(കാവ്യാഖ്യായിക)
ഒ.എന്‍.വി

കാളിദാസന്റെ ജീവിതത്തെയും കാവ്യങ്ങളെയും ആസ്പദമാക്കി ഒ.എന്‍.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക എന്നു വിളിക്കാവുന്ന ദീര്‍ഘകാവ്യമാണ് ഉജ്ജയിനി. 1994ലാണ് ഇതിന്റെ ആദ്യപതിപ്പ് ഇറങ്ങുന്നത്. പിന്നീട് പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
ഈ കൃതിക്ക് ഒ.എന്‍.വി എഴുതിയ ആമുഖമാണ് ചുവടെ:

കാളിദാസന്റെ സത്യം
ഒ.എന്‍.വി

ഉജ്ജയിനി ഉത്തരേന്ത്യയിലെ ഒരു പുരാതന നഗരമാണ്. ചരിത്രത്തിലത് പ്രശസ്തമായൊരു സാമ്രാജ്യതലസ്ഥാനമായിരുന്നു-അധികാരത്തിന്റെ ആസ്ഥാനം. പിന്നെയത് അധികാരത്തെ ദ്യോതിപ്പിക്കുന്ന പദംതന്നെയായി, പ്രതിരൂപമായി. വിക്രമാദിത്യന്റെ കാലത്ത് ഉജ്ജയിനി രത്‌നവ്യാപാരത്തിനും പുകഴ്‌കൊണ്ട നഗരമായിരുന്നു. വിക്രമാദിത്യന്റെ വിദ്വല്‍സദസ്സിലുമുണ്ടായിരുന്നു നവരത്‌നങ്ങള്‍. അതിലൊരു രത്‌നമായിരുന്നു കാളിദാസന്‍. ഉജ്ജയിനി ‘രത്‌നഹാരി’ തന്നെയായിരുന്നു. എറ്റവും വിലപ്പെട്ടതെന്തും സ്വന്തമാക്കുന്ന അധികാരത്തിന്റെ ഛത്രചാമരങ്ങളെ വണങ്ങി അതിന്റെ കല്പനക്കൊത്ത് പാടിയ കവിയായിരുന്നുവോ കാളിദാസന്‍? അധികാരത്തിന്റെ ആസ്ഥാനത്തെ തിളക്കിക്കൊണ്ട് നിശ്‌ചേതനമായ ഒരു രത്‌നമായിക്കഴിയാന്‍ മഹാനായ ഒരു കവിക്കാവുമോ? അത്തരം സംശയങ്ങളുമായി ചരിത്രത്തിന്റെ എടുകളിലേക്കും, ഐതിഹ്യങ്ങളുടെ പൊന്തപ്പടര്‍പ്പുകളിലേക്കുമൊക്കെ പാഞ്ഞുപോയ അസ്വസ്ഥമായൊരു മനസ്സ് ഒടുവില്‍ കവിയുടെ കൃതികളെത്തന്നെ അഭയം പ്രാപിച്ചപ്പോഴുണ്ടായ വെളിപാടുകളാണ് ഈ കാവ്യത്തിന്റെ രചനയ്ക്ക് പ്രേരകമായത്.
വാക്കുമര്‍ഥവുംപോലെ ഉമാമഹേശ്വരന്മാരെ കണ്ട ആ കവിയെവിടെ? എതോ രാജാവിന്റെ ഭഗിനിയെ മുതല്‍ ശ്രീലങ്കയിലെ എതോ ഗണികയെ വരെ കാമിച്ചും പ്രാപിച്ചും പോന്ന, ഐതിഹ്യങ്ങളിലെ ആ കവിയെവിടെ? അര്‍ക്കാനലാകാശാദികളായ എട്ടംഗങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന പെരുമാളാണ് കാളിദാസന്റെ ഉള്‍ക്കണ്ണ് ദര്‍ശിച്ച ഈശന്‍. (അഭിജ്ഞാനശാകുന്തളത്തിലെ നാന്ദി). ‘കാന്താസമ്മിശ്രദേഹനാ’യിരിക്കുമ്പോള്‍ത്തന്നെ സംഗഹീനനാവാന്‍ കഴിയുന്ന ഈശനെയാണ്, സമസൈ്തശ്വര്യങ്ങള്‍ക്കു നടുവിലും വെറും തോലുടുത്ത അസ്താഭിമാനനായ ഈശനെയാണ് ആ കവി വണങ്ങുന്നത്. (മാളവികാഗ്നിമിത്രം നാന്ദി). സംഭോഗശൃംഗാരത്തിന്റെ ശൈവലപ്പടര്‍പ്പുകള്‍ക്കുപരി വിലസുന്ന സ്ത്രീപുരുഷ ബന്ധത്തിന്റെ ഉദാത്തഭാവമാണാ കവി തേജോമയമായി അവതരിപ്പിക്കുന്നത്. (കുമാരസംഭവം).-അങ്ങനെയുള്ള ഒരു കവിയെപ്പറ്റി അധമകഥകളുടെ ബീജങ്ങള്‍ ഇന്നും നമ്മുടെ ഈടുവെയ്പിലെത്രയാണ്? അവയെ നിരാകരിച്ചുകൊണ്ട്, കാളിദാസന്റെ സത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ഒരു ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണതഫലമാണീ കൃതി.
ഉജ്ജയിനിയും കവിയും തമ്മിലുള്ള ബന്ധത്തില്‍ സ്‌നേഹവും ദ്വേഷവുമുണ്ട്. ഉജ്ജയിനി സ്വേച്ഛാപ്രഭുതയാണ്. കവിത സ്വച്ഛന്ദസഞ്ചാരം കൊതിക്കുന്ന ഉച്ഛൃംഖലതയാണ്. ഇവ തമ്മിലുള്ള സംഘര്‍ഷം സ്ഥൂലമല്ല, സൂക്ഷ്മമാണ്. കവിയെ സ്വന്തം തൊപ്പിയിലെ തൂവലോ, കുപ്പായക്കുടുക്കിലെ രത്‌നമോ ആക്കാനേ അധികാരം എന്നും കൊതിച്ചിട്ടുള്ളൂ. അതസാധ്യമായിവരുമ്പോള്‍ ആനയെ ആടാക്കുന്ന അപവാദ വിദ്യ അരങ്ങിലാടിത്തിമിര്‍ക്കും! കാളിദാസനെ ഗണികാഗൃഹത്തില്‍ കിടത്തിക്കൊല്ലുന്ന ആ കെട്ട ഐതിഹ്യങ്ങളും മറ്റെന്താവാന്‍? ഉമയും ഉര്‍വശിയും ശകുന്തളയും പുരാണത്തില്‍ നിന്നുയിര്‍കൊണ്ട നായികമാര്‍; മാളവികാഗ്നിമിത്രത്തിലെ നായികയോ? അവള്‍ കവിക്ക് പ്രിയപ്പെട്ട മാളവത്തിന്റെ അരുമപ്പുത്രിയെന്ന് ആ പേര് തന്നെ സൂചിപ്പിക്കുന്നില്ലേ? -മിഥിലയ്ക്ക് മൈഥിലി പോലെ. മാളവിക മുതല്‍ വിരഹിണിയായ ആ യക്ഷവധു വരെ കാളിദാസന്റെ ജീവിതത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതായി തോന്നി.
ഒന്ന് തുടക്കത്തിലേ പറയട്ടെ: ഇതു ഗവേഷണം നടത്തി കണ്ടെത്തുന്ന ചരിത്ര സത്യമല്ല; കാളിദാസകൃതികളിലൂടെ അസ്വസ്ഥമായ ഒരാത്മാവ് നടത്തിയ പര്യടനത്തിനിടയില്‍ ശേഖരിച്ച ഭാവനാഫലങ്ങള്‍ മാത്രം. ഇത്, ചരിത്രം ഇരുട്ടിലാവുമ്പോള്‍ ഹൃദയമിഴി കാണുന്ന സത്യം മാത്രം.
ഇതൊരു നീണ്ട കാവ്യമാണ്. അനുക്രമം വികസിക്കുന്ന ഒരു ഇതിവൃത്തം ഇതിലുണ്ട്. ഇതില്‍ കഥാപാത്രങ്ങളുണ്ട്. അവരുടെ മനസ്സിലും ചുറ്റും ഋതുസംക്രമങ്ങളും നിറപ്പകര്‍ച്ചകളുമുണ്ട്. വര്‍ണനയ്ക്കു വേണ്ടിയുള്ള വര്‍ണനകളോ, പൂര്‍വനിര്‍ണീതമായ ലക്ഷണങ്ങളൊപ്പിച്ചു പോകുന്ന രീതിയോ ഇതിലില്ല. അതുകൊണ്ടുതന്നെ ഇത് മഹാകാവ്യമല്ല. മറിച്ച് ബഹുരൂപിയായ ആഖ്യായികയുടെയും സ്വച്ഛന്ദഗതിയായ കവിതയുടെയും സങ്കലനമാണിത്. ഫിക്ഷന്‍ പോയം എന്ന പേരില്‍ പാശ്ചാത്യസാഹിത്യത്തില്‍ അറിയപ്പെടുന്ന സാഹിത്യരൂപവുമായി ഇതിനു സാഹോദര്യമുണ്ടാകാം. ‘ഉജ്ജയിനി’യെ ഒരു ‘കാവ്യാഖ്യായിക’ എന്നു വിളിക്കണമെങ്കില്‍ വിളിക്കാം. പിന്നെ, ‘എന്തിനീരൂപത്തിലെഴുതി? എന്നു ചോദിച്ചാല്‍ ‘ഇതിങ്ങനെയായിത്തീര്‍ന്നു/ എന്നേ പറയാനുള്ളൂ.
‘ഉജ്ജയിനി’ ഇന്നും നിലനില്‍ക്കുന്ന അധികാരത്തിന്റെ സ്വഭാവസമുച്ചയമാണ്. അതുമായി രാഗദ്വേഷസങ്കീര്‍ണമായ ബന്ധം പുലര്‍ത്തുവാന്‍ വിധിക്കപ്പെട്ട എതു കവിയുടെയും ധര്‍മസങ്കടവും ആത്മസംഘര്‍ഷവുമായി കാളിദാസന്‍ ഇന്നും ജീവിക്കുന്നു.

(ഒ.എന്‍.വിയുടെ ഉജ്ജയിനിയെപ്പറ്റി ഒരു സുഹൃല്‍സംവാദം മലയാളം എന്ന വിഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. എം.ടി.വാസുദേവന്‍ നായര്‍, എന്‍.പി.മുഹമ്മദ്, എം.എം.ബഷീര്‍ എന്നിവരും ഒ.എന്‍.വിയും പങ്കെടുത്ത ഈ സുഹൃല്‍സംവാദം ഉജ്ജയിനി’ എന്ന കാവ്യഗ്രന്ഥത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുള്ളതാണ്.)