്ത്തനമേഖല പരിശോധിക്കുമ്പോള് അവര് അവരുടെ പ്രയത്നം നിസ്വാര്ത്ഥമാക്കി എന്നു കാണാം. രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം ഈ കൃതി ഉള്ക്കൊള്ളുന്നു.
ഇത്തരം രചനകള് പ്രസിദ്ധീകരിക്കുന്നതിന് മറ്റു പ്രദേശങ്ങളിലെ സ്ഥലവാസികളും മുന്നോട്ടുവന്നാല് നാടിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും പെരുമയ്ക്കും ഗണ്യമായ നേട്ടമായി ഭവിക്കുമെന്നതില് തെല്ലും സംശയമില്ല. പരംപൊരുളായ ഭഗവാന് ഈ സംരംഭത്തിന് സകല നന്മകളും ചൊരിഞ്ഞനുഗ്രഹിക്കട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു.
അശ്വതി തിരുനാള് ഗൗരി ലക്ഷ്മീ ബായി
09-10-2003
കവടിയാര് പാലസ്

Leave a Reply