'കിളിപ്പാട്ട'ല്ലെങ്കിലും ആ ശാഖയില്‍പ്പെടുന്ന ഒരു പ്രധാനകൃതിയാണ് ഗിരിജാകല്യാണം. എഴുത്തച്ഛനാണ് എഴുതിയതെന്നും അല്ല ഉണ്ണായിവാര്യരാണെന്നും രണ്ടുപക്ഷമുണ്ട്. ഭാവത്തെക്കാള്‍ രൂപത്തിനും ഭക്തിയെക്കാള്‍ പാണ്ഡിത്യത്തിനും മുന്‍തൂക്കം കിട്ടുന്നു. ആഹാര്യശോഭ കണക്കിലേറെയുണ്ടെങ്കിലും ഗിരിജാകല്യാണം ഒട്ടുംതന്നെ രസശൂന്യമല്ല. മൂന്നുഖണ്ഡങ്ങളില്‍ പാര്‍വ്വതീവിവാഹം വര്‍ണ്ണിക്കുകയാണ് ഇതില്‍. പ്രഖ്യാപിതലക്ഷ്യം ശിവഭക്തി വര്‍ദ്ധിപ്പിക്കലാണെങ്കിലും വിഭക്തി ഇവിടെ ഭക്തിയെ കീഴടക്കുന്നു. മനോഹരമായ പദ്യങ്ങളും ഇതിലുണ്ട്.
ഉദാഹരണ പദ്യം :
    'നന്നായ്ക്കുളിപ്പിച്ചു ഭസ്മം തൊടുവിച്ചു
    കണെ്ണഴുതിച്ചു വയമ്പും കൊടുത്തുടന്‍
    പിന്നെ മുലയും കൊടുത്തു കിടത്തിനാള്‍
    കണ്ണുകള്‍ക്കാനന്ദമെന്തു പറവതും?
    ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
    ദൃഷ്ടിവിലാസങ്ങള്‍ ചട്ടറ്റ പുഞ്ചിരി.'