ഒ.വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവല്‍ സാഹിത്യചരിത്രത്തെ 'ഖസാക്ക് പൂര്‍വ്വകാലഘട്ടമെന്നും ഖസാക്കാനന്തര കാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവല്‍ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതി. ഒ.വി. വിജയന്‍, സക്കറിയ, കാക്കനാടന്‍, എം. മുകുന്ദന്‍, വി.കെ.എന്‍, തുടങ്ങിയ പ്രമുഖ മലയാള എഴുത്തുകാര്‍ ഡല്‍ഹിയില്‍ താമസിച്ച കാലഘട്ടത്തില്‍ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടാറുണ്ടായിരുന്നു. സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചര്‍ച്ചചെയ്യും. ഡല്‍ഹിയില്‍ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു വിജയന്‍. വിജയന്റെ സഹോദരി ഒ.വി. ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടില്‍ വിജയന്‍ അവധിക്കാലത്ത് താമസിച്ചിട്ടുണ്ടായിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലമാണ് വിജയന്റെ കഥയ്ക്ക് അടിവേരുകള്‍. ഖസാക്കിന്റെ ഇതിഹാസം എഴുതി പന്ത്രണ്ടുവര്‍ഷത്തോളം വിജയന്‍ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു.
    1968 ജനുവരി 28 മുതല്‍ ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം പരമ്പരയായി പ്രസിദ്ധീകരിക്കുന്നത്. 1969ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം  പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1990ലാണ് ആദ്യ ഡി. സി. ബുക്‌സ് എഡിഷന്‍ പുറത്തുവന്നത്.
പാലക്കാടന്‍ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടന്‍ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകള്‍ നിറഞ്ഞ ഖസാക്ക്. പരിഷ്‌ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമം. ചെതലിമലയുടെ മിനാരങ്ങളില്‍ കണ്ണുംനട്ട് കിടക്കുന്നു. ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി (ഭഗവതി) കുടിപാര്‍ക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിഞ്ഞു കിടന്നു. അവിടേയ്ക്ക് സര്‍ക്കാരിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കാനെത്തുന്ന രവിയില്‍ നിന്ന് കഥയാരംഭിക്കുന്നു. കുറെ ഉപകഥകളിലൂടെ, കുറെ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ പറയുകയാണ് ഈ നോവലില്‍. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും ആവിഷ്‌കരിക്കുന്നു.
    1969ല്‍ പ്രസിദ്ധീകൃതമായ ഈ നോവല്‍ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്നുവരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. ഖസാക്കിലെ കരിമ്പനകളില്‍ കാറ്റ് പിടിക്കുമ്പോള്‍, ഈരച്ചൂട്ടുകള്‍ ബഹിരാകാശക്കപ്പലുകളിലെ സന്ദേശവാഹകരെപ്പോലെ മിന്നിക്കടന്നുപോകുമ്പോള്‍ മലയാളി അത് കൗതുകത്തോടെയും അമ്പരപ്പോടെയും നോക്കിനിന്നു. അപരിചിതമായ വാക്കുകളും ശൈലികളും ഖസാക്കില്‍ കേട്ടു. ബിംബങ്ങള്‍ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. പ്രൗഢവും കുലീനവുമായ ഒരു നോവല്‍ ഭാഷ ഖസാക്കില്‍ ഉടലെടുത്തു. ആ ഭാഷ മലയാളത്തിന്റെ പുതിയ സാഹിത്യതലമുറയില്‍ പുതിയൊരു ഭാഷാവബോധവും ശൈലീതരംഗവും സൃഷ്ടിച്ചു. പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തില്‍ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാള്‍ ചര്‍ച്ചചെയ്യപ്പെട്ടത്. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങള്‍ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാര്‍ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദര്‍ശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തില്‍. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാര്‍ഗിയായ നായകന്‍ ധൈര്യപൂര്‍വ്വം കയറിവന്നത്. ഖസാക്കിനെ ഉള്‍ക്കൊള്ളാന്‍ സാഹിത്യസമൂഹവും വായനാസമൂഹവും അല്‍പ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂര്‍വ്വം സ്വീകരിച്ചു. ഖസാക്ക് വീണ്ടും വീണ്ടും വായിക്കപ്പെട്ടു. ചര്‍ച്ച ചെയ്യപ്പെട്ടു. വിശകലനത്തിനും വിമര്‍ശനത്തിനും ഗവേഷണത്തിനും ഖസാക്ക് ആവര്‍ത്തിച്ച് വിധേയമായി. ഖസാക്കിലെ താത്വികചിന്തകള്‍ക്ക് പുതിയ മാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടു. ഖസാക്ക് മാറ്റത്തിന്റെ പതാകയായി.

പുരസ്‌ക്കാരങ്ങള്‍

    ഓടക്കുഴല്‍ പുരസ്‌ക്കാരം (1970)
    മുട്ടത്തുവര്‍ക്കി സ്മാരകസാഹിത്യപുരസ്‌ക്കാരം (1992)