(ആത്മകഥ)
ഡോ.ഗുരുഗോപിനാഥ്

കഥകളിയെയും കേരളത്തിലെ പരമ്പരാഗത നൃത്തകലകളെയും സമന്വയിപ്പിച്ച് കേരളനടനം എന്ന നൃത്തരൂപം സൃഷ്ടിച്ച ആചാര്യനായ ഗുരുഗോപിനാഥിന്റെ ആത്മകഥയാണ് എന്റെ ജീവിതസ്മരണകള്‍. 1985ലാണ് ആദ്യം ഇതു പ്രസിദ്ധീകരിച്ചത്. അടുത്ത പതിപ്പ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമായ 2008ല്‍ പ്രസിദ്ധീകരിച്ചു.
ആദ്യപതിപ്പിന് ഗ്രന്ഥകാരന്‍ എഴുതിയ ആമുഖക്കുറിപ്പ് ഇവിടെ ചേര്‍ക്കുന്നു:
‘എന്റെ അഭ്യുദയകാംക്ഷികളായ ചില സ്‌നേഹിതന്മാരുടെയും, മൂത്തമകള്‍ വാസന്തിയുടെയും പ്രേരണയിലാണ് ഞാന്‍ ജീവിത സായാഹ്നത്തില്‍ ഈ ജീവിതസ്മരണകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. അഞ്ചുവയസ്സു മുതല്‍ 76 വയസ്സുവരെയുള്ളണ ജീവിതസംഭവങ്ങളില്‍ മിക്കതും ചുരുക്കമായിട്ടെങ്കിലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതില്‍ മാത്രമേ ഞാന്‍ ചര്‍വിതചര്‍വണ രീതി പ്രയോഗിക്കാറുള്ളൂ. അതിനാല്‍ നടന്ന സംഭവങ്ങളെ വിസ്തരിച്ച് ഇതില്‍ പ്രതിപാദിച്ചിട്ടില്ല.
ഒരു കലാകാരനായി അറിയപ്പെടുന്നതിന് ഞാന്‍ സഹിച്ചിട്ടുള്ള യാതനയും അതിന്റെ ഫലമായി ദൈവാനുഗ്രഹത്താല്‍ എനിക്കു ലഭ്യമായ സ്ഥാനമാനങ്ങളും, ജീവിത സൗകര്യങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സുഖദു:ഖങ്ങളെ ഒരുപോകല കരുതി, കായക്ലേശവും മന:ക്ലേശവും സഹിക്കാനുള്ള ശക്തി നേടി, ഈശ്വരവിശ്വാസത്തോടെ അസൂയയും അഹന്തയും കൂടാതെ നിരന്തരം പരിശ്രമിക്കുന്ന ഒരാള്‍ക്ക് ജീവിതം ശോഭനമാക്കാന്‍ കഴിയുമെന്നാണ് എന്റെ ദൃഢമായ വിശ്വാസവും അനുഭവവും.
ഭാരതത്തിലും പാശ്ചാത്യദേശങ്ങളിലും എന്റെ കലാപരമായ ജീവിതത്തില്‍ കൂറുപുലര്‍ത്തിയ പല മഹാത്മാക്കളും സംഘടനകളും ഉണ്ടായിട്ടുണ്ട്. അവരെയെല്ലാവരെയും പേരെടുത്തു സ്മരിക്കാന്‍ വിസ്തരഭയത്താല്‍ എനിക്കു സാധിച്ചിട്ടില്ല. അങ്ങനെയുള്ളവര്‍ക്കെല്ലാം വിനീതമായി ഈ മുഖവുരയില്‍ ഞാന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചുകൊളളുന്നു.
ഈ ജീവിതസ്മരണ പ്രസിദ്ധപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി അറ്റകുറ്റങ്ങള്‍ പരിഹരിച്ച് ഒരു നല്ല അവതാരിക എഴുതിത്തന്ന് ഉറ്റു സഹായിച്ച ശ്രീ. നാഗവള്ളി ആര്‍.എസ്.കുറുപ്പിനോടും, ഇതിന്റെ അച്ചടി ഭംഗിയായി നിര്‍വഹിച്ചുതന്ന യൂണിയന്‍ പ്രസ് ഉടമസ്ഥനോടും അളവറ്റ നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ഡോ.ഗുരു ഗോപിനാഥ്
വിശ്വകലാകേന്ദ്രം
വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം
01-02-1985