(സിനിമാ പഠനം)
കെ.വേലപ്പന്‍

നവസിനിമയെക്കുറിച്ച് കെ.വേലപ്പന്‍ എഴുതിയ പഠനങ്ങളുടെ സമാഹാരം അദ്ദേഹത്തിന്റെ അകാലചരമത്തിനുശേഷമാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1994ല്‍ പ്രസിദ്ധീകരിച്ചത്.
നവസിനിമയെക്കുറിച്ച് ധൈഷണികമായ ധാരാളം അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ഒരു നിരൂപകനായിരുന്നു വേലപ്പന്‍. സാധാരണ സിനിമാവിമര്‍ശനങ്ങളുടെ സ്വാഭാവിക പരിമിതികളെ ഉല്ലംഘിക്കുന്ന നിശിതമായ കാഴ്ചപ്പാടുകളായിരുന്നു വേലപ്പന്റേത്. നല്ല സമൂഹസൃഷ്ടിക്കായി നല്ല സിനിമ ഉണ്ടാകണമെന്ന് അവസാനം വരെ ആഗ്രഹിച്ച്, നല്ല സിനിമയ്ക്കുവേണ്ടി അവസാനം വരെ പൊരുതി, അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു വിപ്ലവകാരിയുടെ പ്രഥമ ചലച്ചിത്രലേഖന സമാഹാരമാണിന്.
ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കെ.ജയകുമാറും എം.എഫ്.തോമസും ഇങ്ങനെ എഴുതുന്നു: ദുര്‍ബലമായ ശരീരം ആസ്ത്മയുടെ ക്രൂരമായ ആക്രമണത്താല്‍ ഞെരിപിരികൊള്ളുമ്പോഴും ഒരു വ്രതാനുഷ്ഠാനതീവ്രതയോടെ നല്ല സിനിമകള്‍ കണ്ടിരുന്ന വേലപ്പന്‍, രാഷ്ട്രീയ സിനിമയിലെ സിനി-മാര്‍ക്‌സിസ്റ്റ് ധാരകളെപ്പറ്റി പറയുമ്പോഴും തര്‍ക്കോവ്‌സ്‌കി എന്ന സോവിയറ്റ് സിനിമാപ്രതിഭയെ തന്റെ ഉള്ളിന്റെ അഗാധ തലങ്ങളില്‍ നിന്നുകൊണ്ട് കാണുമ്പോഴും ദീപ്രമായ ആ സംവേദനീയത ഒറ്റപ്പെട്ടുതന്നെ നിന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ഒരു തോക്ക് എന്ന പോലെ സിനിമാ മാധ്യമത്തെ വിപ്ലവകരമാക്കി പരിവര്‍ത്തിപ്പിച്ച ലാറ്റിനമേരിക്കന്‍ ചലച്ചിത്രമായ ‘അവര്‍ ഓഫ് ദ ഫര്‍ണസി’ന്റെ മാസ്മരിക ശക്തിയെപ്പറ്റി പറയുന്ന വേലപ്പന്‍ ഇതിഷ്ടപ്പെട്ടെന്നു വരില്ല-ഇങ്ങനെയൊരു പുസ്തകം.”