എന്‍.എസ്. മാധവന്‍

കഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍ എഴുതിയ ചെറുകഥയാണ് ഹിഗ്വിറ്റ.
ഗോള്‍മുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നല്‍കി പ്രസിദ്ധനായ കൊളംബിയന്‍ ഗോള്‍കീപ്പര്‍, റെനെ ഹിഗ്വിറ്റയുടെ പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതന്‍ ഗീവര്‍ഗീസച്ചന്‍, പഴയ കളിക്കാരനും ഫുട്‌ബോള്‍ പ്രേമിയുമാണ്. അദ്ദേഹം കഥയില്‍ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബാളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയില്‍ ഏറെയുണ്ട്.
ഹിഗ്വിറ്റയുമായി ബന്ധപ്പെട്ടുണ്ടായ ഒരു വിവാദം ഇടയ്ക്ക് കേരളത്തിലെ മതസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ ചേര്‍ത്തിരുന്ന ഈ കഥയെക്കുറിച്ച്, വിദ്യാഭ്യാസവകുപ്പിന്റെ പഠനസഹായിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ചില നിരീക്ഷണങ്ങളാണ് വിവാദമുണര്‍ത്തിയത്. ഒരു കത്തോലിക്കാപുരോഹിതന്റെ ജീവിതത്തെ മഹത്വവല്‍ക്കരിച്ചുകാട്ടുന്നതാണ് ഈ കഥയെന്നിരിക്കെ, വ്യാഖ്യാനം ക്രൈസ്തവപൗരോഹിത്യത്തെ വിലകുറച്ചുകാട്ടുന്നുവെന്നായിരുന്നു. ളോഹയുടേയും ജപമാലയുടേയും ബന്ധനത്തില്‍ ബൈബിളിനെ ആശ്രയിച്ച് കഴിഞ്ഞ ഗീവര്‍ഗ്ഗീസച്ചന് ആകുലതകളില്‍നിന്ന് രക്ഷനേടാനായില്ലെന്നും, പുരോഹിതന്മാര്‍ ളോഹയും ജപമാലയും ഊരിയെറിഞ്ഞ് ബൈബിളില്‍നിന്നും പുറത്ത് കടക്കുന്നതാണ് ശരിയെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയും, ബൈബിള്‍ കഥാപാത്രങ്ങളെ തെറ്റായി ചിത്രീകരിക്കുകയുംചെയ്യുന്നു എന്നായിരുന്നു ആക്ഷേപം. സാമാന്യവായനയില്‍ പെടാത്ത അപ പാരായണത്തിനു മുതിര്‍ന്ന ആളുകള്‍ മാത്രമാണ് അതില്‍ കുറ്റം കണ്ടതെന്നും, നമുക്കു നമ്മോടു തന്നെ ബഹുമാനമില്ലാത്തതു കൊണ്ടാണ് ഇത്തരം ദുഷ്ടചിന്തകളുണ്ടാകുന്നതെന്നുമാണ് ഈ വിമര്‍ശനത്തിനു മാധവന്റെ മറുപടി.

ഹിഗ്വിറ്റ എന്ന പേരില്‍ തന്നെ, ഈ കഥ ഉള്‍പ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009ലെ മുട്ടത്തുവര്‍ക്കി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1995ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.